Slider

യക്ഷി..

0
Image may contain: one or more people and closeup

ഇലഞ്ഞിമരത്തിന്റെ ചില്ലയിൽ നിന്നും ഇലഞ്ഞിപ്പൂവ് മെല്ലെ വട്ടം കറങ്ങി.. ഭൂമിയിലേക്ക്‌ പറന്നിറങ്ങി.. അടിയിൽ കിടക്കുന്ന എന്റെ ചുണ്ടിൽ...
"എന്നെ പറ്റിക്കണ്ട ട്ടോ.. എനിക്ക് വേണ്ട..ഇതൊന്നും നേരിട്ട് എന്റെ ചുണ്ടിൽ തരാൻ പറ്റുമെങ്കിൽ മതി "
ഇലഞ്ഞി മരം ഒന്നിളകി.. കുലുങ്ങി ചിരിച്ചപോലെ..
ഞാൻ പിണങ്ങിയപോലെ കണ്ണടച്ചു കിടന്നു
ഇലഞ്ഞി മരം ഒന്നുകുലുങ്ങി.. ഇലഞ്ഞി പൂക്കൾ.. താഴേക്കു പതിച്ചു.. പൂ മഴ തന്നെ..
ശരീരം മുഴുവൻ. ഇലഞ്ഞിപൂക്കൾ.. ഇലഞ്ഞിപൂക്കളുടെ സൗരഭ്യം.. ചുറ്റിലും
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇലഞ്ഞി പൂക്കൾ.
ഞാൻ കണ്ണ് തുറന്നു.. " ഇതൊന്നും വേണ്ട ഞാൻ പോവാണ്.. ഇവിടെ നിന്ന് ഇനി പറഞ്ഞാൽ ആളുകൾ ഭ്രാന്താണെന്ന് പറയും.. "
"പിന്നെ.. യക്ഷി കാവിൽ വരുന്ന പരിപാടി ഞാൻ നിർത്തി ഇനി എന്നെ കാണണം എന്നുണ്ടെകിൽ വീട്ടിലേക്ക് വാ "
ഞാൻ മെല്ലെ എഴുനേറ്റ് നടന്നു..
ഇതൊരു പ്രണയമാണ്.. ആരും വിശ്വസിക്കാത്ത പ്രണയം.. ഒരു വർഷം മുൻപാണ് അച്ഛൻ മൂത്തേടം ഇല്ലം വാങ്ങിക്കുന്നത്...ചുളു വിലക്ക് കിട്ടിയപ്പോൾ വാങ്ങി.. അത്രയേ അറിയൂ
ഇല്ലം സ്വന്തം ആയെങ്കിലും ആരും താമസിച്ചില്ല. ഞാൻ ഇടക്ക് വന്നു നിൽക്കും.
അതിനോട് ചേർന്നാണ് യക്ഷികാവ്..പണ്ടൊക്കെ അവിടെ വിളക്ക് വെക്കുമായിരുന്നു.
ഒരിക്കൽ ഞാൻ അവിടം വൃത്തിയാക്കി..അപ്പോൾ ഒരാഗ്രഹം വിളക്ക് വെക്കാമെന്ന്.. ഞാൻ വിളക്ക് കൊളുത്തി തിരിഞ്ഞപ്പോൾ.. എന്റെ ചുറ്റും കാറ്റ്..എനിക്കോ കത്തിച്ച വിളക്കിനോ.. ഒന്നും സംഭവിച്ചില്ല..അപ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത്..
ഞാൻ വന്ന വഴിയിൽ.. പരവതാനി പോലെ പച്ചിലകൾ.. കിടക്കുന്നു..ഞാൻ ഇല്ലത്തു നിന്നും നഗ്നപാദനയാണ് വന്നത്.. വരുന്ന വഴി കാല് കല്ലിൽ തട്ടിയപ്പോൾ...വിഷമിച്ചിരുന്നു. ഇത് ആരോ കണ്ടപോലെ.. എനിക്ക് വേണ്ടി ചെയ്തപോലെ തോന്നി..
അന്ന് ഞാൻ കുറെ ആലോചിച്ചു.. പിന്നെ തോന്നി അത് യാദൃശ്ചികം ആയിരിക്കുമെന്ന്
അടുത്ത വരവിലാണ്. ഞാൻ അവളെ കാണുന്നത്.
അന്ന് രാത്രി...
ഞാൻ ഇല്ലത്തെ. ചാരുപടിയിൽ പാട്ട് കേട്ട് കിടക്കുകയായിരുന്നു..എന്തോ ശബ്ദം കേട്ട് ഞാൻ കണ്ണ് തുറന്നു. കണ്ണ് തുറന്നു നോക്കിയപ്പോൾ.. പ്രകൃതിയിൽ എന്തോ മാറ്റം പോലെ.. ഇലകൾ പോലും അനങ്ങുന്നില്ല.
ഞാൻ മെല്ലെ മുറ്റത്തേക്ക് ഇറങ്ങി. അപ്പോഴാണ് കാവിൽ ഒരു നില വെളിച്ചം കാണുന്നത്. ഞാൻ മെല്ലെ കാവിലേക്ക് നടന്നു.
നിലത്തു കിടന്നുറങ്ങുന്ന ഇലയിൽ ചവിട്ടി ഞാൻ മെല്ലെ നടന്നു..യക്ഷി തറയുടെ അടുത്തെത്തി.. അവിടെയാകെ നില വെളിച്ചം
ഒരു സ്ത്രി... തിരിഞ്ഞിരിക്കുന്നു.. നിതംബം മറക്കും മുടി..ഇളം കാറ്റിൽ മുടിയിഴകൾ മെല്ലെ പാറികളിക്കുന്നുണ്ട്
ഞാൻ അടുത്തെത്തിയതും അവൾ എഴുനേറ്റു.. മെല്ലെ മുന്നോട്ടു നടന്നു..പിന്നെ ഇരുട്ടിൽ അലിഞ്ഞില്ലാതായായി.
അന്ന് മുതൽ തുടങ്ങിയതാണ് അവളുടെ മുഖം കാണാനുള്ള ശ്രമം..അവൾ കാറ്റായും കുളിരായും എന്നെ തോലോടിയിട്ടുണ്ട്. പക്ഷെ മുന്നിൽ വന്നില്ല.. ഒളിച്ചു കളി കാര്യമായി എന്റെയുള്ളിലും പ്രണയം മൊട്ടിട്ടു.
ഇല്ലത്തെത്തി.. കുളി കഴിഞ്ഞു. ചാരുപടിയിൽ ചെന്നിരുന്നു. സമയം സന്ധ്യയോട് അടുത്തിരിക്കുന്നു..
യക്ഷി കാവിൽ വിളക്ക് വെക്കുന്ന സമയം ആയി.. വല്യ കാര്യത്തിൽ പറഞ്ഞതാണ് അങ്ങോട്ട്‌ വരില്ലെന്ന്.. പക്ഷെ ഉള്ളിൽ എന്തോ പോലെ..
ഞാൻ മെല്ലെ എഴുനേറ്റ് കാവിലേക്ക് നടന്നു.
വിളക്ക് കൊളുത്തി.. ഞാൻ മുകളിലെക്ക് നോക്കി പറഞ്ഞു.
"എനിക്ക് ശരിക്കും സങ്കടം ഉണ്ട് ട്ടോ. വരില്ലെന്ന് വിചാരിച്ചതാണ്. എന്താ ചെയ്യാ ഉള്ളിൽ ഇഷ്ടം ഉണ്ടായിപ്പോയില്ലേ "
'ഞാൻ പോവാണ് "
ഞാൻ തിരിഞ്ഞു നിന്നു.. ഒരു അനക്കവും കേൾക്കുന്നില്ല
പെട്ടന്നാണ്.. ഒരു ശീല്ക്കാരം ഞാൻ കേട്ടത്.. മെല്ലെ തിരിഞ്ഞു നോക്കിയപ്പോൾ.. ഒരു വലിയ കരിമൂർഖൻ.. പത്തി വിടർത്തി നിൽക്കുന്നു
ഞാൻ മെല്ലെ ഒരടി പുറകോട്ടു വെക്കാൻ വേണ്ടി കാല് ഉയർത്താൻ നോക്കിയതും അത് പുറകോട്ടു ആഞ്ഞു.. കാല് അനക്കിയാൽ അത് ദംശിക്കുമെന്ന് ഉറപ്പായി
ഞാൻ ചുറ്റും നോക്കി.. ഒരു വടിയെങ്കിലും കിട്ടിയിരുന്നെങ്കിൽ. ഒന്നും കാണാനില്ല
ഞാൻ മുകളിലെക്ക് നോക്കി"എന്റെ മരണം ആണ്‌ നീ ആഗ്രഹിക്കുന്നെ ശരി കൊന്നോളൂ "
ഞാൻ നോട്ടം പിൻവലിച്ചു. മുന്നോട്ടു കാല് വെച്ചു.. പുറകിൽ നിന്നും അതിന്റെ ആക്രമണം ഞാൻ പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് ഞാൻ കാല് മുന്നോട്ടു വെച്ചത്
ഞാൻ രണ്ടടി മുന്നോട്ടു വെച്ചിട്ടും ഒന്നും സംഭവിച്ചില്ല. ഞാൻ മെല്ലെ വീണ്ടും തിരിഞ്ഞു നോക്കി
ആ കാഴ്ച എന്നെ ശരിക്കും ഞെട്ടിച്ചു..
കരിനാഗത്തെ രണ്ടായി വലിച്ചു കിറി കൊണ്ട് അവൾ നില്കുന്നു.. കണ്ണുകൾ ചുവന്നു.. ദൃംഷ്ടകൾ നീണ്ടു.. നാവുകൾ പുറത്തേക്കു നീട്ടി..
എന്റെ നോട്ടം അവളിൽ പതിച്ചതും.. കണ്ണുകളിലെ തീക്ഷ്ണത മാഞ്ഞു..ദ്രംഷ്ടകൾ അകത്തേക്ക് വലിഞ്ഞു.. മുഖത്തു പുഞ്ചിരി വിടർന്നു.. പാമ്പിനെ നിലത്തേക്കിട്ടു അവൾ വായുവിൽ അലിഞ്ഞു ഇല്ലാതെയായി..
ആദ്യമായി എന്നിൽ ഭയം ജനിച്ചു.. ഞാൻ ഇല്ലത്തേക്ക് ഓടി...
ഓടി മുറിയിൽ കയറി കുറ്റിയിട്ടു...
കിടക്കയിൽ വന്നിരുന്നു. അവളുടെ ആ രൂപം മനസ്സിൽ നിന്നും മായുന്നുണ്ടായിരുന്നില്ല..
പെട്ടന്ന് ജനൽ പാളി..കാറ്റിൽ തുറന്നടഞ്ഞു..
ഞാൻ ബെഡിലെ വിരി എടുത്ത് തലയിൽ കൂടി മുടി..ചുമരിൽ ചാരിയിരുന്നു. ഉള്ളിൽ ഭയമാണോ സങ്കടം ആണോ.. അറിയില്ല
"എന്താ പേടിച്ചോ "
ഞാൻ ശബ്ദം കേട്ട്.. ഞെട്ടി കൊണ്ട് ചാടി എഴുനേറ്റു.. തലയിൽ മൂടിയ വിരി വലിച്ചു നിലത്തേക്കിട്ടു
ഞാൻ ജനലരികിലേക്ക് ചെന്നു..
അതിൽ.. അവളുടെ കൈകൾ ഉണ്ടായിരുന്നു.. ഞാൻ ജനലിന്റെ അടുത്ത് ചെന്നു.. പുറത്തേക്കു നോക്കി.. അവൾ മറഞ്ഞു നിൽക്കുയാണ്.. ഒരു കൈ കൊണ്ട്. ജനലഴിയിൽ പിടിച്ചിട്ടുണ്ട്.
ഞാൻ ഒന്നും മിണ്ടാതെ കട്ടിലിൽ ചെന്നിരുന്നു.. പിന്നെ ഇടം കണ്ണിട്ട്കൊണ്ട്. ആ കൈകൾ നോക്കി.. കൈകൾ അപ്രത്യക്ഷം ആയിരുന്നു.കാണാതെ ആയപ്പോൾ ഞാൻ സൂക്ഷിച്ചു നോക്കി
"ഇങ്ങനെ ഒന്നും നോക്കണ്ട ഞാൻ പുറകിലുണ്ട്
ഞാൻ പുറകോട്ടു നോക്കി.. കാണുന്നില്ല. ഞാൻ തിരിഞ്ഞു..
"അവിടെയല്ല പുറകിൽ.. ഹ ഹ ഹ ".അവളുടെ ചിരി അലകളായി..
അവൾ എന്നെ കളിപ്പിക്കുകയാണെന്ന് എനിക്ക് തോന്നി.
ഞാൻ ദേഷ്യത്തോടെ. മുറിയുടെ വെളിയിലേക്ക് ഇറങ്ങി..
"എന്തിനാ ഇങ്ങനെ ദേഷ്യം പിടിക്കണേ.. ഇത് ഒട്ടും ചേരില്ലാ ട്ടോ "
പിന്നിൽ നിന്നും അവൾ പറഞ്ഞു..
ഞാൻ ഒന്നും മിണ്ടിയില്ല.. ഇതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന മട്ടിൽ കോലായിലെ തൂണിൽ കൈവെച്ചുകൊണ്ടു.. പുറത്തേക്കു നോക്കി.
അവൾ നടന്നു എന്റെ പുറകിലെത്തി . അവളുടെ ചുടു നിശ്വാസം എന്റെ കഴുത്തിലെ നനുത്ത രോമങ്ങളെ ഇക്കിളിപെടുത്തി
"തിരിഞ്ഞു നോക്കണ്ട.. നോക്കിയാൽ ഞാൻ പോകും " അവൾ മുന്നറിയിപ്പ് തന്നു
"എനിക്ക് കാണണം ഇല്ലെങ്കിൽ ഞാൻ മിണ്ടില്ല ഒരിക്കലും "
"എന്നെ ഇനിയും കണ്ടാൽ.. ഒരു കുഴപ്പമുണ്ട്.. "
"എന്ത് കുഴപ്പം "
"മനുഷ്യന്മാർ കണ്ടാൽ അവർക്ക് മരണം ഉറപ്പാണ്‌...നേരെത്തെ തന്നെ ഇയാൾ മരിക്കേണ്ടതാണ് "
"പിന്നെ എന്തിനാ രക്ഷിച്ചേ "
"ഇഷ്ടം ആയത് കൊണ്ട് "
"എനിക്ക് കാണണം മരിച്ചാലും കുഴപ്പമില്ല "
"അത് പറ്റില്ല.. "
"ശരി.. കാണാൻ എന്താ വഴിയുള്ളത് എന്തെങ്കിലും ഒരു പോംവഴി ഉണ്ടാകുമല്ലോ "
"വഴി " അവൾ.. പറഞ്ഞു തുടങ്ങി പിന്നെ അവൾ അല്പം മൗനം പാലിച്ചു
"വഴി ഒന്നുമില്ല.. ഇയാളുടെ മരണം അല്ലാതെ. "
"മം " ഞാൻ മൂളി..
"ഞാൻ ആഗ്രഹിക്കുന്ന മരണം എനിക്ക് തരാമോ "
അവൾ അല്പ നേരത്തെ മൗനത്തിനു ശേഷം എന്റെ പുറത്ത് മെല്ലെ തൊട്ടു..
ഞാൻ മെല്ലെ പുറത്തേക്കു ഇറങ്ങി..
"എനിക്ക് ചുറ്റും . ഇലഞ്ഞി പൂക്കൾ മഴപോലെ പെയ്യണം . എന്നെ കാലുകളെ അരക്കെട്ടിനെ.. മറച്ചു കൊണ്ട്.. കുന്നു പോലെ. ഇലഞ്ഞിപ്പൂക്കൾ.. പിന്നെ.. എന്നെ മൂടണം.. ഇലഞ്ഞി പൂക്കളുടെ സൗരഭ്യം ആസ്വദിച്ചുകൊണ്ട്.. കിടക്കണം..പിന്നെ അതിൽ കിടന്നു മരണത്തെ പുൽകണം "
"ഞാൻ പോകുന്നു ".അവൾ എന്റെ കാതിൽ പറഞ്ഞു..
അപ്പോൾ എന്റെ ആഗ്രഹം..
ഞാൻ തിരിഞ്ഞു നോക്കി.. അവൾ.. എങ്ങോ പോയി മറഞ്ഞിരുന്നു..
"പറ്റിച്ചു അല്ലേ.. "
പെട്ടന്നാണ്.. ഒരു ഇലഞ്ഞി പൂ എന്റെ നെറ്റിയിൽ വന്നു വീണത്..
ഞാൻ മെല്ലെ.. മുകളിലേക്ക് നോക്കി..
ആയിരകണക്കിന് ഇലഞ്ഞി പൂക്കൾ എന്നെ ലക്ഷ്യമാക്കി.. വരുന്നുണ്ടായിരുന്നു..
സ്നേഹ പുർവ്വം സഞ്ജു കാലിക്കറ്റ്‌
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo