Slider

കണ്ണടച്ച മുഖങ്ങൾ

0

എന്തോ ശബ്ദം കേട്ടാണ് പുറത്തേയ്ക്ക് ചെന്നത്. കറുത്തു തടിച്ച ഒരാൾ അമ്മയോട് സംസാരിക്കുകയാണ്. എന്നെ കണ്ടതും ഭവ്യതയോടെ അയാൾ തൊഴുതു.
പതിനാറായിരം രൂപാ... സർ അതിൽ കൂടുതൽ എനിക്കാവില്ല.നഷ്ടമാവും..
അമ്മയും ഭാര്യയും എന്നെ അകത്തേയ്ക്ക് വിളിച്ചു... തടി വിൽക്കുന്ന കാര്യമാണ്..
തെക്കുവശത്തെ വലിയ മാവ് , വടക്കു പടിഞ്ഞാറെ മൂലയിലെ മഹാഗണി , വടക്കു കിഴക്കുവശത്തെ ചെറിയ പ്ലാവ്..
ഇരുപതിനായിരം പറഞ്ഞു നോക്ക്..
പ്രശ്നങ്ങൾ നിരവധി തവണ കേട്ടതാണ്
വീടിന്റെ ടെറസ്സിൽ വീണു കൂടുന്ന ഇലകൾ...
ഇലക്ട്രിക്ക് ലൈനിലേക്ക് ചാഞ്ഞു നില്ക്കുന്ന കൊമ്പുകൾ...
മഹാഗണി യുടെ കായ് വീണുണ്ടാകുന്ന പൊല്ലാപ്പുകൾ
കൂഴ ചക്കപ്പഴം തരുന്ന പ്ലാവ്..
പതിനേഴായിരത്തി അഞ്ഞൂറിന് കച്ചവടം ഉറപ്പിച്ചു. ആയിരത്തി അഞ്ഞൂറ് രൂപായുടെ വർദ്ധനവ്..
ഒരു മാർക്കറ്റിങ്ങ് പ്രൊഫഷണലിന്റെ വാഗ് ചാതുര്യം...
വിജയം കണ്ട കച്ചവട ലഹരിയിൽ ഞാൻ ഓഫീസിലേക്കിറങ്ങി.....
ഓഫീസിൽ തിരക്കേറെയായിരുന്നു.. ഇടയ്ക്കെപ്പോളോ ഭാര്യ വിളിച്ചിരുന്നു..
മരം വെട്ടുകാർ വന്നതിനെ പറ്റി...
മകളുടെ മരുന്നിന്റെ കാര്യം..... മീറ്റിങ്ങുകൾ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ക്യഷ്ണേട്ടൻ ഒപ്പം കൂടി..കണ്ണടച്ചു നിന്ന കാതു നീണ്ട ശില്പങ്ങളെ പറ്റിയായിരുന്നു സംസാരിച്ചത്...
രാവിലെ നടന്ന കച്ചവടത്തിന്റെ കാര്യം പറഞ്ഞപ്പോൾ കൃഷ്ണേട്ടൻ ചൊല്ലി..
ദശകൂപാ ഏകവാപി.
ദശവാപി ഏകനദി..
ദശനദി ഏകപുത്രോ..
ദശപുത്രോ ഏകവൃക്ഷ...
പത്തുകിണറുകള്‍ക്കു തുല്യം ഒരു കുളം, പത്തു കുളങ്ങള്‍ക്കു തുല്യം ഒരു നദി, പത്തു നദികള്‍ക്കു തുല്യം ഒരുപുത്രന്‍, പത്തു പുത്രനു തുല്യം ഒരു വൃക്ഷം.
കൃഷ്ണേട്ടൻ പോയപ്പാൾ എന്റെ നെഞ്ചിൽ കനം നിറഞ്ഞിരുന്നു.. മനസ്സിനുള്ളിൽ പിന്നിലേക്കു മറിയുന്ന തിരമാലകൾ..അവ്യക്തമായ ചോദ്യങ്ങൾ..
ഞാനേറ്റ വെയിൽ നിനക്ക്
തണലായിരുന്നു.......
ഞാനേറ്റ മഴ നിനക്ക് ഇലയായി
തന്നു...........
എന്നിട്ടും നീ...?
കരയുന്ന ഒരു മുഖം.. നിസഹായമായ കൈകൾ.. അരുതേ എന്ന യാചന..
കണ്ണടച്ച് കാതു നീട്ടിയ എന്റെ നിസഹായത ...
പണ്ട് തണലേകി നിന്ന ആ മാവ്..
ആ മരക്കൊമ്പിലെ, കുട്ടിയായ ഞാൻ..
ഓണത്തിലെ ഊഞ്ഞാൽ പാട്ടുകൾ..
ആയത്തിലാടി മുകളിലെ ഇലകളിൽ തൊട്ട് വിജയിച്ചു വന്ന നിമിഷങ്ങൾ...
ഒന്നും മിണ്ടാനാകാതെ എന്റെ സുഖങ്ങളും, ദു:ഖങ്ങളും കണ്ടുനിന്ന ജീവൻ ...
മകനാണ് വാതിൽ തുറന്നത്.. വന്നപ്പോഴേ മാവു മുറിച്ച വർണ്ണനകൾ..
മുറിച്ചിട്ട തടികൾ മരവിച്ച ശരീരങ്ങൾ പോലെ തെക്കേപറമ്പിൽ അടുക്കിയിട്ടിരുന്നു.
ടോർച്ചിന്റെ മങ്ങിയ വെളിച്ചത്തിൽ
ഞാനതു കണ്ടു... പഴയ ഊഞ്ഞാലിന്റെ കയറു തീർത്ത പാടുകൾ വീണ ഒരു തടി കഷ്ണം
മരത്തിനു ജീവനില്ലേ അച്ഛാ...?
മറുപടി പറയാതെ മുറിച്ചിട്ട കമ്പുകളിൽ വെറുതെ കൈകൾ ഓടിച്ച് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
മാപ്പ്....
മകൻ എന്നെ പിന്നേയും വിളിച്ചു.. കുളക്കരയിലെ ഏഴിലം പാലയുടെ ഒരു വശത്ത്
മങ്ങിയ വെളിച്ചത്തിൽ ഞാനതു കണ്ടു..
എന്റെ മകന്റെ ചെറിയ കൃഷിയിടം
പൊട്ടി മുളച്ചു വന്ന പാവൽ.. പയർ.. ചീരതൈകൾ.. വെണ്ട തൈകൾ
വേറേം സീഡുകൾ ഞാൻ നട്ടിട്ടുണ്ട് അച്ഛാ..
കാറ്റിന്റെ തേങ്ങലുകൾക്കിടയിൽ അവന്റെ ശബ്ദം അലിഞ്ഞകന്നു പോയി..
ഞാൻ അവനെ ചേർത്തു പിടിച്ചു..
കറുത്ത ഇരുട്ടിനു മുകളിലെ ചന്ദ്രക്കല വിളറിച്ചിരിക്കുന്നുണ്ടായിരുന്നു..
വെള്ളിവെളിച്ചങ്ങൾ വീണ വാഴ പച്ചപ്പുക്കൾക്കിടയിലൂടെ ഞാൻ നരച്ച ആകാശത്തിലേയ്ക്ക് നോക്കി നിൽക്കവേ...
എനിക്കൊന്നു കരയുവാൻ തോന്നി..
ചിരിയ്ക്കുവാനും...
പ്രേം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo