Slider

ചിന്നൻ

0
ചിന്നൻ
*********
"ബിൻസ്യേച്ചി ....നമ്മടെ അമ്മക്ക് ചിന്നൻ ആയെന്നാ തോന്നണേ !! "
"ചിന്നനാ !! അമ്മക്കാ ?. ഇന്നലെവരെ ഒരു കുഴപ്പോം ഉണ്ടായിരുന്നില്ലല്ലോടി ഷിജി..." അടുക്കള ജനാലക്കു കൂടി എത്തി നോക്കി ബിൻസി പറഞ്ഞു.
" ആർക്കറിയാം...എന്തുട്ട് പറ്റിയതാണോ ആവോ. രണ്ടു മൂന്ന് ദിവസമായിട്ട് അമ്മക്ക് ഉറക്കക്കുറവ് ഉണ്ടായിരുന്നു. ഇന്നലെ എന്നെ ഒരുപോള കണ്ണടക്കാൻ സമ്മതിച്ചിട്ടില്ല . എനിക്ക് തലയ്ക്കു പ്രാന്ത് പിടിച്ചിട്ടു വയ്യ..... ചേച്ചി ഇങ്ങോട്ടേക്ക് ഒന്ന് വന്നേ .."
അതിരാവിലെ തന്നെ മതിലിന്റെ അപ്പുറത്തു നിന്നും വെപ്രാളപ്പെട്ട് എന്തൊക്കെയോ വിളിച്ചു പറയുന്ന അനിയത്തിയാരുടെ അടുത്തേക്ക് ബിൻസി അടുക്കളയിൽ നിന്നും ഇറങ്ങി ചെന്നു.
" എന്ത് പറ്റി ഷിജി ? പൊക്കികുത്തിയ നെറ്റി താഴേക്കിട്ട് അന്തംവിട്ട മുഖത്തോടെ ബിൻസി ചോദിച്ചു .
എന്റെ ചേച്ചി ഒന്നും പറയണ്ട ..അമ്മ ഇന്നലെ പതിവ് പോലെ പത്തുമണിക്ക് ഉറങ്ങാൻ പോയതാ. ഞാനും പിള്ളേരും ഏതാണ്ട് ഉറങ്ങാറായപ്പോൾ 'അമ്മ എണീറ്റ് കട്ടിലിനടിയിൽ എന്തോ തപ്പുന്നു. എന്തുട്ടാന്ന് ചോദിച്ചപ്പോൾ പറയാ വർക്കിച്ചൻ വെള്ളത്തിലിറങ്ങി കളിക്കാ അവനെ പിടിച്ചു കയറ്റാണെന്ന് ! ആരാണാവോ ഈ വർക്കിച്ചൻ എന്റെ കർത്താവേ ! ഷിജി മേപ്പോട്ട് നോക്കി കൈ മലർത്തി.
" ആ ... ഡി ....ഞാൻ പണ്ട് കല്യാണം കഴിഞ്ഞു ഈ വീട്ടിൽ വന്നപ്പോൾ ഫ്രാൻസിസേട്ടൻ പറയുന്നത് കേട്ടിട്ടുണ്ട് അമ്മേടെ ഒരു ആങ്ങള കുളത്തിൽ കുളിയ്ക്കാൻ പോയപ്പോൾ മുങ്ങി മരിച്ചെന്ന്. അതിന്റെ പേര് ഏതാണ്ട് ഇങ്ങനെ ആയിരുന്നുവെന്നാ തോന്നണേ .....എന്നിട്ട് ?"
" ഞാൻ അമ്മേനെ കട്ടിലിൽ പിടിച്ചു കിടത്തിയിട്ട് ഞാനും ചക്കരേം കൂടി ലൈറ്റ് അണച്ച് കിടന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ മെയിൻ ഡോറിൽ ആരോ പിടിച്ചു കുലുക്കി ചവിട്ടി തുറക്കുന്ന ശബ്ദം . പകലൊക്കെ വന്ന് ഗൾഫുകാരന്റെ വീട് നോക്കി വെച്ച് മതിലിൽ പടവും വരച്ചു പോയിട്ട് രാത്രി കക്കാൻ കേറുന്ന വെല്ല കള്ളന്മാർ എങ്ങാനും ആണോ കർത്താവെ എന്നോർത്ത് ഞാൻ ഒന്ന് വിയർത്തു .നോക്കിയപ്പോ 'അമ്മ വാതിൽ പിടിച്ചു അള്ളി പറക്കുന്നു!. 'അമ്മ എന്തുട്ടായീ കാട്ടണേന്ന് ചോദിച്ചപ്പൊ പറയാ അമ്മക്കിപ്പൊ കുത്തൊട്ടങ്ങേ പോണം വഞ്ചി ദേ പോണെന്ന് !! "
"എടിഷിജി...കുത്തോട്ടങ്ങയല്ലേ അമ്മേടെ അമ്മവീട്! "
" ആ അത് ശെരി ആണല്ലോ ചേച്ചി !! ഞാൻ അന്നേരത്ത് അത്ഓർത്തതേയില്ല . ഇനി അമ്മയെങ്ങാൻ രാത്രി ഇറങ്ങി പോയാലോ എന്നോർത്ത് ഡോർ ലോക്ക് ചെയ്ത് താക്കോല് എന്റെ തലയിണക്കടിയിൽ കൊണ്ട് വെച്ചു .ഇനി ഡോറിന്റെ അടുത്തേക്ക് പോകണ്ടായെന്നു കരുതി സെറ്റിയും ടീപോയും തടേം വെച്ച് അമ്മേനെ കൊണ്ട് കിടത്തി ഞാനും കിടന്നു . ഒന്നു മയങ്ങാൻ പോയപ്പോഴേക്കും പിന്നേം കേട്ടു മുട്ട് .നോക്കുമ്പോൾ ഞാൻ തടയിട്ടു നിർത്തിയ അണക്കെട്ട് മൊത്തം മുറിയിൽ ഛിന്നഭിന്നമായി കിടക്കുന്നു.'അമ്മ അതൊക്കെ എങ്ങനെ തള്ളി മാറ്റിയോ ആവോ ! ബസിലെ കിളി തൂങ്ങി കിടക്കും പോലെ 'അമ്മ ഡോറിന്റെ ഹാന്ഡിലിൽ തൂങ്ങി കിടന്നാടുന്നു ... എനിക്ക് കലി വന്നു. ഞാൻ നല്ല ചീത്ത പറഞ്ഞു അമ്മേനെ പിന്നേം മുറിക്കുള്ളിൽ കൊണ്ട് ചെന്നാക്കി. കുറച്ചു നേരത്തേക്ക് കുഴപ്പം ഒന്നും ഇല്ലാതിരുന്ന കാരണം ഞാൻ ഒന്നു മയങ്ങി."
" ഹോ സമാധാനം .."
" എന്തുട്ട് സമാധാനം !!.... ഞാൻ ഒന്ന് മയങ്ങി പോയ നേരം കൊണ്ട് 'അമ്മ അമ്മേടെ കമ്പിളി പുതപ്പ് ഒക്കെയും വിറകു കൊത്തും പോലെ കീറി കഷണങ്ങൾ ആക്കി വെച്ചിരിക്കുന്നു. എന്നിട്ടു ആ വിറകു കഷണോം കൊണ്ട് കുട്ടൻ കിടന്ന റൂമിൽ ചെന്ന് അവന്റെ കമ്പ്യൂട്ടറിന്റെ കീഴെ കൊണ്ടോയി അടുപ്പില് വിറകു കത്തിക്കുന്ന പോലെ അടുക്കി വെച്ചേക്കാ കത്തിക്കാൻ !!! ഞാൻ ഇത് കണ്ട് ഓടി ചെന്നപ്പോ പറയാ അരിക്ക് വെള്ളം വെക്കണ്ടേയെന്ന് !! ഭാഗ്യത്തിന് തീപ്പെട്ടി ഒരച്ചട്ടെ ഉണ്ടായിരുന്നുള്ളു ...കത്തുപിടിപ്പിച്ചിരുന്നെങ്കിൽ ചെക്കന്റെ കമ്പ്യൂട്ടറിനു ഒപ്പീസു ചൊല്ലേണ്ട വന്നേനെ!!
"അയ്യോടി ഷിജി അപ്പൊ നമ്മടെ പാവം അമ്മക്ക് ചിന്നൻ തന്നെയാണോടി ...!!? "
"ആവോ ചേച്ചി....കുട്ടനും ചക്കരേം ഞാനുമൊന്നും ഇന്നലെ ഉറങ്ങിയിട്ടേയില്ല ...നേരം വെളുക്കാറായപ്പോൾ ഞാൻ ഒന്ന് മയങ്ങി.മയക്കത്തിൽ വെള്ളയുടുപ്പിട്ട ഒരു മാലാഖ വന്നെന്നെ മാടി മാടി വിളിക്കുന്നു.കണ്ണും പിച്ചി പൊളിച്ചു നോക്കിയപ്പോൾ 'അമ്മ ഷെൽഫിൽ വെച്ചിരുന്ന ബുക്ക്സ് എല്ലാം എടുത്തു തറയിലിട്ട് അതിൽ കേറിയിരിക്കാ .എന്നിട്ട് ബസ് ഇപ്പൊ വിടും നീ വരുന്നില്ലേയെന്നും ചോദിച്ചു കൈ കാട്ടി വിളിച്ചോണ്ടിരിക്കണു . !!.വെളുക്കുവോളം ഇങ്ങനെ ഓരോ പുകിലുകൾ.. അവസാനം കുട്ടൻ ഒരു മുട്ടൻ ചീത്ത പറഞ്ഞപ്പോൾ നല്ല കുട്ടിയായി 'അമ്മ ഒന്നു കട്ടിലിൽ കേറി കിടന്നു.അത്ര തന്നെ!"
അനിയത്തിയാരുടെ നിർത്താതെയുള്ള പതം പറച്ചിൽ കേട്ടപ്പോൾ അമ്മായിയമ്മക്ക് കാര്യമായിട്ടേന്തോ പിശക് പറ്റിയിട്ടുണ്ടെന്നു ബിൻസിക്കു തോന്നി.അവൾ അമ്മായിയമ്മയെ കാണാൻ തറവാടിനകത്തേക്ക് കാല് എടുത്തു വെച്ചതും... സെറ്റിയിലിരിപ്പുണ്ടായ നമ്മടെ താരം ത്രേസ്യാമ്മ നീട്ടി ചോദിച്ചു...
"ആരാത്...മാലത്യാ ...?
ചാണാൻ കോരാൻ വന്നാണോ !!"
ബിൻസി ഒന്നു ഞെട്ടി....പിന്നാലെ വന്ന ഷിജിയും അകത്ത് കോളേജിൽ പോകാൻ ഷർട്ട് ഇട്ടു കൊണ്ടിരുന്ന കുട്ടനും മുടി കെട്ടികൊണ്ടിരുന്ന ചക്കരയും ഒരുമിച്ച്‌ പൊട്ടി ചിരിച്ചുപോയി ....
എന്റെ വല്യമ്മച്ചി.. ഇന്നലെ രാത്രി മുതൽ ഇതാണ് അമ്മാമേടെ സ്ഥിതി.എന്നോട് തേങ്ങ പൊതിക്കാൻ വന്ന ആളാണോ എന്നാ ചോദിച്ചത്...കുട്ടൻ ചിരിയടക്കി പറഞ്ഞു.
അമ്മാമ്മേ...ഇത്‌ അമ്മാമ്മേടെ മൂത്ത മരുമോളാ.. ബിൻസി ടീച്ചർ !..ചക്കര അമ്മാമ്മേടെ അടുത്തു ചെന്ന് തൊട്ടപ്പുറത്ത് താമസിക്കുന്ന തന്റെ സ്വന്തം മരുമകളെ ത്രേസ്യാമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു.
ബിൻസി ത്രേസ്യാമ്മയെ ഒന്നു സൂക്ഷിച്ചു നോക്കി. ഇന്നലെ കണ്ട ആളേ അല്ല... വെളുത്ത ചട്ടയും മുണ്ടും ഉടുത്ത് കാതിൽ മേക്കാമോതിരവും,കഴുത്തിൽ കൊന്തയും വെന്തിങ്ങയും ഇട്ട് തലമുടി വട പോലെ ഒതുക്കി കെട്ടി ചുറുചുറുക്കോടെ ഓടി നടന്നിരുന്ന അമ്മക്ക് മൊത്തത്തിൽ ഒരു വശപിശക്!.. മുടിയൊക്കെ അഴിച്ചിട്ട് മുഖം ഒരു വശത്തേക്ക് തിരിച്ചു കണ്ണൊക്കെ പാതി മയങ്ങി കൂമ്പി ചുണ്ടൊക്കെ കോടിച്ച്‌ ഒരു ചിരി..ഒരുജാതി മദാലസ പെണ്ണുങ്ങളുടെ പോലെ....
"എടി ഷിജി...അമ്മക്കെന്തോ പന്തികേടുണ്ട്... ഏതായാലും ഡോക്ടറെ കാണിച്ചേക്കാം.ഫ്രാൻസിസ് ചേട്ടൻ രാവിലെ തന്നെ ജോലിക്കു പോയി.ഞാൻ. ഇന്ന് ലീവ് എടുക്കാം...നീയും എടുക്ക്. ആശുപത്രിയിൽ പോണ കാര്യം നീ കെട്ട്യോനും നാത്തൂന്മാർക്കുമൊക്കെ ഒന്നു വിളിച്ചു പറഞ്ഞേക്ക്‌." ബിൻസി വേഗം ഡ്രസ് മാറാൻ വീട്ടിലേക്ക് പോയി.
കൺപോളകൾ വീർത്തുകെട്ടിയിരിക്കുന്ന പിള്ളേരെ ഒരു കണക്കിന് കോളേജിൽ പറഞ്ഞയച്ച്‌, അമ്മക്ക് അന്ന് ഉറക്കപ്പിച്ചിൽ ഉണ്ടാക്കിയ ഇഡ്ഡലിയും ചമ്മന്തിയും ചായയും വിളമ്പി മേശപ്പുറത്തു വെച്ച് , ഷിജി കുളിക്കാൻ കേറി.ഡ്രസ് ഊരി ഷവർ തുറന്ന വഴി ആരോ "ശൂ ശൂ "ന്നു വിളിക്കണ്. ഇതാരപ്പാ കുളിമുറിയിൽ ഒരു പൂവാലൻ എന്നു നോക്കിയപ്പോ സൗണ്ട് വരുന്നത് ഷവറിന്റെ ചോട്ടിന്നാ.!...വെള്ളം ഒരു തുള്ളി പോലുമില്ല. ഉരിഞ്ഞു കളഞ്ഞതെല്ലാം പിന്നെയുമെടുത്തിട്ട് ആരെയൊക്കെയോ പ്രാകി അടുക്കളയിൽ പോയി മോട്ടറടിച്ചു. അടിച്ച വഴി ഏതോ പൈപ്പിൽ നിന്നും വെള്ളം" ശീ "..ന്ന് ചീറ്റുന്ന സൗണ്ട്‌ കേട്ട് അതിന്റെ സോഴ്സ് അന്വേഷിച്ചു നടന്നപ്പോളു ണ്ട്..ദേ .നമ്മടെ അമ്മേടെ മുറിയിലെ ബാത്റൂമിൽ നിന്നും പൈപ്പിന്റെ ദുഃഖം അണപൊട്ടി ഒഴുകുന്നു. അമ്പടാ!.. അപ്പൊ ഇന്നലെ സന്ധ്യക്ക്‌ നിറച്ചിട്ട ടാങ്കിലെ വെള്ളം എല്ലാം ചോർത്തി കളഞ്ഞത് അമ്മേടെയീ ഓര്മക്കെട് ആയിരുന്നുവല്ലേ !!.
തുറന്നിട്ട എല്ലാ പൈപ്പും മോട്ടറുമൊക്കെ ഓഫാക്കി കുളിച്ചു കേറി വന്നപ്പോൾ നമ്മടെ അമ്മേനെ കാണാനില്ല !!.. അടച്ചിട്ടിരുന്ന മുൻവശത്തെ വാതിൽ മലർക്കെ തുറന്നു കിടക്കുന്നു. ഷിജിയുടെ നെഞ്ചൊന്നു ആളി.ചറപറാന്നു വണ്ടികൾ ചീറിപാഞ്ഞു പോകുന്ന റോഡാണ് മുൻപിൽ. പോരാത്തത്തിന് ഒരു മുട്ടൻ വളവും.തോർത്തും തലേൽ കെട്ടി അമ്മേന്നു വിളിച്ച് നടുറോഡിലേക്കിറങ്ങിയോടി ...ഇടതും വലതും ഒക്കെ നോക്കിയിട്ട് വേറെ കുറെ പേരെ കണ്ടെങ്കിലും നോക്കിയ ആളെ മാത്രം കാണാനില്ല. എതിരെയുള്ള വീട്ടിൽ കുറച്ചു ബംഗാളി പിള്ളേർ മതില് പണിക്കു വന്നിട്ടുണ്ട്..അവറ്റകൾ എങ്ങാൻ കണ്ടോയെന്നു ചോദിക്കാമെന്നു വെച്ച് കഷ്ട്ടപെട്ട് റോഡും ക്രോസ്സ് ചെയ്ത് അവിടെ ചെന്നപ്പോൾ നമ്മടെ 'ത്രേസ്യാമ്മ അവിടുത്തെ മണൽ കൂനയിലിരുന്ന് അവന്മാരുടെ പാത്രത്തിൽ നിന്നും എന്തോ എടുത്തു തിന്നുന്നു.!!
"ഈ അമ്മ എന്തു പണിയാ ഈ കാണിക്കണേ!?... കണ്ടവന്മാരുടെ പാത്രത്തിൽ നിന്നും തെണ്ടി തിന്നാണോ"? ഷിജി ദേഷ്യം വന്നുറഞ്ഞു തുള്ളി അമ്മേടെ കയ്യിൽ നിന്നും പാത്രം തട്ടിപ്പറച്ചു വാങ്ങി വെച്ചു .
"എനിക്ക് വിശക്കണെടി...."'അമ്മ വയറ്റിൽ കൈ വെച്ച് വയറുഴിഞ്ഞു കൊണ്ട് കൊച്ചുകുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കതയോടെ മുഖം കുനിച്ച് ദയനീയമായി പറഞ്ഞു.
അമ്മയുടെ പറച്ചിൽ കേട്ടപ്പോൾ ഷിജിയുടെ ചങ്ക് ഒന്നു പിടഞ്ഞു. സന്ധ്യക്ക്‌ താനും പിള്ളേരും വീട്ടിൽ വന്നു കേറുന്നതും നോക്കി ചായയും പലഹാരവുമായി എന്നും കാത്തു കുത്തിയിരിക്കാറുള്ള അമ്മയാണിത്. അവൾ അമ്മയെ ദയനീയമായി ഒന്ന് നോക്കി. ത്രേസ്യാമ്മയുടെ വിളറിയ മുഖം അവളുടെ കണ്ണ് നീരിൽ കുതിർന്നു മറഞ്ഞു.അമ്മക്ക് ഈ ഗതി വന്നല്ലോയെന്നോർത്ത് മനം നൊന്ത ഷിജി ഒരുകണക്കിന്‌ ത്രേസ്യാമ്മയെ പിടിച്ചു വലിച്ചു വീടെത്തിച്ചു . അമ്മക്ക് കൊടുത്ത ഇഡ്ഡലിയും ചമ്മന്തിയും അതേ പടി മേശമേൽ ഇരിക്കുന്നു. അമ്മേനെ കസേരയിൽ ഇരുത്തി ഒരു കൊച്ചു കുഞ്ഞിന് വാരി കൊടുക്കുന്ന പോലെ പയ്യെ പയ്യെ അവൾ ഇഡ്ഡലി ചമ്മന്തിയിൽ മുക്കി വായേൽ വെച്ചു കൊടുത്തു.ഗ്ലാസ്സിലെ ചായ പതിയെ പതിയെ പിടിച്ചു കുടിപ്പിച്ചു.
ഡോക്ടറുടെ അടുത്ത് അനുസരണയുള്ള കുട്ടിയെ പോലെ ത്രേസ്യാമ്മയിരുന്നു.
"ഇതിപ്പോ ഒന്നും ചെയ്യാൻ ഇല്ല .വയസ്സ് പത്തെൺപത് ആയില്ലേ? പ്രായം കൂടുമ്പോൾ സോഡിയം കുറയും.കാൽസ്യവും നന്നേ കുറവാണ് രണ്ടു മൂന്ന് ദിവസമായിട്ടു അമ്മക്ക് ഉറക്കകുറവ് ഉണ്ടെന്നല്ലേ പറഞ്ഞത് .എല്ലാം കൂടി വന്നപ്പോൾ ഉണ്ടായ ഓർമക്കുറവ് ആണ് .കൊച്ചു കുട്ടികളെ ശ്രദ്ധിക്കുന്ന പോലെ ഇനി ശ്രദ്ധിക്കേണ്ടി വരും . ഇന്നിവിടെ അഡ്മിറ്റാക്കു. കുറച്ചു സോഡിയവും കാൽസ്യവും ഒക്കെ കേറ്റി നാളെ വീട്ടിലോട്ടു കൊണ്ടു പോകാം .തൽക്കാലത്തേക്ക് ഉറങ്ങാനുള്ള മരുന്നു ഞാൻ എഴുതിയിട്ടുണ്ട് .ഒരു ടാബ്ലെറ്റിന്റെ കാൽ ഭാഗം വെച്ച് കുറച്ചു ദിവസം കൊടുത്ത് നോക്കു ."ഡോക്ടർ സഹതാപത്തോടെ പറഞ്ഞു.
ഇതെല്ലാം അക്ഷരം പ്രതി ഗൾഫിലിരിക്കുന്ന കെട്ടിയവനെ ഷിജി അറിയിച്ചപ്പോൾ കിട്ടിയ മറുപടി .." എന്റെ അമ്മയെ നോക്കിയിട്ടുള്ള ജോലിക്കുപോക്കൊക്കെ മതി.ഒന്നല്ലെങ്കിൽ ഹോം നേഴ്സിനെ വെക്കുക ..അല്ലെങ്കിൽ നിന്റ ഈ ജോലി കളഞ്ഞു നീ നേഴ്സ് ആവുക .അമ്മയെ മര്യാദക്ക് നോക്കിക്കോളണം ."
ജോലി പോയാലും കുഴപ്പമില്ല..പക്ഷെ തന്റെ ഉറക്കം പോയാൽ തനിക്കും കൂടി ചിന്നൻ വരുമോയെന്നു ഷിജി ഭയന്നു.അത്രക്കുണ്ടായിരുന്നു അവളുടെ തലേദിവസത്തെ രാപ്പാടിയുടെ പാട്ടു കേട്ടുറങ്ങാതെയിരുന്നതിന്റെ ക്ഷീണം!.തലയാണോ അതോ താൻ നോക്കുന്നവരാണോ കിടന്നു കറങ്ങുന്നതു എന്ന് പോലും അറിയാൻ പറ്റാതെ അവസ്ഥ !
ത്രേസ്യാമ്മേടെ പതിവില്ലാത്ത ചിന്നൻ വിളി കേട്ട് പെണ്മക്കളായ ആനിയും മേരിയും ആശുപത്രിയിലേക്കു പാഞ്ഞു വന്നു.ഡ്രിപ്പ് ഇട്ടു കിടത്തിയിരിക്കുന്ന ത്രേസ്യാമ്മ അതും വലിച്ചു കൊണ്ടു കട്ടിലിനു ചുറ്റും ഒളിച്ചേ കണ്ടേ കളിക്കുകയാണ്!.മക്കളെ കണ്ട വഴി ത്രേസ്യാമ്മ ചോദിച്ചു.
"സിസിലി..നീ പള്ളികൂടത്തിന്ന് എപ്പോഴാ വന്നേ?"
പള്ളികൂടോം കഴിഞ്ഞു പള്ളിയിലേക്ക് എടുത്ത വല്ല്യമ്മച്ചിയുടെ പേരാണല്ലോ സിസിലി എന്നോർത്തു മക്കൾ പരസ്പരം അന്താളിച്ചു നോക്കി.സ്വന്തം മക്കളെ പോലും തിരിച്ചറിയാൻ പറ്റാതെ ആയ അമ്മയെ നോക്കി മക്കൾ താടിക്കു കൈ വെച്ച് നെടുവീർപ്പിട്ടു നിന്നു.
"ഏതായാലും ഞങ്ങൾ ഇന്ന് രാത്രി ആശുപത്രിയിൽ നിക്കാം. ഷിജിയും ബിൻസിയും വീട്ടിൽ പൊയ്ക്കോ" ആനിയും മേരിയും ഒരേ സ്വരത്തിൽ പറഞ്ഞു.
പറഞ്ഞത് അബദ്ധമായെന്ന് ത്രേസ്യാമ്മയുടെ രണ്ടു പെണ്മക്കൾക്കും അഞ്ചു മിനിട്ടു കഴിഞ്ഞതോടെ മനസ്സിലായി.
ആശുപത്രിയിൽ അഡ്മിറ്റാക്കിയ ത്രേസ്യാമ്മ തന്റെ ഓർമ്മകളിലൂടെ ഇങ്ങനെ സഞ്ചരിക്കുകയാണ്... കുഴിയാനയുടെ പോലെ പുറകിലേക്ക്..തന്റെ ബാല്യ കാല ഓർമ്മകളിലേക്ക്...ഒരു അമ്പതു വര്ഷത്തിന പ്പുറത്തേക്ക്‌....! .ആ ഓർമകളിൽ ഇപ്പോൾ ഉള്ള രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളും ഉണ്ടാകുന്നതിനു മുൻപേ ത്രേസ്യാമ്മ ആദ്യമായി പെറ്റിട്ട ഒരു പെൺകുട്ടി ഉണ്ടായിരുന്നു. എന്തോ ദീനം വന്ന് മണ്മറഞ്ഞു പോയ ഒരു രണ്ടു വയസ്സുകാരി .അവളെ തേടി ത്രേസ്യാമ്മ ആ ആശുപത്രി പരിസരം മുഴുവൻ അലഞ്ഞു നടന്നു .രാത്രിയുടെ യാമങ്ങളിൽ പെണ്മക്കൾ അബധവശാൽ മയക്കത്തിലേക്ക് വീണു പോകുന്ന തക്കത്തിൽ നഴ്സിംഗ് റൂമിലും ,ലാബിലും , എക്സ്റേ യൂണിറ്റിലും ,കാന്റീനിലും , " എന്റെ കൊച്ചിനെ കണ്ടോ" എന്ന ചോദ്യവുമായി ത്രേസ്യാമ്മ കയറി ഇറങ്ങി നടന്നു. .ത്രേസ്യാമ്മയെ കാണാതെ അന്വേഷിച്ചു പല തവണ ഒരു സ്ഥലത്തു തന്നെ തേടി പോയ ആനിയും മേരിയും ആ ആശുപത്രിയിൽ ഒറ്റ രാത്രി കൊണ്ട് സിനിമാ താരങ്ങളെക്കാൾ വേഗത്തിൽ ഫേമസ് ആയി .
പിറ്റേ ദിവസം സന്ധ്യക്ക്‌ ത്രേസ്യാമ്മയെ ഡിസ്ചാർജ് ചെയ്ത്‌ തറവാട്ടിൽ ഷിജിയുടെ കൈകളിൽ ഭദ്രമായി ഏല്പിക്കുന്നിടത്തോളം നേരം ആനിയും മേരിയും ഒരുപോള കണ്ണടക്കുകയോ ഒരു തുള്ളി വെള്ളം കുടിക്കുകയോ (കളയുകയോ) ചെയ്തിരുന്നില്ല എന്ന് പ്രേത്യേകം എടുത്തു പറയണ്ടല്ലോ അല്ലെ ?.
മാൻഡ്രേക്കിന്റെ തല കയ്യിൽ കിട്ടിയപോലെ ഷിജി ത്രേസ്യാമ്മയെ സന്തോഷത്തോടെ നോക്കി നിന്നു.
വൈകിട്ട് ക്ലാസ്സു കഴിഞ്ഞെത്തിയ കുട്ടൻ പതിവില്ലാത്തോണം കലിപ്പിലായിരുന്നു.അവൻ ക്ലാസ്സിൽ ഇരുന്നു ഉറങ്ങി പോയീന്ന് ..പാവം !! അവനെ പൂട്ടാൻ തക്കം പാർത്തിരുന്ന മാത്‍സ് സാറ് " ഇനി പാരന്റ്സിനെ വിളിച്ചു കൊണ്ട് വന്നിട്ട് ക്‌ളാസിൽ കയറിയാൽ മതി" എന്നും പറഞ്ഞ് ക്‌ളാസിൽ നിന്നും ഇറക്കി വിട്ടത്രേ.!
ചക്കരയന്ന് പതിവ് നേരോം കഴിഞ്ഞാണ് വീട്ടിൽ വന്നത്. അങ്കമാലിക്ക് ഇറങ്ങേണ്ട ആൾ ഉറക്കപിച്ചിൽ കാലടിക്ക് പോയിറങ്ങി അവിടെ നിന്നും വീണ്ടും തിരിച്ചു ബസ് കേറിയാണ് വീട്ടിൽ വന്നത് .
ഉറക്കം നിന്നതിന്റെ ഉഷ്ണക്കാറ്റുകൾ ആ വീട്ടിലേക്കു വീശിയടിക്കാൻ തുടങ്ങിയപ്പോൾ ഷിജിയും ബിൻസിയും ഒരു ഉറച്ച തീരുമാനം എടുത്തു.
നമുക്കു അമ്മക്ക് ഒരു ഫുൾ ടാബ്‌ലെറ്റ് കൊടുക്കാം ..ഇത്രേം ദിവസം ഉറങ്ങാത്തത് അല്ലെ ? ഇന്നെങ്കിലും 'അമ്മ ഒന്ന് നല്ലോണം ഉറങ്ങട്ടെ.കുറെ നേരം ഉറങ്ങുമ്പോൾ അമ്മക്ക് ഒരു സമാധാനം കിട്ടിയാലോ !? അമ്മക്ക് സമാധാനം കിട്ടിയാൽ അല്ലെ നമുക്കും അങ്ങനെയൊരു സാധനം കിട്ടുകയൊള്ളു !.
രാത്രി എട്ടുമണി വരെ അമ്മേനെ ഇടം വലം തിരിയാതെ ഷിജിയും ബിൻസിയും നോക്കി വെച്ചോണ്ടിരുന്നു. പിന്നെ പതിയെ കഞ്ഞി കൊടുത്ത് ഒരു ഫുൾ ടാബ്‌ലെറ്റ് ത്രേസ്യാമ്മക്ക് കൊടുത്തു .
ടാബ്‌ലെറ്റ് കൊടുത്ത് തിരിഞ്ഞതും ത്രേസ്യാമ്മ പെട്ടെന്ന് ഉറക്കം തൂങ്ങി മുന്നോട്ടു ആഞ്ഞു ....ഷിജിയുടെയും ബിൻ സിയുടെയും ഉള്ളിൽ നിന്നും ഓരോ കിളികൾ പറന്നു പോയി .അവർ തമ്മിൽ തമ്മിൽ പകപ്പോടെ നോക്കി
"കർത്താവേ .പണി പാളിയാ !!!!!" പിടിച്ചേടി ഷിജി....
അവർ രണ്ടു പേരും കൂടി ത്രേസ്യാമ്മയെ കട്ടിലിൽ പിടിച്ചു കിടത്തി . ത്രേസ്യാമ്മ വായ പൊളിച്ച് ചത്തപോലെ കിടക്കുകയാണ് .ബിൻസി ത്രേസ്യാമ്മയുടെ മൂക്കിന് കീഴെ ചൂണ്ടു വിരൽ വെച്ച് നോക്കി .
"ശ്വാസം ഉണ്ടെടി ഷിജി...." അതും പറഞ്ഞു ബിൻസി ഒന്ന് ശ്വാസം വിട്ടു .
"ചേച്ചി ..ഡോക്ടർ പറഞ്ഞത് കാൽ ഭാഗം കൊടുത്താൽ മതിയെന്നാ ...നമ്മൾ അതിന്റെ നാലിരട്ടി അല്ലെ കൊടുത്തേ ? വെല്ല കുഴപ്പോം ഉണ്ടാകുമോ ? "
" നീ വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ ..അല്ലാ ....ഡീ ഷിജി ...ഇനീപ്പോ വെല്ല കൊഴപ്പോം ഉണ്ടായാൽ അമ്മേനെ കൊന്നെന്നും പറഞ്ഞു നമ്മടെ കെട്ടിയവന്മാർ നമ്മളെ ബാക്കി വെച്ചേക്കുമോ ? "
" എന്റെ കെട്ടിയവൻ ഇടിക്കട്ടയുമായി അങ്ങ് ഗൾഫീന്നു പറന്നു വരും !! എന്റെ കർത്താവെ !!" ഷിജി നെഞ്ചത്തടിച്ചു നിലവിളിച്ചു.
"എന്റെ ദൈവമേ കൊലപാതക കുറ്റത്തിന്‌ എന്നെ പോലീസ് സ്കൂളിൽ വന്ന്‌ പിള്ളേരുടെ മുൻപിൽ കൂടെ അറസ്റ്റു ചെയ്തു കൊണ്ട് പോകുമോ ആവൊ !!" ബിൻസി രണ്ടു കയ്യും തലയിൽ വച്ച് താഴത്തിരുന്നു പോയി...
" ഹേയ് ചേച്ചി സമാധാനിക്ക് നമുക്ക് കർത്താവിനോടു പ്രാർത്ഥിക്കാം ."
ഷിജിയത് പറഞ്ഞപ്പോളാണ് ബിൻസിക്ക് ..ആഹാ അങ്ങനെയൊരു ഓപ്ഷൻ നമ്മടെ മുന്പിലുണ്ടല്ലോ എന്ന് തെളിഞ്ഞത് .ബിൻസി വേഗം ബാംഗ്ലൂരിൽ പഠിക്കാൻ പോയ രണ്ടു മക്കളെയും വിളിച്ച്‌ തങ്ങൾക്കു പറ്റിയ ബദ്ധം പറഞ്ഞ് അമ്മാമക്ക് വേണ്ടിയുള്ള പ്രാർത്ഥന സഹായം തേടി .
ഷിജിയും ബിൻസിയും വെപ്രാളപ്പെട്ട് കുട്ടനെയും ചക്കരെയെയും മുട്ടിന്മേൽ നിർത്തിച്ച്‌ അവരും മുട്ടിന്മേൽ നിന്ന് അറിയാവുന്ന കൊന്തയും ലുത്തീനിയയും ഒക്കെ എത്തിച്ച്‌ പാപപരിഹാരമായി അന്നു രാത്രി പച്ചവെള്ളം പോലും കുടിക്കാതെ ഉപവസിക്കുകയും ചെയ്തു.
രാത്രി പത്തുമണി ആയിട്ടും ത്രേസ്യാമ്മയുടെ കിടപ്പിന് ലവലേശം അനക്കം വെക്കാത്തതുകൊണ്ടു പേടിച്ചു വിറച്ച്‌ ബിൻസി തന്റെ വീട്ടിൽ ചെന്ന് കേറി .കെട്ടിയവനോട് പറയാനും വയ്യ പറയാതിരിക്കാനും വയ്യ . പറഞ്ഞാൽ കൊലപാതകം ഉറപ്പാ .രാത്രി മുഴുവൻ ശബ്ദം ഉണ്ടാക്കാതെ കെട്ടിയവൻ അറിയാതെ ബിൻസി പതിയെ ഷിജിയെ വിളിച്ചു ചോദിക്കും...
"ഡീ അമ്മ ശ്വാസം വിടുന്നില്ലേ ?
"ഞാൻ ഉറങ്ങാതെ നോക്കി ഇരിക്കാ ചേച്ചി...ശ്വാസം ഒക്കെയുണ്ട് "
അങ്ങനെ നേരം പരപരാന്നു വെളുത്തു. രാത്രിമുഴുവൻ ഉറക്കമിളച്ചിരുന്ന് ഫോൺ വിളിയിലേർപ്പെട്ട ചേട്ടത്തി അനിയത്തിമാർ രാവിലെ ആയപ്പോഴേക്കും ഒന്ന് മയങ്ങിപ്പോയി.
ഏഴുമണി ആയപ്പോൾ ബിൻസിയുടെ ഡോറിൽ ഉള്ള തട്ടും മുട്ടും കേട്ടു ഷിജി ഉണർന്നു . ഡോർ തുറന്ന് രണ്ടുപേരും കൂടി അമ്മേടെ മുറിയിൽ ചെന്ന് നോക്കുമ്പോൾ അമ്മയെ കാണാനില്ല.രണ്ടും കൂടി വീടിനകത്തുള്ള ഓരോരോ റൂമും ബാത്റൂമും അരിച്ചു പെറുക്കി പെറുക്കി അടുക്കളയിലോട്ടു ചെന്നപ്പോൾ അതാ 'അമ്മ അവിടെ ചായ ഉണ്ടാക്കി കപ്പിലേക്കു ഒഴിച്ച് കൊണ്ടിരിക്കുന്നു .
അമ്മായിയമ്മയെ കൊന്ന കൊലകുറ്റത്തിന് കൈ വിലങ്ങു പ്രതീക്ഷിച്ച്‌ പേടിച്ചു വിറച്ചിരുന്ന അവർക്കു നേരെ ചായ നീട്ടികൊണ്ടു ത്രേസ്യാമ്മ ചോദിച്ചു
" എന്തൊരു ഉറക്കമാ ഇത് ...പെണ്ണുങ്ങൾ ഇങ്ങനെ കിടന്നുറങ്ങാമോ "!!
ഉറക്കം തൂങ്ങിയ കൺപോളകൾ തുറക്കാൻ വെല്ല ക്രെയിനോ മറ്റോ വിളിക്കേണ്ടി വരുന്ന അവസ്ഥയിലിരിക്കുന്ന, മത്തങ്ങാ പോലെ വീർത്ത മുഖവുമായിരിക്കുന്ന, ആ രണ്ടു പെണ്ണുങ്ങൾ അന്തം വിട്ട് വാ പൊളിച്ച്‌ ഒരു വളിച്ച ചിരിയോടെ അമ്മായിയമ്മ കൊടുത്ത ചായക്കപ്പ്‌ വാങ്ങി ചുണ്ടോടടുപ്പിച്ചു.ചിരിക്കണോ കരയണോ എന്ന് അവർ പരസ്പരം കണ്ണുകൾ കൊരുത്തു ചോദിച്ചു .
അപ്പോൾ ആ ചായക്കപ്പിൽ നിന്നും ഉയർന്നു പൊങ്ങിയ സുഗന്ധം നിറഞൊരാവി ...അത്....അത് ..ആവി തന്നെയായിരുന്നുവോ ...അതോ ചായക്കോപ്പയിലെ കൊടുങ്കാറ്റോ !!

Lipi
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo