എലന്തപ്പഴക്കാലമാണ്. പക്ഷെ പഴം പെറുക്കാൻ വീട്ടിലാരും കാണാതെ ഒളിച്ചും പാത്തും മാത്രമേ ഉണ്ണിക്കുട്ടിക്ക് തൊടീലിക്കു പോകാൻ കഴിയു.ആരെങ്കിലും കണ്ടാൽ വഴക്കു പറയും.അതിനൊരു കാരണമുണ്ട്.
തൊടിയുടെ വടക്കേ അറ്റത്തു ഒരു പൊട്ടിപ്പൊളിഞ്ഞ കുടിലുണ്ട്.കറപ്പിത്തള്ളയുടെ.അവർക്ക് നാഗസേവയുണ്ടായിരുന്നു.കുടിലിനടുത്തു തന്നെ കുടിലിനോളം പൊക്കത്തിൽ ഒരു വലിയ നാഗപ്പുറ്റുണ്ട്.ഒരിക്കൽ കൊടുങ്ങല്ലൂർക്ക് ഭരണി കാണാൻ പോയ തള്ള പിന്നെ തിരിച്ചു വന്നിട്ടില്ല. വേറെയാരും അവിടെ താമസമില്ലാത്തതു കൊണ്ടു കാലക്രമേണ മഴയും കാറ്റും കൊണ്ടു കുടിലു പൊളിഞ്ഞു വീണു.പക്ഷെ നാഗപ്പുറ്റ് ഇപ്പോഴുമവിടെ ഉണ്ട്.നാഗത്താന്മാർക്കുള്ള സേവ മുടങ്ങിയത് കൊണ്ട് അവർ കോപിച്ചു അങ്ങോട്ടുമിങ്ങോട്ടുമൊക്കെ സഞ്ചരിക്കുമത്രേ. അതുകൊണ്ടാണ് തൊടിയിൽപോകുന്നതിനു ഉണ്ണികുട്ടിക്ക് വിലക്ക്.
പക്ഷെ ഉണ്ണികുട്ടിയോടു മണിയൻ പറഞ്ഞു കൊടിത്തിട്ടുണ്ട് നാഗങ്ങൾക്കു പാല് കൊടുത്തു പ്രാർത്ഥിച്ചാൽ നാഗങ്ങൾ ഉപദ്രവിക്കില്ലത്രേ. ഉണ്ണിക്കുട്ടി ഇടക്കൊക്കെ തൻ്റെ ഹോമിയോ മരുന്നിന്റെ കാലികുപ്പിയിൽ ഹോർലിക്‌സ്പാൽ നിറച്ചു നാഗപുറ്റിൽ കൊണ്ട് ചെന്നൊഴിക്കും. അങ്ങനെ മധുരമുള്ള തൻ്റെ ഹോർലിക്സ്പാൽ കുടിക്കുന്ന നാഗത്താന്മാർ തന്നെ കടിക്കില്ലെന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ട് ഒഴിവു ദിവസങ്ങളിൽ എല്ലാവരും ഉച്ചമയക്കത്തിലാവുമ്പോൾ ഉണ്ണിക്കുട്ടി തൊടിയിലേക്കു പോകും, ചിലപ്പോൾ മഞ്ചാടി പെറുക്കാൻ, ചിലപ്പോൾ മുളങ്കാട്ടിൽ കുടുങ്ങിയ അപ്പൂപ്പൻ താടി പിടിക്കാൻ, കഴണി പഴമോ, അല്ലെങ്കിൽ എലന്ത പഴമോ പെറുക്കാൻ അങ്ങനെയങ്ങനെ.
അന്ന് ഉച്ചക്ക് ഊണ് കഴിഞ്ഞ് വീട്ടിലെല്ലാവരും മയങ്ങുമ്പോൾ കൃത്യം രണ്ട് മണിക്ക് ഉണ്ണിക്കുട്ടി ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.പടിക്കെട്ടിൽ നിന്നും മൂന്നു പടിമേലെ നിന്ന് താഴേക്കൊരു ചാട്ടം.
ശബ്ദം കേട്ട് അലക്കു കല്ലിനടുത്തു ചെളിവെള്ളത്തിന്റെ തണുപ്പ് പറ്റി ഉച്ചമയക്കത്തിലായിരുന്ന പാണ്ടൻ നായ തലപൊക്കി നോക്കി. ഉണ്ണിക്കുട്ടിയെ കണ്ടപ്പോൾ പാണ്ടൻ തലതാഴ്ത്തി കണ്ണുതുറന്നു ഉണ്ണിക്കുട്ടിയെ തന്നെ നോക്കി കിടന്നു. അലക്കുകല്ലിനടുത്തെ സിമന്റ് തൊട്ടിയിലെ കപ്പിൽ വെള്ളമെടുത്തു കുറച്ചു പുറകിലേക്ക് മാറി ഉണ്ണിക്കുട്ടി കപ്പിലെ വെള്ളം പാണ്ടന്റെ മേലേയ്ക്ക് വീശിയോഴിച്ചു . പതിവ് ചടങ്ങായത് കൊണ്ട് വലിയ ഞെട്ടലൊന്നുമില്ലാതെ നനഞ്ഞു കുളിച്ച പാണ്ടൻ പതുക്കെയെഴുന്നേറ്റു ശരീരമൊന്നു കുടഞ്ഞതിന് ശേഷം പുളിമരഞ്ചോട് ലക്ഷ്യമാക്കി നടന്നു പോയി.ആരുംകാണാതെ മുഴുത്ത ഇറച്ചി കഷ്ണങ്ങൾ അവനു ഉണ്ണിക്കുട്ടി കൊടുക്കാറുണ്ട്.അതുകൊണ്ട് ഉണ്ണിക്കുട്ടിയുടെ കുസൃതിയൊക്കെ പാണ്ടൻ അത്ര കാര്യമാക്കാറില്ല.
ചുട്ടു പൊള്ളുന്ന വെയിൽ. ചെരുപ്പിടാത്തതു കൊണ്ട് കാലു ചെറുതായി പൊള്ളുന്ന പോലെ. ഞൊണ്ടിയും ചാടിയും പതുക്കെ നടന്നു.പോകും വഴി കിണറ്റിലേക്ക് ഒന്നെത്തി നോക്കാൻ ശ്രമിച്ചു. ഇല്ല കാണുന്നില്ല,ഇനിയും കുറച്ചൂടെ വലുതായാൽ കാണാം.
അപ്പുറത്തെ തൊഴുത്തിനടുത്തെത്തിയപ്പോൾ പുള്ളിപ്പയ്യും കിടാവും നല്ല ഉറക്കം. ഒരു ചെറിയ കല്ലെടുത്തു ഒരു കണ്ണടച്ചു ഉന്നം നോക്കി പയ്യിന്റെ മേലേയ്ക്കെറിഞ്ഞു. പെട്ടന്ന് കണ്ണ് തുറന്ന പയ്യ്, വാല് അങ്ങോട്ടും ഇങ്ങോട്ടുമാട്ടി നിലത്തടിച്ചു കൊണ്ടിരുന്നു. ഉണ്ണിക്കുട്ടി തൊഴുത്തിനടുത്തു മാവിന്റെ താഴത്തെ ചില്ലയിൽ ചാടിതൊടാൻ നോക്കി. ചൂണ്ടു വിരൽ ചില്ലയിൽ ചെറുതായി മുട്ടി. അങ്ങനെ കലാപരിപാടികൾക്കൊടുവിൽ തൊടിയിലെത്തി.
ഉടുപ്പിന്റെ അറ്റം മടക്കി കുമ്പിളുണ്ടാക്കി, പഴം പെറുക്കിയിടുമ്പോൾ ദേ വരുന്നു, പ്രിയേച്ചി. വെള്ളം കോരാനാ, കിണറ്റീന്ന്.
"ഉണ്ണിക്കുട്ട്യേ, തൊടീലൊറ്റക്ക് വരരുത് ന്ന് അറിയില്ലേ, ഞാൻ മീരേച്ചിയോടു പറഞ്ഞു കൊടുക്കും ട്ടോ". ഉണ്ണിക്കുട്ടിക്ക് പേടിയായി.
" ദേ, നോക്ക്യേ, കുറേ എലന്ത പഴം തരാംട്ടോ, പറയല്ലേ, ചക്കര ചേച്ചിയല്ലേ". പ്രിയേച്ചിടെ അടുത്തെത്തി ചിണുങ്ങി ഉണ്ണിക്കുട്ടി.
പ്രിയേച്ചി തൊട്ടി, കിണറ്റിലിട്ടു വെള്ളം കോരുവാൻ തുടങ്ങ്യപ്പോൾ സ്സ് സ്സ് ന്ന് ഒരു ശബ്ദം കേൾക്കുന്നു. രണ്ടാളുടെയും നെഞ്ചിടിപ്പ് പരസ്പരം കേൾക്കാൻ പാകത്തിൽ ഉച്ചത്തിലായി. വീണ്ടും കേട്ടു അതേ ഒച്ച. കിണറ്റിലേക്ക് എത്തി നോക്കിയ പ്രിയേച്ചി, തൊട്ടി കിണറ്റിലിട്ടു ഉണ്ണിക്കുട്ടിയുടെ കയ്യും പിടിച്ചു വലിച്ചു അയ്യോ അമ്മോ ന്ന് കൂവി വിളിച്ച് ഒറ്റയോട്ടം. യ്യോ, പാമ്പേ പാമ്പേ...
കിണറ്റിലെ പാമ്പിനെ എങ്ങനെ പിടിക്കും!! മാമനും അച്ഛച്ചനുമൊക്കെ കൂടിയിരുന്നു വലിയ ആലോചനയിലാണ്.വെള്ളം കുടി മുട്ടിച്ചൂലോ ന്റെ നാഗത്താന്മാരെ. അമ്മമ്മ നേർച്ചകൾ ഓരോന്നായി നേരുവാൻ തുടങ്ങി.
വെള്ളപ്പനോടൊന്നു പറഞ്ഞു നോക്ക്. അച്ഛാച്ചൻ മാമനോട് പറഞ്ഞു. നാട്ടിലെ ധീരനാണ് വെള്ളപ്പൻ ചേട്ടൻ.മരണമാസ്സ് !! പുളിമരത്തിന്റെ കണ്ണെത്താ കൊമ്പിലിരുന്നു പുളി പറിക്കുന്ന വെള്ളപ്പൻ ചേട്ടൻ. പേരറിയാത്ത വലിയ മരത്തിൽ തേനീച്ചകളെ തീ ചൂട്ട് കൊണ്ട് വകഞ്ഞു മാറ്റി തേനെടുക്കുന്ന വെള്ളപ്പൻ ചേട്ടൻ. ഉണ്ണിക്കുട്ടി മൂപ്പരുടെ കട്ട ഫാനാണ്.
കുറച്ചു കഴിഞ്ഞപ്പോൾ, വെള്ളപ്പൻ ചേട്ടൻ ഹാജർ.കണ്മഷിക്ക് കറുപ്പ് കുറവാണെന്നു തോന്നുന്നത് വെള്ളപ്പൻ ചേട്ടനെ കാണുമ്പോഴാ. പിന്നേ മൂപ്പർക്ക് ആറല്ല എട്ടു പായ്ക്കുണ്ട് വയറ്റില് മസ്സില്. ഉരുക്കു പോലെ ! ശ്ശോ !!
കിണറ്റിൽ വീണ നാഗത്താനെ പിടിക്കുന്നത് കാണാൻ പരിസരവാസികളൊക്കെ കൂടി.
എല്ലാവരുടെയും കണ്ണുകളിൽ ഭയവും ആകാംഷയും.
എല്ലാവരുടെയും കണ്ണുകളിൽ ഭയവും ആകാംഷയും.
മൂപ്പരെ സഹായിക്കാനാരുമില്ല.എല്ലാവരും കാഴ്ചക്കാർ. ഉണ്ണിക്കുട്ടിയാണെങ്കിൽ കണ്ണും തള്ളി മാമന്റെ ഒക്കത്തിരുപ്പാണ്. കിണറ്റിനരികത്തെ തെങ്ങിൽ വലിയ ഒരു കയറു വലിച്ചു കെട്ടി, മണിയന്റച്ഛനോടു കയറു പിടിക്കാനും പറഞ്ഞുകൊണ്ട് , കയറിന്റെ മറ്റേ അറ്റത്തു പിടിച്ചു കയ്യിലൊരു മുഴുത്ത വടിയുമായി വെള്ളപ്പൻ ചേട്ടൻ കിണറ്റിലേക്കിറങ്ങി.
കിണറ്റിനുള്ളിൽ അനക്കമറിഞ്ഞതോടെ പാമ്പ് ഭയങ്കരമായി ചീറ്റുവാൻ തുടങ്ങി. ഉയരത്തിൽ ചാടി ആഞ്ഞു കൊത്തുവാൻ ശ്രമിക്കുന്ന പാമ്പ്. വെള്ളപ്പൻ ചേട്ടന്റെ കാലിനെ തൊട്ടു തൊട്ടില്ല ന്ന പോലെ.. എല്ലാവരും ശ്വാസമടക്കി പിടിച്ചു നോക്കി നിൽക്കുകയാണ്. പത്തി വിടർത്തി സീല്കാരശബ്‍ദം പുറപ്പെടുവിക്കുന്ന പാമ്പിനെ ടാർസനെ പോലെ കയറിൽ തൂങ്ങിയാടി അടിക്കുവാൻ ശ്രമിക്കുന്ന വെള്ളപ്പൻ ചേട്ടൻ. കാണേണ്ട കാഴ്ചയാണ്. അങ്ങനെ പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ കൈയിലെ വടിയിൽ തല്ലി കൊന്ന പാമ്പിനെ തൂക്കി പിടിച്ചുകൊണ്ട് നമ്മുടെ ഹീറോ വെള്ളപ്പൻ ചേട്ടൻ വിജയശ്രീലാളിതനായി കിണറ്റിൽ നിന്നും തിരിച്ചു കയറി.
എല്ലാവരും ആർപ്പു വിളിച്ചും കയ്യടിച്ചും മൂപ്പർക്കു അഭിനന്ദനങ്ങൾ അറിയിച്ചു.അന്ന് മൊബൈൽ, മുഖപുസ്തകം യൂട്യൂബ് ഇത്യാദി വൈറൽ ഐറ്റംസ് ഒന്നുമില്ലാത്തതു കൊണ്ട് വെള്ളപ്പൻ ചേട്ടൻ ലോക്കൽ ഹീറോ മാത്രമായി ഒതുങ്ങി പോയി.ഉണ്ണിക്കുട്ടിയുടെ സൂപ്പർ ഹീറോയാണല്ലോ മൂപ്പർ. സ്കൂളിൽ ഇനി ഹെഡ്മാഷ് മാത്രേ ഉള്ളു ഈ കഥ അറിയാൻ.അത്രയ്ക്ക് തള്ളി തീർത്തിട്ടുണ്ട് ഉണ്ണിക്കുട്ടി.
നാഗത്താനെ കൊന്നത് കൊണ്ട് വെള്ളപ്പൻ ചേട്ടന് ശാപം കിട്ടൂത്രെ. നാണിയമ്മ പറയുന്നതു കേട്ട് ഉണ്ണിക്കുട്ടിക്ക് സങ്കടം സഹിച്ചില്ല. ആരും കാണാതെ അടുത്ത ഞായറാഴ്ച ഒരു ഗ്ലാസ്സ് ഹോർലിക്‌സ് പാൽ, അമ്മ ഇട്ടതിന് പുറമെ രണ്ട് ടീസ്പൂൺ പഞ്ചാര വീണ്ടും ചേർത്തിളക്കി, വാട്ടർബോട്ടിലിൽ നിറച്ചു തൊടിയിലെ നാഗത്താൻപുറ്റിലൊഴിച്ചു ഉണ്ണിക്കുട്ടി മനമുരുകി പ്രാർത്ഥിച്ചു. വെള്ളപ്പൻ ചേട്ടനെ കൊത്തല്ലേ നാഗങ്ങളെ. എനിക്ക് വെള്ളപ്പൻ ചേട്ടനെ വല്യ ഇഷ്ടമാ. വെള്ളപ്പൻ ചേട്ടൻ ചത്താല് മൂപ്പരുടെ ഉണ്ണിയോൾക്കു അച്ഛനില്ലാതാവില്ലേ. നാഗത്താന്മാരെ, നല്ല മധുരുള്ള പാലാട്ടോ.കുടിച്ചോ.ഉണ്ണിക്കുട്ടി ഇടക്കിടക്ക് കൊണ്ടത്തരാട്ടോ .
കാറ്റ് ആഞ്ഞു വീശി. മുളംകാട്ടിൽ നിന്നും പ്രത്യേക ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു.
അതേ സമയം ഇലന്തമരത്തിന്റെ ഏറ്റവും മേലെയുള്ള ചില്ലയിൽ വളഞ്ഞു പുളഞ്ഞു പത്തി വിടർത്തി നില്പുണ്ടായിരുന്നു ഒരു കരിനാഗം!!
അതേ സമയം ഇലന്തമരത്തിന്റെ ഏറ്റവും മേലെയുള്ള ചില്ലയിൽ വളഞ്ഞു പുളഞ്ഞു പത്തി വിടർത്തി നില്പുണ്ടായിരുന്നു ഒരു കരിനാഗം!!
വാൽക്കഷ്ണം : വെള്ളപ്പൻ ചേട്ടനിപ്പോൾ മക്കളും പേരക്കുട്ടികളുമായി സുഖമായി കഴിയുന്നു..
By: Aisha Jaice

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക