പിറന്നാള്‍ ഒരോര്‍മ്മ
ഏട്ടന്മാരും ഏട്ടത്തിമാരും അനുജന്മാരും അനുജത്തിമാരും ചെറിയച്ഛന്റേയും വലിയച്ഛന്റേയും മക്കളും അടങ്ങുന്ന വലിയൊരു കുട്ടിപട്ടാളം അടികൂടിയും കെട്ടിപ്പിടിച്ചും ബഹളമുണ്ടാക്കിയിരുന്ന ഒരു കൂട്ടുകുടുംബത്തിലാണ് ഞാന്‍ പിറന്നത്. കൂട്ടുകുടുംബങ്ങളുടെ അലിഖിത ചട്ടങ്ങള്‍ ഒരു കുട്ടിക്കും അച്ഛനമ്മമാര്‍ പോലും പ്രത്യേക പരിഗണന നല്‍കുന്നത് വിലക്കിയിരുന്നു.
ഇതിനൊരു അപവാദമായിരുന്നു പിറന്നാള്‍.വിശേഷപ്പെട്ട വസ്ത്രങ്ങളോ സമ്മാനങ്ങളോ കൊടുക്കുന്നത് പതിവില്ലെങ്കിലും പിറന്നാള്‍ക്കാരന് ചില പരിഗണനകള്‍ അന്ന് കല്‍പ്പിച്ചുകിട്ടും.കവടികിണ്ണത്തിനു പകരം തൂശനിലയിലാണ് അന്ന് പിറന്നാള്‍ക്കാരന്‍ (കാരി ) ഉണ്ണുന്നത്. കത്തിച്ചുവെച്ച നിലവിളക്കിനു മുന്നിലിരുന്ന പിറന്നാള്‍ ഊണിന് പപ്പടവും നെയ്യുമൊഴികെ വിശേഷവിഭവങ്ങളൊന്നും പതിവില്ല..പിറന്നാള്‍ക്കാരന് രണ്ടു പപ്പടവും മറ്റുകുട്ടികള്‍ക്ക് ഓരോന്നും വിളമ്പുമ്പോള്‍ പിറന്നാളൂണിന് പ്രൗഢികൂടുന്നു.
പിറന്നാളു പിറന്നാളാക്കുന്ന വിശേഷ സംഭവം പക്ഷെ തൂശനിലയോ പപ്പടമോ ആയിരുന്നില്ല. അന്ന് ചോറ് വിളമ്പിത്തരുന്നത് അമ്മയാണ്. അമ്മയ്ക്ക് കുട്ടിയും കുട്ടിക്ക് അമ്മയും സ്വകാര്യ സന്തോഷമാകുന്ന ഒരേ ഒരു ദിവസമാണത്.
ചോറു വിളമ്പുമ്പോള്‍ പലപ്പോഴും അമ്മയുടെ കണ്ണുനിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സന്തോഷമാണോ സന്താപമാണോ ആ കണ്ണീര്‍ എന്നെനിക്കറിയില്ല.
ചോറു വിളമ്പുമ്പോള്‍ പലപ്പോഴും അമ്മയുടെ കണ്ണുനിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സന്തോഷമാണോ സന്താപമാണോ ആ കണ്ണീര്‍ എന്നെനിക്കറിയില്ല.
Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക