Slider

താരാട്ടു മറന്ന കുഞ്ഞുണ്ണി

0
Image may contain: 1 person, smiling, closeup and outdoor

പണ്ട് അമ്മ പാടിയ
താരാട്ടു പാട്ടുകൾ ഒന്നും
കുഞ്ഞുണ്ണിയ്ക്ക് ഓർമ്മയില്ലത്രേ...
അന്നവൻ കുഞ്ഞായിരുന്നത്രേ.. !
പക്ഷേ,
പാടിയുറക്കിയ അമ്മയ്ക്കിന്നും
ഓർമയുണ്ട് ;
ഓരോ വരികളും...
അവൻ
അമ്മയുടെ പൊന്നുണ്ണിയായിരുന്നല്ലോ...
ഓടിക്കളിക്കുമ്പോൾ
"അരുതേ വീഴുമെന്നു" വിലക്കുന്ന
അമ്മയെ അവൻ കളിയാക്കി,
"ഈ അമ്മയ്ക്കെപ്പോഴും പേടിയാണ്.. "
പക്ഷേ
അവൻ പിച്ച വെച്ചു തുടങ്ങിയപ്പോൾ
വീണ ഓരോ വീഴ്ചയുടെയും
വേദന
സ്വന്തം ഹൃദയത്തിലാണ്
അമ്മ ഏറ്റുവാങ്ങിയിരുന്നത്...
ആ കുഞ്ഞു കാൽ മുട്ടുകളിലെ
ഓരോ മുറിവുകളും
ചോര വീഴ്ത്തിയിരുന്നത്
അമ്മയുടെ കണ്ണുകളിൽ നിന്നായിരുന്നു.
ഉന്നത പഠനത്തിനായി,
അന്യ സംസ്ഥാനത്തിലേക്ക്‌
വണ്ടി കയറുമ്പോൾ
അമ്മ പൊട്ടിക്കരഞ്ഞപ്പോൾ
അവൻ പറഞ്ഞു
"ഈ അമ്മ ഒരു പൊട്ടിയാണ്,
ചുമ്മാ...കരയുന്ന കണ്ടില്ലേ... "
അമ്മയുടെ മനസ്സിൽ
അവനപ്പോഴും
മുലപ്പാലിനായി കരയുന്ന
കുഞ്ഞു വാവയായിരുന്നു...
അവൻ
ഭാര്യയുമൊത്തിരിക്കുമ്പോൾ,
കളി ചിരികൾക്കിടയിൽ
പല പ്രാവശ്യം ചുമച്ചിട്ടും
മുരടനക്കിയിട്ടും
അൽപ്പം പോലും ശ്രദ്ധ കിട്ടാത്ത
അവഗണനയുടെ വേദനയിലും
അമ്മ ഓർക്കുകയായിരുന്നു
എത്ര കഥകൾ പറഞ്ഞു കൊടുത്തിട്ടും
മതിവരാത്ത ഉറക്കം വരാത്ത
കുഞ്ഞുണ്ണിയെ...
അപ്പോൾ
പുറമെ
കാല വർഷം
തിമർത്തു പെയ്യുകയായിരുന്നു.
എങ്കിലും
കണ്ണീർച്ചാലുകളുടെ ചൂട്
അമ്മ കവിളിലറിഞ്ഞു..
വൃദ്ധ സദനത്തിലാക്കി
തിരിഞ്ഞൊന്നു നോക്കാതെ
അവൻ മടങ്ങുമ്പോൾ,
അമ്മ ഓർത്തത്
ഒന്നാം ക്ലാസ്സിൽ
കൊണ്ടു ചെന്നിരുത്തിയപ്പോൾ
"അമ്മ പോകല്ലേ"യെന്നുറക്കെ കരഞ്ഞ
കുഞ്ഞുണ്ണിയെയായിരുന്നു...
കണ്ണുനീർത്തുള്ളികൾ
പടർന്ന കണ്ണാടയിലൂടെ
കുഞ്ഞുണ്ണി കാറിൽ കയറുന്ന കാഴ്ച
അവ്യക്തമായപ്പോഴും
അമ്മയുടെ ഓർമ്മകളിൽ
അവൻ
തെളിഞ്ഞു നിൽക്കുകയായിരുന്നു..
അവൻ മാത്രം....
പിന്നീടുള്ള ദിനങ്ങളിലെന്നും,
വഴിക്കണ്ണുമായി
വെറുതെ..,
വെറുതെ ആ അമ്മ ആശിച്ചു
കുഞ്ഞുണ്ണി
തിരികെ വരുമെന്ന്...
അമ്മയെ
വീട്ടിലേക്കു
കൊണ്ടു പോകുമെന്ന്...
°°°°°°°°°°°°°°°°°°°°°
Sai Sankar
സായ് ശങ്കർ, മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo