Slider

പ്രണയിനി (നീണ്ടകഥ ) - Part 2

0

Best of Nallezhuth- No 17
പിറ്റേന്ന് അതിരാവിലെ വല്ലാത്തൊരുത്സാഹത്തോടെയെഴുനേറ്റു . കുളിച്ചു വന്നു കിച്ചണിൽ കടന്നപ്പോൾ കിരണും ഗിൽബെർട്ടും ലിവിങ് റൂമിലെന്തോ ഡിസ്കഷനിലായിരുന്നു. അവരുടെ കൈകളിലെ വലിയ കോഫി കപ്പിൽ നിന്നും ആവി ഉയർന്നു കൊണ്ടിരുന്നു.
“ മമ്മ കോഫി ഡൈനിങ്ങ് ടേബിളിലുണ്ട്. ഡോക്ടർ ഉണ്ടാക്കിയതാണ്.”
കസേരയിലിരുന്നു കോഫി മൊത്തി കുടിച്ചു.
പതിവായി ചായ കുടിക്കുന്നയെനിക്ക് കോഫിയുടെ രുചി ഹൃദ്യമായി തോന്നി.. അരുൺ ഉള്ളപ്പോൾ മിക്കവാറുമിതു പതിവാണ്.. വൈകിയ രാത്രികളിലെ ഉറക്കത്തെ തിരിച്ചു പിടിക്കാനായി രാവിലെ ഞാൻ പുതപ്പിനുള്ളിൽ ചുരുണ്ടു കൂടുമ്പോൾ ,ആവി പറക്കുന്ന കോഫി മഗ്ഗുമായി അരുൺ വിളിച്ചുണർത്തും .
വര്ഷങ്ങള്ക്കു ശേഷം ഒരു ഗ്ലാസ് ചൂട് കാപ്പി എനിക്കായി കാത്തിരിക്കുന്നു... നന്ദി സൂചകമായി ഞാൻ ഗിൽബെർട്ടിന് നോക്കി. പക്ഷെ അവിടെ അവരെന്നെ ശ്രദ്ധിക്കാതെ കൊണ്ട് പിടിച്ച ചർച്ചയിലായിരുന്നു.
പ്രാതലിനു ഇഡ്ഡലിക്കൊപ്പം വിളമ്പിയ സാമ്പാറിൽ മുളക് പൊടി ചേർത്തതേയില്ല. എങ്കിലും, അതയാൾക്കു ഇഷ്ടപ്പെട്ടില്ലെങ്കിലോയെന്ന ഭയത്തിൽ ബ്രെഡ് സ്ലൈസുകൾ മൊരിച്ചെടുത്തു . തലേന്നത്തെ പ്രവൃത്തിയിലെനിക്ക് കുറ്റബോധം തോന്നി തുടങ്ങിയിരുന്നു. കിരണിനും ഗിൽബെർട്ടിനും ഡബിൾ ബുൾസ് ഐയും തയ്യാറാക്കി.
സാമ്പാർ അല്പം മാത്രമെടുത്തു ഗിൽബെർട്ടു ഒരു ഇഡ്ഡലി കഴിച്ചു. പിന്നെ ബട്ടർ ബോക്സിലെ ബട്ടറും ഹണിയും ചേർത്ത് രണ്ടെണ്ണം കൂടെ.. ബുൾസ് ഐ യിൽ അയാൾ പെപ്പറിട്ടതേയില്ല .കിരണിനോട് വിഭവങ്ങളുടെ പേരുകളും ചേരുവകകളും ചോദിച്ചു കൊണ്ട്, ഫോർക്കും സ്പൂണും ഉപയോഗിച്ച് അതി വേഗത്തിൽ അയാൾ കഴിച്ചു കൊണ്ടിരുന്നു. കോൺഫെറെൻസിന് പോവാനുള്ള കറുത്ത സ്യൂട്ടിലായിരുന്നു രണ്ടുപേരും .ചിത്ര ശലഭത്തിനെ ഓർമിപ്പിക്കും വിധം ചെറിയ ചുവന്ന ബോ ഗിൽബെർട്ടിന്റെ കഴുത്തിനോട് ഒട്ടി ചേർന്നിരുന്നു.
പോവാൻ നേരം “ടേക്ക് കെയർ “ പറഞ്ഞു അയാളെന്റെ നേർക്ക് കൈ വീശി.. ഒരു ഹസ്തദാനം നടത്തിയിരുന്നെങ്കിലെന്ന് വെറുതെ ആഗ്രഹിച്ചു പോയി..
അവർ പോയി കഴിഞ്ഞപ്പോൾ, പതിവ് പോലെ കിരണിന്റെ ബെഡ് റൂമിലേക്ക് നടന്നു. എന്നത്തേയും പോലെ മുറിയാകെ മെസ്. കിടക്കയിൽ മാറിയിട്ടിരിക്കുന്ന അടിവസ്ത്രങ്ങളും വസ്ത്രങ്ങളും. സ്ഥാനം തെറ്റിയ കിടക്ക വിരിയും തലയിണയും..വലിച്ചെറിഞ്ഞ പരുവത്തിൽ മൂലയിൽ നനഞ്ഞ ടവൽ.
മുപ്പതു വയസ്സായ അവനോടെത്ര പറഞ്ഞാലും അനുസരിക്കില്ല. ഇനിയവന്റെ പെണ്ണ് വരട്ടെ. അഗത എന്ന ക്രിസ്ത്യൻ പെൺകുട്ടിയുമായി അവൻ പ്രണയത്തിലാണ് .ഒരു വർഷത്തിനുള്ളിൽ അവരുടെ വിവാഹം നടക്കും. പ്രണയത്തെക്കുറിച്ച് കേട്ടപ്പോൾ തന്നെ ഞാൻ യെസ് മൂളിയെങ്കിലും അഗതയുടെ മാതാപിതാക്കളെ വിവാഹത്തിന് കൺവിൻസ് ചെയ്തെടുക്കാൻ വളരെ ബുദ്ധിമുട്ടി.
അഗത നല്ല കുട്ടിയാണ് ,കാഴ്ചയിലും പെരുമാറ്റത്തിലും ..ഇപ്പോഴത്തെ കുട്ടികളെ അവരുടെ ഇഷ്ടത്തിന് വിടുന്നതാണ് നല്ലതു. അരുൺ ഉണ്ടായിരുന്നെങ്കിലുമിതു തന്നെ ചെയ്യുമായിരുന്നു.
കിരണിന്റെ മുറി പോലെ തന്നെ ഒരു മെസ് പ്രതീക്ഷിച്ചാണ് ഗസ്റ്റ് റൂമിലേക്ക് കടന്ന് ചെന്നത്. എന്നെ വരവേറ്റത് ഞാൻ മറന്നു തുടങ്ങിയ ആഫ്റ്റർ ഷേവ് ലോഷന്റെ ഗന്ധം!.എനിക്കേറെ ഇഷ്ടമുള്ള ഗന്ധം. അരുൺ പതിവായത് ഉപയോഗിക്കുമായിരുന്നു.. എന്തുകൊണ്ടോ കിരണിന് ലോഷൻ ഇഷ്ടമല്ല.
വാതിലിനരികെ നിന്ന് കൊണ്ട് കിടക്കയിലേക്ക് കണ്ണോടിച്ചു. രാത്രി ഒരാൾ കിടന്നതിന്റെ ലക്ഷണമൊന്നും തന്നെയില്ല.
പതുക്കെ നടന്നു ഭിത്തിയിലെ വാർഡ് റോബ് തുറന്നപ്പോൾ ഭംഗിയായി ഹാങ്ങറിൽ കൊളുത്തിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ. ഒരു ടിഷ്യു പേപ്പർ പോലും സ്ഥാനം തെറ്റി മുറിയില്ലില്ല. കിരൺ പറഞ്ഞത് സത്യം തന്നെ .ഗിൽബെർട്ട് എന്ന അതിഥിയെ കൊണ്ട് എനിക്ക് യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാവില്ല.
കുറച്ചു നേരം കൂടെ ലോഷന്റെ ഗന്ധം ആസ്വദിച്ചു ആ മുറിയിൽ ചുറ്റി പറ്റി നിന്നു .പിന്നെ പുറത്തേക്കു നടന്നു.
ലിവിങ് റൂമിലെ സോഫയിൽ വന്നിരുന്നു മേശക്കരികിലെ ചെറിയ ടേബിളിൽ വെച്ചിരുന്ന അരുണിന്റെ ഫോട്ടോ എടുത്തു ഞാൻ നോക്കി.. എന്റെ ഇരുപത്തിയെട്ടാം വയസിലെന്നെ വിട്ടുപോയ കിരണിന്റെ പപ്പാ. അന്ന് കിരണിനെ നാലു വയസു മാത്രം. കഴിഞ്ഞ 26 വർഷങ്ങൾ കിരണിനു വേണ്ടി മാത്രമായിരുന്നു ജീവിതം. അവനു ജോലിയായപ്പോളെന്റെ അദ്ധ്യാപക ജോലിയും ഉപേക്ഷിച്ചു.
"മമ്മ ഇനി റസ്റ്റ് എടുക്കു " കിരൺ നിർബന്ധിച്ചു കൊണ്ടിരുന്നു.
ഒരു ആഫ്റ്റർ ഷേവ് ലോഷന്റെ ഗന്ധം എന്തെല്ലാം ഓർമകളാണ് ഒറ്റയടിക്ക് കൊണ്ട് വന്നത്... മറന്നു തുടങ്ങിയ ഒരുപാടോർമ്മകൾ..
ഉച്ചക്ക് ഊണ് കഴിക്കാൻ കിരണും ഗിൽബെർട്ടും വരില്ല എന്നുറപ്പു പറഞ്ഞതിനാൽ വലിയ ജോലിയില്ലായിരുന്നു. ഒരു ജോലിക്കാരിയെ വെക്കു എന്ന കിരണിന്റെ നിർദ്ദേശം പലപ്പോഴും വേണ്ടെന്നു വെക്കുന്നത് എങ്ങിനെ സമയം കളയുമെന്ന ചിന്തയിലാണ്..
ഉച്ചകഴിഞ്ഞപ്പോൾ എനിക്കൊരു കുസൃതി തോന്നി. കിരൺ വണ്ടി വാങ്ങിയതിൽ പിന്നെ ഞാൻ ഡ്രൈവ് ചെയ്യാറില്ല. പുറത്തേക്കും അധികം യാത്രയില്ല.എന്നാലും എന്റെ പഴയ മാരുതി പുറത്തു കിടപ്പുണ്ട്. അത് വിൽക്കാൻ കിരൺ നിർബന്ധിച്ചപ്പോൾ ഞാനതു അഗതക്കായി സൂക്ഷിച്ചു. ആ വണ്ടിയോടു എനിക്ക് വല്ലാത്ത അറ്റാച്മെന്റ് ഉണ്ട്. അരുൺ പോയതിനു ശേഷം സ്വന്തം സമ്പാദ്യത്തിൽ നിന്നും വാങ്ങിയതാണ്.
മണിക്കൂറുകളോളം പരിചിതമായ നഗരത്തിലൂടെ വണ്ടിയോടിച്ചു. എന്നിട്ടും വല്ലാത്ത ഉന്മേഷത്തോടെ വൈകിട്ട് വീട്ടിൽ തിരിച്ചെത്തി.
അവരെത്തിയപ്പോഴേക്കും സമയം എട്ടു കഴിഞ്ഞിരുന്നു. ഗിൽബെർട്ടിന്റെ മുഖത്തു ചെറിയ ക്ഷീണം തോന്നിച്ചു.
ഡിന്നറിനു ചപ്പാത്തിയുണ്ടാക്കാനായി ഞാൻ കിച്ചണിലേക്കു നടന്നു.
അത്താഴ വേളയിൽ ഞാൻ ഗിൽബെർട്ടിന് സെർവ് ചെയ്തു. കിരണെന്നെ നോക്കുന്നുണ്ടായിരുന്നു. അയാളുടെ പാത്രത്തിലേക്ക് പനീർ ബട്ടറും ഗ്രീൻ സലാഡും വിളമ്പി.. ചപ്പാത്തിയെടുത്തു ഗിൽബെർട്ട് തിരിച്ചും മറിച്ചും നോക്കി. പിന്നെ കത്തിയിൽ അല്പം ബട്ടറെടുത്തതിൽ പുരട്ടി. ആദ്യമായി അയാൾ കൈ കൊണ്ട് ഭക്ഷണം കഴിച്ചു. ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ ഗിൽബെർട്ടും ചിരിച്ചു .
എത്ര സുന്ദരനാണ് അയാൾ..എത്ര സംസ്കാര സമ്പന്നൻ. ..
അന്നും ഞങ്ങൾ നടക്കാനിറങ്ങി.. കാശ്മീരി ഷാൾ വലിച്ചെടുക്കുമ്പോൾ ഡ്രസിങ് ടേബിളിലെ ബിന്ദി ശേഖരണത്തിൽ നിന്നും വളരെ ചെറുതൊരെണ്ണമെടുത്തു നെറ്റിയിൽ ഒട്ടിച്ചു. വിധവകൾ പൊതുവെ പൊട്ടു കുത്താറില്ല. ഏതെങ്കിലും പരിപാടികൾക്കായി പോവുമ്പോൾ കാഞ്ചീപുരം സാരിയും പൊട്ടും കിരണിന്റെ ആവശ്യ പ്രകാരം ഞാൻ ഉപയോഗിക്കാറുണ്ട്.
വെളിയിലേക്കു വന്ന എന്നെ നോക്കി “മനോഹരമായിരിക്കുന്നു “എന്ന് ഗിൽബെർട്ട് പറഞ്ഞപ്പോൾ
ശിരസിലേക്കു രക്തം ഇരച്ചു കയറി.
എവിടെയെങ്കിലും പോവാൻ ഒരുങ്ങി വരുമ്പോൾ സ്ഥിരമായി അരുൺ പറഞ്ഞിരുന്ന വാക്കുകളായിരുന്നവ..
വന്നതിന്റെ രണ്ടാം ദിവസം ഗിൽബെർട്ടിൽ അരുണിനെ കണ്ടെത്തിയിരിക്കുന്നവെന്ന ചിന്തയിലാണ് അന്ന് രാത്രി ഉറങ്ങാൻ കിടന്നതു..
പിറ്റേന്ന് അവർ കോൺഫെറെൻസിനു പോയി കഴിഞ്ഞു,കിരണിന്റെ മുറി വൃത്തിയാക്കിയതിനു ശേഷം ഗിൽബെർട്ടിന്റെ മുറിയിലേക്ക് കടന്നു. രണ്ടു ദിവസമായ ബെഡ് ഷീറ്റുകൾ മാറ്റി വിരിക്കുന്നതിനു മുന്നേ ഞാനതിൽ കുറെ സമയം ഇരുന്നു. ആഫ്റ്റർ ഷേവ് ലോഷന്റെ ഗന്ധമാസ്വദിച്ചു....
എന്നിട്ടും മതിയാവാതെ അതിൽ കിടന്നു.
കിടക്ക വിരിക്കും തലയിണക്കുംഎനിക്കറിയാത്ത ഏതോ ഒരു ഗന്ധമായിരുന്നു.. അങ്ങിനെ കിടക്കുമ്പോൾ എന്നിലെ സ്ത്രീ നാളുകൾക്കു ശേഷം ഉണർന്നു..
പ്രണയിനിയായി….
(തുടരും )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo