Slider

പ്രണയിനി (നീണ്ടകഥ ) - Part 1

0

Best of Nallezhuth- No 17
വർഷത്തിൽ മൂന്നുറ്റി അറുപത്തിയഞ്ച് ദിവസവും പൂവിടുന്ന കട്ട റോസിന്റെ ദളങ്ങളിൽ വിരലോടിച്ചു കൊണ്ട് ബാല്കണിയിൽ നിൽക്കുമ്പോഴാണ് താഴെ പോർച്ചിൽ കിരണിന്റെ കാർ വന്നു നിന്നതു. വെളുത്ത റോസക്കു അപ്പോഴേക്കും അസ്തമയ സൂര്യൻ ചുവപ്പു നിറം കടം കൊടുത്തിരുന്നു.
കാറിൽ നിന്നിറങ്ങി കിരൺ മുകളിലേക്ക് നോക്കി കൈ വീശി.. സന്ധ്യാ സമയം ഞാനെന്റെ തോട്ടത്തിലെ പൂ ചെടികളുമായി കൊഞ്ചുകയാവുമെന്നു അവനു നന്നായി അറിയാം. മുൻ സീറ്റിൽ നിന്നുമവനോടൊപ്പം ഗിൽബെർട്ടും പുറത്തിറങ്ങി.
ഗിൽബെർട്ട് സ്മിത്ത് എന്ന അമേരിക്കക്കാരൻ! അയാളെ എയർ പോർട്ടിൽ നിന്നും പിക്ക് ചെയ്യാനാണ് കിരൺ പോയത്. ആ ദൂരക്കാഴ്ചയിലും അയാൾക്ക് കിരണിനേക്കാളുമുയരം തോന്നിച്ചു. കറുത്ത നിറത്തിലെ ഷർട്ടാണെന്ന് തോന്നുന്നു അയാളുടെ വേഷം. രണ്ടു പേർക്കും നേരെ കൈ വീശി മുൻ വാതിൽ തുറക്കാനായി അകത്തേക്ക് നടന്നു.
കഴിഞ്ഞ വര്ഷം ജോലി സംബന്ധമായി അമേരിക്കയിൽ പോയപ്പോഴാണ് കിരൺ ,അവന്റെ ഗവേഷണങ്ങളിലേറെ സഹായിയായ ഡോക്ടർ ഗിൽബെർട്ടിനെ നേരിട്ട് കാണുന്നത്. അയാളുടെ വീട്ടിൽ വീക്കെന്റുകളിലവൻ താമസിക്കുകയും ചെയ്തു.
അതിനു പ്രത്യുപകാരമായാണ് ഒരാഴ്ച ഇവിടെ കോണ്ഫറൻസിനായി വരുന്ന ഗിൽബെർട്ടിനെ വീട്ടിൽ തന്നെ താമസിപ്പിക്കണമെന്നു കിരൺ ശഠിച്ചതു.
ഒരമേരിക്കക്കാരൻ വീട്ടിൽ.. എനിക്കതു ൾകൊള്ളാൻ സാധിച്ചില്ല. അയാളുടെ രീതികളും നമ്മുടെ രീതികളും ഒത്തു പോവുമോ?
“മമ്മ പേടിക്കേണ്ട .ഒറ്റ നോട്ടത്തിൽ തന്നെ ഡോക്ടറെ മമ്മക്കിഷ്ടമാവും. ഐ ബെറ്റ്”
വാതിൽ തുറന്നപ്പോൾ കിരണിനരികെ നിന്ന ആറടിക്കാരനെ ഒറ്റ നോട്ടത്തിൽ തന്നെ എനിക്കിഷ്ടമായി. വെള്ളി ഫ്രെയിമുള്ള കണ്ണടക്കുള്ളിൽ തിളങ്ങുന്ന നീല കണ്ണുകൾ . ബ്രൗൺ നിറത്തിൽ ഇടതൂർന്ന ,അല്പം ചുരുളിച്ചയുള്ള മുടി. ബാൽക്കണിയിലെ ദൂരക്കാഴ്ച്ചയിൽ കറുപ്പെന്നു തോന്നിച്ചത് കടും നീല ഷർട്ട് . കിരണിനോടൊപ്പം വല്ലപ്പോഴും ഞാൻ കാണുന്ന ഇംഗ്ലീഷ് സിനിമയിലെ സുന്ദരന്മാരായ നായകന്മാരെ ഗിൽബെർട്ട് ഓർമിപ്പിച്ചു.. നീണ്ട യാത്ര അയാളെയൊട്ടും തന്നെ തളർത്തിയിട്ടില്ല. വല്ലാത്ത പ്രസരിപ്പ്.
വീട്ടിൽ ഒരതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളൊന്നും തന്നെ ഞാൻ ചെയ്തിരുന്നില്ല..
അയാളുടെ മുന്നിൽ നിന്നപ്പോൾ ഞാൻ ചെറുതായി ചൂളി. . ലിവിങ് റൂമിലെ അലക്ഷ്യമായി ചിതറി കിടക്കുന്ന പത്രങ്ങളും മാസികകളും .
അത് കൂടാതെ എന്റെ വേഷവും .ചുളിവ് വീണ നരച്ച കുർത്തിയും വീട്ടിൽ സാധാരണ ധരിക്കുന്ന കാൽമുട്ടിനൊപ്പമുള്ള റാപ് റൌണ്ട് സ്കര്ട്ടിലും വല്ലായ്മ തോന്നി.. വൃത്തിയായി മുടി ചീവികെട്ടാത്തതിലും മുഖമൊന്നു മിനുക്കാഞ്ഞതിലുമെന്നോട് തന്നെ വല്ലാത്ത നീരസം.
അത് കൊണ്ടാവും “ഹായ് അപർണാ “എന്ന് പറഞ്ഞു വിഷ് ചെയ്യാൻ ഗിൽബെർട്ട് നീട്ടിയ കൈകൾ അവഗണിച്ചു അയാൾക്ക് "നമസ്തേ” കൊടുത്തത് . ജാള്യത ഒട്ടുമില്ലാതെ അയാൾ ചിരിച്ചു. അപർണ്ണ എന്ന പേര് അയാൾ ഉച്ചരിച്ചപ്പോൾ ചിരി വന്നു.”പ “ക്കും “ണ” ക്കും വളരെയേറെ ശക്തി നൽകിയും “ ർ “ സൈലന്റ് ആക്കിയും “അപ്പണ്ണ “എന്നാണ് ഗിൽബെർട്ട് വിളിച്ചത് ..
ഡോക്ടറോടുള്ള എന്റെ സമീപനം കിരണിനു ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. മമ്മ എപ്പോഴാണ് ഇത്ര കണ്ട്റി ആയതെന്നു അവൻ വിചാരിക്കുന്നുണ്ടാവും
ഗിൽബെർട്ടിന്റെ വലിയ പെട്ടിയുമായി അവർ ഗസ്റ്റ് റൂമിലേക്ക് നടന്നപ്പോൾ ഞാനെന്റെ റൂമിലേക്ക് നടന്നു. വാഷ് റൂമിൽ പോയി മുഖം കഴുകി മുടി ചീവി ഉയർത്തി കെട്ടി , മുഖത്തല്പം മോയിസ് ചറൈസർ പുരട്ടി, പെട്ടെന്ന് തന്നെ കിച്ചണിലേക്കു നടന്നു.
അമേരിക്കക്കാരുടെ പാചകമൊന്നും എനിക്ക് വശമില്ല. ഗിൽബെർട്ടിന്റെ വരവിനെ കുറിച്ച് കിരൺ പറഞ്ഞപ്പോഴും അയാളെ താമസിപ്പിക്കാൻ താല്പര്യമില്ലാത്തതിനാൽ അതിലൊന്നും ശ്രദ്ധിച്ചുമില്ല. ടോസ്റ്റ് ചെയ്ത ബ്രെഡു കഷണങ്ങളും ഒരു ബൗളിൽ നിറയെ റഷ്യൻ സലാഡുമായിരുന്നു സ്പെഷ്യലായിയുണ്ടാക്കിയിരുന്നത്. പിന്നെ എനിക്ക് കഴിക്കാനുള്ള വെജിറ്റബിൾ സൂപ്പും കിരണിനു ഗോതമ്പ് കുൽച്ചയും ചിക്കൻ മപ്പാസും.
ചുവന്ന ടീ ഷർട്ടും കാൽമുട്ടിനൊപ്പം നിൽക്കുന്ന ബ്രൗൺ നിറത്തിലെ ബർമൂഡയും ധരിച്ചു ഗിൽബെർട്ട് ഡിന്നറിന് ഇരുന്നു. കണ്ടാൽ അറുപതുകാരനെന്നു തോന്നുകയേയില്ല .
വളരെ പാടുപെട്ടാണ് ഞാനയാളിൽ നിന്നും കണ്ണുകൾ പറിച്ചെടുത്തത് .ഇത്രയടുത്തൊരു ഫോറിനറെ ഞാനാദ്യമായ് കാണുകയാണ്.
“മമ്മ കുക്ക് ചെയ്താൽ മാത്രം മതി .ബാക്കിയെല്ലാം .ഞാൻ നോക്കിക്കൊള്ളാം “
എന്നോട് പറഞ്ഞ വാക്കുകൾ കിരൺ പാലിച്ചു. അയാൾക്കവൻ സെർവ് ചെയ്തു കൊടുക്കുമ്പോൾ ഞാൻ സൂപ്പിലേക്കു ശ്രദ്ധ തിരിച്ചു.
എന്നെ അതിശയിപ്പിച്ചു ഗിൽബെർട്ട് കുൽച്ചയും കറിയും കഴിച്ചു. പിന്നെ അയാൾക്കുള്ള സലാഡും.
വാഷ് ബേസനടുത്തുള്ള ചെറിയ സ്റ്റാൻഡിലെ ടവലെടുക്കാതെ അയാളെനിക്കരികെ വന്നു ടേബിളിൽ വെച്ചിരുന്ന ടിഷ്യു പേപ്പർ വലിച്ചെടുത്തു. ഒപ്പം എനിക്കെതിരെ ചെയറിലിരുന്നു
“നോക്ക് അപർണ “എന്നയാൾ പറഞ്ഞപ്പോൾ ഞാൻ കണ്ണുകളുയർത്തി. വന്നപ്പോൾ പിങ്ക് നിറത്തിൽ കണ്ട അയാളുടെ ചുണ്ടുകളിപ്പോൾ
നന്നേ ചുവന്നിരുന്നു.
“എനിക്ക് വേണ്ടി പ്രത്യേകമൊന്നും ഉണ്ടാക്കരുത്, എനിക്ക് ഇന്ത്യൻ ഭക്ഷണം മതി. എരിവ് കുറച്ചാൽ സന്തോഷം” ഇംഗ്ലീഷ് സിനിമയിലെ നായകനെ പോലെ കണ്ണുകളിലേക്കു മാത്രം നോക്കിയാണ് അയാൾ സംസാരിച്ചത്. അയാളുടെ നീലക്കണ്ണുകൾ എന്റെ ഹൃദയം കാണുമോ എന്ന ഭയത്തിൽ പെട്ടെന്ന് നോട്ടം പിൻവലിച്ചു.
നീണ്ട ചില്ലു ഗ്ലാസിലെ വെള്ളം അയാൾ സിപ് ചെയ്തു. ആ പ്രവൃത്തി വല്ലാത്തൊരു കൗതുകം ജനിപ്പിച്ചു. അപരിചിതനായ ഒരു പുരുഷനുമായി ഇത്ര അടുത്തുള്ള സമ്പർക്കം വളരെ നാളുകൾക്കു ശേഷമാണു...
കിച്ചനൊതുക്കി പുറത്തേക്കു വന്നപ്പോൾ കിരൺ അവന്റെ പതിവ് നടത്തക്കു പോവാൻ റെഡിയായി. ഒപ്പം ഗിൽബെർട്ടും .
“വരൂ അപർണ്ണ .നമുക്ക് ഒന്നിച്ചു നടക്കാം” അയാളുടെ ക്ഷണത്തെ നിരസിക്കാൻ കഴിഞ്ഞില്ല.
ബെഡ്റൂമിലേക്ക് ചെന്ന് അലമാരയിൽ നിന്നും ചുവന്ന കാശ്മീരി ഷാളെടുത്തു പുതച്ചു കണ്ണാടിയിൽ നോക്കി തൃപ്തയായി ,ഞാനവർക്കൊപ്പം പുറത്തേക്കു നടന്നു.
സമയം ഒൻപതര കഴിഞ്ഞത് കൊണ്ട് റോഡുകൾ വിജനമാണ്. എന്നും പതിവായി കിരൺ നടക്കാൻ പോവുമ്പോൾ ഏതെങ്കിലും മാസിക വായിച്ചു ഞാൻ ലിവിങ് റൂമിലെ സോഫയിൽ ചടഞ്ഞു കൂടും ..
അല്ലെങ്കിൽ ടി വി ഓൺ ചെയ്തു വിവിധ ചാനലുകളിൽ കണ്ണുകളുടക്കി വിശ്രമിക്കും .
ഗിൽബെർട്ടിനും കിരണിനും നടുവിലായി നടക്കുമ്പോൾ , എനിക്ക് താല്പര്യമുള്ള വിഷയമായിരുന്നില്ല അവർ സംസാരിച്ചിരുന്നത് .എന്നിട്ടും ഉത്സാഹത്തോടെ ഞാനവർക്കൊപ്പം കൂടി..
തിരികെയെത്തിയപ്പോൾ പതിവില്ലാത്ത ഉന്മേഷം തോന്നി. എത്രയോ നാളുകളായി ഒട്ടൊരു വിഷാദത്തിലാണ് ഞാൻ. അതീപ്രായത്തിൽ സ്ത്രീകൾക്ക് സാധാരണ സംഭവിക്കുന്നതാണെന്നു കഴിഞ്ഞ ആഴ്ച കണ്ടപ്പോൾ ഡോക്ടർ വിശാൽ പറഞ്ഞു. അവൻ കിരണിന്റെ സുഹൃത്താണ്.
“ഗുഡ് നൈറ്റ് “പറഞ്ഞു പതിവ് പോലെ കിരണിനെ ഹഗ്ഗ് ചെയ്തു ബെഡ്റൂമിലേക്ക് നടക്കുമ്പോൾ ഗിൽബെർട്ട് എനിക്ക് നേരെ കൈനീട്ടി.
ഇത്തവണ “ഗുഡ് നൈറ്റ്” പറഞ്ഞു ഞാനയാളുടെ വലതു കൈയിൽ പിടിച്ചു. ആ സ്പർശം ബാൽക്കണിയിലെ കട്ട റോസിനെ ഓർമിപ്പിച്ചു - എന്ത് മൃദുലം ..
ഗിൽബെർട്ട് വന്നപ്പോൾ ഹസ്തദാനം കൊടുക്കാതിരുന്നതിലെനിക്ക് വല്ലാത്ത നിരാശ തോന്നി...
(തുടരും)


By SaneeMary John

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo