Slider

റിസൽറ്റ്

0
Image may contain: 2 people

പത്താം ക്ലാസിലെ റിസൽറ്റ് അറിയുന്ന ദിവസം ... പഠിപ്പിസ്റ്റ്മാരും അവരുടെ അച്ഛൻ, അമ്മ,ബന്ധുമിത്രാധികൾ , എല്ലാവരും ടെൻഷനിലായിരിക്കും .
ദൈവങ്ങൾ പൊതുവേ സന്തോഷിക്കുന്ന ദിവസം.( അജജാതി ഓഫറുകളല്ലേ ഓരോടുത്തതും നേർന്നു കൂട്ടുന്നത്!)
കിട്ടിയാ കിട്ടി, പോയാപ്പോയി എന്ന വിഭാഗത്തിൽ പെട്ടിരുന്ന ഞാനും ന്റെ കുടുംബവും ഒരു കൂസലുമില്ലാതെ റിസൽറ്റ് കാത്തിരിക്കുമ്പോൾ നമ്മുടെ മുന്നിലൂടെ ഇങ്ങനെ പോകുന്നുണ്ടാകും റാങ്ക് ,ഡി സ്റ്റിങ്ങ്ഷൻ ,ഫസ്റ്റ് ക്ലാസ് പ്രതീക്ഷക്കാരുടെ നിര.
റിസൽറ്റ് വരുന്നതിന്റെ തലേ ദിവസം അച്ഛൻ ചോദിച്ചു " പത്രമാഭീസിലേക്ക് ഫോൺ വിളിച്ച് ചോദിക്കണോ?"
10-ആം ക്ലാസുകാരനായ മകനോട് ആ കാലഘട്ടത്തിലെ അച്ഛൻ ഉറപ്പായിട്ടും ചോദിക്കേണ്ട ചോദ്യം .
" പത്രം ആഫീസ്കാർക്ക് നമ്മളെ ജയിപ്പിക്കാൻ പറ്റുമോ? " എന്ന എന്റെ ഉത്തരത്തിനുശേഷം നടാൻ വച്ചിരുന്ന വാഴവിത്തുകളിലും എന്നിലും മാറി മാറി ഒരു നിമിഷം നോക്കി അച്ഛൻ പുറത്തേക്ക് ഇറങ്ങി പോയി. (പുവർ ഡാഡ് , ഒരു മനക്കട്ടിയും ഇല്ല ).
ആ ആടി ഉലഞ്ഞുള്ള പോക്ക് കണ്ട് സങ്കടം തോന്നി ഞാൻ പുറകീന്ന് വിളിച്ച് പറഞ്ഞു , "210 മാർക്ക് കിട്ടു വായിരിക്കും .... ജയിക്കുവായിരിക്കും ". ഒരു നിമിഷം നിന്നശേഷം ഒരു ദീർഘനിശ്വാസത്തോടെ അച്ഛൻ നടപ്പ് തുടർന്നു.
അന്നു രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി ചോദ്യപ്പേപ്പറിന് സൈഡിൽ ഒരു ഉത്തരത്തിന് എനിക്ക് കിട്ടാൻ സാദ്ധ്യതയുള്ള ഞാൻ തന്നെ ഇട്ട മാർക്കുകൾ കൂട്ടി നോക്കി. 220 മാർക്ക്. 210 വേണം ജയിക്കാൻ . 10 മാർക്ക് അധികമാണ്.
ഭാര്യയുമായി വഴക്കിട്ടിറങ്ങിയ സാറ് പേപ്പർ നോക്കിയാൽ ചിലപ്പോ ഒരു 5 മാർക്ക് കുറഞ്ഞേക്കും . എന്നാലും ജയിക്കും . അതാണ് ആത്മവിശ്വാസം. പാവം അച്ഛന് അതില്ലാതെ പോയി.
പിറ്റേന്ന് നേരം വെളുത്തെ കുളിച്ച് റിസൽറ്ററിയാൻ പുറത്തേക്കിറങ്ങിയ എന്റെ നെറ്റിയിൽ അമ്മ ഭസ്മം ചാർത്തി.
യുദ്ധത്തിന് പോണവൻമാർക്ക് അവമ്മാരുടെ അമ്മമാർ ഇങ്ങനെ ചെയ്യുന്നത് ഞാൻ സിനിമയിൽ കണ്ടിട്ടുള്ളത് ഓർത്തു.
ഞാൻ അമ്മേടെ തോളിൽ തട്ടി പറഞ്ഞു , "വെൽഡർ മദർ, വെൽഡൻ "
അമ്മ എന്നെ ചേർത്ത് പിടിച്ച് പറഞ്ഞു " തോറ്റാ , വീട്ടിലേക്ക് വരണ്ടാ, എങ്ങോട്ടാന്നു വച്ചാ പൊക്കോ ".
എനിക്ക് നല്ല വിഷമം തോന്നി ,തള്ളയാണത്രേ ... തള്ള.
മാതാപിതാക്കളും കുട്ടികളുമായി സ്ക്കൂളിന് മുന്നിൽ ഒരു യുദ്ധത്തിനുള്ള ആൾക്കൂട്ടം , പത്രത്തിന്റെ പേജുകൾ ഭിത്തിയിൽ ഒട്ടിച്ചിരിക്കുന്നു. ഡിസ്റ്റിങ്ങ്ഷൻ പ്രതീക്ഷിച്ച അപ്പുണ്ണി ഫസ്ക്ലാസിൽ ഒതുങ്ങി.
ഏതു ചക്രവ്യൂഹത്തേയും തകർക്കാൻ കെൽപ്പുള്ള അഭിമന്യുവിനെ പോലെ ഇടിച്ചു കയറി റിസൽറ്റ് നോക്കിയ ലിജിമോളും അവളുടെ അച്ഛനുംനിലത്തിരുന്നു കരയുന്നു. പാവം . ഭാര്യയുമായി വഴക്കിട്ട സാറിനായിരിക്കും അവളുടെ പേപ്പറുകൾ കിട്ടിയത്.
ജയിക്കില്ലെന്ന് കരുതിയ എന്റെ ശത്രു അജി ജയിച്ചിരിക്കുന്നു. അവന്റെ അച്ഛനും അമ്മയും ചെറുക്കന് റാങ്കു കിട്ടിയ പോലെ അർമ്മാദിക്കുന്നു. തോറ്റു പോയ കുട്ടികളെ കിള്ളി കിള്ളി ഓരോന്ന് ചോദിച്ച് നോവിക്കുന്നു.
അടുത്തത് നോമാണ്. ജയിപ്പിച്ചാൽ കർത്താവിന് മെഴുതിരിയും അള്ളാക്ക് പൈസയും അയ്യപ്പന് പായസവും ഓഫർ ചെയ്ത് "ന്റെ ദൈവേന്ന് " വിളിച്ച് ഞൂണ്ട് കയറി പേപ്പറിൽ തൊട്ടു.
രജിസ്റ്റർ നമ്പർ അക്ഷരങ്ങൾ 210 അധവാ കഷ്ട്ടി പാസ് സെക്ഷനിൽ ഒത്തുനോക്കി.
ഇല്ല , ന്റ രജിസ്റ്റർ നമ്പർ ആ കൂട്ടത്തിൽ ഇല്ല.
കാലിനടിയിൽ നിന്ന് ഒരു പെരുപ്പ് ഉച്ചം തലവരെ പാഞ്ഞു. അച്ഛൻ , അമ്മ, അനിയൻ.
തോറ്റാൽ വീട്ടിൽ ചെല്ലണ്ട .... ഒളിച്ചോടിയേക്കാം ... സിനിമാ താരം മമ്മൂട്ടിയും മോഹൻലാലും ഒക്കെ ചെയ്ത പോലെ വല്ല ബോബെക്കോ ദുബായിക്കോ പോയി പണക്കാരനായി തിരിച്ചു വരാം ...
ഇല്ലെങ്കിൽ തറവാട്ടിൽ അച്ഛമ്മയുടെ വീട്ടിൽ പോയി മച്ചിൽ കയറി ഒളിക്കാം ....
ചിന്തകൾ 210 മാർക്കിന് താഴെ കിടന്ന് കറങ്ങുന്നു.
പേപ്പറിൽ ഇനിയുള്ളത്
310 മാർക്കിന് മുകളിലേക്ക് ഉള്ള സെക്ഷൻ അഥവാ സെക്കന്റ് ക്ലാസ്. വെറുതേ അതിലും കൂടെ കണ്ണോടിച്ചു . ദാണ്ടെ
അതിൽ ഒരറ്റത്ത് കിടക്കണു ന്റ രജിസ്റ്റർ നമ്പർ. ഒന്നു നോക്കി , രണ്ടു നോക്കി, അടുത്തു നിന്നവനെ കൊണ്ട് വായിപ്പിച്ച് നോക്കി . സംഗതി ശരി തന്നെ പഴംകഞ്ഞി ചോദിച്ചവന് ചിക്കൻബിരിയാണി കിട്ടിയ അവസ്ഥ . നമ്പർ ഒന്നുടെ നോക്കി തെറ്റായില്ലെന്നുറപ്പിച്ച് വീട്ടിലേക്ക് ഒറ്റ ഓട്ടം ..
പടിക്കൽ നിന്ന അമ്മയോട് കിതച്ചു കൊണ്ട് പറഞ്ഞു.... " അമ്മയുടെ മകൻ ജയിച്ചു വമ്മേ, സെക്കന്റ് ക്ലാസുണ്ട്" ... പത്രത്തിൽ ഉണ്ട് നമ്പര്."
പാവം അമ്മ ഷോക്കിൽ നിന്ന് രക്ഷപെടാൻ കുറച്ചു സമയമെടുത്തു.
വീട്ടിലെ പത്രത്തിൽ എന്റെ നമ്പറിനടിയിൽ പേനകൊണ്ട് വരച്ച് ഞാൻ അച്ഛനെ കാത്തിരുന്നു. വീട്ടിലെത്തിയ
അച്ഛന്റെ മുന്നിലേക്ക് പത്രം എറിഞ്ഞിട്ടു വീടിന് മേലോട്ടും പുറത്തു വച്ചിരുന്ന വാഴവിത്തിലേക്കും മാറി മാറിനോക്കി വിജ്രംഭിച്ചു നിന്നു .
പുവർ ഡാഡ് , ഒന്നും പറയുന്നില്ല.
ഒളികണ്ണിട്ട് ഞാൻ നോക്കീപ്പം കണ്ടത് വേറെ രണ്ട് പത്രങ്ങളിൽ കൂടി അച്ഛൻ രജിസ്റ്റർ നമ്പർ ഒത്തുനോക്കുന്നതാണ്. വല്ല അച്ചടി പിശകും....
തൊട്ടടുത്ത വീട്ടിൽ ഒരലറി കരച്ചിൽ...
ഒരു റാങ്ക് പ്രതീക്ഷയോ ഡിസ്റ്റിങ്ങ് ഷനോ 210 കഷ്ട്ടി പാസോ പോയതാണ് .അവിടെ പേരയുടെ വടി ഒടിയുന്നു , അടി തുടങ്ങുന്നു ...
അച്ഛൻ കൃതാർത്ഥനായി എന്നെ നോക്കി പറഞ്ഞു. "ശ്രമിച്ചാൽ നിനക്ക് ഫസ്റ്റ് ക്ലാസ് മേടിക്കാമായിരുന്നു."
അച്ഛൻ പറഞ്ഞു നിർത്തും മുൻപ് അമ്മ പറഞ്ഞു " അതെങ്ങനാ , മത്തൻകുത്തിയാൽ കുമ്പളം മുളക്കുമോ" , അടുത്ത മഴക്ക് മുൻപ് ആ വാഴവിത്ത് എല്ലാം നടാൻ നോക്ക് " ന്ന്.
സമർപ്പണം -എന്നെക്കുറിച്ച് അമിത പ്രതീക്ഷകൾ വയ്ക്കാതെ വെറുതെ വിട്ട എന്റെ അച്ഛനും അമ്മക്കും.
സ്നേഹപൂർവ്വം Arunkumar Venugopal
കൂട്ടിചേർക്കൽ:
സുർത്തുക്കളെ " മേൽപ്പറഞ്ഞ സംഭവവുമായി എനിക്കും എന്റെ മാതാപിതാക്കൾക്കും ( എന്റെ കുടുംബത്തിനും ) മാത്രമാണ് ബന്ധമുള്ളത്.
മറ്റു ചില ഭേസ്ബുക്ക് ഗ്രൂപ്പുകളിലും വാട്ട്സ പോസ്റ്റുകളും ആയി എന്റെ അച്ഛന്റെയും അമ്മയുടെയും വേറേ ചില മക്കൾ എന്ന് അവകാശപ്പെടുന്ന പുണ്യാത്മാക്കൾ ഇത് പ്രചരിപ്പിക്കുന്നത് എന്റെ മാതാപിതാക്കൾ കണ്ടിട്ട് പരസ്പരം സംശയത്തിന്റെ പേരിൽ വഴക്കിലാണ്. എന്റെ അറിവിൽ എനിക്കൊരു അനിയനും എന്റെ മാതാപിതാക്കളുടെ അറിവിൽ അവർക്ക് ഞാനുൾപ്പെടെ 2 മക്കളുമേ ഒള്ളൂ. ദയവായി അടച്ച് മാറ്റുമ്പേ എന്റെ പോസ്റ്റിന്റെ പിതൃത്വം എനിക്ക് തരിക.
എന്റെ കുടുംബം തകരാതേ നോക്കുക.

By: Arunkumar Venugopal
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo