കുറച്ചു മുന്പുണ്ടായൊരു സംഭവമാണിത്.ഞങ്ങൾക്കൊരു കോളേജ് വാട്സപ്പ് ഗ്രൂപ്പ് ഉണ്ട്. നല്ലൊരു ഗ്രൂപ്പ്.ആക്റ്റീവ് ആയ ടീം മെമ്പേഴ്‌സും എല്ലാവർക്കും പറ്റുന്ന ടൈമിൽ ഒരുമിച്ച് കാണാനുള്ള വേദിയൊരുക്കുന്ന ഞാനടക്കമുള്ള അഡ്മിൻ കളുമായി നല്ല നിലയ്ക് കുറച്ചു സാമൂഹിക പ്രവർത്തനങ്ങളും കൂടി ആയി പോകുന്ന നല്ലൊരു ഗ്രൂപ്പ്.ഏതൊരു നല്ല കാര്യത്തിലും ഉണ്ടാകുമല്ലോ ചില കല്ലുകടികൾ ഒരു പ്രശ്നം ആ ഗ്രൂപ്പിലുമുണ്ടായി.അതിൽ ഒരു വില്ലൻ ,തത്കാലം ഷാജി എന്ന് വിളിക്കാം,അവന് പഠിക്കുന്ന ടൈമിലേ കുറച്ചു പഞ്ചാരയുടെ അസുഖമുള്ളതാണ്.പക്ഷേ ഇപ്പൊ എല്ലാവരും അത്യാവശ്യം നല്ല നല്ല ജോലികളും കുടുംബവും ഒക്കെ ആയി തിരക്കിലായത് കാരണം ആ പഴയ കാര്യങ്ങളോ ചാപല്യങ്ങളോ ഓർമിക്കാര് തന്നെയില്ല.ഞങ്ങളുടെ വേറൊരു അഡ്മിൻ ഒരിക്കൽ ഒരു പെൺകുട്ടിയെ ആ ഗ്രൂപ്പിൽ അംഗമാക്കി.ആഡ് ചെയ്യുന്നതിന് മുൻപേ അവൻ പറഞ്ഞു ഞാൻ കുറെ ബുദ്ധിമുട്ടിയാണ് ആ കുട്ടിയുടെ കോൺടാക്ട് കണ്ടുപിടിച്ചത് ,എല്ലാവരിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ഒരു പ്രകൃതമാണ് ,മാത്രമല്ല അവർക്ക് ജീവിതത്തിൽ അടുത്തിടെ സംഭവിച്ച കുറച്ചു പ്രശ്നങ്ങൾ കാരണം ആകെ ഒരു ഡിപ്രെഷൻ അവസ്ഥയിലാണ്.അതുകൊണ്ട് തന്നെ ആരും ഫാമിലി മാറ്റേഴ്സൊ ഒന്നും അധികം ചോദിക്കേണ്ടാ.പരമാവധി അവരെ പഴയൊരു അവസ്ഥയിലേക്ക് കൊണ്ട് വരണം.എല്ലാവർക്കും സമ്മതം മാത്രമല്ല സന്തോഷവും ആയി.ആദ്യമാദ്യം അധികമൊന്നും സംസാരിച്ചിരുന്നില്ലെങ്കിലും പതുക്കെ പതുക്കെ അവൾ ആക്റ്റീവ് ആയി തുടങ്ങി.അവൾക്കു ഞങ്ങളെല്ലാവരും കൂടി ഒരു ജോലിയൊക്കെ ശരിയാക്കി കൊടുത്തു.ഒരു ദിവസം ഞങ്ങളെല്ലാം ഗ്രൂപ്പിൽ വളരെ കാര്യമായൊരു ചർച്ചയിൽ ആ സമയം നമ്മുടെ വില്ലൻ കഥാപാത്രത്തെ മാത്രം കാണുന്നില്ല അവനെ പേരെടുത്തു വിളിച്ചപ്പോൾ കഥാനായിക പറഞ്ഞു അവനു ഗ്രൂപ്പ് ചാറ്റിലൊന്നും താല്പര്യമില്ല.പേർസണൽ ആണെങ്കിൽ ഇപ്പൊ വരുമെന്ന്.അത് പറഞ്ഞ സമയത്തു ഷാജി പെട്ടെന്നവിടെ വന്നിട്ട് ആ പെൺകുട്ടിയെ കുറെ വഴക്ക് പറഞ്ഞിട്ട് പോയി.ഞങ്ങൾക്ക് കാര്യമൊന്നും പിടികിട്ടിയില്ല.പിന്നീട് അവൾ പറഞ്ഞാണറിഞ്ഞത് ഷാജി അവളുടെ അടുത്തു കുറച്ചു മോശമായ രീതിയിൽ ചാറ്റാൻ ചെന്നെന്നും നടക്കില്ലെന്നു മനസ്സിലായപ്പോൾ ഉണ്ടായ ദേഷ്യമാണിതെന്നും.എന്നാൽ അതിനു ശേഷം അവൻ എല്ലാവർക്കും മെസെജ് അയച്ചു ആ കുട്ടി ശരിയല്ല ,സ്വഭാവം മോശമാണ് അവന്റടുത് അങ്ങനെ പെരുമാറി ,അവന് അവന്‍റെ ഫാമിലി ആണ് വലുത് ,അതുകൊണ്ടാ് അതിലൊന്നും പെട്ടില്ല ആ മട്ടിൽ കുറെ, ഒരു പെണ്ണിനെ എങ്ങനെയൊക്കെ അപമാനിക്കാൻ പറ്റുമോ അത്തരത്തിൽ എല്ലാം പറഞ്ഞു.ആ കുട്ടി ഗ്രൂപ്പിൽ നിന്നും പോയി.ഞാനടക്കം കുറച്ചു പേർക്ക് ഇതിൽ വല്യ വിഷമം ഉണ്ടാായി ,എങ്കിലും ചിലർ അവന്‍റെ ഭാഗം നിന്നു.ഞങ്ങൾ കുറച്ചു പേർ ചേർന്ന് മിഷൻ ഷാജി എന്ന് പറഞ്ഞു ഒരു ഗ്രൂപ്പ് ഉണ്ടാക്കി.എങ്ങനെയെങ്കിലും ആ കുട്ടിയുടെ നിരപരാധിത്വം തെളിയിക്കണമെന്ന് ആയിരുന്നു ഇതിന്റെ ഉദേശ്യം.പണ്ടേ കോളേജിലെ എല്ലാ കുരുത്തക്കേടുകൾക്കും ചുക്കാൻ പിടിച്ചിരുന്നത് ഈയുള്ളവളായിരുന്നത് കൊണ്ട് സ്വാഭാവികമായും ഇതിന്റെയും ചുമതല എന്‍റെ തലയിൽ തന്നെ വന്നു.ആണിനെ പറ്റിക്കാൻ പണ്ടു മുതലേ ആയുധം സ്ത്രീ തന്നെയാണ്.എത്ര കിട്ടിയാലും പിന്നെയും പാവങ്ങൾ വിശ്വസിക്കും ആ കാരണം കൊണ്ടാ് തന്നെ ഇതിലും ഒരു പെണ്ണിനെ തന്നെ ഞങ്ങൾ കരുവാക്കി.പുതിയൊരു സിം എടുത്ത് വേറൊരു ബാച്ചിലെ കുട്ടിയാണെന്ന് പരിചയപ്പെടുത്തി ഗ്രൂപ്പിൽ ആഡ് ചെയ്തു.ആ നമ്പർ അന്ന് മുതൽ ഞാൻ ഉപയോഗിക്കാൻ തുടങ്ങി.വൈകാതെ തന്നെ നമ്മുടെ വില്ലൻ ഷാജി ചൂണ്ടയിൽ കൊത്താൻ തുടങ്ങി.തുടക്കത്തിൽ ഞാനും കുറച്ചു അകലം പാലിച്ചെങ്കിലും പതുക്കെ അതിൽ വീണതായി അഭിനയിച്ചു.ജീവിതത്തിൽ ഇന്നേവരെ കേൽക്കാത്ത പ്രണയ സംഭാഷണങ്ങളും തേനിൽ ചാലിച്ച അവന്‍റെ പരിഭവങ്ങളും എല്ലാ ദൈവങ്ങളെയും മനസിൽ പ്രാർത്ഥിച്ച ഞാനങ്ങു ക്ഷമിച്ചു.പിന്നെ പിന്നെ ഫോട്ടോ ചോദിച്ചു കൊണ്ടായി പിണക്കങ്ങൾ അവൻ നാട്ടിൽ വന്നതിനു ശേഷം അയച്ചു താരമെന്ന എഗ്രിമെന്റിൽ ഫോട്ടോ പ്രശ്നവും സോൾവ് ചെയ്തു.അങ്ങനെ ഷാജി നാട്ടിൽ വരുന്ന ടൈം ആയി.ഞങ്ങളുടെ മീറ്റിംഗ് എല്ലാം അറേഞ്ച് ചെയ്തു.കുറച്ചു ദൂരെയുള്ള ഒരു മാളിൽ വച്ച് കാണണമെന്നാണ് പറഞ്ഞത്.കാണുമ്പോൾ അവനെന്നും ഫോണിലൂടെ ആവശ്യപ്പെടാറുള്ള ചുംബനം നൽകണമെന്നും വളരെ കാതരമായി ഒരു വോയിസ്മെസ്സേജും.ഒന്നെല്ലടാ കുറച്ചധികം തരാമെന്നു പല്ലിറുമ്മി മനസിൽ പറഞ്ഞെങ്കിലും ശരിയെന്നു സമ്മതിച്ചു.അങ്ങനെ ആ ദിവസം വന്നു.നമ്മുടെ ഷാജിയണ്ണൻ കുളിച്ചു കുട്ടപ്പനായി കാമുകിയെ കാണാൻ മാളിലെത്തിയപ്പോൾ ഞാനും നമ്മുടെ പഴയ കഥാനായികയും പിന്നെ ഗ്രൂപ്പിലെ കുറച്ചു പേരും.വല്യ മുഖവുരയൊന്നുമില്ലാതെ കാര്യമങ്ങു പറഞ്ഞു ,ഷാജിയെ ഇത്ര നാളും നീ ചാറ്റ് ചെയ്ത ആ മോഹിനി ഞാൻ തന്നെയാണ് ,അതിന്റെ മുഴുവൻ ശബ്ദരേഖയടക്കം എന്‍റെ കയ്യിലുണ്ട് ഞാനതൊന്നും വേറാർക്കും കാണിക്കേണ്ടായെന്നുണ്ടെൽ മര്യാദക്ക് അന്നുണ്ടായ സംഭവം പറഞ്ഞു ആ കൊച്ചിനോട് മാപ്പു പറഞ്ഞോളൂ ന്നും പറഞ്ഞു ഞാനങ്ങു സിനിമ സ്റ്റെയലിൽ മാറി നിന്നു.കുറ്റങ്ങൾ എല്ലാം തന്റെയാണെന്നും ആ കുട്ടി നിരപരാധിയാണെന്നും അന്നങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കിയതിൽ ക്ഷമിക്കണമെന്നും എല്ലാവരോടുമായി പറഞ്ഞിട്ട് അവൻ പോകാൻ ഒരുങ്ങുമ്പോൾ അവനെ പിടിച്ചു നിർത്തി അവളുടെ മോളെ കൊണ്ട് രണ്ട് ചുംബനം കൊടുപ്പിച്ചു.സൗഹൃദത്തിൽ ഒരിക്കലും മായം കലർത്തരുതെന്നും പെണ്ണിനെ ബഹുമാനിക്കാൻ പഠിക്കണമെന്നും സ്വന്തം കെട്ട്യോളെ പറ്റിക്കാതെ ഇനിയെങ്കിലും ജീവിക്കാനും പറഞ്ഞു കൊടുത്തു അവനെ പറഞ്ഞയക്കുമ്പോൾ പാഷാണം ഷാജി പറഞ്ഞ പോലെ എന്‍റെ മനസ്സിലും ഒരു സുഖം ,ഒരു മനസുഖം...
Haseena
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക