ഇനിയൊരു ജന്മം...
~!~!~!~!~!~!~!~!~!~!~!~!~!~!~
~!~!~!~!~!~!~!~!~!~!~!~!~!~!~
രാവിലെ പത്രത്തിലൂടെ കണ്ണോടിച്ചുക്കൊണ്ടിരിക്കുകയായിരുന്നു ജ്യോതി. അപ്പോഴാണ് അവളുടെ മകന്‍ ഉണ്ണിക്കുട്ടന്‍ ആ ചോദ്യം ചോദിച്ചത്. അമ്മേ, അടുത്ത ജന്മത്തില്‍ അമ്മക്ക് ആരാവണം?. ആറുവയസ്സുക്കാരന്‍റെ ചോദ്യം കേട്ട് അവളൊന്ന്‍ അമ്പരന്നു. "ങേ, ഇതെന്താ ഉണ്ണീ ഇങ്ങനെ ഒരു ചോദ്യം". അവള്‍ ചോദിച്ചു. അതിന് അവന്‍ ഉത്തരം പറഞ്ഞില്ല. "ആദ്യം അമ്മ ഇതിനുത്തരം പറയൂ. അമ്മക്ക് അടുത്ത ജന്മം ആരായിട്ട് ജനിക്കണം".
അവള്‍ ആലോചിച്ചു, ഈശ്വരാ ഈ ജന്മത്തില്‍ അനുഭവിച്ചത് പോരാഞ്ഞിട്ടാണോ ഇനി ഒരു ജന്മം കൂടി. മറ്റെല്ലാ എതിര്‍പ്പുകളേയും അവഗണിച്ച്, സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കിയ കുറ്റത്തിന് അച്ഛന്റെയും അമ്മയുടെയും വീട്ടുകാര്‍ അവരെ പുറത്താക്കി പടിയടച്ചപ്പോള്‍, അവരുടെ മകളായി പിറന്ന തനിക്ക് നിഷേധിക്കപ്പെട്ടത് ആരുടെയൊക്കെയോ സ്നേഹവും കരുതലുമായിരുന്നു.
അവധിക്കാലത്ത് അയല്‍വീടുകളില്‍ വിരുന്നുക്കാരെക്കൊണ്ട് നിറയുമ്പോള്‍ തന്‍റെ വീട്ടിലേക്കു വിരുന്നു വരാന്‍ ആരുമില്ലല്ലോ എന്ന് സങ്കടപ്പെട്ടിരുന്ന ആ നിറമില്ലാത്ത ബാല്യകാലം ഒന്നുംകൂടി ഇരുണ്ടതായി അവള്‍ക്കപ്പോള്‍ തോന്നി. കൂടെ കളിക്കാന്‍ ആരുമില്ലാത്തതുക്കൊണ്ട് പറമ്പിലെ ചെടികളോടും പൂക്കളോടും കിളികളോടും ഒറ്റയ്ക്ക് വര്‍ത്തമാനം പറഞ്ഞതും, ഇതുക്കണ്ട് അമ്മ "നിനക്കെന്താ പെണ്ണേ വട്ടാണോ?" എന്ന് ചോദിച്ചതും ഇന്നലെ കഴിഞ്ഞതുപോലെ... വര്‍ഷങ്ങള്‍ എത്ര വേഗം കൊഴിഞ്ഞുപോയി. അതിനിടയില്‍ നഷ്ട്ടപ്പെട്ടത് തന്‍റെ സന്തോഷങ്ങളായിരുന്നു.
സ്കൂളില്‍ തനിക്കു പുതിയ കൂട്ട് കിട്ടിയപ്പോള്‍ താന്‍ ഒരുപാട് സന്തോഷിച്ചു. സ്വന്തം കൂടപ്പിറപ്പിനെക്കാള്‍ മറ്റൊരാളെ സ്നേഹിക്കാനാവും എന്ന് അവള്‍ പഠിപ്പിച്ചുതന്നു. അന്ന് തങ്ങളുടെ സൗഹൃദം കണ്ട് അസൂയപ്പെട്ടവരെ നോക്കി കണ്ണിറുക്കി തങ്ങള്‍ ചിരിച്ചു. പിന്നെ മറ്റൊരു കൂട്ട് കിട്ടിയപ്പോള്‍ അവള്‍, തന്നെ തള്ളി പറഞ്ഞപ്പോഴുണ്ടായ ആഘാതം ചെറുതൊന്നുമായിരുന്നില്ല. ഒരുപാട് സമയമെടുത്തു അവളെ മറക്കാന്‍. ആത്മാര്‍ത്ഥസ്നേഹത്തിന് തനിക്ക് കിട്ടിയ ആദ്യപ്രഹരം. ബന്ധങ്ങളുടെ അര്‍ത്ഥവും അര്‍ത്ഥശൂന്യതയും മനസ്സിലാക്കിത്തന്നത് അവളാണ്.
പിന്നെ തന്‍റെ പ്രാണനെക്കാളേറെ സ്നേഹിച്ച മറ്റൊരു കൂട്ട്, ഒരിക്കലും പിരിയില്ലെന്ന് കരുതി സ്വപ്നം കണ്ടിരുന്ന ആ നല്ല നാളുകള്‍...!! ഒടുവില്‍ ആരുടെയൊക്കെയോ പിടിവാശിക്ക് മുന്‍പില്‍ സ്വപ്നങ്ങളെല്ലാം തകര്‍ന്നടിയുന്നത് നിസ്സഹായതയോടെ നോക്കിനില്‍ക്കേണ്ടി വന്ന ആ പത്തൊമ്പതുക്കാരി വീണ്ടും അവളുടെ ഉള്ളിലിരുന്ന് കണ്ണീര്‍പൊഴിച്ചു. സത്യത്തില്‍ അവളുടെ വിരല്‍ത്തുമ്പില്‍ നിന്ന്‍ ഊര്‍ന്നുപോയത് അവളുടെ ജീവിതം തന്നെയായിരുന്നു.
കാലം പിന്നെയും കടന്നുപോയി. ഭര്‍തൃഗൃഹത്തില്‍ അവള്‍ക്കു അനുഭവിക്കേണ്ടി വന്ന പീഡനങ്ങളുടെ കയ്പുരസം ഇപ്പോഴും മാറിയിട്ടില്ല. എന്തെല്ലാം അവള്‍ അനുഭവിച്ചു. ഒരായുസ്സിലേക്കുള്ളത് മുഴുവന്‍...!! കണ്ണുനീര്‍ത്തുള്ളിയെ മഴയോട് ഉപമിക്കാനാവുമെങ്കില്‍ കര്‍ക്കിടകമാസത്തിലെ തോരാമഴ പോലും തന്‍റെ മുന്നില്‍ പരാജിതയായി തലക്കുനിച്ച് നില്‍ക്കേണ്ടി വരുമെന്ന് കരുതിയ ആ ദിനങ്ങള്‍...
നല്ല വിദ്യാഭ്യാസം നേടി ഉയര്‍ന്ന പദവിയുള്ളജോലി സമ്പാദിച്ച്, തന്നെ ഒറ്റപ്പെടുത്തിയ സമൂഹത്തിനുമുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ച് അഹങ്കാരത്തോടെ " ഇതാ ഞാന്‍ ആരുടെയും മുന്നില്‍ തോറ്റിട്ടില്ല" എന്ന് ഉറക്കെ പറയണമെന്ന് ആഗ്രഹിച്ചതും വെറുതേ.. അവളുടെ ജീവിതം ആ നാലുച്ചുമരുകള്‍ക്കിടയില്‍ തളയ്ക്കപ്പെട്ടത് എത്ര പെട്ടന്നാണ്. ധാര്‍ഷ്ട്യത്തോടെ പുറത്തു ചാടാന്‍ ഒരുങ്ങിയപ്പോഴൊക്കെ അവളുടെ കാലുകളില്‍ അദൃശ്യമായ ചങ്ങലക്കൊണ്ട് അയാള്‍ ബന്ധിച്ചു. പിന്നെ ആ ചങ്ങല അവളുടെ മനസ്സിനെയും ധൈര്യത്തേയും ബന്ധനത്തിലാഴ്ത്തിയപ്പോള്‍ അവള്‍ക്കു എതിര്‍ക്കുവാനുള്ള ശക്തിയുണ്ടായിരുന്നില്ല. താന്‍ വെറും അടിമയാണെന്ന് അവളുടെ മനസ്സ് എന്നേ അംഗീകരിച്ചുക്കഴിഞ്ഞിരുന്നു...
ചിന്തകളുടെ പട്ടിക നീളാന്‍ തുടങ്ങിയപ്പോള്‍ അവന്‍ വീണ്ടും ചോദിച്ചു, "ഈ അമ്മ എന്താ ആലോചിക്കണേ?". "ഒന്നുമില്ല ഉണ്ണീ" എന്ന് അവള്‍ മറുപടി പറഞ്ഞു. "എങ്കില്‍ പറയു അടുത്ത ജന്മം അമ്മക്ക് ആരാവണം?".
"ഒരു ചിത്രശലഭമായിക്കോട്ടെ, നമ്മളെ കാണുമ്പോള്‍ മറ്റുള്ളവര്‍ക്ക് സന്തോഷം കിട്ടുകയാണെങ്കില്‍, അതല്ലേ നല്ലത്. പിന്നെ ഇഷ്ട്ടംപോലെ പറന്നു നടക്കാലോ". അവളുടെ ഉള്ളിലെ അടിമ, അദൃശ്യചങ്ങല പൊട്ടിച്ച് സ്വതന്ത്രയാവാന്‍ ആഗ്രഹിച്ചോ?. "വേണ്ടമ്മേ, കുഞ്ഞുവാവ പിടിച്ച് ചിറകൊടിച്ചാലോ, അമ്മക്ക് വേദനിക്കില്ലേ. വേറെ എന്തെങ്കിലും പറയൂ".
"അതുശരിയാണല്ലോ, എന്നാല്‍ മിന്നാമിനുങ്ങായിക്കോട്ടെ, ചെറുതാണെങ്കിലും മറ്റുള്ള ജീവികള്‍ക്ക് വെളിച്ചം പകരാനാവുമെങ്കില്‍ അത് നല്ലതല്ലേ ഉണ്ണീ".
"അതും വേണ്ടമ്മേ, ഒരു രസത്തിന് ആളുകള്‍ പിടിച്ച് വല്ല കുപ്പിയിലുമടയ്ക്കും. അപ്പോ, അമ്മയ്ക്ക് ശ്വാസംമുട്ടില്ലേ".
"അതും വേണ്ടമ്മേ, ഒരു രസത്തിന് ആളുകള്‍ പിടിച്ച് വല്ല കുപ്പിയിലുമടയ്ക്കും. അപ്പോ, അമ്മയ്ക്ക് ശ്വാസംമുട്ടില്ലേ".
"അതുശരിയാ, ആളുകള്‍ക്ക് ഒക്കെ ഒരു രസമാണ്, മറ്റുള്ളവരെ വേദനിപ്പിക്കുന്നതും, ഒറ്റപ്പെടുത്തുന്നതും, തള്ളിപ്പറയുന്നതും എല്ലാം ഒരു രസം...
"എങ്കില്‍ ഒരു തുളസിച്ചെടി ആയിക്കോട്ടെ. അതാവുമ്പോ കണ്ണനെ പൂജിക്കാനോ, മാല കെട്ടാനോ, എന്തിനാച്ചാ കൊണ്ടോയിക്കോട്ടെ. എനിക്ക് കണ്ണന്‍റെ അടുത്ത് വേഗം എത്താലോ". താന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം അവനു മനസ്സിലായോ എന്തോ?. മനസ്സില്ലാമനസ്സോടെ അവന്‍ ഒന്ന് ഇരുത്തി മൂളി. ന്യൂ ജെനറേഷന്‍റെ കാലമല്ലേ, വല്ല കാട്ടുചെടി എന്ന് പറഞ്ഞ് വെട്ടിക്കളഞ്ഞാലോ അമ്മക്ക് വേദനിക്കില്ലേ എന്ന ചോദ്യം ഭാഗ്യത്തിന് അവന്‍റെ കുഞ്ഞുബുദ്ധിയില്‍ ഉദിച്ചില്ല.
"എങ്കില്‍ ഒരു തുളസിച്ചെടി ആയിക്കോട്ടെ. അതാവുമ്പോ കണ്ണനെ പൂജിക്കാനോ, മാല കെട്ടാനോ, എന്തിനാച്ചാ കൊണ്ടോയിക്കോട്ടെ. എനിക്ക് കണ്ണന്‍റെ അടുത്ത് വേഗം എത്താലോ". താന്‍ പറഞ്ഞതിന്‍റെ അര്‍ത്ഥം അവനു മനസ്സിലായോ എന്തോ?. മനസ്സില്ലാമനസ്സോടെ അവന്‍ ഒന്ന് ഇരുത്തി മൂളി. ന്യൂ ജെനറേഷന്‍റെ കാലമല്ലേ, വല്ല കാട്ടുചെടി എന്ന് പറഞ്ഞ് വെട്ടിക്കളഞ്ഞാലോ അമ്മക്ക് വേദനിക്കില്ലേ എന്ന ചോദ്യം ഭാഗ്യത്തിന് അവന്‍റെ കുഞ്ഞുബുദ്ധിയില്‍ ഉദിച്ചില്ല.
"അല്ലാ, നിനക്കെന്താ ആവേണ്ടത് ഉണ്ണീ?". ഒരു കൗതുകത്തിന് അവള്‍ ചോദിച്ചു. "എനിക്ക് കഴുകനായാല്‍ മതി". പെട്ടന്നുള്ള ഉത്തരം കേട്ട് അവള്‍ ഞെട്ടി. "അയ്യേ, അതെന്തിനാ കഴുകനാവണെ? നല്ല കിളികള്‍ വേറെ എത്രയോ ഉണ്ട്?" അവള്‍ ചോദിച്ചു. "അമ്മേ, വേറെ പാവം കിളികളായാല്‍ മറ്റുള്ളവ ഉപദ്രവിക്കും. കഴുകനായാല്‍ ആരെയും പേടിക്കണ്ടല്ലോ. ഇഷ്ട്ടം പോലെ പറക്കുകയും ചെയ്യാം, പഠിക്കേം വേണ്ടാ".
"അമ്പടാ, വാട്ട് ആന്‍ ഐഡിയ". അവള്‍ ചിരിച്ചു. അതുകേട്ട് അവന്‍ ചിരിച്ചുക്കൊണ്ട് ഓടിപോയി. അവള്‍ വീണ്ടും ചിന്തയിലാണ്ടു.
പത്രത്തില്‍ അവള്‍ വായിച്ച തലക്കെട്ടുകള്‍ പിന്നെയും ഓര്‍മ്മയില്‍ വന്നു. അരപവന്‍റെ മാലക്ക് വേണ്ടി അനുജന്‍റെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന വല്ല്യച്ചന്‍. സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന പിഞ്ച് കുഞ്ഞുങ്ങളെ കഴുത്തറുത്തു കൊന്ന ഇളയച്ചന്‍. രണ്ടാനമ്മയുടെ പീഡനത്തിന് ഇരയായി ഒടിഞ്ഞു തൂങ്ങിയ അസ്ഥികളുമായി ആശുപത്രിയില്‍ എത്തിക്കപ്പെട്ട അഞ്ച് വയസ്സുകാരന്‍. കടത്തിണ്ണയില്‍ ഉറങ്ങികിടക്കുമ്പോള്‍ പീഡിപ്പിക്കപ്പെട്ട മൂന്ന്‍ വയസ്സുകാരി. ബുദ്ധിമാന്ദ്യം ഉള്ള പേരക്കുട്ടിയെ പീഡിപ്പിച്ച മുത്തച്ഛന്‍. അമ്മയുടെ നഗ്നത ഒളിക്യാമറയില്‍ പകര്‍ത്തിയ മകന്‍. മദ്യത്തിന്‍റെ ലഹരിയില്‍ ഭാര്യയുടെ കണ്ണില്‍ കത്തി കുത്തിയിറക്കിയ ഭര്‍ത്താവ്. അമ്പലമുറ്റത്ത് ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ നൊമ്പരങ്ങള്‍, രാഷ്ട്രീയ കൊലപാതകങ്ങള്‍ അനാഥരാക്കിയ കുഞ്ഞുങ്ങള്‍. കൈക്കൂലിക്കാര്‍, തീവ്രവാദികള്‍, യുദ്ധങ്ങള്‍.
ഓര്‍ത്തപ്പോള്‍ അവളുടെ തലപ്പെരുത്തു. അവളെ ബന്ധനത്തിലാക്കിയ അദൃശ്യമായ ചങ്ങല പൊട്ടിച്ച് എങ്ങോട്ടെങ്കിലും ഓടിപോയാലോ എന്ന് ആലോചിച്ചു. പ്രായമേറുകയാണ്, തന്നെ കാത്തിരിക്കുന്നത് എന്തൊക്കെയാവും? മാറാവ്യാധികള്‍, മക്കളുടെ അവഗണന, കുത്തുവാക്കുകള്‍... ഒറ്റപ്പെടലിന്‍റെ തടവറയില്‍ ഇനി എത്രകാലം?. ഈശ്വരാ അറിയില്ലല്ലോ. അവളുടെ കണ്ണില്‍ ഇരുട്ടുകയറി. ചിലപ്പോള്‍ ഈ ചങ്ങലക്ക് പകരം യഥാര്‍ത്ഥ ചങ്ങലക്കൊണ്ട് ബന്ധിക്കപ്പെടുമോ തന്‍റെ കാലുകള്‍. അന്നും ബാല്യത്തിലെ പോലെ ഒറ്റക്ക് വര്‍ത്തമാനം പറയുന്നുണ്ടാവും. "എന്താടീ പെണ്ണേ, നിന്‍റെ വട്ട് ഇതുവരെ മാറിയില്ലേ?" എന്ന് ചോദിക്കാന്‍ അന്ന്‍ തന്‍റെ അമ്മയുണ്ടാവുമോ?
അവളുടെ തൊണ്ട ഇടറി, കണ്ണുകള്‍ നിറഞ്ഞു. എല്ലാം ഓര്‍ത്തപ്പോള്‍ അവള്‍ സ്വയം ചോദിച്ചു, " ഈ മനുഷ്യരാക്ഷസന്മാര്‍ക്കിടയില്‍, അവരില്‍ ഒരാളായി, വേണോ ഒരു ജന്മം കൂടി?. അവളില്‍ നിന്ന് ഒരു ചുടുനിശ്വാസം ഉയര്‍ന്നു. അത് കണ്ണുനീര്‍ത്തുള്ളികളായി താഴേക്ക് പതിച്ചു. അവളുടെ കണ്ണുനീരിലുണ്ടായിരുന്നു ആ ചോദ്യത്തിനുള്ള ഉത്തരം. "വേണോ ഇനിയൊരു ജന്മം കൂടി....?".
melby
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക