നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയിനി (നീണ്ടകഥ ) - Part 3


Best of Nallezhuth- No 17
എത്ര പെട്ടെന്ന് ഒരാഴ്ച കടന്നു പോയി.. ആ വി പറക്കുന്ന കോഫീ മഗിൽ തുടങ്ങുന്ന പകലുകൾ.. റോസപൂവിനെ ഓർമ്മിപ്പിക്കുന്ന കരസ്പർശത്തിൽ അവസാനിക്കുന്ന രാവുകൾ. ഇടയിൽ ആഫ്റ്റർ ഷേവിന്റെ ഗന്ധമാസ്വദിച്ചു കൊണ്ടുള്ള പകൽ മയക്കങ്ങൾ..
ഗിൽബെർട്ട് പോവുന്നതിന്റെ തലേന്ന് അയാളെന്നേയും കിരണിനെയും നഗരത്തിലെ പേരെടുത്ത റെസ്റ്റോറന്റിൽ അത്താഴത്തിനു കൊണ്ട് പോയി.. ചുവന്ന കാഞ്ചീപുരം സാരിയായിരുന്നു എന്റെ വേഷം. അരുൺ ആദ്യ വിവാഹവാർഷികത്തിന് സമ്മാനിച്ച ചെറിയ ഡയമണ്ട് നെക്ലേസും അതിന്റെ കമ്മലുകളും ധരിച്ചു. വലിയ സ്റ്റഡ് വ്യക്തമായി കാണാൻ മുടി ഉയർത്തി കെട്ടി .
കിരണിനോടും ഗിൽബെർട്ടിനോടും ഒപ്പം റെസ്റ്റോറന്റിലെ ചൂരൽക്കസേരയിലിരിക്കുമ്പോൾ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലായിരുന്നു ഞാൻ.
കൃത്യമായ് പറഞ്ഞാൽ ആറു വര്ഷങ്ങള്ക്കു ശേഷമാണു ഒരു റെസ്റ്റോറന്റിൽ . കിരൺ പ്രണയത്തിലായതിനു ശേഷം അവനുമായി അധികം പുറത്തേക്കു പോവാറില്ല. അവന്റെ കൂടെ മിക്കവാറും അഗതയുണ്ടാവും. അവരുടെ സ്വർഗത്തിൽ എന്തിനാണൊരു കട്ടുറുമ്പു ?
എന്റെ ഇഷ്ടാനിഷ്ടങ്ങൾ ചോദിച്ച ഗിൽബെർട്ടിനോട് കിരൺ മറുപടി പറഞ്ഞു.
“റെസ്റ്റോറന്റിൽ നമ്മളെന്ത് ഓർഡർ ചെയ്താലും മമ്മ കഴിക്കും. “
കിരൺ പറഞ്ഞത് ശരിയായിരുന്നു. അരുൺ ഉള്ളപ്പോൾ എന്റെയിഷ്ടങ്ങൾ പറയാൻ മടിയുണ്ടായിരുന്നില്ല. കിരണിന്റയൊപ്പം എല്ലാ മവന്റെ ഇഷ്ടങ്ങൾക്കു വിട്ടു കൊടുത്തു.
ഇറ്റാലിയൻ വിഭവങ്ങളായിരുന്നു അവർ ഓർഡർ ചെയ്തത്. കിരണിടക്ക് വാഷ്റൂമിലേക്കു നടന്നപ്പോൾ ഗിൽബെർട്ട് മേശയിൽ വെച്ചിരുന്ന എന്റെ ഇടതുകൈയിൽ അയാളുടെ വലത് കൈവെച്ചു. ഗിൽബർട്ട് എന്റെയടുത്തേക്ക് കുനിഞ്ഞ് കണ്ണുകളിലേക്ക് നോക്കിയപ്പോൾ അയാളെന്റ ഹൃദയമിടിപ്പ് കേൾക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു.
“ഞാൻ നന്ദി പറയുന്നില്ല അപർണ്ണ . അത് കിരണിനു ഇഷ്ടമാവില്ല. ഇതു സ്വീകരിച്ചാലും.. പ്രത്യുപകാരമല്ല എന്റെ സന്തോഷം മാത്രം.”
ഗിൽബെർട്ട് എഴുന്നേറ്റു. പാന്റിന്റെ പോക്കറ്റിൽ നിന്നും തിളങ്ങുന്ന വർണ്ണക്കടലാസിൽ മനോഹരമായി പൊതിഞ്ഞ ചെറിയ പെട്ടി പുറത്തെടുത്ത് എനിക്ക് നേരെ നീട്ടി . ഒറ്റനോട്ടത്തിൽ തന്നെ അതിൽ ആഭരണമായിരിക്കുമെന്ന് ഞാനൂഹിച്ചു. ഗിൽബെർട്ട് വീണ്ടും അരുണിനെ ഓർമ്മിപ്പിച്ചു. ഒരുപാട് സന്തോഷം വരുമ്പോൾ അരുൺ ഇങ്ങിനെയാണ് .ഒരു സ്റ്റഡ് അതുമല്ലെങ്കിൽ ഒരു റിംഗ് സമ്മാനമായ് നൽകും.
ഗിൽബെർട്ടിന്റെ കൈയിൽ നിന്നുമത് വാങ്ങണോ വേണ്ടയോ എന്ന വിഷമവൃത്തത്തിലായിരുന്നു ഞാൻ. അപ്പോഴേക്കും കിരൺ വാഷ് റൂമിൽ നിന്നെത്തി. “അത് വാങ്ങൂ മമ്മ.. ഞങ്ങൾ ഒന്നിച്ചു പോയി മമ്മക്കായ് വാങ്ങിയതാണ്.”
നന്ദിസൂചകമായി പുഞ്ചിരി തൂകി അത് സ്വീകരിച്ചു.അതിനകത്തെന്തായിരിക്കുമെന്നറിയാൻ മനസ് ധൃതികൂട്ടിയെങ്കിലും തന്നയാളുടെ മുന്നിൽ വെച്ച് എങ്ങനെ തുറക്കും? ആ പെട്ടി ഭദ്രമായ് വെള്ള ഹാൻഡ്ബാഗിൽ നിക്ഷേപിച്ചു.
അന്ന് ഞങ്ങളുടെ പതിവുള്ള നടത്ത ഉണ്ടായിരുന്നില്ല. ഗിൽബെർട്ടിനെ പാക്കിങ്ങിനു സഹായിക്കാൻ കിരണും അയാളൊടൊപ്പം കൂടി.
മനോഹരമായ സായാഹ്നം സമ്മാനിച്ചതിന് നന്ദി പറഞ്ഞു കൊണ്ടാണ് ഗിൽബെർട്ടിനോട് ഗുഡ് നൈറ്റ് പറഞ്ഞത്.
മുറിയിലെത്തിയ ഉടൻ ബാഗിൽ നിന്നും സമ്മാനപ്പൊതിയെടുത്ത് തുറന്നു. നക്ഷത്രാകൃതിയിൽ റൂബികൾ പതിപ്പിച്ച ചെറിയ സ്റ്റഡ് ആയിരുന്നത് . അരുണിന്റെ വൈര കമ്മലുകൾ അഴിച്ചു വെച്ച് അന്ന് രാത്രി ഗിൽബർട്ടിന്റെ റൂബി അണിഞ്ഞാണ് ഞാൻ കിടന്നത്... എന്തോ ഒരു സുരക്ഷിതബോധം ആ റൂബി എനിക്ക് നൽകിയെങ്കിലും ആ രാത്രി എനിക്കുറങ്ങാൻ കഴിഞ്ഞതേയില്ല... ജീവിതത്തിലെ മനോഹരമായ കുറെ ദിവസങ്ങൾ അവസാനിക്കുകയായിരുന്നല്ലോ അന്ന്..
പിറ്റേന്ന് അതിരാവിലെ ഗിൽബെർട്ട് യാത്രയായി.
അയാൾ യാത്രയായപ്പോൾ പെട്ടെന്നൊരു ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ടപോലെ . വല്ലാത്തൊരു ഏകാന്തതയെന്നെ വലയം ചെയ്തു.... . കിരണിന്റെ കാര്യങ്ങളെന്നല്ല എന്റെ കാര്യങ്ങളും ശ്രദ്ധിക്കാതായി.
ഞാൻ വീടിന് പുറത്തേക്ക് തീരെയിറങ്ങാതായ്.കിരൺ പോയിക്കഴിഞ്ഞാൽ ഗിൽബർട്ടിന്റെ മുറിയിലായി കൂടുതൽ സമയവും. ബാൽക്കണിയിലേക്കിറങ്ങുന്ന കിരൺ, വാടി നിൽക്കുന്ന ചെടികൾ കണ്ട് അവ നനച്ചു .
ഗിൽബെർട്ട് പോയതിന്റെ അഞ്ചാം ദിവസം കിരണിനെ യാത്ര അയക്കാൻ കാർപ്പോർച്ചിൽ നിൽക്കുമ്പോഴാണെന്റെ വിളറിയ മുഖത്തേക്ക് നോക്കിയവനത് പറഞ്ഞത് .
“മമ്മ , ഗിൽബെർട്ട് വിവാഹിതനാണ്.. “
അവന്റെ പ്രസ്താവനക്കു മുന്നിൽ വിഡ്ഢിയെ പോലെ വെറുതെ ചിരിച്ചു. പക്ഷെ അവൻ പോയതിനു ശേഷം മുൻവാതിൽ വലിയ ശബ്ദത്തോടെ കൊട്ടിയടച്ചു ആരോടെന്നില്ലാതെ പ്രതിഷേധം പ്രകടിപ്പിച്ചു.
ഗിൽബെർട്ടുമായി ബന്ധപ്പെടാനെനിക്ക് ഒരു മാർഗ്ഗവുമില്ല. അയാളുടെ ഫോൺ നമ്പർ, ഇ മെയിൽ ഐഡി ,വിലാസം ഇവയൊന്നും എനിക്കറിയുകയുമില്ല. ഇനിയെപ്പോഴെങ്കിലും കിരൺ പറഞ്ഞു മാത്രമേ ഞാനയാളുടെ വിവരങ്ങൾ അറിയുകയുമുള്ളൂ.
എന്നിട്ടാണവൻ….
ഗിൽബെർട്ട് പോയതിനു ശേഷം പതിവായി അയാളുടെ മുറിയിലേക്കാണ് ഞാനാദ്യം പൊയ്ക്കൊണ്ടിരുന്നത്. ഇന്നുമത് പോലെ ..
ഇപ്പോൾ മുറിയിൽ തങ്ങി നിന്നിരുന്ന ആഫ്റ്റർ ഷേവ് ലോഷന്റെ ഗന്ധം നേർത്തുനേർത്തു കൊണ്ടിരിക്കുന്നു. എന്നത്തേയും പോലെയതാസ്വദിച്ചു കട്ടിലിൽ ഇരിക്കുന്നതിനു പകരം ഞാൻ പതിയെ വാർഡ് റോബിനടുത്തേക്കു നടന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നു
മത് തുറന്നിരുന്നില്ല. എന്തിലെങ്കിലും തൊട്ടാൽ ,അയാളുടെ ഓർമ്മകൾ നശിച്ചു പോവുമോയെന്ന ചിന്തയാണെന്നെയതിൽ നിന്നും വിലക്കിയിരുന്നത്.
കാലിയായ വാർഡ് റോബിൽ വൃത്തിയായി മടക്കി വെച്ചിരിക്കുന്ന ഇളംനീല നിറത്തിലെ കടലാസ്സുകഷ്ണം എന്റെ ശ്രദ്ധയിൽപ്പെട്ടു. ഭംഗിയുള്ള ആ ചെറിയ സ്ക്രിബ്ലിങ് പാഡ് പാന്റിന്റെ പോക്കറ്റിൽ നിന്നും ഗിൽബെർട്ട് പലതവണയെടുക്കുന്നത് കണ്ടിട്ടുണ്ട്.മിക്കവാറും കിരണുമായുള്ള സംഭാഷങ്ങൾക്കിടയിൽ..
കടലാസ് കൈയിലെടുത്തു കിടക്കക്കരികിലേക്ക് നടന്നു. കടലാസ്സിൽ ചുളിവുകൾ വീണാലോയെന്ന ഭയത്തിൽ മെല്ലെയത് നിവർത്തി .
"അപർണ്ണ ,
പ്രണയത്തിൽ അകപ്പെടാൻ വളരെ എളുപ്പമാണ്. അതിൽ നിന്നും കര കയറാനേറെ ബുദ്ധിമുട്ടും .എങ്കിലും ഞാൻ പരമാവധി ശ്രമിക്കും .
ഗിൽബെർട്ട് "
സ്വർഗ്ഗത്തിലേക്കെടുത്തെറിയപ്പെട്ട അനുഭൂതിയിൽ പെട്ടെന്ന് കിടക്കയിലേക്ക് ചാഞ്ഞു. ഗിൽബെർട്ടിന്റെ ഏറെക്കുറെ പരിചിതമായ ഗന്ധം നഷ്ടമായി കൊണ്ടിരിക്കുന്ന തലയിണയിലേക്കു മുഖം പൂഴ്ത്തി.
വിടപറയാൻ നേരം ചേർത്തുനിർത്തിയ ഗിൽബെർട്ടിന്റെ കൈകൾ ഇടുപ്പിൽ വല്ലാതെ അമർന്നപ്പോൾ, നിറുകയിൽ അയാളുടെ ചുണ്ടുകൾ പതിവിൽ കൂടുതൽ സമയം തങ്ങിയപ്പോൾ ഞാനെന്തേയതിൽ അയാളുടെ പ്രണയം മനസിലാക്കാതിരുന്നത് ?
**
ദിവസ്സങ്ങൾക്കു ശേഷം അന്ന് ഞാൻ ഉന്മേഷവതിയായി.
ഉച്ചക്ക് കാറെടുത്തു പുറത്തേക്കു പോയി. ചെറിയൊരു ഷോപ്പിങ്ങും നഗരം ചുറ്റലും കഴിഞ്ഞു വീട്ടിലെത്തി.
കിരൺ മടങ്ങി വരുമ്പോൾ ബാൽക്കണിയിൽ വെള്ള റോസിനടുത്തു ഞാൻ നിൽക്കുകയായിരുന്നു.
അവനെ കണ്ടപ്പോൾ വാതിൽ തുറന്നു കൊടുത്തു കിച്ചണിലേക്കു നടന്നു.കുളിച്ചു ഫ്രഷായി കിരൺ വന്നപ്പോൾ അവനേറെ പ്രിയപ്പെട്ട മട്ടൺ കുറുമയും പറാത്തയും വിളമ്പി.
“ അതാണെന്റെ മമ്മ” അവനെന്നെ ചേർത്തു പിടിച്ചു.
രാത്രി അവന്റെ കൂടെ നൈറ്റ് വാക്കിനു പോയി.
പിറ്റേന്ന് നഴ്സറിയിൽ പോവുമ്പോൾ വാങ്ങേണ്ട പുതിയ ചെടികളെ കുറിച്ച് ഞാൻ വാചാലയായപ്പോൾ, ബാംഗ്ലൂരിലേക്ക് ഒരാഴ്ച പോവേണ്ട വിശേഷം അവൻ കൈ മാറി.
വീട്ടിൽ തിരിച്ചെത്തി കിരണിനോട് ഗുഡ് നൈറ്റ് പറഞ്ഞു കിടപ്പു മുറിയിലേക്ക് നടന്നു ..
മമ്മയെ നേർവഴിക്കു നയിച്ച സന്തോഷത്തോടെ കിരൺ അവന്റെ മുറിയിലേക്കും .
അവന്റെ മനസ്സിൽ വര്ഷങ്ങള്ക്കു മുന്നേ മരിച്ചു പോയ ഭർത്താവിനെ ഓര്ത്തു , പിനീടുള്ള ജീവിതത്തിൽ മനസും ശരീരവും മകന് വേണ്ടി മാത്രം അർപ്പിച്ച് ജീവിച്ച നല്ല മമ്മയായിരിക്കട്ടെ ഞാൻ.
രാത്രി കിരൺ ഉറക്കമായപ്പോൾ ഗിൽബെർട്ടിന്റെ മുറിയിൽ കടന്നു. ആ നീല കടലാസ്കഷ്ണം ഭദ്രമായ് തലയണക്കടിയിലുണ്ടായിരുന്നു. അതെടുത്ത് വിടർത്തി ഒരിക്കൽ കൂടെ ഞാൻ വായിച്ചു.
ഗിൽബെർട്ട്, ഒരു പക്ഷെ കുടുംബ ജീവിതത്തിൽ, ജോലി തിരക്കിൽ നിങ്ങൾക്കെന്നെ അതിവേഗം മറക്കാൻ കഴിയുമായിരിക്കും..
പക്ഷെ ഞാൻ..
എനിക്കീ പ്രണയം ഒരു തുരുത്താണ്. അതിൽ നിന്നും രക്ഷ നേടാൻ ഞാനാഗ്രഹിക്കുന്നില്ല
പ്രിയപ്പെട്ട മകനേ, ..നീണ്ട മുപ്പതു വർഷങ്ങൾ നിനക്ക് വേണ്ടി ജീവിച്ചയെനിക്ക്, ഇനിയെന്റെ മനസ്സെങ്കിലും സ്വന്തമായി വേണം..
ദിവസങ്ങൾക്കു ശേഷം ശാന്തമായ മനസോടെ ആ മുറിയിൽ ഞാൻ നിദ്രയിലാണ്ടു ..
(അവസാനിച്ചു)


By SaneeMaryJohn

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot