Slider

നാൻ പെറ്റ മകനേ, എൻ രാസാ

0
Image may contain: sky and outdoor

ഇത്‌ ദുബായിയിൽ ഞാൻ ജോലി ചെയ്യുന്ന കെട്ടിടത്തിന്റെ പതിനൊന്നാം നിലയിൽ നിന്നുള്ള ഒരു കാഴ്ചയാണു. ഇത്രയും ഉയരത്തിൽ നിന്നുള്ള ഈ ചിത്രം സൂം ചെയ്ത്‌ ശ്രദ്ധിച്ച്‌ നോക്കിയാൽ നിങ്ങൾക്കതിൽ ഒരു അത്ഭുതം കാണാം.
45-50 നു ഇടയിലാണു ഈ ദിവസങ്ങളിൽ ദുബായിയിലെ പകൽസമയത്തെ ചൂട്‌. പുറത്ത്‌ ജോലി ചെയ്യുന്നവർക്ക്‌ ഈ ചൂടിൽ നിന്ന് രക്ഷക്ക്‌ വേണ്ടി കർശ്ശന “ഉച്ചവിശ്രമ നിയമം” നടപ്പിലാക്കിയിട്ടുണ്ട്‌ യു.എ.ഇ. നടപ്പിലാക്കി എന്ന് മാത്രമല്ല അത്‌ കൃത്യമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പ്‌ വരുത്തുന്നതിനു കൃത്യമായ പരിശോധനയും പുറംജോലി നടക്കുന്ന സൈറ്റുകളിൽ നിത്യകാഴ്ചയാണു.
(‌ ചിത്രം കണ്ടവർക്ക്‌)
ഈ കൊടും ചൂടിൽ ഇത്രയും വലിയ കെട്ടിടത്തിന്റെ പുറം ചുമരിൽ ഈ അമ്മക്കിളി കൂടുണ്ടാക്കിയിരിക്കുന്നത്‌ ചുള്ളിക്കമ്പുകൾ കൊണ്ടല്ലെന്ന് സൂക്ഷിച്ച്‌ നോക്കിയാൽ മനസ്സിലാകും. പണിസ്ഥലങ്ങളിൽ കോൺഗ്രീറ്റിനും മറ്റും ഉപയോഗിക്കുന്ന കനം കുറഞ്ഞ കമ്പികൾ കൊണ്ടാണു ആ കൂട്‌ ഉണ്ടാക്കിയിരിക്കുന്നത്‌.
40 ഡിഗ്രിക്ക്‌ മേലെ ചൂടിൽ, ചുട്ട്‌ പഴുത്ത ഇരുമ്പ്‌ കമ്പികൾക്ക്‌ മുകളിൽ തന്റെ ജീവനുരുക്കി അടയിരുന്ന്, ഈ മുട്ട വിരിഞ്ഞ് പുറത്ത്‌ വരുന്ന ‌ തന്റെ കുഞ്ഞിനെ കാണാൻ ആറ്റു നോറ്റിരിക്കുന്ന ഒരമ്മക്കിളി.
ഇടക്കിടക്ക്‌ കുഞ്ഞു കൊക്കിലൊതുങ്ങുന്ന വെള്ളവും ഭക്ഷണവുമായി കിലോമീറ്ററുകൾ പറന്ന് തന്റെ കുടുംബത്തിനെ ഊട്ടുന്ന ഒരു ആൺ കിളിയും..
കണ്ണെന്നും കരളെന്നും ‌ കരുതി ഉദരത്തിലൊരു കുഞ്ഞു നോവിന്റെ അനക്കം അറിയുന്നത്‌ മുതൽ സ്വന്തം കുഞ്ഞിനു വേണ്ടി ജീവനുരുക്കുന്ന അമ്മമാർ.
ഏറ്റവും വലിയ നോവിനെ ജീവിതത്തിന്റെ, പെൺജന്മത്തിന്റെ സായൂജ്യമായി അനുഭവിക്കുന്നവൾ അമ്മ.
ആ അമ്മയുടെ കണ്ണിൽ ഒരിക്കലും വറ്റാത്ത കണ്ണീരാക്കി എന്തിനീ മക്കളെ നിങ്ങൾ കൊല്ലുന്നു?
അവളുടെ ഹൃദയത്തിലൊരിക്കലുമുണങ്ങാത്ത മുറിവാക്കി നിങ്ങളെന്തിനീ മക്കളെ അവളിൽ നിന്നകറ്റുന്നു?
തന്റെ മക്കളുടെ വരവും കാത്ത്‌ വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരമ്മയ്ക്കും ചേതനയില്ലാത്ത വർണ്ണ തുണികളിൽ പൊതിഞ്ഞ സ്വന്തം മക്കളെ കാണാനിട വരാതിരിക്കട്ടെ.
മതാന്ധതയും രാഷ്ട്രീയ തിമിരവുമല്ല മാനവസാഹോദര്യവും ഏകതാബോധവും നമ്മെ നയിക്കട്ടെ.


✍️ഷാജി എരുവട്ടി..
https://www.facebook.com/shaji.eruvatty
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo