
എന്റെ കൂട്ടുകാർക്ക്, പ്രത്യേകിച്ചും മ്മ്‌ടെ തൃശ്ശൂർ ഗഡീസിന് സമർപ്പിക്കുന്നു.
*****
*****
******
ഡാ ജോണ്യേ, നീയ്യൊന്ന് വണ്ടി പതുക്കെ കുഴീല് ചാടിക്ക്യോ, ഈ നെലക്ക് കുഴീല് ചാട്യാ ഹൃദയം പൊട്ടി വയറ്റില് വീഴും, ഞാൻ പിന്നെ എന്തൂട്ട് കാണിച്ചാ ആ ക്ടാവിനെ പ്രേമിക്ക്യാ "
സുമുഖനും സുശീലനും സര്‍വ്വഗുണസമ്പന്നനും എന്ന് സ്വയം വിശേഷിപ്പിക്കുന്ന ജോയി, നാട്ടിലെ പ്രമാണിയും, പൈസക്കാരനും ആയ പൌലോസേട്ടന്റെ ഏകമകള്‍ ആലീസിനെ വളക്കാന്‍ ഉള്ള എഴുന്നള്ളത്താണ് ഈ യാത്ര. ഈ ആലീസിന് ചെറിയ ഒരു ദൃഷ്ടിദോഷം ഉണ്ട്, കോങ്കണ്ണാണെന്നു ചിലര്‍ പറയും, ഞങ്ങള്‍ കൂട്ടുകാര്‍ വടക്കുംനോക്കി യന്ത്രം എന്നും പറയാറുണ്ട്.
ജോയി അങ്ങാടിയില്‍ "ജോയീടെ കട" എന്ന പേരില്‍ ഒരു സ്ഥാപനം നടത്തുന്നുണ്ട്. ഈ സ്ഥാപനം ബസ് സ്റ്റോപ്പിന്റെ മുന്‍പില്‍ ആയതുകൊണ്ട് നാട്ടിലെ സ്ഥിരം വായ്നോക്കികള്‍ക്കും വളര്‍ന്നു വരുന്ന തലമുറയിലെ വായ്നോക്കികള്‍ക്കും അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരു പ്രസ്ഥാനം കൂടിയാണ്.
ഈ യാത്രയില്‍ തേരായി ഉപയോഗിക്കുന്നത് ജോയിയുടെ അടുത്ത സുഹൃത്തും, നാട്ടിലെ സ്വകാര്യ ബാങ്കില്‍ ജോലിക്കാരനുമായ ജോണിയുടെ ബുള്ളെറ്റ് ആണ്, തേരാളി ജോണിയും.
ഞായറാഴ്ചക്കുര്‍ബാന കഴിഞ്ഞു തിരിച്ചു വീട്ടില്‍ പോകുന്ന വഴിക്ക് കമ്പനിപ്പടിക്കല്‍ ആലീസിനെ എത്തിക്കണം എന്നാണു ജോയിയുടെ പെങ്ങള്‍ സിസിലിക്ക് കൊടുത്തിട്ടുള്ള ജോലി.
"ജോയ്യ്യെ, നീ ആദ്യം കുരുടമ്മാരുടെ കണ്ണാട ഊരിട്ട് വഴീല് നോക്ക്യേ, നമ്മ്ടെ പള്ളീടേ പിന്നിലെ പൊട്ടക്കിറണ് മാതിര്യാ ഓരോ കുണ്ടും കുഴിം"
"നിന്നോട് ഞാൻ പറഞ്ഞതാ അന്തോണ്യേട്ടന്റെ വഴീക്കൂടെ പോയാ മതീന്ന്, ഏന്തൂട്ട് കാര്യംണ്ടായിട്ടാ ഈ മോഡീടെ വഴീക്കൂടി വന്നേ''
"അന്തോണ്യേട്ടന്റ്യാ.. അത് ഏത് റൂട്ടാണ് "
"ഡാ മ്മ്‌ടെ പഞ്ചായത്ത് റോഡ്, ഇത് നാഷണൽ ഹൈവേണ്"
''അത് കൊറേ വളവാണ്, വെറുതെ അമ്പാനിക്ക് പൈസ കൊട്ക്കണ്ടാന്ന് വെച്ചട്ടാ "
"നീയ്യാ പള്ളീടെ മുമ്പില് ഒന്ന് വണ്ടി ഒതുക്ക്യേ"
"എന്ത്ണ്, മുള്ളാൻ മുട്ട്യാ?"
"ഡാ പോത്തേ, പള്ളീല് മുള്ളാനാ പോവ്വാ?, പുണ്യാളനെ ഒന്ന് സുഖിപ്പിക്കാച്ച്ട്ടാ, ഒരു നല്ല കാര്യത്തിന് പോവ്വല്ലേ."
"നിനക്ക് എന്തൂട്ടിന്റെ കേടാ? പുണ്യാളൻ കക്ഷി ഡീസന്റണ്, ഈ വക പരിപാടിക്കൊന്നും കൂട്ട് നില്‍ക്കില്ല്യ, വെറുതെ പുലിവാലാവും ട്ടാ"
"നീയ്യൊരു അഞ്ചിന്റെ കോയിൻ തന്നേ .."
"അഞ്ചിന്റെ കോയിനാ? ഡാ നൂറ് കോടി ആസ്തിളള പെണ്ണിനെ വളക്കാൻ അഞ്ചു രൂപ കമ്മീഷനാ?, കർത്താവേ, നിന്നെക്കെട്ട്യാ ആ പെണ്ണ് ഒരു വഴിക്കാവും. ന്നാ കോയിൻ, ഇട് എന്ന്ട്ട് നമ്മക്ക് വിടാം"
പുണ്യാളനുള്ളത് പെട്ടിയിലിട്ട് വീണ്ടും യാത്ര തുടര്‍ന്നു.
"ജോയ്യ്യെ, എന്തായാലും ആലീസിനെ കെട്ട്യാ ലോട്ടറ്യാ ട്ടാ. നിന്നെ കാണാൻ ഭംഗീണ്ട്, നല്ല കച്ചോടംണ്ട്, ഈ പണിക്ക് നിക്കാണ്ടേ നെനക്ക് പോയി അവള്ടെ അപ്പനോട് പെണ്ണ് ചോയ്ച്ചൂടെ?."
"ജോണ്യേ, എനിക്ക് പഠിപ്പ് കൊറവല്ലടാ. എനിക്ക് ജോയേട്ടൻ മതീന്ന് ആലീസ് പറഞ്ഞാ, പിന്നെ രക്ഷപ്പെട്ടു"
"അത് ശര്യാ അവള് പ്ലസ്‌റ്റൂ പാസ്സാ!"
"അതോണ്ട്ണ് ഞാൻ ആലീസിന്റെ റൂട്ട് പിടിക്കണേ"
"ഈ ആലീസിന് എന്തൂട്ട് ഭംഗീണ്ട് ന്നാ പറയണേ? അവള്‍ടെ കണ്ണു കണ്ടുണ്ടാ.. ഒരു കണ്ണ് വടക്കുംമുറീലും മറ്റത് തെക്കുംമുറീലും"
"ആലീസ് പള്ളില് കുർബാനക്ക് കണ്ണടച്ച് നിക്കുമ്പ കാണാൻ എന്തു ഭംഗ്യാന്നാ"
പറയുമ്പോള്‍ ജോയി ഒരു നിമിഷം നിവിന്‍ പോളി ആയി മാറി.
"ഉവ്വ, കല്ല്യാണം കഴിഞ്ഞാ കാന്താരിടെ പോലെ കണ്ണടച്ച് നടക്കാൻ പറയോ?"
"സാരല്ലടാ, ജീവിതത്തില് കൊറച്ച് ത്യാഗം ചെയ്യണം, ഒരു കോങ്കണ്ണുള്ള പെണ്ണിന് ജീവിതം കൊടക്കാന്ന് ആലോചിക്കുമ്പോ കുളിര് വര്ണ്. "
"അത് കുളിരല്ലട തെണ്ടി, തരിപ്പാണ്, നൂറ് കോടി കണ്ട്ട്ടുള്ള തരിപ്പ് "
"ഡാ ജോണ്യേ, ഇപ്പ നല്ല സമയ്ണ്, ന്റെ സിസിലി പറയണ കേട്ടു ആലീസിന് നല്ല ബന്ധം ഒന്നും വരാത്ത കാരണം അവൾടെ അപ്പൻ ഭയങ്കര ടെൻഷനിൽ ആണെന്ന്"
"ഡാ ദേ നിക്ക്ണ് നിന്റെ ആലീസ്. നീ വേഗം എറങ്ങി ചെല്ല്.''
"നീയ്യും വായോ, റോഡിന്റെ അപ്പ്റത്ത് മ്മടെ വായാടി മറിയം നിക്ക്ണ്ട്, എന്നെ ഒറ്റക്ക് കണ്ടാ കുരിശാവും."
"അല്ല, നീ എന്തൂട്ടാ പറയാൻ പോണേ?”
"അതൊക്കെ ഞാനീ കത്തില് എഴുതീട്ട്ണ്ട്... മറുപടി എന്റെ കടേല് പറഞ്ഞാ മതീന്നും എഴുതീട്ട്ണ്ട്, നീയ്യാ ബൈക്കിന്റെ ബാഗീന്ന് ബൈബിള്‍ എടുത്തേ, അതില് വെച്ച് കൊടുക്കാം, ഇല്ല്യെങ്കില്‍ മറിയം പണി തരും.
"എന്റെ മാതാവേ, നീ കത്ത് കൊടുക്കാന്‍ പോവ്വാ... പണ്യാവോ ജോയേ.. നെനക്ക് വരണേന് മുന്പ് കത്തൊന്നു എന്നെ കാട്ടര്‍ന്നില്ല്യെ.."
"നീ വന്നേ, ഒരു കത്തൊക്കെ എഴുതാന്‍ ഉള്ള പഠിപ്പ് എനിക്ക്ണ്ട്."
എന്തായാലും സിസിലി പറഞ്ഞ സ്ഥലത്ത് കൃത്യ സമയത്ത് ആലീസ് എത്തി.
"ഹയ്, ദെന്തൂട്ടാ ദ്, രണ്ടാളും ഇണ്ടല്ലോ, അപ്പൊ സിസില്യോ?" ആലീസ് ചോദിച്ചു.
"ആലീസേ, ഞങ്ങള് പറഞ്ഞിട്ടാ സിസിലി നിന്നോട് ഇവിടെ നില്ക്കാന്‍ പറഞ്ഞെ. അതേയ് കൊറച്ചു കാര്യം പറയാംന്നു വെച്ചാ വന്നെ, പക്ഷെ, അപ്പ്രത്ത് കണ്ടാ, ശക്തന്‍ തമ്പ്രാന്റെ പ്രതിമ പോലെ നമ്മടെ വായാടി മറിയം നിക്കണേ... അതോണ്ട് കാര്യങ്ങൾ ഒക്കെ ഈ കത്തില്ണ്ട്. മറുപടി എന്താച്ചാലും നീ കടേല് തന്നാ മതി. "
ആരെങ്കിലും ശ്രദ്ധിക്കുണ്ടോ എന്ന് ഓട്ട കണ്ണിട്ട് നോക്കി, കയ്യിലെ ബൈബിള്‍ എടുത്ത് ജോയി ആലീസിനു കൊടുത്ത് പെട്ടെന്ന് തന്നെ അവിടെ നിന്നും പോന്നു.
അടുത്ത ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടില്‍ എത്തി കുളിച്ച് പ്രാര്‍ത്ഥന ചൊല്ലുമ്പോളാണ് ജോയിയുടെ വരവ്. അമ്മ പോയി വാതില് തുറന്നു.
"ജോണി ഇല്ല്യേ, "
"ഉവ്വ, അവന്‍ ഇപ്പ വന്നു കുളിച്ച് പ്രാര്‍ത്ഥന എത്തീക്കാണ്.. നീയ്യിരിക്ക്, ചായ എടുക്കട്രാ ജോയേ.."
"വേണ്ടാ, അവന്‍ വരട്ടെ, എന്നിട്ടാവാം ചായ"
"എന്നാ, നീ ഇരിക്ക്.."
ഞാന്‍ ഡ്രോയിംഗ് റൂമില്‍ ചെന്നപ്പോള്‍ തലങ്ങും വിലങ്ങും നടക്കുന്ന ജോയിയെ കണ്ടു..
"ഡാ, ജോയേ, നെനക്ക് എന്തൂട്ടാ പറ്റ്യേ, ഒരു മാതിരി കെണീലു പെട്ട എല്യേ പോലെ ....."
"അവള് വന്നൂടാ ഇന്ന് കടേല്"
"ഉവ്വാ.. എന്നട്ടോ"
"അവള്‍ടെ അപ്പൻ നാളെ വീട്ടില് വിളിച്ചിട്ടുണ്ട്. ആദ്യം നമ്മള്‍ സംസാരിച്ചിട്ടു വീട്ടുകാര് തമ്മില്‍ സംസാരിക്കാംന്നു.."
"ജോയേ, നീ കോളടിച്ചൂലോ ..ചെലവ് വേണംട്ടാ.. ഓള്‍ ദ ബെസ്റ്റ് ട്ടാ ഗഡീ..."
"എന്തൂട്ട് ഓള്‍ ദ ബെസ്റ്റ്?, നാളെ എന്റെ കൂടെ നീയ്യും വരും."
"ഡാ, നാളെ വൈന്നേരം ലില്ലിക്കുട്ട്യെ കാണാന്‍ ഒരു കൂട്ടര് വരും..."
"അത് വൈന്നേരല്ലെ, ഇത് കാലത്ത് പോയി പെട്ടെന്ന് രണ്ടു ലഡ്ഡുവും ഒരു കഷ്ണം കേക്കും കഴിച്ച് ഡിംമ്മെന്നു ഇങ്ങട്ട് പോരാം.."
'ശരി, നീ വണ്ടീം കൊണ്ട് വന്നോ, ഞാന്‍ വരാം"
"വണ്ട്യാ..എന്റെ പഴേ അംബാസിഡര്‍ കൊണ്ടോയാ അപ്പൊ അവള് വഴി മാറും.. നിന്റെ ബ്രസ എടുക്ക്.. പെട്രോളിന്റെ ടെന്‍ഷന്‍ അടിക്കണ്ട, നാളെ പോവ്വുമ്പോ നീ അടിച്ചാ മതി."
"ന്റെ ജോയ്യ്യെ.. നീ ഇങ്ങനെ പിശുക്കനായാൽ എങ്ങിന്യാ?"
"കെട്ടൊന്നു കഴിഞ്ഞോട്ടെ എന്റെ പൊന്നെ, എന്നട്ട് വേണം ഡോനീടെ കയ്യിലെ മാതിരി ഹമ്മര്‍ ഒരെണ്ണം വാങ്ങി ചെത്താൻ"
കാലത്ത് ഒന്നാമത്തെ കുർബാനക്ക് പോയി. കൃത്യം ഒൻപത് മണിക്ക് ജോയി എത്തി. അമ്മയോട് പറഞ്ഞു പെണ്ണ് കാണാന്‍ പോണ കാര്യം, അമ്മ ഒന്ന് ചിരിച്ചു, എന്നിട്ട് പറഞ്ഞു.
" വേം വന്നോട്ട്രാ ..ലില്ല്യേ കാണാന്‍ ആള്‍ക്കാര് വരും. മറക്കണ്ട"
അങ്ങിനെ ഒന്‍പതരക്ക് ആലീസിന്റെ വീട്ടില്‍ എത്തി. ഞങ്ങളെ കാത്ത് ആലീസിന്റെ അപ്പന്‍ പൌലോസേട്ടനും, അനിയന്‍ വറീതേട്ടനും, പിന്നെ കുറെ ബന്ധുക്കളും ഉണ്ടായിരുന്നു.
ഞങ്ങളെ രണ്ടുപേരെയും സ്വീകരിച്ച് അകത്ത് കയറ്റി ഇരുത്തി.
പൌലോസേട്ടന്‍ ചിരിച്ചോണ്ട് പറഞ്ഞു.
"ഇതിന്റെ വല്ല കാര്യോം ഇണ്ടാര്‍ന്നാ, ഈ കത്ത് കൊടുക്കലും മറ്റും. നമ്മ്ള് എല്ലാ ആഴ്ച്ചേം പള്ളീല് കാണണതല്ലേ "
ഞാനും, ജോയിയും ഒന്നും മിണ്ടാതെ ഇരുന്നു. ജോയി കാല്‍ വിരല്‍ കൊണ്ട് നിലത്ത് കളം വരക്കുന്നുണ്ടായിരുന്നു.
ഞാന്‍ വാച്ചില്‍ സമയം നോക്കുന്നത് കണ്ടപ്പോള്‍ പൌലോസേട്ടന്‍ അകത്ത് നോക്കി ചോദിച്ചു.
"കത്രീനേ, അകത്ത്ക്ക് വരാറായാ.."
കത്രിനേച്ചി പുറത്തേക്ക് വന്ന് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
ഞാനും ജോയിയും അകത്തേക്ക് മന്ദം മന്ദം പൌലോസേട്ടന്റെ പിറകെ അകത്ത് പോയി.
അങ്ങാടീല് ലാസറേട്ടന്റെ ബേക്കറിയുടെ കൌണ്ടര്‍ പെരുന്നാളിന് പള്ളിപ്പറമ്പില്‍ തുറക്കാറുള്ളത് പോലെ, ഡൈനിങ്ങ് ടേബിളില്‍ മധുര പലഹാരങ്ങള്‍ നിരത്തി വെച്ചിട്ടുണ്ട്.
അപ്പോഴേക്കും മേശയുടെ മറുഭാഗത്ത് ആലീസ് വന്നിരുന്നു. നാണം കുണുങ്ങി ഇരുന്ന ആലീസ് തല ഉയര്‍ത്തി നോക്കിയില്ല. ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ പൌലോസേട്ടന്‍ സര്‍വസാധാരണമായ, ജോയി അക്ഷമയോടെ കാത്തിരുന്ന, ആ ഡയലോഗ് പറഞ്ഞു.
"കുട്ട്യോള്‍ക്ക് എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍ ആയിക്കോട്ടെ..."
മീന്‍ നന്നാക്കുന്നെടത് വെള്ളമിറക്കി കാത്തിരിക്കുന്ന പൂച്ചയെപ്പോലെ ആലീസിനെ നോക്കിയിരുന്ന ജോയി ഈ വാക്കുകള്‍ കേട്ട് സന്തോഷപുളകിതനായി. ടേബിളില്‍ ഇരുന്ന കുപ്പിഗ്ലാസ്സിലെ വെള്ളം ഒറ്റയടിക്ക് വലിച്ചു കുടിച്ച്, എഴുന്നേല്‍ക്കാന്‍ തയ്യാറായി ജോയി ഇരുന്നു.
ആലീസ് എഴുന്നേറ്റ് ഡൈനിങ്ങ് ഹാളിനോട് ചേര്‍ന്നു കിടക്കുന്ന മുറിയിലേക്ക് നടന്നു. അടുത്തത് ജോയിയുടെ ഊഴമായിരുന്നു. എന്നെ
നോക്കി, മൌനാനുവാദം വാങ്ങി ജോയി നടക്കാന്‍ തുടങ്ങി.
നോക്കി, മൌനാനുവാദം വാങ്ങി ജോയി നടക്കാന്‍ തുടങ്ങി.
പെട്ടെന്ന്, പൌലോസേട്ടന്‍ ജോയിയുടെ കയ്യില്‍ പിടിച്ചിട്ട് പറഞ്ഞു,
"നിയ്യവിടെ ഇരിക്കട മോനെ, അവന്‍ പോയി സംസാരിക്കട്ടെ." എന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
"അവന്‍ എന്തൂട്ടിനാ സംസാരിക്കണേ..?" ഒന്നും മനസ്സിലാവാതെ ജോയി പൌലോസേട്ടനോട് ചോദിച്ചു.
"ഹയ്, ഡാ ജോയ്യെ, കൂട്ടുകാരനാന്നൊക്കെ ശര്യന്നെ, .പക്ഷെ കെട്ട് കഴിഞ്ഞാല്‍ അവന്റെ കൂടെ ജീവിക്കണ്ട പെണ്ണല്ലേ, അവര്‍ക്ക് തമ്മീതമ്മില് അറിയണ്ടേ., നീയ്യവിടെ ഇരിക്ക്, അവര്‍ സംസാരിക്കട്ടെ..."
ജോയിയെ പിടിച്ചിരുത്തി പൌലോസേട്ടന്‍ എന്റെ കൈ പിടിച്ച് വലിച്ച് ആലീസ് ഇരിക്കണ മുറിയിലേക്ക് ആക്കി.
അകത്ത് നാണിച്ച് തലകുനിച്ച് സാരിയുടെ തല കടിച്ച് ഇരിക്കുന്ന ആലീസ് എന്നെ കണ്ടപ്പോള്‍ എഴുന്നേറ്റു നിന്നു.
"ജോണ്യേട്ടന് എന്നെ ഇഷ്ടാര്‍ന്നൂന്നു കേട്ടപ്പോ ഞാന്‍ സന്തോഷിച്ച് സ്വര്‍ഗ്ഗം കണ്ടു. ഞാന്‍ അപ്പനോട് പറഞ്ഞു, പിന്നെ ലില്ലിക്കുട്ട്യോട് വിളിച്ചു പറഞ്ഞു. പിന്നെ അപ്പന്‍ ജോണ്യേട്ടന്റെ അമ്മേ വിളിച്ചു. അവര്‍ക്കും ഇഷ്ടായി, അപ്പൊ അവരാ പറഞ്ഞെ ആദ്യം ചടങ്ങ് പോലെ ജോണി വന്നു കണ്ടു പോട്ടേന്ന്. അതിനാ നിങ്ങളെ ഇങ്ങോട്ട് വിളിച്ചത്.
പണ്ട് വെള്ളിയാഴ്ച പടം മാറുമ്പോ കാറില്‍ മൈക്ക് വെച്ച് വിളിച്ചു പറയാറുണ്ട്, ഇതിലും ഭേദം അതായിരുന്നു എന്ന് ആലീസിനോട് പറയണം എന്ന് തോന്നി. ദേഷ്യം ഉള്ളിലൊതുക്കി നല്ല മയത്തില്‍ ഞാന്‍ ആലീസിനോട് ചോദിച്ചു,,
"നീയ്യാ കത്തൊന്നു തന്നെ, ഒരു കാര്യം നോക്കാനാ"
മേശയില്‍ ഇരുന്ന ബൈബിള്‍ എടുത്ത് എനിക്ക് നേരെ നീട്ടി. മാതാവേ, ബൈബിളിന്റെ ചട്ടയില്‍ വെണ്ടയ്ക്ക അക്ഷരത്തില്‍ എന്റെ പേര്. ബൈബിളിന്റെ ഉള്ളില്‍ മടക്കി വെച്ച കത്ത്, ഞാന്‍ അത് തുറന്നു വായിച്ചു.
"സ്വന്തം ആലീസിന്, എനിക്ക് നിന്നെ ഇഷ്ടാ, നിന്നെ കെട്ടാന്‍ എനിക്ക് മോഹമുണ്ട്. നിനക്ക് ഇഷ്ടായിച്ചാല്‍ ജോയീടെ കടയില്‍ വന്നാല്‍ മതി, ഞാന്‍ പിന്നെ വീട്ടുകാരുമായി വന്നു ബന്ധം ചോദിക്കാം.നിന്റെ സ്വന്തം "ജോ"
വീട്ടുകാര്‍ മുഴുവന്‍ അറിഞ്ഞു, അവര്‍ ബന്ധവും ഏതാണ്ട് ഉറപ്പിച്ച മട്ടാ, ഇവരെ ഞാന്‍ ഇനി എങ്ങിനെ വിശ്വസിപ്പിക്കും, കത്തെഴുതിയ "ജോ" ജോയിയാണെന്ന്. ആ തെണ്ടിക്ക് എന്റെ കട എന്ന് എഴുതിയാല്‍ പോരായിരുന്നോ വെറുതെ "ജോയീടെ കട" എന്ന് കടയുടെ പരസ്യം കൊടുക്കുന്നതിനു പകരം. പോരാത്തതിന്, ബൈബിളിന്റെ ചട്ടയില്‍ എന്റെ പേരും.
****
കഴിഞ്ഞ ഞായറാഴ്ച ഞങ്ങളുടെ കെട്ടുകഴിഞ്ഞു. എന്റെ അമ്മായപ്പന്‍ ആയി സ്ഥാനക്കയറ്റം കിട്ടിയ പൌലോസേട്ടന്‍ സമ്മാനമായി തന്ന ഹമ്മറിൽ ഞാനും ആലീസും കൂടി ഹണിമൂണ്‍ ആഘോഷിക്കാന്‍ ഊട്ടിക്ക് പോകാന്‍ തയ്യാറെടുക്കുമ്പോഴാണ്, കാളിംഗ് ബെല്‍
അടിച്ചത്. ആലീസ് പോയി വാതില് തുറന്നു.
അടിച്ചത്. ആലീസ് പോയി വാതില് തുറന്നു.
"ജോണ്യേട്ടാ, ദേ ജോയി പുറത്ത് വന്നേക്ക്ണു" ആലീസ് വിളിച്ചുപറഞ്ഞു.
ഞാന്‍ പുറത്ത്പോയി ജോയിയെ അകത്തേക്ക് ക്ഷണിച്ചു.
"എന്തൂട്ട്ര ജോയ്യ്യെ നീ വാതില്‍ക്കല്‍ നിക്കണേ, അകത്തേക്ക് കേറിവായോ.."
"വേണ്ട്രാ, നീയ്യെന്നാ തിരിച്ചുവരാ? "
"അടുത്ത ഞായറാഴ്ച, എന്താ പറ്റ്യേ "
"നമ്മ്ടെ ലോനപ്പേട്ടന്റെ മോളെ നീ കണ്ടട്ട്ണ്ടാ ?"
"അതാ, തിത്തോം, തരികിടതോം എന്ന് നടക്കണ ചണ്ണക്കാലി അല്ലേ.."
"അതന്നെ, അതിനെ ഒന്ന് വളച്ചാലോ, നൂറു കോടീടെ ആസ്തി ഇണ്ട്രാ.."
ഞാന്‍ രണ്ടു കൈയും കൂപ്പി പറഞ്ഞൂ.
"ഡാ ജോയ്യ്യെ, നീ പോയ്യ്യെ, അന്ന് നീ വാങ്ങിത്തന്ന വടക്കുംനോക്കി യന്ത്രം ദേ അകത്തുണ്ട്, ഇനി ഒരു കുരിശും കൂടി ചുമക്കാന്‍ വയ്യ, അതോണ്ടാ..."
*****
ഗിരി ബി. വാരിയര്‍
03 ജൂലൈ 2018
03 ജൂലൈ 2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക