അച്ഛാ... അച്ഛൻ എന്റെ കൂടെ ഇന്ന് വരണ്ടാട്ടോ എന്ന് വിളിച്ചു പറഞ്ഞു പുറത്തേക്കു ഓടി ഇറങ്ങുന്നതിനിടെ ഞാൻ കണ്ടു അച്ഛന്റെ കണ്ണിൽ ചെറിയ ഒരു നനവ്... പക്ഷെ ഈ പഴഞ്ചൻ കോലത്തിൽ അച്ഛൻ കോളേജിലേക്ക് വന്നാൽ ഉണ്ടാകുന്ന നാണക്കേട് ഓർത്ത് അച്ഛന്റെ ആ നനവ് ഞാൻ കണ്ടില്ലാന്നു നടിച്ചു... ഈ ഞാൻ ആരാണെന്നാവും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ഞാൻ ആദി. യൂണിവേഴ്സിറ്റി കോളേജിൽ പിജി ഒന്നാം വർഷ വിദ്യാർത്ഥിനി. ഡിഗ്രി കഴിഞ്ഞ വർഷത്തെ റിസൾട്ട് വന്നപ്പോൾ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്ക്കാരിയാണ് ഞാൻ. അതിന്റെ അനുമോദനപരിപാടിയാണ് ഇന്ന്. ഈ ഒരു ദിവസം അച്ഛൻ കൂടെ വന്നാൽ കൂട്ടുകാരുടെ ഇടയിൽ നാണക്കേട് ആവും. കാരണം, എന്റെ കൂട്ടുകാരുടെ അച്ചന്മാർ ഒക്കെ വല്യ പണക്കാർ ആണ്. എന്റെ അച്ഛൻ ഒരു കൃഷിക്കാരനും... ഓരോന്ന് ആലോചിച്ചിരുന്നു കോളേജിൽ എത്തിയത് അറിഞ്ഞില്ല. പരിപാടി തുടങ്ങി. സ്റ്റേജിൽ ഞാനും കളക്ടർ സാറും പിന്നെ കോളേജിലെ ചില ടീച്ചർമാരും... എല്ലാവരും എന്നെ പുകഴ്ത്തി സംസാരിക്കുകയാണ്.. ആകെപാടെ അഭിമാന നിമിഷം.. കളക്ടർ സർ ആണ് ഇപ്പോൾ സംസാരിക്കുന്നത്. അദ്ദേഹം അദ്ദേഹത്തിന്റെ കുറെ ഓർമ്മകൾ പങ്കുവെക്കുകയാണ്... കൂലിപണിക്കാരൻ ആയ അച്ഛൻ കഷ്ടപ്പെട്ട് പഠിപ്പിച്ചതും, പട്ടിണി കിടന്ന നാളുകളും ഒക്കെ.. തന്റെ ഓർമ്മകൾ പതിയെ അച്ഛന്റെ അടുത്തെത്തി.... പാവം അച്ഛൻ. കളക്ടർ ആയ സർ നു വരെ കൂലിപണിക്കാരൻ ആയ അച്ഛനെ പറ്റി പറയാൻ മടി ഇല്ല.. എന്നിട്ടും ഞാൻ...... അമ്മയില്ലാത്ത തന്നെ കഷ്ടപ്പെട്ട് വളർത്തിയതാണ് അച്ഛൻ.... എന്നിട്ടും ഇതുവരെ ഒരു കഷ്ടപ്പാടും അറിയിച്ചിട്ടില്ല. രാത്രി വൈകിയും പഠിക്കാൻ ഇരിക്കുമ്പോൾ ഉറക്കമിളച്ചു തനിക്കു കാവൽ നിന്നവൻ, ഉറക്ക ക്ഷീണം പോലും വകവെക്കാതെ പിറ്റേന്ന് പാടത്തു പണിക്കു പോയവൻ,രാവിലെ തനിക്കു വേണ്ട ഭക്ഷണം വരെ തയ്യാറാക്കി വെക്കുന്നവൻ.. ഇതുവരെ തന്നെ അടുക്കളയിൽ കയറ്റിയിട്ടില്ല.. ആ നേരം കൂടെ പഠിക്കാൻ പറയും.. അമ്മയില്ലാത്ത തന്നെ ഒരു വിഷമവും അറിയിക്കാതെ വളർത്തിയ ആ അച്ഛനെയാണ് ഇന്ന് താൻ നാണക്കേടിന്റെ പേരിൽ കൂട്ടാതെ വന്നിരിക്കുന്നത്... കണ്ണിലെ നനവ് ഒലിച്ചു കവിളിൽ എത്തിയപ്പോൾ ആണ് തന്നെ പ്രസംഗിക്കാൻ ആയി വിളിക്കുന്നത് കേട്ടത്.. മൈക്കിനു മുന്നിൽ നിൽക്കുമ്പോഴും കരയുകയായിരുന്നു... "ഇങ്ങനെ ഒരു വിജയത്തിനു എന്നെ സഹായിച്ച എല്ലാവർക്കും നന്ദി...ദൈവം... അദ്ധ്യാപകർ... കൂട്ടുകാർ... എല്ലാത്തിനും പുറമെ എന്റെ അച്ഛൻ...". ഒരു പൊട്ടികരച്ചിലിനു വേദി സാക്ഷിയായി.. പെട്ടന്ന് വേദിയുടെ അവസാന നിരയിൽ.. ഒരു മുഖം..... അച്ഛൻ.... അച്ഛാ...... ഒരോട്ടം ആയിരുന്നു അങ്ങോട്ടേക്ക്... മുഴുവൻ കണ്ണുകളും വേദിയുടെ അവസാന നിരയിലേക്കായി.. അവിടെ ഒരു പഴയ ഷർട്ടും മുണ്ടും ഇട്ട ഒരു വൃദ്ധൻ..... തന്റെ അച്ഛൻ... അച്ഛനെ കെട്ടിപിടിച്ചു പൊട്ടികരയുമ്പോൾ നിഷ്കളങ്കമായി അച്ഛൻ പറഞ്ഞു, "പണിക്കു പോയതാ അച്ഛൻ.. അച്ഛൻ ഇവിടെ വന്നാൽ എന്റെ മോൾക്ക് നാണക്കേടാണെന്ന് അറിയാം.. പക്ഷെ മോൾക്ക് സമ്മാനം കിട്ടുന്നത് കാണാതിരിക്കാൻ അച്ഛനു പറ്റിയില്ല.. അതോണ്ടാ പാടത്തു നിന്നും ഇങ്ങോട്ട് ഓടി വന്നത്... ആരോടും പറയണ്ട അച്ഛൻ ആണെന്ന്... മോളു പോയി സമ്മാനം വാങ്ങിച്ചോ... അച്ഛന്റെ ദേഹം മുഴുവൻ വിയർപ്പാ.."ഇത് കൂടി കേട്ടതും ആ കാൽക്കൽ വീണു ഞാൻ..." അച്ഛാ... ക്ഷമിക്കണേ...." അയ്യേ കരയല്ലേ മോളെ എന്ന് പറഞ്ഞു എന്നെ പിടിച്ചെഴുന്നേൽപ്പിക്കുമ്പോൾ കണ്ടു ആ കണ്ണിൽ ഒരു നനവ്... സന്തോഷത്തിന്റെ, അഭിമാനത്തിന്റെ, ഒരു ചെറിയ നനവ്....
Anagha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക