Slider

കുടുംബം

0
Image may contain: 1 person, beard, eyeglasses and closeup

കാലത്ത് എത്ര മണിയുടെ വണ്ടിക്കാ മോളേ നിങ്ങൾ പോവുന്നത്?”
ആസ്യ മരുമകൾ സറീനയോട് ചോദിച്ചു.
“വണ്ടി ആറരക്കാണുമ്മാ,ഇവിടെന്ന് അഞ്ചേമുക്കാലിന് പുറപ്പെടണം,
സ്റ്റേഷനിലേക്ക് ഇരുപത് മിനിറ്റെങ്കിലും
വേണമല്ലൊ”...
ആസ്യയുടെ മകൻ റൗഫിന്റെ ഭാര്യയാണ് സറീന.
റൗഫ് ആസ്യയുടേയും,അലവിയുടേയും ഏക മകൻ.
ആസ്യയും,അലവിയും
മകൻ റൗഫും,ഭാര്യ സറീനയും,അവരുടെ മക്കൾ ഏഴു വയസ്സുള്ള ഹസ്സനും,മൂന്നു വയസ്സുള്ള ഹാഷിമും
ഇതാണവരുടെ കുടുംബം.
റൗഫ് ടൗണിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഷോപ്പ് നടത്തുന്നു.
രാവിലെ കട തുറന്നാൽ പിന്നെ രാത്രി വരെ റൗഫ് കടയിൽ തന്നെയാ.
ചില ദിവസ്സങ്ങളിൽ മാത്രമേ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ പോലും വീട്ടിലേക്ക് പോകാറുള്ളൂ..
ഞായറാഴ്ച അവധിയാണ് പക്ഷെ;ഒന്നിനും സമയം തികയുന്നില്ല റൗഫിന്.
ഭാര്യ വീട്ടിൽ പോകാതെ കുറേ നാളുകളായി.
സറീനയോട് പോയി ഒരാഴ്ച നിന്നോളാൻ റൗഫ് തന്നെയാ പറഞ്ഞത്.
സറീനാക്ക് വലിയ സമ്മതമൊന്നും ഉണ്ടായിരുന്നില്ല.
ഉപ്പയുടേയും,ഉമ്മയുടെയും മരുന്നും, ഭക്ഷണങ്ങളും പിന്നെ നിങ്ങളുടെ കാര്യങ്ങളും എന്ത് ചെയ്യുമെന്ന അവളുടെ ചോദ്യത്തിന്.
റൗഫ് തമാശ രൂപേണ ഒരുത്തരം പറഞ്ഞു,
“അത് ശരി ഇനിയിപ്പോൾ നീ ഇല്ലെങ്കിലും ഞങ്ങൾക്ക് ജീവിക്കേണ്ടേ?!”...
റൗഫ് തമാശയ്ക്ക് പറഞ്ഞതാണെങ്കിലും സറീനാക്ക് ആ വാക്ക് മനസ്സിൽ ചെറിയ ഒരു വിഷമം ഉണ്ടാക്കി.
അവൾ എന്തോ ഒരു ഉറച്ച തീരുമാനമെടുത്തത് പോലെ പറഞ്ഞു,
“ശരി,ഏതായാലും നിങ്ങൾ പറഞ്ഞതല്ലെ,
ഞാനും,മക്കളും ഒരാഴ്ച എന്റെ വീട്ടിൽ പോയി നിൽകാം.”
“എന്റെ ഉമ്മാക്ക് അത് ഏറെ സന്തോഷവുമാകും”..
“ഉപ്പ മരിച്ച സമയത്താണ് ഇതിന് മുമ്പ് എന്റെ വീട്ടിൽ പോയി നിന്നത്,”
“അതും നാലു ദിവസ്സമേ നിന്നിട്ടുള്ളൂ..”
“അതിനു ശേഷം കുറച്ചു നാൾ ഇടക്കിടക്ക് പോയി വരാറുണ്ടായിരുന്നെങ്കിലും,
കാലത്ത് പോയാൽ വൈകുന്നേരത്തിനു മുമ്പ് തിരിച്ചെത്തുമായിരുന്നു”..
“ഇപ്പോൾ തീരെ പോകാതെ തന്നെ ആറുമാസത്തിൽ കൂടുതലായി”
റൗഫ് കടയിൽ നിന്നും വന്നപ്പോൾ
സറീനയുടെ ഒരുക്കം കണ്ട് ചോദിച്ചു,
“നിന്റെ ഒരുക്കം കണ്ടാൽ ഒരു മാസമെങ്കിലും നിൽക്കാൻ പോകുന്നത് പോലെ ഉണ്ടല്ലൊ?!”
“നിങ്ങള് സമ്മതിക്കുകയാണെങ്കിൽ ഞാൻ റെഡി,"
“പക്ഷെ;സ്കൂളും മദ്രസ്സയും തുറക്കാൻ ഇനി പത്ത് ദിവസ്സമല്ലേ ഉള്ളൂ..
അതാണ് പ്രശ്നം”.
കാലത്ത് അവർ യാത്രയായ്.
ഒരാഴ്ചത്തേക്കാണ് പോകുന്നതെങ്കിലും,
ഉമ്മയും,ഉപ്പയും വളരെ വിഷമത്തോടെയാണ് അവളെ യാത്രയാക്കിയത്.
യാത്ര പറഞ്ഞിറങ്ങുമ്പോൾ എല്ലാവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു.
റെയിൽവേ സ്റ്റേഷനിലേക്ക് അവരെ കൊണ്ട് പോയി.
ട്രെയിൻ പുറപ്പെട്ടതിനു ശേഷമാണ്
റൗഫ് തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടത്.
വീട്ടിലേക്കുള്ള വഴിയിൽ ഉഡുപ്പി‌ റെസ്റ്റോറന്റ് കണ്ട റൗഫ് അവിടെ കാർ നിർത്തി ഇറങ്ങി.
ചിന്തിച്ചു,
ഇനി ഇപ്പോൾ പോയിട്ട് എന്ത് ഭക്ഷണം ഉണ്ടാക്കാനാ ഇവിടെന്ന് തന്നെ മശാലദോശയും മറ്റും വാങ്ങിക്കാം.
രണ്ട് മസാല ദോശയും,ഒരു സെറ്റ് ഇഡ്ഡലിയും പാർസൽ ഓർഡർ ചെയ്തു വാങ്ങി.
വീട്ടിലെത്തി ഉമ്മയോട് ചോദിച്ചു,
"ഞാൻ ചായ ഉണ്ടാക്കാം,ഉപ്പാക്ക് പഞ്ചസാര വേണ്ടല്ലൊ,
ഉമ്മാക്ക് എത്രയിടണം, ഒരു സ്പൂൺ മതിയോ?”
ഉമ്മ പറഞ്ഞു,
“എനിക്കെവിടെന്നാ മോനെ പഞ്ചസാരയുടെ അളവ് അറിയുന്നത്,എന്റെ മോള് അവളല്ലെ ചായ ഉണ്ടാക്കുന്നത്..”
“ഇത് വരെ അവൾ ചോദിച്ചിട്ടുമില്ല
ഞാൻ പറഞ്ഞിട്ടുമില്ല”
“ശരി,ചായ ഉണ്ടാക്കി പഞ്ചസാര വേറെ കൊണ്ട് വരാം,ഉമ്മ ആവശ്യത്തിന് ഇട്ടോളു”
“ശരി മോനേ..”
ഉമ്മ സമ്മതിച്ചു.
റൗഫ് മൂന്ന് പേർക്കും ചായ ഉണ്ടാക്കി.
ഹോട്ടലിൽ നിന്നും കൊണ്ട് വന്ന ഭക്ഷണം മേശപ്പുറത്ത് എടുത്ത് വെച്ചു.
ഉമ്മയെയും,ഉപ്പയേയും വിളിച്ചു.
അവർ വന്നിരുന്നു.
ഭക്ഷണം തുറന്നു നോക്കി ഉമ്മ പറഞ്ഞു,
“എന്തിനാ മോനെ..ഇത് കൊണ്ട് വന്നത്?!”
“പുളിച്ച മാവ് കൊണ്ടുണ്ടാക്കിയതും,
പോരാഞ്ഞിട്ട്,ഉരുളക്കിഴങ്ങിന്റെ മസാലയും ഞങ്ങൾക്ക് രണ്ട് പേർക്കും കഴിക്കാൻ പാടില്ലല്ലോ
ഇത്!!”
അത് കേട്ട റൗഫ് വല്ലാതെ സങ്കടത്തിലായി.
“എനിക്കറിയില്ലായിരുന്നു ഉമ്മാ..”
“വേറെ എന്താണ് ഇപ്പോൾ ഉണ്ടാക്കുക?..”
ഇതിനിടയിൽ കുറച്ച് ചായ കുടിച്ചു നോക്കിയ ഉപ്പ പറഞ്ഞു,
“നീ എന്തിനാ ചായപ്പൊടി‌ ഇത്രയധികം ഇട്ടത്,
ഈ ചായ ഭയങ്കരം കടുപ്പമായി”..
“മോൻ വിഷമിക്കണ്ട...
“ നീ ഇത് കഴിച്ച് പോയ്ക്കോ..
ഇവിടെ പത്തിരിയുടെ പൊടി കാണും,
അത് കുഴച്ച് ഞങ്ങൾക്ക് രണ്ടാൾക്കും
പത്തിരി ഞാൻ ചുട്ടോളാം"...
“അപ്പോൾ കറിയോ ഉമ്മാ?”
“അത് സാരമില്ല..”
ഉമ്മ മകനെ സമാധാനിപ്പിച്ചു.
അവൻ കഴിച്ചെന്ന് വരുത്തി,
കൈ കഴുകുന്നതിനിടയിലാണ്
ഉപ്പ പറഞ്ഞത്,“നീ പോകുന്നതിന്ന്
മുമ്പ് എന്റെ ഗുളികകൾ എടുത്ത്
തരാൻ മറന്നേക്കരുത്”...
റൗഫ് എന്ത് മറുപടി പറയണമെന്നറിയാതെ വന്ന് കസേരയിലിരുന്നു.
അത് കണ്ട ഉമ്മ ചോദിച്ചു,
“എന്ത് പറ്റി മോനേ..!?”
റൗഫ് പറഞ്ഞു,
“എനിക്കറിയില്ലല്ലൊ.. ഉമ്മാ.. ഉപ്പയുടെയും,
ഉമ്മയുടെയും ഏതൊക്കെയാ ഗുളികയെന്നും, അതെത്രയാണെന്നും”...
ഉമ്മ പറഞ്ഞു,
“എന്റേത് എനിക്ക് ഒരു വിധം അറിയാം..”
“ഉപ്പയുടേത് നിറവും വലുപ്പവും നോക്കി
അറിയുമോന്ന് നോക്കട്ടെ..”
“അവളല്ലെ,എല്ലാം എടുത്ത് തരുന്നത്
ഞങ്ങളെ കൈ കൊണ്ട് തൊടീക്കില്ല”..
“അതൊക്കെ ഞാൻ ചെയ്തോളാമെന്ന് പറയും അവൾ”.
റൗഫ് പറഞ്ഞു,
“ഇന്നലെ രാത്രി അവൾ എന്നോട് പറഞ്ഞതാ ഉമ്മാ..,
ഉമ്മാന്റെയും,ഉപ്പാന്റെയും ഗുളിക ഞാൻ കാണിച്ചു തരാം അത് മുടങ്ങാതെ കൊടുക്കണമെന്ന്”...
“ഞാനാ പറഞ്ഞെ..
അതൊക്കെ ഞാൻ നോക്കിക്കൊടുത്തോളാമെന്ന്..”
റൗഫ് കടയിലേക്ക് പുറപ്പെടുന്നതിന്ന് മുമ്പ്
വീണ്ടും ഉമ്മയോട് ചോദിച്ചു,
“ഉച്ചക്കേക്ക് എന്താ ഉമ്മാ.. ഉണ്ടാക്കുന്നത്?”..
“നീ ഒന്നും ഉണ്ടാക്കാനൊന്നും നിക്കണ്ട..”
“ഞാൻ ഞങ്ങൾക്ക് എന്തെങ്കിലും കഞ്ഞിയോ മറ്റോ ഉണ്ടാക്കിക്കോളും”
ഉമ്മ പറഞ്ഞു
റൗഫിന് ഭാര്യയുടെ വിലയും നിലയും മനസ്സിലാക്കിക്കൊടുത്ത മണിക്കൂറുകളായിരുന്നു
കടന്ന് പോയത്
അവൻ ഓർത്തു വെറുതെ ഓരോ കാരണങ്ങൾ പറഞ്ഞ് അവളെ വഴക്ക് പറയും
എന്നിട്ട് സ്ഥിരം ചോദിക്കുന്ന ഒരു‌ ചോദ്യമുണ്ട്,
“നിനക്കെന്താ ഈ വീട്ടിൽ അത്രയ്ക്ക് ജോലി ഉള്ളത്"?
“നീ എന്താ ഇവിടെ മല മറിക്കുകയാണോ”
അപ്പോഴും പുഞ്ചിരിച്ച് കൊണ്ട്
സറീന പറയും
“ഒരു ജോലിയും ഇല്ല,
ഞാൻ വെറുതെ ഇരിക്കുകയല്ലെ ഇവിടെ"..
കടയിലെത്തിയ റൗഫിന് ഒന്നിലും ഒരു ഉൽസാഹവും തോന്നിയില്ല..
രാത്രി എന്താണ് ഉമ്മാക്കും ഉപ്പാക്കും
ഉണ്ടാക്കുക...
രാത്രിയിലെ ഉപ്പാന്റെ ഏതൊക്കെയാ ഗുളികകളെന്ന് എങ്ങിനെയാ അറിയുക!
റൗഫ് ഒരു തീരുമാനമെടുത്തു,
ഏതായാലും അവളെ ഒന്ന് വിളിച്ചു നോക്കാം.
രാവിലെ
എട്ട് മണിയാകുമ്പോഴേക്കും അവൾ വീട്ടിലെത്തിക്കാണും,
ഇപ്പോൾ പത്ത് മണി കഴിഞ്ഞല്ലൊ.
റൗഫ് സറീനാക്ക് ഫോൺ ചെയ്തു
ഫോൺ കിട്ടുന്നില്ല,
റെയ്ഞ്ച് ഇല്ല ,എന്ന ഉത്തരമാണ്.
അവളുടെ ഉമ്മയുടെ ഫോണിൽ വിളിച്ചു നോക്കി അത് സ്വിച്ച് ഓഫാണ്.
വൈകുന്നേരം വരെ അതേ നിലയിലായിരുന്നു രണ്ട് ഫോണും.
രാത്രിയും എന്തെങ്കിലും ഹോട്ടലിൽ നിന്നും വാങ്ങാമെന്ന് അവൻ തീരുമാനിച്ചു.
രാത്രി കടയടച്ചു.
ഹോട്ടലിൽ നിന്ന് ഭക്ഷണം പാർസൽ വാങ്ങി,
അവൻ ഒന്ന് കൂടി റസീനാന്റെ ഫോണിലേക്ക് വിളിച്ചു നോക്കി,
ഇപ്രാവശ്യം ഫോൺ റിങ്ങ് ചെയ്യുന്നു,
പക്ഷെ ഫോൺ എടുക്കുന്നില്ല.
അവന് ദേഷ്യവും സങ്കടവും തോന്നി.
രാത്രി വീട്ടിലേക്ക് എത്തിയ റൗഫ്
കോളിങ്ങ് ബെൽ അടിച്ചു
ഉമ്മയാണ് വാതിൽ തുറന്നത്,
ഉമ്മയോടായ് അവൻ പറഞ്ഞു,
“വീട്ടിലെത്തിയാൽ അവൾക്ക് പിന്നാരെയും വേണ്ടല്ലൊ?!"..
“എത്ര ഫോൺ ചെയ്തിട്ടും അവളെ കിട്ടിയില്ല..”
“എന്നാൽ, അവൾക്ക് ഒന്ന് ഇങ്ങോട്ട് വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചൂടെ?!”
“എവിടെ വിളിക്കാൻ,അവൾക്കെന്താ?"...
ഉമ്മ മറുപടി ഒന്നും പറഞ്ഞില്ല.
അവനും ഒന്നും പറയാതെ അകത്തേക്ക് പോയി.
കുളിക്കാനായി ബാത്ത് റൂമിൽ കയറി.
കുളി കളിഞ്ഞ്‌ വന്ന അവൻ വെറുതെ എന്തോ ആലോചിച്ചു കിടന്നു.
അറിയാതെ മയങ്ങിപ്പോയി
ഉമ്മയുടെ ശബദം കേട്ട്
അവൻ വാതിലിനടുത്തെത്തി
അൽഭുതത്തോടെ ഉമ്മ
ചോദിക്കുന്നത് കേട്ടു
“എന്താ മോളേ ഇത് ഈ നേരത്ത്?!!”
“ആരുടെ കൂടെയാ വന്നത്?!!”
“ഒറ്റയ്ക്കാ ഉമ്മാ..,”
“റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ കിട്ടി അതാ ഇക്കാനെ വിളിക്കാതിരുന്നത്..”
“ഇക്കാ എവിടെ ഉമ്മാ..”?
“അകത്തുണ്ട് മോളെ”
“അല്ല മോളേ, ഒരാഴ്ച കഴിഞ്ഞേ വരുന്നുള്ളൂ എന്ന് പറഞ്ഞിട്ട്,
മോള്?!!”
“എനിക്ക്,ഒരാഴ്ചയൊക്കെ അവിടെ
നിക്കാൻ പറ്റുമെന്ന് ഉമ്മാക്ക് തോന്നുന്നുണ്ടോ..?”..
“ഉപ്പാക്ക് ഫോൺ ചെയ്ത് ഇവിടത്തെ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴേ,ഞാൻ എന്റെ ഉമ്മയോട് പറഞ്ഞതാ,
രാത്രിയുടെ ട്രെയിനിന് തിരിച്ചു പോകുന്നു എന്ന്”
“ഉമ്മയോട് ഇവിടത്തെ ഭക്ഷണ ത്തിന്റെയും മരുന്നിന്റെയുമൊക്കെ കാര്യങ്ങൾ ഞാൻ പറഞ്ഞു”..
“ഉമ്മ പറഞ്ഞു,“ശരി നീ പോയ്ക്കോ
ഒരാഴ്ച കഴിഞ്ഞ് ഞാൻ അങ്ങോട്ട് വരാം എന്നിട്ട് ഞാൻ ഒരാഴ്ച നിക്കാം അവിടെ.. എന്ന്”
റസീനയേയും കുട്ടികളേയും കണ്ട അവൻ ആശ്ചര്യപ്പെട്ടു,
ദേഷ്യത്തോടെ ചോദിച്ചു,
“നിനക്ക് എന്താ ആ ഫോൺ എടുത്താല്..?;”
“ഒന്നുകിൽ ഔട്ട് ഓഫ് റെയ്ഞ്ച്.. അല്ലെങ്കിൽ,ഫോൺ എടുക്കില്ല..”
“ഇക്കാക്ക് അറിയുന്നതല്ലെ അവിടെ എന്റെ വീട്ടിൽ റെയ്ഞ്ച് കുറവാണെന്ന്..”
“ഇക്ക രാത്രി വിളിച്ചപ്പോൾ ഞങ്ങൾ ട്രെയിനിലായിരുന്നു അത് കൊണ്ട് കേട്ടില്ല..
ഇപ്പോഴാ മിസ്സ് കോൾ ശ്രദ്ധിച്ചത്”
റൗഫ് ചെറുതായൊന്ന് തണുത്തു
വീണ്ടും ചോദിച്ചു,
“എന്ത് പറ്റി..ഒരാഴ്ച നിക്കാൻ പോയ ആള് രാത്രിയാകുമ്പോഴേക്കും തിരിച്ചെത്തിയത്?!”
“എനിക്കറിയാം നിനക്ക് ഇവിടം വിട്ട് അങ്ങിനെ നിക്കാനൊന്നും പറ്റില്ലാന്ന്”
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു,
“സത്യമാ എനിക്ക് എന്റെ ഉപ്പാനെയും, ഉമ്മാനെയും വിട്ട് നിക്കാൻ സാധിക്കില്ല..”
മോബൈൽ റിങ്ങ് ടോൺ
ശബ്ദം കേട്ട് അവൻ ഞെട്ടിയുണർന്നു.
താൻ കണ്ടതൊക്കെ വെറും സ്വപ്നമയിരുന്നു എന്ന് അവന് അപ്പോഴാണ് മനസ്സിലായത്.
ഫോൺ ശബ്ദം നിർത്താതെ അടിക്കുകയായിരുന്നു.
അങ്ങേത്തലക്കൽ അവന്റെ റെഡിമെയ്ഡ് കടക്ക് തൊട്ടടുത്തുള്ള
ടൈലർ കടയുടമ രാജേഷ്.
“ഞാൻ രാജേഷാ റൗഫേ..,”
“മനസ്സിലായി എന്ത് പറ്റി രാജേഷ്?..”
“നിങ്ങളുടെ ഭാര്യയും കുട്ടികളും അവരുടെ വീട്ടിൽ പോയിരിക്കയായിരുന്നോ?”
“അതെ എന്ത് പറ്റി!?”
“എന്നിട്ട് തിരിച്ച് വീട്ടിലെത്തിയോ?”
“ഇല്ല,അവർ ഒരാഴ്ച കഴിഞ്ഞേ‌ വരുകയുള്ളൂ”...
“എന്താ,രാജേഷ് കാര്യം പറ!?”
“അല്ല,റൗഫ് എന്റെ പെങ്ങൾ മാലതി
ഇപ്പോൾ വിളിച്ചിരുന്നു,”
“മാലതി കല്ല്യാണം കഴിഞ്ഞ് പോയിരിക്കുന്നത് നിങ്ങളുടെ ഭാര്യ വീടിനടുത്താണല്ലൊ"
“അവൾ ഇവിടെ നിന്നും തിരിച്ച് അവളും, മകനും ഭർത്താവിന്റെ വീട്ടിലേക്ക് പോയപ്പോൾ അവിടത്തെ ബസ് സ്റ്റാൻഡിൽ,
അവർ നിങ്ങളുടെ ഭാര്യയേയും കുട്ടികളേയും കണ്ടിരുന്നുവത്രെ..”
“അവർ ഇങ്ങോട്ട് വരാനുള്ള ബസ്സ് കാത്ത് നിൽക്കുകയായിരുന്നുവത്രെ”
“എന്നിട്ട്?!..”
“ഇപ്പോൾ ന്യൂസ് കേൾക്കുന്നു,
രാത്രി അവസാനമായി പുറപ്പെടുന്ന
കെ എസ്‌ ആർ ടി സി ബസ്സ്, നമ്മുടെ ബസ്സ്റ്റാൻഡിനടുത്തുള്ള ഹൈവേയിൽ വെച്ച് ഒരു
ലോറിയുമായി കൂട്ടിമുട്ടി അപകടത്തിൽ പെട്ടു എന്ന്”
“അവൾക്ക് സംശയം ആ ബസ്സിൽ റൗഫിന്റെ ഭാര്യയും കുട്ടികളും
ഉണ്ടായിരുന്നോ എന്ന്”
അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി,
തല കറങ്ങുന്നത് പോലെ തോന്നി,
കട്ടിലിൽ ഇരുന്നു അവൻ,
പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത്, ഷർട്ടെടുത്തിട്ടു.
“ഞാനിപ്പോൾ വരാം ഉമ്മാ”
എന്ന് പറഞ്ഞ് ഓടി അവൻ.
ഉമ്മ പിന്നിൽ നിന്നും,“എന്ത് പറ്റി മോനേ..?”
“ഒന്ന് പറഞ്ഞിട്ട് പോ മോനേ”
എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു
ബസ്സ് അപകടം സംഭവിച്ച സ്ഥലത്ത് എത്തി,
വല്ലാത്ത ഒരു കാഴ്ചയായിരുന്നു അവിടെ,
മുൻ ഭാഗം മുതൽ പകുതിയോളം
ആകെ തകർന്ന ബസ്സ്,
ബസ്സിനകത്തും റോഡുകളിലും ചോര തളം കെട്ടി നിൽക്കുന്നു.
ജനങ്ങൾ രക്ഷാ പ്രവർത്തനം നടത്തി
പലരേയും ആശുപത്രിയിലെത്തിച്ചിരുന്നു.
നാലു പേർ മരണപ്പെട്ടു എന്ന വാർത്തയുമെത്തി.
തിരക്കിൽ മോബൈൽ ഫോൺ വീട്ടിൽ മറന്നു വെച്ച കാര്യം അപ്പോഴാണ് റൗഫ് ഓർത്തത്.
മറ്റൊരാളിൽ നിന്നും ഫോൺ വാങ്ങി അവൻ അവളെ വിളിച്ചു നോക്കി,
കിട്ടിയില്ല സ്വിച്ച് ഓഫാണ്.
അവളുടെ ഉമ്മയെ വിളിച്ചു,
“എന്താ മോനേ?”
“അവർ അവിടെ എത്തിയോ മോനേ..?”
“അവർ ഇങ്ങോട്ട് വന്നിരുന്നോ ഉമ്മാ?!”
“ഉവ്വ് മോനേ..അവിടെ ഞാനില്ലാതെ ഉപ്പാക്കും ഉമ്മാക്കും ഇക്കാക്കുമൊന്നും
ശരിയാകില്ല ഉമ്മാ...
ഞാനിന്ന് തന്നെ തിരിച്ചു പോകുന്നു".. എന്ന് പറഞ്ഞ് രാത്രി അവസാനത്തെ ബസ്സ് കിട്ടുമെന്ന് പറഞ്ഞ്,
അപ്പുറത്തെ സുബൈറിന്റെ ഓട്ടോ റിക്ഷയിൽ ഇവിടെന്ന് ബസ് സ്റ്റാൻഡിലേക്ക് പോയല്ലൊ..”
“എന്താ മോനേ..!?”
“അവിടെ എത്തിയില്ലെ?!”...
“ഒന്നുമില്ല, ഉമ്മാ ഞാൻ വിളിക്കാം”...
അവൻ അപകടത്തിൽ പെട്ടവരെ പ്രവേശിപ്പിച്ച മൂന്ന് ആശുപത്രികളിലും പോയി നോക്കി,എവിടെയും അവന് സറീനയേയും മക്കളേയും കണ്ടില്ല.
അവസാനം ആരോ അവനെ കൂട്ടിക്കൊണ്ട് പോയി,
ആ നാല് മൃതദേഹങ്ങൾ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു.
അവൻ വീണു പോകാതിരിക്കാൻ
ചുമരിൽ ചാരി നിന്നു,
ഒരോ മൃതദേഹത്തിന്റെയും മുഖം തുറന്നു കാട്ടി അവൻ ഒരു നോക്ക് നോക്കി
നെടു വീർപ്പിട്ടു.
ഇല്ല അതിലും അവർ ഇല്ല,
അവന് കുറച്ചു ആശ്വാസം തോന്നി.
ആരോ നൽകിയ വെള്ളം അവൻ അവിടെ നിന്ന് കുടിച്ചു തിർത്തു.
വീട്ടിൽ ചെന്ന് ഫോണും,മണിപേർഴ്സും മറ്റും എടുത്ത് വരാം
ഒന്ന് കൂടി അന്വേഷിക്കാമെന്ന തീരുമാനത്തൊടെ അവൻ വീട്ടിലേക്ക് പോയി.
വീടിന്റെ വാതിൽ തുറന്നു കിടക്കുന്നു
വീട്ടിൽ കുറെ ആളുകൾ ഉള്ളത് പോലെ
അയൽ വീടുകളിലെ ആളുകളാണത്.
അവന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി
വീടിനകത്തേക്ക് ഓടിക്കയറി
“ഉപ്പാ..”
എന്ന് വിളിച്ച് മകൻ ഹസ്സൻ അവന്റെ അടുത്തേക്ക് ഓടി വന്നു.
ഉമ്മയുടെ അടുത്ത് അതാ സറീനായും, ഹാഷിമും.
ആളുകളോട് അവൾ അപകട വിവരങ്ങൾ വിവരിക്കുന്നു.
“നിന്നോട് ആരാ ഇന്ന് വരാൻ പറഞ്ഞെ?!”
“ഒരാഴ്ച കഴിഞ്ഞേ വരുന്നുള്ളൂ..
എന്ന് പറഞ്ഞിട്ട്?!”
”ഓടി വന്നിരിക്കുന്നു,
മനുഷ്യനെ തീ തീറ്റിക്കാനായ്”...
“ഫോണും ഓഫ് ചെയ്ത് വെച്ചിരിക്കുന്നു”
അവൻ സങ്കടവും ദേഷ്യവും കൊണ്ട് പൊട്ടിത്തെറിച്ചു.
“അതിക്കാ ചാർജ് തീർന്ന് പോയതാ..”
“നീ ഒന്ന് മിണ്ടാതെ ഇരുന്നേ എന്റെ റൗഫേ...”
“എന്റെ മക്കൾക്ക് ഒന്നും സംഭവിക്കാതെ
ഇവിടെ എത്തിയല്ലൊ..”
“അത് തന്നെ ഒരു ഭാഗ്യമല്ലെ?”
“എല്ലാർക്കും എന്തെങ്കിലും ചെറിയ പരുക്കുകൾ ഉണ്ടത്രെ...,
ഒരു പോറലുമേൽക്കാതെ
എത്തിയത് എന്റെ മക്കൾ മാത്രമാ”..
ഉമ്മ അവനെ സമാധാനിപ്പിച്ചു
അവൻ മുറിയിലേക്ക് കയറിപ്പോയി
പിന്നാലെ അവളും കയറി
അവിടെ കൊച്ചു കുഞ്ഞിനെ പ്പോലെ പൊട്ടിക്കരയുന്ന ഭർത്താവിനെക്കണ്ട്
അവൾക്കും സഹിക്കാനായില്ല,
അവളും തേങ്ങിക്കരഞ്ഞു.

Hanif
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo