നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ലൗവ് ഡേയിൽ ഇൻ - Part 8



( അവസാന ഭാഗം)
***********************************
കോട്ടേജിലേക്കെത്തിയ ആ കാറിൽ നിന്നും പുറത്തേക്കിറങ്ങി വന്നത് രവിവർമ്മ ആയിരുന്നു…!. അയാളോടൊപ്പം ഗൈഡ് മുരുകനും അതിൽ ഉണ്ടായിരുന്നു... അരവിന്ദ് പോയ ശേഷം മറ്റ് വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ മീര വർമ്മയെ പിന്നെ ഫോണിൽ വിളിച്ചിരുന്നില്ല... പലവട്ടം മീരയുടെ നമ്പറിൽ വിളിച്ചിട്ടും, അവരെ കിട്ടാതെ വന്നതിനാൽ മീരയെ തിരക്കി അവിടേക്ക് വന്നതായിരുന്നു അയാൾ... അങ്ങനെ വ്യൂ പോയിന്റിനരികിലെത്തി ഇവിടുള്ള കോട്ടേജുകളെപ്പറ്റി അന്വേഷിച്ചപ്പോളാണ് മുരുഗനെ കണ്ടത്...അയാളാണ് മീര ലൗ ഡേയിലിൽ ഉള്ള കാര്യം വർമ്മയോട് പറഞ്ഞത്.
ആയാസപ്പെട്ട് ആ വരാന്തയിൽ നിന്നും വർമ്മക്കരികിലേക്ക് ചെന്ന മീരയെ നോക്കി, വർമ്മ പറഞ്ഞു:
“ മീര വേഗം തന്നെ ഇവിടെ നിന്നും പുറപ്പെടണം ... കിച്ചുവിന്റെ ഓപ്പറേഷനുള്ള കാര്യങ്ങൾ ശരിയായിട്ടുണ്ട് ... ഡോക്ടർ വിളിച്ചിരുന്നു ...ഒരു ഡോണറെ കിട്ടിയെന്ന് പറഞ്ഞു... ഇതറിഞ്ഞതും ദേവൻ നിന്നെ തിരക്കി മൂകാംബികക്ക് പുറപ്പെടാൻ തുടങ്ങിയതാണ് … ഞാൻ അയാളെ ഒരു വിധത്തിൽ പറഞ്ഞ് സമാധാനിപ്പിച്ച് കിച്ചുമോന്റെ അടുക്കൽ തന്നെ നിർത്തിയിരിക്കുകയാണ്... അതാ ഞാൻ തന്നെ ഇങ്ങോട്ടേക്ക് വന്നത് ... അതുകൊണ്ട് ഇപ്പോൾ തന്നെ നമുക്ക് തിരിക്കണം... അയാൾക്ക് ഒരു സംശയത്തിനും ഇടവരുത്തരുത്.”
മീരക്ക് സന്തോഷം അടക്കാൻ കഴിഞ്ഞില്ല ... അത്യാഹ്ളാദത്തോടെ അവൾ അയാളോട് ചോദിച്ചു:
രവിയേട്ടാ ആരാണ് പുതിയ ഡോണർ ഡോക്ടറുടെ പരിചയക്കാരാരെങ്കിലുമാണോ…? ബാക്കി എല്ലാ കാര്യവും ശരിയായി അല്ലെ ... അയാൾക്ക് എത്ര പണം വേണമെങ്കിലും നമുക്ക് കൊടുക്കാം ... എന്റെ കുഞ്ഞ് രക്ഷപെടണം. “
“ഒരാളെ കിട്ടി എന്നല്ലാതെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ എനിക്കറിയില്ല മീര... ഡോണർ ആരാണെന്നും, എത്ര പണം കൊടുക്കണമെന്നും എല്ലാം ഞാൻ ഡോക്ടറോട് ചോദിച്ചു ... പക്ഷെ അയാൾക്ക് അത് വെളിപ്പെടുത്താൻ താത്പര്യമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്... !എന്തായാലെന്താ നമുക്ക് കാര്യം നടക്കണം നീ വേഗം പുറപ്പെടാൻ നോക്ക് .“
വർമ്മ പറഞ്ഞു.
വർമ്മയുടെ ആ വാക്കുകൾ കേട്ട് അദ്ഭുതം പൂണ്ട മീര ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട് വേഗം കോട്ടേജിന് അകത്തേക്ക് പോയി ... ഉടൻ തന്നെ യാത്രക്ക് തയ്യാറായ അവർ വസ്ത്രം മാറി മുറിക്ക് വെളിയിലേക്ക് വന്നു. മീരയുടെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ബാഗുകളിൽ വെക്കാൻ മണിയും അവരെ സഹായിച്ചു... ഇതിനിടയിൽ മീര മണിയോട് കിഷോറിന്റെ ഓപ്പറേഷൻ കാര്യങ്ങളെക്കുറിച്ചും ... വന്ന് ചേർന്ന ദൈവാനുഗ്രഹത്തെക്കുറിച്ചുമെല്ലാം നിർത്താതെ സംസാരിക്കുന്നുണ്ടായിരുന്നു.
ബാഗ് പാക്ക് ചെയ്ത ശേഷം വരാന്തയിലേക്ക് ചെന്ന മണി ... കോട്ടേജിന്റെ മുറ്റത്ത് മുരുഗനോട് സംസാരിച്ച് കൊണ്ടിരുന്ന മുനിച്ചാമിയെ വിളിച്ച് ബാഗുകൾ എടുത്ത് കാറിൽ വെപ്പിച്ചു… പിന്നെ മീരയുടെ അരികിൽ നിന്ന അങ്കിതിനേയും എടുത്ത് അവരോടൊപ്പം കോട്ടേജിന് വെളിയിലേക്ക് വന്നു…
വരാന്തയിലെ കസേരയിൽ ഇരുന്ന് വർമ്മയപ്പോൾ പത്രത്താളുകളിൽ വെറുതെ കണ്ണോടിക്കുകയായിരുന്നു... മണിയെ വർമ്മക്ക് പരിചയപ്പെടുത്തിക്കൊണ്ട് മീര അയാളോട് പറഞ്ഞു.
“രവിയേട്ടാ ഇത് മണിമേഖല ... ഈ കോട്ടേജിന്റെ മാനേജർ അരവിന്ദിന്റെ ഭാര്യയാണ്... ഞാൻ ഇവിടുത്തെ ബാത്റൂമിൽ ഒന്ന് തെന്നി വീണിരുന്നു കാലിന് ചെറുതായി ഇടർച്ചയും പറ്റി ... ഇവിടൊരു വൈദ്യനെ കാണിച്ചിരുന്നു... അപ്പോഴെല്ലാം സഹായത്തിന് കൂടെ ഉണ്ടായിരുന്നത് അരവിന്ദും, മണിയുമായിരുന്നു... “
പത്രത്തിൽ നിന്നും ശ്രദ്ധ തിരിക്കാതെ “ ഹുമ്” എന്ന് ഒന്ന് മൂളുക മാത്രം ചെയ്ത അയാൾ, പത്രം മടക്കി അരികിലെ കസേരയിൽ വെച്ച ശേഷം വരാന്തയിൽ നിന്നും ഇറങ്ങി കാറിന് സമീപത്തേക്ക് നടന്നു.
കുഞ്ഞിനോടും മണിയോടും യാത്ര പറഞ്ഞ് കോട്ടേജിന്റെ മുറ്റത്തേക്കിറങ്ങിയ മീര കാറിൽ കയറുന്നതിന് മുൻപ് തന്റെ ബാഗിൽ നിന്നും ഡയറിയും, പേനയും എടുത്ത് അതിൽ എന്തോ കുറിച്ച ശേഷം അത് മണിക്ക് നൽകിയിട്ട് പറഞ്ഞു:
“ഇത് എന്റെ താമസസ്ഥലത്തിന്റെ അഡ്രസ്സാണ് മണി.പറ്റുമെങ്കിൽ അരവിന്ദിനോട് എന്നെ ഒന്ന് വന്ന് കാണാൻ പറയണം “...
അങ്കിതിനെ വാരിയെടുത്ത് അവന്റെ കവിളിൽ ഉമ്മവെച്ച ശേഷം മീര തുടർന്നു ..
“അരവിന്ദ് വരുമ്പോൾ ഇതും കൂടി പറയണം കേട്ടോ... ഈശ്വരാനുഗ്രഹം കൊണ്ട് എല്ലാം കാര്യങ്ങളും ശരിയായി ... അത് കൊണ്ട് എനിക്ക് വേഗം തിരിക്കേണ്ടതായ് വന്നു ...അതാണ് ഞാൻ അവനെ കാണാതെ പോയതെന്ന് … “
“നിങ്ങൾഎന്നോട് കാട്ടിയ സ്നേഹത്തിനും ആത്മാർത്ഥതക്കും ഒരു പാട് നന്ദിയുണ്ട് ... കോട്ടേജിന്റ വാടക ഇനത്തിലും മറ്റുമായി കുറച്ച് പണം ഞാൻ ആ ഷെൽഫിൽ വെച്ചിട്ടുണ്ട്... എത്രയെന്ന് കൃത്യമായി എണ്ണി നോക്കിയിട്ടില്ല... എന്തായാലും ഒട്ടും കുറയില്ല … അവളെ നോക്കി ചിരിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞിട്ട് ...ഒരു വട്ടം കൂടി അങ്കിതിനെ ചുംബിച്ച അവർ, അവനെ മണിയുടെ കൈകളിലേക്ക് നൽകിയ ശേഷം കാറിൽ കയറി ഡോർ അടച്ചു…
പെട്ടെന്നെന്തോ ഓർത്തിട്ട് കാറിന്റെ വിൻഡോ ഗ്ലാസ്സ് താഴ്ത്തിയ മീര ചാമിയെ കൈകാട്ടി അരികിലേക്ക് വിളിച്ചു... എന്നിട്ട് തന്റെ ഹാൻഡ് ബാഗിൽ നിന്നും കുറച്ച് പണം എടുത്ത് അയാൾക്ക് നേരെ നീട്ടി ...
ആ പണം വാങ്ങി പോക്കറ്റിലിട്ടുകൊണ്ട് ചാമി അവരെ ഭവ്യതയോടെ വണങ്ങി …
തൊഴുതു കൊണ്ട് നിൽക്കുന്ന ചാമിയെ നോക്കി
" അരവിന്ദ് മടങ്ങി വരും വരെ ഇവരുടെ കാര്യം നന്നായി ശ്രദ്ധിക്കണേ ചാമീ “എന്ന് കൂടി പറഞ്ഞിട്ട്
മീര വർമ്മയോട് പറഞ്ഞു “ എങ്കിൽ നമുക്ക് പുറപ്പെടാം രവിയേട്ടാ “
മീരയുടെ ഈ ചെയ്തികളെല്ലാം മുൻ സീറ്റിലിരുന്ന് വർമ്മ അനിഷ്ട ഭാവത്തിൽ നോക്കി കാണുന്നുണ്ടായിരുന്നു ... പിൻസീറ്റിൽ മുരുകനും കൂടി കയറി ഡോർ അടച്ചപ്പോൾ വർമ്മ ഡ്രൈവറോട് പറഞ്ഞു:
“ശരി പോകാം”
അവർക്കരികിലൂടെ മുന്നോട്ട് പോയ ആ കാർ ഗേറ്റും കടന്ന് കുന്നിറങ്ങി താഴേക്ക് സാവധാനം നീങ്ങി …
കാർ കണ്ണിൽ നിന്നും മറയുവോളം മീരയും, അങ്കിതും പരസ്പരം കൈവീശിക്കൊണ്ടേ ഇരുന്നു.
മീര പോയ ആ വൈകുന്നേരം... ഹിൽ വാലിയിൽ ബസ്സിറങ്ങിയ അരവിന്ദ് ... സാവധാനം കുന്നുകയറി കോട്ടേജിലേക്കെത്തി ... ദീർഘയാത്രയും,അലച്ചിലും അവനെ വല്ലാതെ തളർത്തിയിരുന്നു.
*******************************
എട്ട് മാസങ്ങൾക്ക് ശേഷം ഹിൽവാലിയിലെ സീസൺ കാലം... ആ വഴിയോരം നിറയെ തെരുവ് കച്ചവടക്കാരെക്കൊണ്ടും,സഞ്ചാരികളെക്കൊണ്ടും നിറഞ്ഞിരുന്നു... അവർക്കിടയിലൂടെ നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ഒരു കറുത്ത ഹോണ്ടാസിറ്റി കാർ കടന്ന് വന്നു... കാറിന്റെ മുൻ സീറ്റിലിരുന്ന ഒരു ടീനേജുകാരൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി അവിടിരുന്ന സ്ത്രീയോട് പറഞ്ഞു:
'' മീരാമ്മ എത്ര മനോഹരമായ സ്ഥലമാണിത്... റിയലി അമേസിംഗ്"
അവന്റെ ഉത്സാഹവും സന്തോഷവും കണ്ട് ആഹ്ലാദ ചിത്തയായ അവർ അവനോട് പറഞ്ഞു:
"കിച്ചു... ഒരിക്കൽ ഇവിടെയെല്ലാം നമുക്ക് പ്ലാന്റേഷനുകൾ ഉണ്ടായിരുന്നു മോനെ... നിന്റെ പപ്പായുടെ നിർബന്ധപ്രകാരമാണ് അതൊക്കെ വിറ്റ് ടൗണിൽ നമ്മൾ അപ്പാർട്ട് മെന്റുകൾ വാങ്ങിയത് "
റബ്ബിഷ് ... ഇതൊക്കെ നഷ്ടപ്പെടുത്തിയ പപ്പാ വെറും ഫൂൾ...എന്ന് മന്ത്രിച്ചു കൊണ്ട് അവൻ കാറിന്റെ വിൻഡോ ഗ്ലാസ്സ് താഴ്ത്തി വെച്ചു...വെളിയിൽ നിന്നും കാറിനുള്ളിലേക്കിരച്ച് കയറിയ കാറ്റിനപ്പോൾ കാപ്പിപ്പൂക്കളിൽ നിറഞ്ഞിരുന്ന തേനിന്റെ സുഗന്ധമായിരുന്നു...
മീരയുടെ കണ്ണുകൾ കാറിന്റെ വിൻഡോയിലൂടെ ...വെളിയിലെ ആൾക്കൂട്ടത്തിൽ ആരെയോ തിരയുകയായിരുന്നു... കുറെ ദൂരം കൂടി മുന്നോട്ട് പോയ കാർ ഹിൽ വാലിയുടെ കവാടത്തിലെത്തിയപ്പോൾ മീര ഡ്രൈവറോട്, കാർ കോട്ടേജിലേക്ക് തിരിക്കാൻ ആവശ്യപ്പെട്ടു... ഓപ്പറേഷന് ശേഷം സുഖം പ്രാപിച്ച തന്റെ മകൻ കിഷോറുമായി, ആറ് മാസങ്ങൾക്ക് ശേഷം അരവിന്ദിനെയും, കുടുംബത്തേയും കാണാൻ ഹിൽവാലിയിൽ എത്തിയതായിരുന്നു മീര.
കാർ കവാടത്തിലേക്ക് കടന്നപ്പോൾ കാണാനായ... കവാടത്തിനരികിലെ മരപ്പലകയിലുള്ള '’ലൗ ഡേയിൽ ഇൻ” എന്ന എഴുത്ത്... അപ്പോൾ ചായം മങ്ങി അവ്യക്തമായി നിലയിലായിരുന്നു ... വഴികൾക്കിരുവശവുമുള്ള തെയിലച്ചെടികൾ വളർന്ന് രൂപഭംഗി നഷ്ടപ്പെട്ട് വഴിയിലേക്ക് പടർന്ന് കിടക്കുന്നുണ്ടാരുന്നു ... അതിനിടയിലായുണ്ടായിരുന്ന ഇലച്ചെടികൾക്ക് പോലും നിറം നഷ്ടപ്പെട്ട് അതിന്റെ മനോഹാരിതക്ക് മങ്ങലേറ്റിരുന്നു. വേലിക്ക് വെളിയിലെ ഫല വൃക്ഷങ്ങളിൽ വള്ളിച്ചെടികൾ പടർന്ന് കയറി കായ്ഫലമില്ലാത്ത നിലയിലാണ് അവ നിന്നിരുന്നത്... ഈ കാഴ്ചകളെല്ലാം മീര അപരിചിതത്വത്തോടെ നോക്കി കണ്ടു. ടാർ വഴിയിലൂടെ മെല്ലെ കുന്നുകയറിയ ആ കാർ കോട്ടേജിന്റെ മുറ്റത്തെ അടച്ചിട്ട ഗേറ്റിനരികിലെത്തി നിന്നു...
കാറിന്റെ ശബ്ദം കേട്ട് തന്റെ റൂമിൽ നിന്നും വെളിയിലേക്കിറങ്ങി വന്ന മുനിച്ചാമിയെ കണ്ട് മീര അദ്ഭുതപ്പെട്ട് പോയി ... ആകെ ചടച്ച് മെല്ലിച്ച് പോയ, അയാളുടെ മുഖം നിറയെ താടിയും തലമുടിയും പടർന്ന് കിടന്നിരുന്നു...ഡോർ തുറന്ന് വെളിയിലേക്കിറങ്ങിയ മീരയെ കണ്ടതും...ആ മുഖത്തെ കുഴിഞ്ഞ കണ്ണുകളിൽ ഒരു ചെറു തിളക്കം മിന്നി മാഞ്ഞു... പിന്നെ അയാൾ ഒരു നിലവിളിയോടെ മീരക്കരികിലേക്ക് എത്തി എന്നിട്ട് പറഞ്ഞു:
" മീരാമ്മാ നമ്മ അരവിന്ദ് സാർ എരന്ത് പോയിട്ടാര്... എല്ലാമെ പോയിട്ടാര് ...അയ്യയ്യോ എനക്ക് താങ്ക മുടിയലേ..."
മീരക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. കരച്ചിലിന്റെ വക്കോളമെത്തിയ ശബ്ദത്തിൽ അവർ ചാമിയോട് പറഞ്ഞു ...
''ചാമീ എന്നോട് കളളം പറയരുത്... അരവിന്ദ് മരിച്ച് പോകുകയോ ... ?. ഇല്ല ഞാനിത് വിശ്വസിക്കില്ല."
ഇല്ലമ്മ നാൻ പൊയ് സൊല്ലവിലെ... നിജം താൻ ... ആറ് മാതങ്കൾക്ക് പിന്നാടി അവങ്കളുക്ക് പെരിയ ഒരു ആപ്പറേഷൻ ഇറുന്തത് ...എതോ പെരിയ ആസുപത്രിയിലെ...
മുനിച്ചാമി പറഞ്ഞു.
"എന്തിന് ...അവനെന്തായിരുന്നു അസുഖം... ?”ഒരു തേങ്ങലോടെ മീര അയാളോട് ചോദിച്ചു.
മീരയുടെ തേങ്ങൽ മുനിച്ചാമിയെ കൂടുതൽ സങ്കടത്തിലാക്കി... കാറിന്റെ തുറന്ന ഡോറിൽ പിടിച്ച് നിൽക്കുന്ന മീരയുടെ അടുക്കലേക്കെത്തി അയാൾ പറഞ്ഞു:
"അഴാതമ്മാ, അഴാത്... അവറുക്ക് ഉടമ്പുക്ക് പ്രച്ചനം ഒന്നുമേ കിടയാത്...
ഏതോ ഒറു ആളുക്ക് കരൾ നോവ് ഇറുന്തിന്… ഇവങ്കളുടെ കരൾ മട്ടും താൻ അതോട് ചേർന്തത്. അതുക്ക് താൻ അന്ത ആപ്പറേഷൻ. “
“ ആപ്പറേഷന്ക്ക് പിറക് ഒറുമാതം കളിഞ്ച് സാറ് വീട്ടിലെ വന്താച്ച്... സൗഖ്യമാ താൻ ഇറുന്തത്... ആനാൽ ധിടീന് അവങ്കൾക്ക് ഉടമ്പ് സരിയല്ലാതാച്ച്... അപ്പടിയാ ഇങ്ക ടൗണിലെ ആസുപത്രിക്ക് പോനാൻ ഒരു വാരം അങ്കെ പടുത്താൻ... മട്ടും സാർ എരന്ത് പോണാൽ അമ്മാ... നമ്മ അരവിന്ദ് സാറ് എരന്ത് പോയിട്ടാര്... “
ഒരു നിമിഷം മീരയുടെ കൺമുന്നിലൂടെ എന്തൊക്കെയോ മിന്നി മാഞ്ഞു ... ആ മിന്നൽ പിണറുകൾ തീർത്ത ഉൾക്കിടിലം കൊണ്ട് താൻ നിൽക്കുന്ന ഭൂമി പിളർന്ന് അതിലേക്ക് ആണ്ട് പോകുന്നതു പോലെ അവർക്ക് തോന്നി... തുറന്ന് കിടന്ന കാറിന്റെ ഡോറിൽ മുറുകെ പിടിച്ചിരുന്ന അവർ... ആ പിടുത്തം വിട്ട് നിലത്തേക്ക് കുഴഞ്ഞ് വീണു.
കാറിൽ നിന്നും വെളിയിലേക്കിറങ്ങിയ കിഷോറും, ഡ്രൈവറും ചേർന്ന് മീരയെ താങ്ങിയെടുത്ത് കോട്ടേജിന്റെ വരാന്തയിലേക്ക് കൊണ്ടു പോയ് കിടത്തി... ചാമി വേഗം ചെന്ന് ഒരു കുപ്പിയിൽ വെള്ളവുമായി വന്ന് അതിൽ നിന്നും വെള്ളം മീരയുടെ മുഖത്ത് തളിച്ചു... അവളുടെ അരികിൽ മുട്ടുകുത്തിയിരുന്ന കിഷോർ രണ്ട് മൂന്ന് വട്ടം മീരയുടെ ചുമലിൽ പിടിച്ച് ''മീരാമ്മെ " എന്ന് കുലുക്കി വിളിച്ചപ്പോൾ മീര പതിയെ കണ്ണ് തുറന്നു.
ആ തളർച്ചയിൽ നിന്നും എഴുന്നേറ്റ അവർ വരാന്തയിലെ ഭിത്തിയുടെ ചുമരിലേക്ക് ചാരി ഇരുന്നു... എന്നിട്ട് സ്വബോധം നഷ്ടപ്പെട്ടവളെപ്പോലെ വിലപിക്കാൻ തുടങ്ങി:
“എന്റെ കുഞ്ഞെ നിന്നെ ഞാൻ മനസ്സിലാക്കിയില്ലല്ലോ ... എനിക്ക് നിന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ... ദൈവമെ ഞാൻ എന്തൊരു പാപിയാണ് .. വീണ്ടും വീണ്ടും ഇതുതന്നെ അവർ നിർത്താതെ പുലമ്പിക്കൊണ്ടിരുന്നു.
ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ മീരയുടെ മുഖത്തേക്ക് നോക്കി നിന്ന കിഷോറിനെ അരികിലേക്ക് ചേർത്ത് പിടിച്ച അവർ അവനോട്... ദുഖം അടക്കാനാവാതെ നടന്ന സംഭവങ്ങൾ ഓരോന്നായ് പറഞ്ഞു... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ...തന്റെ ജീവൻ നിലനിർത്താനായ് കരളു പകുത്ത് നൽകിയവൻ തന്റെ സഹോദരനായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു... ഇനി ഒരിക്കലും കാണാൻ പറ്റാത്ത തന്റെ കൂടപ്പിറപ്പിനെ വൃഥാ തേടുന്ന മട്ടിൽ കിഷോറിന്റെ കണ്ണുകൾ ആ കോട്ടേജിനും പരിസരത്തും അലഞ്ഞു.
കുറച്ച് സമയം കഴിഞ്ഞപ്പോൾ മുനിച്ചാമിയെക്കൂടി ആ കാറിൽ കയറ്റി അവർ വ്യൂ പോയിന്റിനരികിലുള്ള സിറ്റിയിലേക്ക് പോയി... കച്ചവടക്കാരെ കൊണ്ട് നിറഞ്ഞ, ആൾത്തിരക്കുള്ള ഭാഗത്തുനിന്നും മാറ്റി കാർ ഒതുക്കി നിർത്തിയപ്പോൾ ഡോറ് തുറന്ന മുനിച്ചാമി ആരെയോ തിരഞ്ഞ് ആൾക്കൂട്ടത്തിലേക്ക് പോയി.
ചാമി പോയി കുറച്ച് സമയം കഴിഞ്ഞപ്പോൾആ കാറിന് സമീപത്തേക്ക് അലസമായി വസ്ത്രം ധരിച്ച്, പാറിപ്പറന്ന മുടിയുമയി ഒരു യുവതി കടന്ന് വന്നു ...തലയിൽ ഒരു പൂക്കൂടയും, ഒക്കത്തൊരു ആൺകുഞ്ഞുമായി വേഗം കാറിനടുത്തെത്തിയ അവൾ... ഉള്ളിലുള്ള ആളെ ശ്രദ്ധിക്കാതെ കാറിന്റെ വിൻഡോ ഗ്ലാസ്സിൽ മുട്ടിയിട്ട് ചോദിച്ചു...
അമ്മാ "പിച്ചി ,മല്ലിക, ചെണ്ടുമല്ലി... എല്ലാമെ ഇരുക്ക് എത്തന വേണം ഉങ്കളുക്ക്?”
കാറിന്റെ ഡോർ തുറന്ന് വെളിയിലേക്ക് വന്ന മീര പൊട്ടിക്കരഞ്ഞുകൊണ്ട് മണിയെ തന്നോട് ചേർത്തു പിടിച്ചു… മീരയെ കണ്ടതും പൂക്കൂട നിലത്തിട്ട് അവളും വാവിട്ട് നിലവിളിച്ചു ... മണിയുടെ കൈകളിൽ നിന്നും കുഞ്ഞിനെ വാരിയെടുത്ത മീര അവന്റെ കണ്ണിലും കവിളിലും എല്ലാം ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.
**********************************
ആ വൈകുന്നേരം ഹിൽവാലി വിട്ട് മീരയുടെ കാർ മുന്നോട്ട് നീങ്ങിയപ്പോൾ... അതിൽ യാത്രക്കാരായി രണ്ട് പേർ കൂടിയുണ്ടായിരുന്നു...തന്റെ മകനായ് അംഗീകരിക്കുകയോ, സ്നേഹിക്കുകയോ ചെയ്യാതിരുന്ന... അരവിന്ദിന്റെ ഭാര്യയേയും, കുഞ്ഞിനേയും, കിഷോറിന്റെ കൂടി സമ്മതത്തോടെ മീര അവരോടൊപ്പം കൂട്ടി... തന്റെ പൊറുക്കാനാവാത്ത തെറ്റുകൾക്ക് അങ്ങനെയെങ്കിലും ഒരു പ്രായശ്ചിത്തം ചെയ്യാൻ അവർ തീരുമാനമെടുത്തു.
അകന്നു പോകുന്ന ആ കാറിനെ നോക്കി നിറകണ്ണ് കളോടെ നിന്ന മുനിച്ചാമിയുടെ നേർക്ക് കിഷോറിന്റെ മടിയിലിരുന്ന അങ്കിത് തന്റെ കുഞ്ഞ് കൈകൾ വീശിക്കാണിച്ചു ... ഇത് കണ്ട് ചാമി “പാപ്പാ”എന്ന് വിളിച്ച് കൊണ്ട് കുറച്ച് ദൂരം ആ കാറിന് പിന്നാലെ ചെന്നു... പിന്നെ പടർന്ന് തുടങ്ങിയ പുകമഞ്ഞിലൂടെ ആ കാർ ദൂരേ ഇരുളിലേക്ക് മറയുന്നതും നോക്കി അയാൾ അവിടെത്തന്നെ നിന്നു ...
ആ വഴിയോരം നിറയെ പൂത്തു നിന്നിരുന്ന കാപ്പിക്കാടുകളെ തഴുകിക്കൊണ്ട് ഒരു തണുത്ത കാറ്റ് അപ്പോൾ അവിടേക്ക് ഒഴുകി എത്തി
"ചാമീ ഗസ്റ്റുണ്ട്... മോട്ടോർ ഓൺ പണ്ണി ടാങ്കിൽ തണ്ണി നിറൈ…”
ആ കാറ്റിൽ അരവിന്ദിന്റെ ശബ്ദം തന്റെ കാതിൽ വന്നലക്കും പോലെ മുനിച്ചാമിക്ക് തോന്നി.
ഒരു വട്ടം കൂടി കാർ പോയ വഴിയിലേക്ക് നോക്കി നിന്ന അയാൾ തന്റെ കാലടികൾക്ക് വേഗം കൂട്ടി... ഇരുളിൽ ആ കോട്ടേജ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.

അരുൺ -

Finished:- Read all parts here : - https://goo.gl/4HGjHi

Written by:  Arun V Sajeev, Nallezhuth

2 comments:

  1. നന്നായി... but tragedy വേണ്ടായിരുന്നു ..

    ReplyDelete
  2. Tragic end വേണ്ടായിരുന്നു 😢

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot