Slider

മതിൽക്കെട്ടുകൾ

0
Image may contain: 1 person, beard and closeup
====
" അച്ഛാ കോളേജിലെ ടെക്സ്റ്റ് വാങ്ങാൻ
മൂവായിരം രൂപ വേണംന്ന് വന്നപ്പോൾ മുതൽ ഞാൻ പറയുന്നതല്ലേ? "
അശ്വതിയുടെ വാക്കുകൾക്കു കാഠിന്യം കൂടിയത് പോലെ. ശരിയാണ് വീട്ടിലോട്ടു വന്നു കയറിയപ്പോൾ തന്നെ അവൾ അത് പറഞ്ഞിരുന്നു.
" എന്താണ് ചേട്ടാ അവൾ വന്നപ്പോൾ തന്നെ പറയുന്നതല്ലേ. എന്താണ് കൊടുക്കാത്തത്. കഴിഞ്ഞ രണ്ടുമാസമായി എനിയ്ക്കും ഒന്നും അയച്ചുതരാറില്ലായിരുന്നല്ലോ. അപ്പുറത്തെ ജാനകീനോട് ഇപ്പോൾ തന്നെ പല പ്രാവശ്യമായി പതിനായിരത്തോളം ഞാൻ കടം വാങ്ങീട്ടൊണ്ട്. "
സുമിത്രയുടെ വാക്കുകളിലും നീരസം ഉള്ളതുപോലെ. എയർപോർട്ടിൽ നിന്ന് വന്ന ടാക്‌സിക്കാരന് കൊടുത്തതും കഴിഞ്ഞാൽ പോക്കറ്റിൽ തപ്പിപ്പെറുക്കിയാൽ ആയിരത്തി അഞ്ഞൂറ് രൂപ കാണും.
" സുമിത്രേ..."
വിറങ്ങലിച്ച ശബ്ദത്തിൽ അയാൾ വിളിച്ചു.
" ഉം എന്താണ് ചേട്ടാ.... "
നിർവികാരമായ ഉത്തരം.
" എനിയ്ക്കു ഒരു കാര്യം പറയാനുണ്ട്. നീ അൽപനേരം എന്റെ അരികത്തൊന്നിരിയ്ക്കുവോ?"
പറയുമ്പോൾ ശബ്ദം ഇടറിയതുപോലും അവൾ ശ്രദ്ധിച്ചിട്ടില്ല.
" ഇരിയ്ക്കാം. പക്ഷെ അതിന് മുൻപ് ദാ ഈ എഴുതിയെക്കുന്ന സാധനങ്ങൾ ചേട്ടനൊന്നു വാങ്ങിവരണം. അടുക്കളയിൽ ഒരു സാധനവും ഇല്ല. "
കയ്യിലേക്ക് ഒരു തുണ്ട് കടലാസ് വെച്ച് തന്നിട്ട് തിടുക്കത്തിൽ അകത്തേയ്ക്കു പോയി അവൾ. പലചരക്കു സാധനങ്ങളുടെ നീണ്ട ഒരു ലിസ്റ്റാണ്. രണ്ടു ദിവസം കൂടി അഡ്ജസ്റ്റ് ചെയ്തുകൂടെ എന്ന് ചോദിക്കാണമെന്നുണ്ടായിരുന്നു. പക്ഷെ ശബ്ദം പുറത്തേയ്ക്കു വന്നില്ല. എന്ത് ചെയ്യണം എന്നറിയാതെ അയാൾ മുറിയിലേക്ക് കയറി കട്ടിലിൽ ഇരുന്നു. ഒരിയ്ക്കൽ കൂടി സുമിത്രയെ വിളിച്ചു.
" എന്താണ് ചേട്ടാ...കുറെ നേരമായല്ലോ
പുറകെ നടക്കുന്നു. കാര്യം എന്താന്നു വെച്ചാൽ പറ. "
അവളുടെ ശബ്ദത്തിനു വല്ലാത്ത കനം.
തൊണ്ടയിൽ ഒരു ഭാരം ഇരിയ്ക്കുന്നതുപോലെ അയാൾക്ക് തോന്നി . ശബ്ദം പുറത്തേയ്ക്കു വരുന്നില്ല. പിന്നിൽ കൈവെച്ചു മുഖത്തേയ്ക്കു നോക്കാതെ വാതിലിൽ ചാരി നിൽക്കുകയാണ് സുമിത്ര. പതിനെട്ടു കൊല്ലം മുൻപ് താൻ കെട്ടിയ താലി അവളുടെ കഴുത്തിൽ കിടക്കുന്നു. അല്പനേരം അവളൊന്നു അരികത്തിരുന്നെങ്കിൽ എന്നയാൾ ആഗ്രഹിച്ചു. പക്ഷെ പ്രവാസം നൽകിയ വിടവ് പരസ്പരം അകന്നിരിയ്ക്കാനാണ് കൂടുതലും പഠിപ്പിച്ചത്. തങ്ങൾക്കിടയിൽ അദൃശ്യമായ മതില്കെട്ടുള്ളതുപോലെ അയാൾക്കും തോന്നി. കയ്യിലിരിയ്ക്കുന്ന ചീട്ടുമായി അയാൾ പുറത്തേയ്ക്കിറങ്ങി.
പതിനഞ്ചുകൊല്ലം ഈന്തപ്പഴത്തോട്ടത്തിൽ കഠിനാദ്വാനം ചെയ്തപ്പോളും ഒരിയ്‌ക്കൽപോലും എന്താണ് ജോലി എന്ന് വീട്ടിൽ അറിയിച്ചിട്ടില്ല. ഭാര്യയോ മകളോ ഒരിയ്‌ക്കൽപോലും ചോദിച്ചതുമില്ല.
ഇതിനിടയിൽ അഞ്ചു പ്രാവശ്യം ഒരു വിരുന്നുകാരനെപ്പോലെ വരുമ്പോളും
കടംകേറി തിരിച്ചുപോകുമ്പോളും അവരൊന്നും അറിഞ്ഞിരുന്നില്ല. ഗൾഫുകാരന്റെ കുടുംബമായി നാട്ടുകാരും തിരുത്തിയെഴുതിയപ്പോൾ പഴയ വിറകുവെട്ടുകാരൻ രമേശൻ വിസ്‌മൃതിയിൽ ആണ്ടുപോയി. കാലം കരുതിവെച്ച ആരോഗ്യപ്രശ്നങ്ങൾ ആശുപത്രിയിലെ നിത്യ സന്ദര്ശകനാക്കിയപ്പോൾ അറബി കൈവിട്ടു.
നാട്ടിൽ പോകാൻ ലീവടിച്ചു കയ്യിൽ കിട്ടിയത് ഒരിക്കലും തിരിച്ചുവരാതിരിയ്ക്കാനുള്ള സീലോടുകൂടിയായിരുന്നു എന്നറിയുന്നത് എയർപോർട്ടിൽ പാസ്പോർട്ട് നോക്കിയ ആരോ പറഞ്ഞപ്പോൾ മാത്രമായിരുന്നു.
" എന്താണ് രമേശാ വിശേഷം.. എപ്പളാ നീ എത്തിയേ.."
സുലൈമാനിക്ക. തന്റെ പ്രയാസങ്ങളും പ്രശ്നങ്ങളും അറിയാവുന്ന ഒരെയൊരു വ്യക്തി. തന്നെപ്പോലെ കഷ്ടത അനുഭവിച്ച് തിരിച്ചു നാട്ടിൽ വന്ന മറ്റൊരു പ്രവാസി. ഇക്കയെ കാണാൻ കൂടിയാണ് ഇറങ്ങിയതും.
" ഇനി എന്താ പരിപാടി രമേശാ.? എന്തായാലും ഒരു ഡോക്ടറെ ഒന്ന് കാണ് ആദ്യം. എന്താണ് ഇടക്കെടയ്ക്കിങ്ങനെ തലവേദന വരുന്നതെന്ന് ഒന്നറിയാല്ലോ.? "
സത്യത്തിൽ ഇക്കയോട് മറച്ചു വെച്ചത് അതുമാത്രമായിരുന്നു. തന്റെ രോഗം. ! വേണ്ട അതുമാത്രം ആരും അറിയണ്ട.
" ആ പോണം ഇക്കാ....
കച്ചോടം ഒക്കെ എങ്ങനെ പോകുന്നു.?"
ചോദ്യങ്ങൾ അധികരിയ്ക്കാതിരിക്കാനുള്ള മറുചോദ്യം. വഴിയരികിൽ പച്ചക്കറി കച്ചോടം ചെയ്യുകയാണ് സുലൈമാനിക്ക.
" തരക്കേടില്ല... വെർതെ പത്തുകൊല്ലം മരുഭൂമിയിൽ പോയി ആയുസ്സു കളഞ്ഞ നേരത്തു നാട്ടിലെങ്ങാനും നിന്നാൽ മതിയാരുന്നു. ഇതിപ്പോ പണ്ടാരോ പറഞ്ഞ മാതിരി വീട്ടീന്ന് ഇറങ്യേം ചെയ്തു അമ്മാട്ടേയ്ക്കെത്തീമില്ല. "
രണ്ടു പെണ്മക്കളാണ് ഇക്കായ്ക്കു. ഒന്നിന്റെ നിക്കാഹ് കഴിഞ്ഞതേ ഉള്ളൂ. ഒരെണ്ണത്തിനെ കൂടി കെട്ടിച്ചു വിടണം. അതിന്റെ പ്രയാസം വാക്കുകളിൽ അടങ്ങിയിട്ടുണ്ട്. എങ്കിലും കഴിയുന്നിടത്തോളം ജീവിച്ചു തീർക്കാനുള്ള ചങ്കുറപ്പുണ്ടെന്നു നരച്ച താടിരോമങ്ങൾക്കിടയിലും വിരിയുന്ന പുഞ്ചിരി കാണുമ്പോൾ തോന്നിപ്പോകും.
തിരിച്ചു വീട്ടിൽ കയറിയപ്പോൾ സന്ധ്യ മയങ്ങിയിരുന്നു.
" എന്താ ചേട്ടാ തിരിച്ചുപോകാൻ പ്ളാനില്ലേ? "
വാതിൽക്കൽ സുമിത്ര.
"അല്ല മോള് പറയുന്നു പാസ്‌പോർട്ടിൽ എക്സിറ്റ് അടിച്ചാണ് വന്നേക്കുന്നെന്നു. "
ഒന്നും മിണ്ടിയില്ല രമേശൻ. അല്ലെങ്കിലും ഒന്നും പറയാനില്ലായിരുന്നു അയാൾക്ക്.
" ടേബിളിൽ ചോറെടുത്തു വെച്ചിട്ടുണ്ട്.
കഴിച്ചിട്ട് കിടന്നോ "
മുറിയിൽ കയറിയ സുമിത്ര ലൈറ്റ് ഓഫ് ആക്കി കിടന്നുകഴിഞ്ഞു. മകളുടെ മുറിയാണെങ്കിൽ അകത്തുനിന്നു കുറ്റിയിട്ടിരിക്കുന്നു. അവൾ ഫോണിൽ ആരോടൊ സംസാരിച്ചു ചിരിയ്ക്കുന്നതു അവ്യക്തമായി കേൾക്കാം.
പിന്നാമ്പുറത്തെ ആരും തുറക്കാതെ അടഞ്ഞുകിടക്കുന്ന ചായ്പ് അയാൾ മെല്ലെ തുറന്നു. പുറത്തെ നിലാവെളിച്ചത്തിൽ അയാൾ കണ്ടു പൊടിപിടിച്ചു കിടക്കുന്ന അയാളുടെ കോടാലി . അടുത്തേയ്ക്കു വിളിക്കുന്നതുപോലെ...
ഒരുപാട് കാലം അന്നം തന്ന... ഒരുപക്ഷെ മറ്റാരേക്കാളും തന്നെ സ്നേഹിച്ച തന്റെ കൂട്ടുകാരൻ....
തോളോട് ചേർന്നിരിയ്ക്കാൻ...
പറയാനുള്ളത് മുഴുവൻ പറയാൻ.....
ഇനിയൊരിക്കൽകൂടി തലച്ചോറ് തകരുന്ന വേദന വരും മുന്നേ തന്നെ ചേർത്തുവെച്ചു ഒന്ന് പൊട്ടിക്കരയാൻ പറയുന്നതുപോലെ....

By: Niyas KS Mangalam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo