Slider

ഓജോബോർഡിനെ പറ്റി ഒരു പോസ്റ്റ് കണ്ടപ്പോഴാണ്

0
ഓജോബോർഡിനെ പറ്റി ഒരു പോസ്റ്റ് കണ്ടപ്പോഴാണ് എനിക്ക് ഒരു അനുഭവം ഓർമ്മ വന്നത്.
ഞായർ ദിവസം ഇനി വെള്ളിടി വെട്ടിയാലും ഒൻപത് മണി കഴിയാതെ ബെഡിൽ നിന്നും എഴുനേൽക്കാത്ത ഞാൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി സുന്ദരിആയി നേരെ അടുക്കളയിൽ ചെന്നു.
"അമ്മേ ചമ്മന്തിയ്ക്കുള്ള തേങ്ങാ ഞാൻ ചിരണ്ടി തരട്ടെ.."
എന്റെ ചോദ്യം കേട്ടിട്ടാണെന്ന് തോന്നുന്നു. പാറുക്കുട്ടി ഷോക്കേറ്റത് പോലെ ഒരു നിമിഷം നിന്നു. എന്നിട്ട് പുറകുവശത്തെ വാതിൽ വഴി പുറത്തേയ്ക്ക് ഒരോട്ടം. ഒന്നും മനസ്സിലാകാതെ ഞാനും ഓടി പാറൂട്ടിയുടെ പുറകെ..
"എന്താ അമ്മേ.. എന്താ പറ്റിയെ.."
"അല്ല.. കാക്കയൊന്നും മലർന്നു പറക്കുന്നില്ല.. അപ്പോൾ ഇന്ന് ഇടിവെട്ടി മഴ പെയ്യും. തുണി ഒക്കെ നേരത്തെ കഴുകണം. "
അമ്മേ... എന്ന് പല്ല്കടിച്ചു പിടിച്ചു ഒന്ന് വിളിച്ചു.
പച്ചാളം ഭാസി പോലും കണ്ടുപിടിച്ചിട്ടില്ലാത്ത ഏതോ ഭാവം മുഖത്ത് വരുത്തി എന്നെ ഒന്ന് നോക്കിയിട്ട് പാറുക്കുട്ടി അകത്തേയ്ക്ക് പോയി.
"അവധി ദിവസമെങ്കിലും അമ്മയെ ഒന്ന് സഹായിക്കാമെന്ന് കരുതിയാണ് ഇങ്ങോട്ട് വന്നത്. അപ്പോൾ നമ്മളെ ഒരു വിലയില്ല.. ഇനി പറയരുത്.. എന്നെ ഒന്ന് സഹായിക്കാൻ പോലും ഇവിടെ ആരുമില്ലെന്ന്... "
"അയ്യോടി.. ഇപ്പോഴാ ഓർത്തെ.. ഒരു സഹായം ചെയ്യോ മോളൂസേ.. "
"എന്താ അമ്മേ.. എന്റെ പാറുകുട്ടിയ്ക്ക് വേണ്ടി ഞാൻ എന്തും ചെയ്യും.."
"ഇവിടുന്ന് ഒന്ന് പോയി തരോ.. മനുഷ്യന് നൂറുകൂട്ടം പണിയുടെ ഇടയിൽ ആണ് അവളുടെ ഒരു കിന്നാരം.. എന്നെ കൊണ്ട് എന്തോ സാധിക്കാൻ ഉണ്ട് അതിനാണ് ഈ മുന്നൊരുക്കം എന്നെനിക്കറിയാം. എന്റോടെ ചോദിക്കണ്ട.. നിന്റെ പപ്പാടടുത്ത് പൊയ്ക്കോ.. "
ഇനി ഇവിടെ നിന്നിട്ടും കാര്യമില്ല എന്നത് കൊണ്ട് തന്നെ പയ്യെ ഞാൻ അമ്മമ്മയുടെ അടുത്തേയ്ക്ക് പോയി.
ഭവു രാവിലെ തന്നെ കുളിച്ചൊരുങ്ങി ചന്ദനം ഒക്കെ തൊട്ട് സുന്ദരിയായി പത്രത്തിൽ നക്ഷത്രഫലം വായിക്കുകയാണ്.
"ന്റെ മുരുകാ.. എന്താ ഈ കാണണത്.. ന്റെ കുട്ടി നേരത്തെ എഴുന്നേറ്റോ.. എന്റെ ഫലത്തിൽ കണ്ടതെ ഉള്ളൂ. ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന്. അത് എന്തായാലും സത്യാ.."
അതിൽ ഒന്നും വിശ്വാസമില്ലെങ്കിലും വെറുതെ എന്റെ വാരഫലത്തിലേയ്ക്കും കണ്ണോടിച്ചു..
ബന്ധുസമാഗമം.. പ്രണയസാഫല്യം.. മാനഹാനി.. ധനനഷ്ടം.. ഒടിവ്.. ചതവ്..
ആഹാ അടിപൊളി.. പ്രണയം വീട്ടിൽ പറയണം.. അതുവഴി കുറേ ഒടിവും ചതവും ഒക്കെ വാങ്ങിക്കണം.. ബന്ധുക്കൾ എല്ലാരും അറിയണം.. മാനം പോകണം.. ഇതൊക്കെ ആണോ എന്തോ ജോത്സ്യർ ഉദ്ദേശിച്ചത്.. നടക്കില്ല ജോത്സ്യരെ.. നടക്കില്ല..
"ഭവു.. ഇതിൽ എഴുതിയിരിക്കുന്നത് എല്ലാം സത്യാണോ.. "
"ചുമ്മാതെയാ കുട്ടി.. ഒന്നുമില്ല.. അവർ എന്തേലും ഒക്കെ എഴുതി വിടും അത്രയേ ഉള്ളൂ.. "
"പിന്നെ എന്തിനാ ഉണ്ടക്കണ്ണും വെച്ചു അതിൽ തന്നെ നോക്കിക്കൊണ്ടിരിക്കുന്നെ.. പോയി വേറെ വല്ല പണിയും ചെയ്തൂടെ "
"ഈ പെണ്ണ് ഇപ്പോൾ വാങ്ങിക്കും എന്റെ കൈയ്യിൽ നിന്ന്.. "
"അതല്ല എന്താ.. ഇന്ന് രാവിലെ തന്നെ."
"അത് ഭവൂ.. ഇന്ന് ഫ്രണ്ട്സ് എല്ലാരും കൂടി നയനയുടെ വീട്ടിൽ കൂടുന്നുണ്ട്. നിക്കും പോണം .. പപ്പാടടുത്തും പാറുകുട്ടിടടുത്തും ന്റെ ഭവു വേണം പറയാൻ.. "
"അയ്യടി.. അതിന് വെച്ച വെള്ളം അങ്ങ് വാങ്ങി വെച്ചേരെ.. അവർ സമ്മതിച്ചാലും ഞാൻ സമ്മതിക്കില്ല.. പ്രായപൂർത്തിയായ പെൺകുട്ടികൾ അങ്ങനെ ഒന്നും പൊക്കൂടാ.. "
"അതൊക്കെ പണ്ട്.. ഇപ്പോൾ അങ്ങനെ ഒന്നുമില്ല.. ജാംബവാന്റെ കാലത്തെ പോലെ ഒന്നുമല്ല ഇപ്പോൾ. "
"എപ്പോഴത്തെ കാലം ആയാലും പെൺകുട്ടികൾ അങ്ങനെ കൂട്ടുകാരികളുടെ വീട്ടിൽ ഒന്നും പോകുന്നത് ശരിയല്ല.. "
"ഞാൻ പപ്പാടടുത്ത് ചോദിച്ചോളാം.. ആരുടേയും സഹായം ഒന്നും വേണ്ട.. "
പപ്പായെ തിരക്കി ചെല്ലുമ്പോൾ പാവം.. ചെടിയൊക്കെ നനയ്ക്കുകയാ..
"ഇതെന്താ പപ്പാ.. ഒറ്റയ്ക്ക് ചെയ്യുന്നേ.. എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ.. "
എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ പപ്പ എന്നെ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി..
"എന്താ പപ്പ നോക്കുന്നെ.. "
"അല്ല സ്വപ്നം കാണുവാണോ എന്ന് അറിയാൻ വയ്യാതെ നിന്ന് പോയതാ.. "
"പപ്പാ.. ഞാൻ മിണ്ടില്ലാട്ടോ.. എല്ലാരും എന്നെ കളിയാക്കുവാണല്ലോ.. നേരത്തെ എഴുന്നേറ്റപ്പോൾ ഒന്ന് സഹായിക്കാം എന്ന് കരുതിയ എന്നെ വേണം തല്ലാൻ.."
"തല്ലുന്നതൊക്കെ പിന്നീട്.. ഇപ്പോൾ ഞാൻ എന്ത് സഹായം ആണ് ചെയ്യേണ്ടത് എന്ന് പറ.."
"ങേ.. എന്ത് സഹായോ.."
"ഉം.. അതെ.. കാള വാല് പൊക്കുമ്പോഴേ അറിയാല്ലോ എന്തിനാണെന്ന്.. "
"ഉം.."
ഉൾമനസ്സിൽ നിന്നും പൊങ്ങി വന്ന ചമ്മലിനെ അവിടെ തന്നെ പിടിച്ചു കെട്ടി മുഖത്ത് നിഷ്കളങ്ക ഭാവത്തെ വാരി പൂശി..
"പപ്പാ.. അത്.. ഇന്ന് ഫ്രണ്ട്സ് എല്ലാരും നയനയുടെ വീട്ടിൽ ഒത്തുകൂടുന്നുണ്ട്. ഞാനും പൊക്കോട്ടെ.. "
പറഞ്ഞു തീരുന്നതിന് മുന്നേ തന്നെ കാൽ മുട്ടിന് താഴെ എന്തോ കൊണ്ട് അടി കിട്ടി.
വേദന കൊണ്ട് പുളഞ്ഞു ഉച്ചത്തിൽ നിലവിളിച്ചു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് നാഗവല്ലിയെ പോലെ നിൽക്കുന്ന പാറുകുട്ടിയെ ആയിരുന്നു.. രൂപം കണ്ട് പേടിച്ചു നിൽക്കുമ്പോഴേയ്ക്കും പാറുക്കുട്ടി അടുത്ത അടിക്കായി കൈ ഉയർത്തിയിരുന്നു.. പപ്പ തടഞ്ഞതും ഞാൻ ഓടി ഭവൂന്റടുത്ത് എത്തിയിരുന്നു. അന്തം വിട്ട് നിന്ന ഭവൂന്റെ പുറകിൽ ഒളിച്ചിരുന്ന് ഇടം കണ്ണിട്ട് നോക്കുമ്പോൾ ദാരികനെ വധിക്കാൻ ഓടിക്കുന്ന കാളിയെ പോലെ പാറുക്കുട്ടി പിന്നാലെ ഉണ്ട്.
"എന്താ പറ്റിയെ.. പാറൂ.. എന്തിനാ അവളെ അടിക്കുന്നെ.."
ഭവൂന്റെ ചോദ്യങ്ങൾ ഒന്നും വകവെയ്ക്കാതെ എന്നെ കടിച്ചുകീറാൻ തന്നെ നിക്കുവാണ് പാറുക്കുട്ടി.
അവസാനം ഭവു ദേഷ്യത്തിൽ ചോദിച്ചതോടു കൂടി പാറുക്കുട്ടി നിന്നു..
"എന്താണെന്ന് അവളോട് തന്നെ ചോദിച്ചു നോക്ക്.. എവിടെ പോകാനാണ് അവള് രാവിലെ കുളിച്ച് ഒരുങ്ങിയതെന്ന്.. "
"എന്താ.. മോളെ.. എന്താ പറ്റിയെ.."
പപ്പ ചോദിച്ചപ്പോൾ തലതാഴ്ത്തി നിന്നതെ ഉള്ളൂ..
"മോള് പ്രേതത്തെ വിളിക്കാൻ പോകാൻ നിക്കുവാ.. "
അമ്മയാണ് ഉത്തരം പറഞ്ഞത്
"പ്രേതത്തെയോ.. "
"അതെ.. ഒടിയനും ചാത്തനും മറുതയും ഈനാംപേച്ചിയും ഒക്കെ ഉണ്ടല്ലോ കൂട്ടിന്.. (പേടിക്കണ്ട എന്റെ ഫ്രണ്ട്സിനു പാറുക്കുട്ടി ഇട്ടേക്കുന്ന പേരുകളാ.. )
അതൊന്നും പോരാഞ്ഞിട്ട് ഇനി പ്രേതത്തെയും കൂട്ട് പിടിക്കാൻ നിക്കുവാ.. "
"നീ എന്തൊക്കെയാ പറയുന്നേ പാറൂ.. "
"ഉം.. അതെന്നു.. എന്താ വിശ്വാസം ആയില്ലേ.. "
"ഇവളുടെ ഫോൺ അടിക്കുന്നത് കേട്ടാണ് ഞാൻ റൂമിലോട്ട് ചെന്നത്. ഫോൺ എടുത്ത് ഹലോ വയ്ക്കുന്നതിന് മുന്നേ അവിടുന്ന് ഇങ്ങോട്ട് പറയുവാ..
അഞ്ചുരൂപയുടെ ഗോൾഡൻ കളർ കോയിൻ കൊണ്ട് വരണമെന്ന്.. "
"അതെന്തിനാ എന്ന് ചോദിച്ചപ്പോൾ പറയുവാ.. ഓജോബോർഡിൽ അതാണ് വെയ്ക്കുന്നതെന്ന്.. ഓജോബോർഡോ എന്ന് ചോദിച്ചതും ഫോൺ കട്ടായി. "
സംശയം തോന്നിയാണ് അവളുടെ ബാഗ്‌ നോക്കിയത്. അതിനകത്ത് ഓജോബോർഡ്‌ വാങ്ങി വെച്ചേക്കുന്നു.
"സത്യാണോ മോളെ.. "
പപ്പയുടെ ചോദ്യം..
"അത് പപ്പ.. "
"സത്യാണോന്നോ.... "
"അവളുടെ കൈയ്യിൽ ജപിച്ചു കെട്ടിയിരുന്ന നൂൽ എവിടെ എന്ന് ചോദിച്ചു നോക്കിയേ.. മാലയിൽ ഇട്ടിരുന്ന തകിടും കൂടും എവിടെ എന്ന് ചോദിക്ക്.. "
"എന്താ മോളെ ഒന്നും മിണ്ടാത്തെ..
സത്യാണോ.. അമ്മ പറയുന്നേ.. "
"അത് പപ്പ അവരൊക്കെ നിർബന്ധിച്ചപ്പോൾ... "
"കേറിപ്പോടീ അകത്ത്.. " പപ്പ ഒരു അലർച്ച ആയിരുന്നു..
പപ്പ പറഞ്ഞു തീരുന്നതിന് മുന്നേ ഞാൻ മുകളിൽ എത്തി റൂമിൽ കയറി പുതപ്പും മൂടി കിടന്നിരുന്നു. എന്തിനാ വെറുതെ ഒടിവും ചതവും മാനഹാനിയും ഒക്കെ ചോദിച്ചു വാങ്ങിക്കുന്നത്.
കാലിൽ നനുത്ത തലോടൽ അനുഭവപെട്ടപ്പോഴാണ് കണ്ണ് തുറന്നത്.
ഭവു ആണ്..
"മോൾക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടോ.. "
"അതെന്താ അമ്മമ്മേ.. അങ്ങനെ ചോദിച്ചേ.. "
"അമ്മമ്മ ചോദിച്ചതിനു മോള് മറുപടി പറ.. "
"ഉണ്ട്... അതുകൊണ്ടാണല്ലോ ഞാൻ അമ്പലത്തിൽ പോകുന്നതും പ്രാർത്ഥിക്കുന്നതും.."
"അപ്പോൾ വിശ്വാസം ഉണ്ടല്ലോ.."
"ഉണ്ട്.."
"എങ്കിൽ പ്രേതങ്ങളിലും വിശ്വസിക്കണം.."
"എന്നാലും അമ്മമ്മേ പ്രേതത്തെ ഇതുവരെയും ആരും നേരിട്ട് കണ്ടിട്ടില്ലാലോ.. "
"ദൈവത്തെ കണ്ടിട്ടുണ്ടോ.."
"ഇല്ല.. "
"അത്രയേ ഉള്ളൂ.... ഉണ്ടോ.. ഇല്ലയോ.. എന്നത് അവിടെ നിക്കട്ടെ.. നമുക്ക് വേണ്ട ആ ചീത്ത കാര്യങ്ങൾ ഒന്നും. നമ്മൾ എത്ര കഥകൾ കേട്ടിരിക്കുന്നു. അതൊക്കെ കേട്ടിട്ട് നമ്മൾ എന്തിനാ വേണ്ടാത്ത പണിക്ക് പോകുന്നത്. "
"ഉം... ശരിയാ.. ഞാൻ ഇനി ചെയ്യില്ല.. സത്യം.. "
എന്ന് പറഞ്ഞു ബാഗിൽ ഇരുന്ന ഓജോബോർഡ്‌ എടുത്ത് കീറി വേസ്റ്റ് ബാസ്കറ്റിൽ ഇട്ടു.
വാതിലിനടുത്ത് ശബ്ദം കേട്ട് നോക്കുമ്പോൾ പപ്പയും പാറുക്കുട്ടിയും നിൽക്കുന്നുണ്ടായിരുന്നു. പാറുക്കുട്ടി ശാന്തസ്വരൂപത്തിൽ ആയിരുന്നു. രണ്ട് പേരുടെയും മുഖത്ത് ചിരി വിടർന്നു നിന്നിരുന്നു.
ഇന്നും ഓജോബോർഡ്‌ എന്ന വാക്ക് കേൾക്കുമ്പോൾ കാലിൽ അറിയാതെ തൊട്ട് നോക്കും അന്ന് ചട്ടുകം വെച്ചു കിട്ടിയ അടിയുടെ ഓർമയിൽ...
സാരംഗി...


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo