നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഷോയിബ് അക്തറിന്റെ കാൽ

  

ദാമ്പത്യ ജീവിതത്തിൽ ക്രിക്കറ്റിന്റെ പ്രാധാന്യം എത്രയാണ് എന്ന് നിങ്ങൾക്ക് അറിയാമോ?

വിവാഹം കഴിഞ്ഞ് എത്ര വർഷമായി ഓർമിക്കാൻ എളുപ്പ വഴി എത്ര ലോക കപ്പ് ഒന്നിച്ച് കണ്ടു് എന്ന് നോക്കിയാൽ പോരേ എന്ന് എന്നെ പഠിപ്പിച്ച ആളാണ് എന്റെ പ്രിയ ഭർത്താവ്. മൂത്ത മകളുടെ ജനന വർഷം അഡ്മിഷൻ ഫോമിൽ ഒക്കെ പൂരിപ്പികേണ്ടി വരുമ്പോൾ പുള്ളി ഓർമിച്ചെടുക്കും ഇന്ത്യ ഫൈനലിൽ തോറ്റ് പുറത്തായ വർഷം ഏതാ? ഓ.. 2003 .. ഇളയ മോളുടെ ജനന തിയതി ആണെങ്കിലോ ഇന്ത്യ രണ്ടാമത്തെ വൺ ഡേ ലോക കപ്പ് ജയിച്ച ദിവസം ... ഏപ്രിൽ 2.. എന്റെ പിറന്നാളിന് ഇങ്ങനെ ഒന്നും സംഭവിക്കാത്ത കാരണം പാവം അത് മിക്ക വർഷവും മറക്കാറു ആണ് പതിവ്!! സ്വാഭാവികം ... കുറ്റം പറയാൻ പറ്റുമോ?

ആദ്യമൊക്കെ ഒക്കെ ചില ദിവസങ്ങളിൽ ഓഫീസിൽ നിന്ന് ആള് നേരത്തെ എത്തും.. എന്നോട് വിളിച്ചു പറയും ഇന്ന് രാത്രി ഭക്ഷണം നമുക്ക് ഓർഡർ ചെയ്യാം. നിനക്ക് ഫ്രീ ആയി ഇരിക്കമല്ലോ എന്ന്.. ഞാൻ സന്തോഷം കൊണ്ട് തുള്ളി ചാടി നടക്കും . ഞാൻ എത്ര ഭാഗ്യവതി !!

വൈകുന്നേരം എത്തിയ ഉടനെ നമ്മുടെ നായകൻ നേരെ പോയി കൈ കാൽ ഒക്കെ കഴുകി ഡ്രസ്സ് ഒക്കെ മാറി നേരെ ടിവിയുടെ മുന്നിലേക്ക് ഒറ്റ പോക്ക്‌ ആണ്.. പോകുന്ന പോക്കിൽ വിവരണം തുടങ്ങി കാണും ,"ഇന്ന് സൗത്ത് ആഫ്രിക്ക യും ഉഗാണ്ടയും തമ്മിൽ ഉള്ള മാച്ച് ആണ്.. അവര് ഇതിന് മുൻപ് തമ്മിൽ കളിച്ചത് ആയിരത്തി തൊള്ളായിരത്തി അമ്പത്തൊന്നു മയ് മാസം മൂന്നാം തിയ്യതി അഡിസ് അബാബ യില് വച്ചാണ്.. ഹോ ഇന്ന് തകർപ്പൻ കളി ആയിരിക്കും.. നീ വാ... കാണണ്ടേ?"പിന്നേ...നമ്മൾ ഇവിടെ കുളിച്ചു ഒരുങ്ങി അര ഇഞ്ച് കനത്തിൽ പുട്ടി ഒക്കെ ഇട്ട് സിംപിൾ മെയ്ക് അപ്പിൽ നിക്കുന്നത് ഇവന്മാരെ കാണാൻ ആണല്ലോ ..ഹും!!! ഇൗ ദേഷ്യം എല്ലാം ഞാൻ തീർക്കുന്നത് ഓർഡർ ചെയ്ത് വരുത്തുന്ന ഫുഡിൽ ആയിരിക്കും.. പകുതിയിൽ കൂടുതലും ഞാൻ തന്നെ തട്ടും. ഫുഡ് ഇല്ലാതെ നമ്മുക്ക് എന്ത് ആഘോഷം? പുള്ളിക്കാരൻ പിന്നെ കളി കാണുന്ന ആവേശത്തിൽ ഇതൊന്നും അറിയില്ല..അങ്ങനെ പയ്യെ പയ്യെ ക്രിക്കറ്റ് കാരണം എന്റെ "തടി "മിടുക്കും കൂടി കൂടി വന്നു..

അങ്ങനെ ഞങ്ങടെ ജീവിതം കായിക മേള പോലെ ഒഴുകി കൊണ്ടിരുന്നു...അത് കൊഴുപ്പിക്കാൻ എല്ലാ കാലത്തും ഐസിസി യുടെ വക പൂർണ സഹകരണം ആയിരുന്നു.. മൂത്ത മകളുടെ ഡെലിവറി യുടെ മുൻപുള്ള ഒരു മാസം എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു അവളുടെ അച്ഛൻ .. റീസൺ ഹൂ? ലോക കപ്പ് ക്രിക്കറ്റ് .. എന്റെ അമ്മയും ബന്ധുക്കളും ഒക്കെ മരുമകന്റെ സ്നേഹം വാഴ്ത്തി പാടി.. അന്നൊക്കെ ശാസ്തമംഗലം റൂട്ടിലെ പാണന്മാർ എന്റെ പ്രിയതമന്റെ ഗുണ ഗണങ്ങൾ പാടി നടന്നിരുന്നു .ഭാര്യ യുടെ ശുശ്രൂഷ ക്ക് വേണ്ടി ഒരു മാസം ലീവ് എടുക്കുന്ന കണവനെ കിട്ടാൻ എന്റെ കൂട്ടുകാരികൾ ഒക്കെ ശിവൻ കോവിൽ കേറി ഇറങ്ങി.. ഇതിനൊക്കെ നമ്മുടെ ഇന്ത്യൻടീമിന് എങ്ങനെ നന്ദി പറയും എന്ന് ഞാൻ ഇടക്ക് ഓർമ്മിക്കും .

രണ്ടായിരത്തി അഞ്ച് ഡിസംബർ മാസത്തിൽ ആണ് ഞാൻ ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി ഏറ്റവും മഹത്തായ ആ സംഭാവന ചെയ്തത്.. ആ കാലത്ത് തിരുവനന്തപുരത്തെ ഇന്റർനാഷണൽ സ്കൂൾ ആണ് നമ്മുടെ പണി സ്ഥലം . മറ്റ് സ്കൂളിൽ ഒക്കെ ക്രിസ്തുമസ് അവധി കൂടി പോയാൽ പത്ത് ദിവസം ആണ് . ഇവിടെ ആണേൽ മൂന്ന് ആഴ്ച ആണ്. എല്ലാവരും ഒക്ടോബർ ആവുമ്പോൾ തന്നെ ഇൗ അവധി കണക്കാക്കി പ്ലാനുകൾ ഉണ്ടാക്കി തുടങ്ങും. ഞങ്ങളും എവിടെ എങ്കിലും ട്രിപ്പ് പോകണം എന്നൊക്കെ ആലോചന തുടങ്ങി.

സ്കൂൾ അടക്കുന്ന ദിവസം എന്റെ കണക്ക് കൂട്ടൽ ഒന്ന് തെറ്റി. ഇറങ്ങാൻ ഉള്ള പടി യുടെ കണക്ക് ആണ് എനിക്ക് തെറ്റിയത്. കൂട്ടുകാരിയും ആയിഎന്തൊക്കെയോ ബഡായി ഒക്കെ പറഞ്ഞ് പുറത്തേക്ക് ഇറങ്ങുക ആണ് ..പടിയുടെ എണ്ണം മൂന്ന് അല്ല നാല് ആയിരുന്നു കേട്ടോ..അവസാനത്തെ പടി ഞാൻ കണ്ടില്ല.. ദാ കിടക്കുന്നു ഞാനും പ്ലാനും ധിം തരികിട തോം.. കൂട്ടുകാരി നോക്കുമ്പോ ഞാൻ തറയിൽ വളഞ്ഞു കുത്തി ബാബ രാംദേവ് യോഗ പോസ് പോലെ കിടക്കുന്നു.. ആരൊക്കെയോ ഓടി വന്നു കൈ തന്നു സഹായിച്ചു .. ഒരു കസേരയിൽ ഇരുത്തി. പാദം ഒരു വശത്തേക്ക് തിരിഞ്ഞു പോയിരിക്കുന്നു.. നീരും ഉണ്ട്..

അടുത്ത സീനിൽ ഞാൻ കാലിൽ പ്ലാസ്റ്റർ ഒക്കെ ഇട്ട് സുഖ ചികിത്സയിൽ ആണ്.. 3 ആഴ്ച വേണം അത്രെ പ്ലാസ്റ്റർ.. സ്കൂൾ അവധി എത്ര ആണെന്ന് ഡോക്ടറോട് ആരാണാവോ പറഞ്ഞത് ? മുട്ടു മുതൽ പാദം വരെ നല്ല വെളുത്ത പ്ലാസ്റ്റർ മനോഹരമായി ഇട്ടിരിക്കുന്നു. ക്രിസ്തുമസ് ആയ സ്ഥിതിക്ക് കുറച്ച് കൂടി ഡെക്കറേഷൻ ആകാമായിരുന്നു..അത്ര കലാ ബോധം ഉള്ള ആശുപത്രി അല്ല എന്ന് തോന്നുന്നു..

ആ സമയത്ത് ഇന്ത്യ പാകിസ്താൻ ഏതോ ഒരു സീരീസ് നടക്കുക ആയിരുന്നു.. കെട്ടിയോൻ ലീവ് ഒക്കെ എടുത്ത് വീട്ടിൽ ഉണ്ട് .. (വീണ്ടും നാട്ടുകാരുടെ കണ്ണിലുണ്ണി) .സ്വാഭാവികം ആയും ഇന്ത്യയുടെ എല്ലാ മാച്ചും കാണുക എന്നത് നമ്മുടെ ചുമതല ആണല്ലോ. അല്ലെങ്കിൽ തന്നെ ഇൗ വയ്യാത്ത കാലും കൊണ്ട് എങ്ങോട്ട് ഓടാൻ? കയ്യിൽ ഒരു പുസ്തകം ഒക്കെ എടുത്തു ഞാനും കൂടെ ഇരിപ്പുണ്ട്..

കളി തകർക്കുന്നു .. ഷോയിബ് അക്തർ ബൗൾ ചെയ്യുന്നു.. ക്യാമറാ അങ്ങേരെ അടുത്ത് നിന്നും ദൂരെ നിന്നും ഒക്കെ കാണിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്.. ഗ്രൗണ്ടിന്റെ മൂലക്ക് നിന്ന് ഓട്ടം തുടങ്ങുമ്പോൾ തന്നെ ക്യാമറാ കൂടെ ഓടും.. ക്രീസിൽ എത്തി ചാടി ബൗൾ ചെയ്തു കഴിഞ്ഞു പിന്നെ കാലു വന്നു നിലത്ത് ശക്തമായി കുത്തി നിവർന്നു നിൽക്കും .. ക്ലോസ് അപ്പ് .. കുറെ നേരമായി ഇത് തന്നെ കാണിച്ചു കൊണ്ടേ ഇരിക്കുന്നു.. ഓടുന്നു..എറിയുന്നു.. കാലു കുത്തി നിൽക്കുന്നു.. വീണ്ടും ഓടുന്നു.. എറിയുന്നു.. കാലിന്റെ ക്ലോസ് അപ്പ്..

ഇത് കുറെ ആയപ്പോ ഞാൻ എന്റെ ആത്മ ഗതം ഉറക്കെ പറഞ്ഞു "ഇവനൊക്കെ ഇൗ ചാട്ടം ചാടിയിട്ട്‌ കാലിന് ഒന്നും ഒരു കുഴപ്പവും ഇല്ല..ഇവിടെ പാവങ്ങൾ വെറുതെ നടന്നു പോവുമ്പോൾ വീണു പ്ലാസ്റ്റർ ഉമ് ഇട്ട് കിടക്കുന്നു "... അടുത്ത ബോൾ... ക്രീസിൽ എത്തി ചാടിയ അക്തറിന്റെ കാലു നിലത്തേക്ക് വരുന്നു... തറയിൽ കുത്തിയ ഉടൻ പാദം വളഞ്ഞു കുത്തി ദാ കിടക്കുന്നു രാവൽപിണ്ടി ദാ കിടക്കുന്നു വാഴ പിണ്ടി പോലെ !!!! എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല..

പിന്നെ ഫിസിയോ വന്നു, ഡോക്ടർ വന്നു,രണ്ട് ആളുകൾ ഓടി വന്നു , സ്‌ട്രേർച്ചേർ വന്നു, അയാളെ എടുത്ത് പൊക്കി കൊണ്ട് പോകുകയും ചെയ്തു.. എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു അപകടം നടന്നത് എന്ന് കമന്റേറ്റർ മാർ തമ്മിൽ പൊരിഞ്ഞ ചർച്ച.. ഏതൊക്കെ എല്ലുകൾ ഒടിഞ്ഞു കാണും എന്ന് മറ്റൊരു ചാനെലിൽ ഡോക്ടർമാരുടെ ചർച്ച.. ഇവിടെ എന്റെ ഭർത്താവ് എന്നെ തുറിച്ച് നോക്കി ഇരിപ്പുണ്ട്.

അതിനു ശേഷം കുറെ വർഷങ്ങൾക്ക് ശേഷം ആണ് ഇൗ പരിക്കിൽ നിന്നും അഖ്തർ പുറത്ത് എത്തിയത് എന്ന് ഞാൻ ഗൂഗിളിൽ തപ്പി അറിഞ്ഞു. അധികം മാചും കളിക്കാൻ പറ്റിയിട്ടില്ല.

അന്നത്തെ ദിവസത്തിന് ശേഷം ഞാൻ കൂടെ ഇരുന്നു കളി കാണണം എന്ന് എന്റെ ഹസ്ബണ്ട് നിർബന്ധിക്കാൻ വരാറില്ല.. എന്താണോ എന്തോ?

നോട്ട് ദി പോയിന്റ്: തോക്കും കത്തിയും ഒന്നും ഇല്ലാതെ തന്നെ ശത്രു രാജ്യത്തെ പ്രധാന ഭടന്റെ കാൽ തല്ലി ഓടിച്ച എനിക്ക് അർജുന അവാർഡ് പറ്റില്ല എങ്കിൽ "ഭീമ"അവാർഡ് എങ്കിലും തരണം എന്നാണ് എന്റെ ഒരു ഇത്..

ശ്രീജയുടെ തോന്ന്യാക്ഷരങ്ങൾ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot