നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാലുമണിപ്പൂക്കൾ (കഥ)


കഴിക്കെടാ കണ്ണാ, നിനക്ക് ദോശ ഇഷ്ടല്ലേ.” ഒരു ചെറിയ കഷ്ണം ദോശ പഞ്ചസാരയിൽ മുക്കികൊടുത്തുകൊണ്ട് ശിവൻ പറഞ്ഞു.
വേണ്ട എന്നമട്ടിൽ തലയാട്ടിക്കൊണ്ട് കണ്ണൻ കയ്യിലുള്ള ടെഡി ബിയറിന്റെ ചെവിയിൽ തിരുപ്പിടിച്ചുകൊണ്ടിരുന്നു
"വേഗം തിന്ന് മോനെ, ഏട്ടന് പോകാൻ വൈകുന്നു"
കുറച്ചുനേരം കണ്ണൻ ശിവന്റെ മുഖത്ത് നോക്കിയിരുന്നു, പിന്നെ വായ് തുറന്നു. വേഗം ദോശ മുഴുവനും കഴിപ്പിച്ച് കണ്ണനെ വാഷ്‌ബേസിന്റെ അടുത്തേക്കു് എടുത്തുകൊണ്ടുപോയി വായ കഴുകി. അലമാരയിൽ നിന്നും ഒരു ഡയപ്പർ എടുത്ത് കെട്ടി, അണ്ടർവെയർ മാറ്റി പുതിയതുടുപ്പിച്ചു. മഴക്കാലം തുടങ്ങിയതിനുശേഷം കണ്ണനെ കാലത്ത് കുളിപ്പിക്കാറില്ല.
പോകണ്ടാ എന്നുപറയുംപോലെ കണ്ണൻ തലയാട്ടി.
"ഏട്ടൻ വേഗം വരാട്ടോ.. നിന്റെ കൂടെ ശങ്കരേട്ടൻ ഉണ്ടല്ലോ."
അത് കേട്ടുകൊണ്ട് ശങ്കരേട്ടൻ എത്തി.
"അവനെയെങ്കിലും എന്നെ ചെറിയച്ഛൻ എന്ന് വിളിക്കാൻ പഠിപ്പിക്ക്. ഞാൻ നിന്റെ അച്ഛന്റെ അനിയനല്ലേ, നിയ്യോ എന്നെ ഏട്ടനാക്കി". ശങ്കരേട്ടൻ ചിരിച്ചുകൊണ്ട് ശിവനോട് പറഞ്ഞു.
"ശങ്കരേട്ടാ, ഉച്ചയ്ക്ക് കഴിക്കാനുള്ള ചോറും കറിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്. കണ്ണന് നെയ്യ് കൂട്ടിക്കൊടുക്കേണ്ടിവരും. പണിയൊന്നും ചെയ്യണ്ട, അവന്റെ കൂടെ ഇരുന്നാൽ മതി. ഞാൻ ഉച്ചക്ക് വരാൻ നോക്കാം.". അത് ദിവസവും പറയാറുള്ളതാണ്, പറ്റില്ലെന്ന് ശിവനും ശങ്കരേട്ടനും നല്ലപോലെ അറിയാം.
പോകാൻ തയ്യാറായപ്പോഴേക്കും ശങ്കരേട്ടന്റെ കയ്യിൽ പിടിച്ച് കണ്ണനും ഇറയത്ത് വന്നിട്ടുണ്ടായിരുന്നു. പോകുന്നതിന് കണ്ണന് ഒരു ഉമ്മ പതിവാണ്. ഉമ്മ കൊടുത്തപ്പോൾ കണ്ണൻ എന്നത്തേയും പോലെ ഉമ്മ വെച്ചിടത്ത് കൈകൊണ്ട് തടവി മായ്ക്കുന്ന പോലെ കാണിച്ചു. അവന് നേരിയ ചൂടുതോന്നുന്നുണ്ടെന്ന് ശങ്കരേട്ടനോട് പറഞ്ഞു പനിക്കുകയാണെങ്കിൽ കൊടുക്കാനുള്ള മരുന്നും എടുത്ത് പുറത്ത് വെച്ചു
ബൈക്ക് എടുത്ത് സ്‌കൂളിൽ എത്തുമ്പോഴേക്കും ഒന്നാമത്തെ ബെൽ അടിച്ചിട്ടുണ്ടായിരുന്നു. കണ്ണനേയും കൂട്ടി എങ്ങോട്ടെങ്കിലും കൊണ്ടുപോകാൻ മാത്രമേ കാറെടുക്കലുള്ളൂ.
വിചാരിച്ചതുപോലെതന്നെ ഇന്നും ഉച്ചക്കുള്ള പോക്ക് നടന്നില്ല. ശങ്കരേട്ടനോട് ഫോണിൽ സംസാരിച്ചു. കണ്ണനും കൊടുത്ത് ശങ്കരേട്ടനും ഊണുകഴിച്ചെന്ന് പറഞ്ഞു. കുട്ടികൾക്ക് അടുത്തയാഴ്ച സയൻസ് എക്സിബിഷനിൽ പ്രദർശിപ്പിക്കാനുള്ള ഉപകരണങ്ങൾ ഉണ്ടാക്കാൻ കുട്ടികളെ സഹായിച്ചുകൊടുത്തു. വർഷങ്ങളായി ജില്ലയിൽ കിട്ടുന്ന ഒന്നാം സ്ഥാനം നിലനിർത്താൻ കുട്ടികൾക്കും വലിയ ഉത്സാഹമാണ്, അത് കണ്ടില്ലെന്ന് നടിക്കാൻ വയ്യ.
വീട്ടിലേക്ക് പോകാനിറങ്ങുമ്പോൾ സ്‌കൂളിന്റെ മുൻപിലെ പൂന്തോട്ടത്തിൽ നിന്നും ഒരു നാലുമണിപ്പൂവ് പൊട്ടിച്ച് ബൈക്കിന്റെ മുൻപിലെ ബാഗിൽ വെച്ചു, കണ്ണന് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളിൽ ഒന്നാണ് നാലുമണിപ്പൂവ്.
പണ്ട് സ്‌കൂൾ സമയം കഴിഞ്ഞാൽ അവിടെനിന്ന് കുട്ടികളെ ഫുട്ബോളും ക്രിക്കറ്റും പ്രാക്ടീസ് ചെയ്യിക്കുമായിരുന്നു. അച്ഛന്റെ മരണത്തോടെ എല്ലാ ശീലങ്ങളും വേണ്ടെന്നുവെച്ചു.
വീട്ടിലെത്തുമ്പോൾ ശങ്കരേട്ടൻ വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു.
"ശിവാ, ഉച്ച കഴിഞ്ഞപ്പോൾ മുതൽ അവന് കുറേശ്ശേ പനിയുണ്ട്. ഞാൻ മരുന്ന് കൊടുത്തിരുന്നു. എന്തായാലും വൈകീട്ടൊന്ന് ഡോക്ടറെ കാണിച്ചോളു. കൂടാൻ നിക്കണ്ട. അടുക്കളയിലെ പണിയൊക്കെ ഞാൻ കണ്ണൻ ഉറങ്ങുമ്പോൾ ചെയ്തുവെച്ചിട്ടുണ്ട്. ജാനകി വന്ന് വീടൊക്കെ അടിച്ചുവാരി തുടച്ചു. നീ ഒന്നും ചെയ്യണ്ട. രാത്രി അത്താഴം കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് വരാം. അവന് പനിച്ചാല് നിനക്ക് പിന്നെ രാത്രിയുറക്കംണ്ടാവില്ല."
"അത് വേണ്ട ശങ്കരേട്ടാ, എന്തിനാ വെറുതെ ബുദ്ധിമുട്ടണത്. ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം, എന്നിട്ട് വന്നാൽ മതി."
ശങ്കരേട്ടൻ പോയപ്പോൾ അകത്ത് മുറിയിൽ ചെന്നു. കണ്ണന് നല്ലതുപോലെ പനിക്കുന്നുണ്ട്.
ഡോക്ടർ ഡൊമിനിക്കിനെ വിളിച്ചു. കാര്യം പറഞ്ഞു. അദ്ദേഹം ഏഴുമണിക്ക് ആശുപത്രിയിൽ എത്തുമെന്നും അപ്പോഴേക്കും കണ്ണനെയും കൊണ്ട് വന്നാൽ മതിയെന്നും പറഞ്ഞു.
ഉറക്കത്തിൽ തന്നെ എഴുന്നേൽപ്പിച്ച് ഇരുത്തി കണ്ണന് പാലുകൊടുത്തു. അവൻ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു. പനിയുടെ മരുന്ന് കൊടുത്താൽ സാധാരണ ഉണ്ടാവാറുള്ളതാണ്.
കണ്ണൻ ഉറങ്ങിയെഴുന്നേൽക്കും മുൻപ് കുളിമുറിയിൽ കയറി ഒന്ന് കുളിച്ചതായി വരുത്തിക്കൂട്ടി. അലമാരിയിൽ നിന്നും അവന്റെ മെഡിക്കൽ ഫയൽ എടുത്ത് കാറിൽ വെച്ചു. കഴിഞ്ഞതവണ പനി വന്നപ്പോൾ അഡ്മിറ്റ് ചെയ്യേണ്ടിവന്നിരുന്നു. ഫോൺ ചെയ്ത് ശങ്കരേട്ടനോട് ആശുപത്രിയിൽ പോകുന്ന വിവരം പറഞ്ഞു.
കണ്ണനെ എടുത്ത് കാറിന്റെ പിൻസീറ്റിൽ കിടത്തി. മരുന്നിന്റെ ഫലം കണ്ടുതുടങ്ങി എന്ന് തോന്നുന്നു, പനി ഇറങ്ങിയിട്ടുണ്ട്. ബൈക്കിന്റെ ബാഗിൽ നിന്നും നാലുമണിപ്പൂവെടുത്ത് ഷർട്ടിന്റെ പോക്കറ്റിൽ വെച്ചു. പ്രത്യേകിച്ച് മണമൊന്നുമില്ലെങ്കിലും അത് മണത്തുകൊണ്ടിരിക്കാൻ അവന് ഇഷ്ടമായിരുന്നു.
വീടുപൂട്ടി കാറെടുത്ത് ആശുപത്രിയിലേക്ക് പോയി. സാധാരണത്തെപോലെ അവിടെ എത്തുംമുന്പേ ആശുപത്രിയിൽ ഡോക്ടർ എത്തിയോ എന്ന് വിളിച്ചുചോദിച്ചു. .
കാർ പാർക്ക് ചെയ്ത് ഫയൽ എടുത്ത് അവിടെ നിന്നിരുന്ന അറ്റൻഡർക്ക് കൊടുത്തു. കാറിന്റെ പിൻവശത്തെ വാതിൽ തുറന്ന് കണ്ണനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.. അവൻ ഉറക്കത്തിൽ തന്നെയാണ്. അവനെ എടുക്കാൻ നോക്കിയപ്പോഴാണ് ശ്രദ്ധിച്ചത്, അവന്റെ ശരീരം ആകെ മരവിച്ചിരിക്കുന്നു.
"ഡോക്ടർ...ശിവൻ അലറി വിളിച്ചു. ശിവന്റെ അലർച്ച കേട്ട് അറ്റൻഡർ ഓടിവന്ന് കണ്ണനെ എടുത്ത് സ്‌ട്രെച്ചറിൽ കിടത്തി കാഷ്വാലിറ്റിയിലേക്ക് ഓടി. അപ്പോഴേക്കും ഡോക്ടർ ഡൊമിനിക്കും അങ്ങോട്ടെത്തി. കർട്ടൻ ഇട്ടുമറച്ച ഒരു ടേബിളിൽ കിടത്തി പരിശോധിക്കാൻ പോയി.
നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഡോക്ടർ പുറത്ത് വന്നു ശിവന്റെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു.. "സോറി ശിവൻ.. അവൻ പോയി.. "
ശിവൻ കട്ടിലിനടുത്ത് പോയി കണ്ണന്റെ തണുത്ത നെറ്റിയിൽ അമർത്തിയൊരു ഉമ്മ കൊടുത്തു. പോക്കറ്റിൽ നിന്നും വാടാൻ തുടങ്ങിയ നാലുമണിപ്പൂവെടുത്ത് കണ്ണന്റെ കൈകളിൽ വെച്ചു. .
ഇനി ഉമ്മ വെച്ചിടത്ത് തുടയ്ക്കാൻ കണ്ണന്റെ കൈയ്യുകൾ ഉയരില്ല. ആ നാലുമണിപ്പൂവെടുത്ത് അവൻ മണപ്പിക്കില്ല. ഇനി ഒരിക്കൽ കൂടി ഷേവ് ചെയ്തുകൊടുക്കാൻ ഈ ഏട്ടന്റെ മുൻപിൽ അവൻ ഇരിക്കില്ല.
ഒരു നേഴ്സ് വിളിച്ചു ചോദിച്ചു.. "രോഗിയുടെ പേരും വയസ്സും..."
ഡോക്ടർ ഡൊമിനിക്ക് ആണ് ഉത്തരം പറഞ്ഞത്.."കൃഷ്ണചന്ദ്രൻ, വയസ്സ് 28."
(അവസാനിച്ചു).
ഗിരി ബി വാരിയർ
04 ജൂലൈ 2020

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot