Slider

നിയോഗം (ഭാഗം-2)

0
നിയോഗം (ഭാഗം-2)
എഞ്ചിനിയറിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ എന്നെ പിടിച്ച് കെട്ടിക്കാനൊരുങ്ങിയ തീരുമാനത്തെ ഒരു പരിധി വരെ ഞാനെതിര്‍ത്തതുമാണ്...
കോഴ്സ് കഴിഞ്ഞു മതി കല്യാണം എന്ന് വാശിപിടിച്ചതിന് അമ്മ പട്ടിണി കിടന്നാണ് പകരം വീട്ടിയത്...
അമ്മയെ കുറ്റം പറഞ്ഞിട്ടും കാര്യോന്നൂല്ല...
പണിക്കരുടെ കവടിയോടുള്ള അമ്മയുടെ അമിതമായ അന്ധവിശ്വാസങ്ങളല്ലേ എന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്...
''ഏട്ടാ... ഫോണ്‍...'' അവള്‍ റിങ് ചെയ്യുന്ന ഫോണ്‍ കൊണ്ട് എന്റെ എടുത്തേക്ക് ഓടിവന്നു പറഞ്ഞു...
ഒന്നാമത് അവളുടെ ഏട്ടാന്നുള്ള വിളി എനിക്ക് തീരെ പിടിക്കുന്നില്ല... അവളെന്റെ മുമ്പിലേക്ക് വരുമ്പോ തന്നെ അടക്കിവെച്ച ദേഷ്യമെല്ലാം പെട്ടെന്ന് പുറത്തേക്ക് വരും...
''ഫോണ്‍ ഞാനിന്നലെ സ്വിച്ച് ഓഫാക്കീട്ടതല്ലേ... ഇതാരാ ഓണ്‍ ചെയ്തേ...''
''അത്... ത്... ഏട്ടന്‍ ഓണ്‍ ചെയ്യാന്‍ മറന്നു പോയതാവും എന്നു കരുതിയാ ഞാന്‍ ഓണ്‍ ചെയ്തത്...''
കുട്ടികളെപ്പോലെ തെറ്റ് ചെയ്തിട്ട് അതേറ്റു പറയലും കൂടി കേള്‍ക്കുമ്പോ അവളോടുള്ള ദേഷ്യം ഇരട്ടിക്കും...
ഫോണിലേക്ക് ഒന്നു നോക്കു കൂടി ചെയ്യാതെ വീണ്ടും സ്വിച്ചോഫാക്കീട്ട് ടേബിളിന്റെ മൂലയിലേക്ക് ശക്തിയായി നീക്കി വെച്ചു...
അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് അന്ന് അവളേയും കൂട്ടി അവളുടെ വീട്ടിലേക്ക് വിരുന്നിന് പോയത്...
ബന്ധുക്കളും വീട്ടുകാരുമായി ഒരു കല്യാണത്തിനുള്ള ആള്‍ക്കാരുണ്ടവിടെ...
എല്ലാവരും കൂടി പുതുമണവാളന്റെ വിശേഷങ്ങള്‍ തിരക്കാന്‍ തിക്കും തിരക്കും കൂട്ടുന്നത് കാണുമ്പോള്‍ കാക്കക്കൂട്ടത്തിലേക്ക് കല്ലെറിഞ്ഞ പോലെയായിരുന്നു...
അവിടെ നിന്ന് ഇറങ്ങി ഓടാനാണ് തോന്നിയത്...
അവളെ ഒറ്റക്കു കിട്ടിയപ്പോള്‍ ഞാനതു അവളോട് പറയേം ചെയ്തു...
''നിന്നെ കല്യാണം കഴിച്ചു എന്നൊരു തെറ്റു മാത്രേ ഞാന്‍ ചെയ്തുള്ളൂ... അതിന് എന്തിനാ എല്ലാവരും കൂടി ഇങ്ങനെ ശിക്ഷിക്കുന്നത്...
ഞാന്‍ വീട്ടിലേക്ക് പോവാണ്...
എന്റെ കൂടെ പോരുന്നുണ്ടേല്‍ പോന്നോ...?''
എന്റെ വാക്കുകള്‍ അവള്‍ക്കെത്രത്തോളം സങ്കടം ഉണ്ടാക്കിയെന്ന് അവളുടെ നിറഞ്ഞ കണ്ണുകള്‍ കണ്ടാല്‍ അറിയുമെങ്കിലും എനിക്കു ഒരു സഹതാപവും തോന്നിയില്ല..
കണ്ണുകള്‍ നിറഞ്ഞത് ആരും കാണാതിരിക്കാന്‍ ഷാള്‍ കൊണ്ട് തുടച്ച് അകത്തു പോയി എല്ലാവരോടും യാത്ര പറഞ്ഞ് അവള്‍ എന്റെ കൂടെ പോന്നു...
കോളേജിലേക്ക് പോവാനുള്ള നാണക്കേട് കൊണ്ട് വീട്ടില്‍ തന്നെ ചടഞ്ഞു കൂടിയിരുന്ന് ആരോടൊക്കെയേ ഉള്ള ദേഷ്യം ടി.വിയോടും റിമോട്ടിനോടും തീര്‍ക്കുമ്പോഴാണ് അമ്മ ഫോണ്‍ കൊണ്ട് വരുന്നത്...
''വിവേകാണ്... നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാന്ന് പറഞ്ഞു...''
എന്റെ ഫോണ്‍ ഓണാക്കാത്തതു കൊണ്ടാണ് അമ്മയുടെ ഫോണിലേക്ക് അവന്‍ വിളിച്ചത്...
''ഡാ... അളിയാാാ... നിന്നെ കാണാനേ കിട്ടുന്നില്ലല്ലോ...?
ഫസ്റ്റ് നെെറ്റിന്റെ ഹാങ്ങോവര്‍ ഇതുവരെ വിട്ടുമാറീല്ലേ...
നീയെന്താ കോളേജിലേക്ക് വരാത്തേ...?
എക്സാമടുക്കാറായെന്ന കാര്യം ഹണിമൂണ്‍ ട്രിപ്പില്‍ മറന്നു പോയോ...?
നീ വായോ... നീയില്ലാതെ ക്ലാസ്സില്‍ കയറാന്‍ ഒരു രസോല്ല...''
''ഡാ.. വിവേകേ... കോളേജിലെ എല്ലാരും അറിഞ്ഞു കാണുമോ എന്റെ കല്യാണം കഴിഞ്ഞ കാര്യം...?'''
''ഹ..ഹ..ഹ.. അറിയാതെ പിന്നെ...
കോളേജില് മൊത്തം പാട്ടായിട്ടുണ്ട്...
നീ കോളേജിലെ തരുണീമണികളുടെ ഹീറോ ആയിരുന്നില്ലേ...?
കല്യാണം കഴിഞ്ഞ് പഠിക്കാന്‍ വരുന്ന പുതുമണവാളനെ കാത്തിരിക്കാ കോളേജ് രണാങ്കണം...''
ഇത്രയും പറഞ്ഞതും പോര... അവന്റെ കൊലച്ചിരിയും കൂടി കേട്ടപ്പൊഴേ ഒരു കാര്യത്തില്‍ തീരുമാനായി...
തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയായല്ലോ ദെെവമേ എനിക്ക്...
''ശരത്തേ... നീയെന്താ ക്ലാസ്സില്‍ ഇനി പോവുന്നില്ലെന്ന് തീരുമാനിച്ചോ...?
ലോകത്ത് ന്റെ കുട്ടി മാത്രല്ലൊള്ളു പെണ്ണു കെട്ടീട്ടുള്ളത്...
ഇങ്ങനെ ചടഞ്ഞു കൂടിയിരിക്കാതെ ക്ലാസ്സില്‍ പോവാന്‍ നോക്ക്...
മോളേ... ശ്രുതി... ഇവന് കഴിക്കാനെടുത്തു വെക്ക്..''
എന്നത്തേയും പോലെയല്ല... അമ്മയുടെ വാക്കുകളില്‍ ഗൗരവം ഇല്ലേന്നൊരു സംശയം...
സംശയമല്ല...ഉണ്ട്.. അമ്മ കട്ടക്കലിപ്പില്‍ തന്നെ...
അമ്മയെ ധിക്കരിച്ച് ശീലം പണ്ടുമുതലേ ഇല്ലാത്തോണ്ട് രണ്ടും കല്‍പിച്ച് കോളേജിലേക്ക് പോവാന്‍ തന്നെ തീരുമാനിച്ചു കുളിക്കാന്‍ പോയി...
കുളി കഴിഞ്ഞ് വന്നപ്പോഴേക്കും അവള്‍ എന്റെ ഡ്രസ്സെല്ലാം അയേണ്‍ ചെയ്തു വെച്ചിരിക്കുന്നു..
ബാഗിലെ പൊടിയെല്ലാം തുടച്ച് വൃത്തിയാക്കി വെച്ചിരിക്കുന്നു...
ലോകത്തെ ആദ്യത്തെ സംഭവമായിക്കാം ഇത് പഠിക്കാന്‍ പോവുന്ന ഭര്‍ത്താവിനെ ഒരുക്കിപ്പറഞ്ഞയക്കുന്ന ഭാര്യ...
''ഏട്ടാ... ബ്രേക് ഫാസ്റ്റ് എടുത്തു വെച്ചിട്ടുണ്ട്...''
എന്റെ മുന്നില്‍ വന്ന് പറയാനുള്ള ധെെര്യം ഇല്ലാത്തത് കൊണ്ടാവും അവള്‍ വാതിലിന്റെ മറവില്‍ വന്ന് പറഞ്ഞത്...
''ഓഹ്ഹ്... വയറ് നെറഞ്ഞു... ഒന്നു പോയിത്തരോ എന്റെ മുമ്പീന്ന്...
നോക്ക് ശ്രുതി... എന്റെ ക്ഷമ ഇനിയും നീ പരീക്ഷിക്കരുത്... എന്റെ പേര് വിളിക്കാന്‍ നിനക്കു പറ്റുന്നില്ലെങ്കില്‍ ഒന്നും വിളിക്കാതിരുന്നൂടേ... ഹും...''
അവളുടെ മുഖത്തേക്ക് പോലും നോക്കാതെ വണ്ടിയെടുത്ത് കോളേജിലേക്ക് പോയി...
അവിടെ നേരിടേണ്ടി വരുന്ന പരിഹാസ വാക്കുകളും കളിയാക്കലും ഒക്കെ ഓര്‍ക്കുമ്പോള്‍ ആകെക്കൂടി വട്ട് പിടിക്കുന്നു...
കോളേജ് ഗേറ്റ് കടന്നതേ ഓര്‍മ്മുള്ളൂ എനിക്ക്...
വിചാരിച്ചതിലും മേലെ ആയിരുന്നു അവിടുത്തെ അന്തരീക്ഷം...
എല്ലാവരും എന്തോ ഒരു അത്ഭുത ജീവിയെ കണ്ട പോലുള്ള നോട്ടവും കളിയാക്കലും അടക്കം പറയലും ആണ്...
ജൂനിയേഴ്സിലെ പെണ്‍കുട്ടികള്‍ വരെ എന്നെ കണ്ടപ്പോള്‍ ഒരുമാരി ആക്കിയ ചിരിയൊക്കെ പാസ്സാക്കി മുമ്പിലൂടെ നടന്നു പോവുമ്പോള്‍ തൂങ്ങിച്ചാവാനാണ് തോന്നിയത്...
ഫസ്റ്റ് നെെറ്റിന്റെ സംഭവബഹുലമായ വിവേഷങ്ങളറിയാനാണ് വിവേകും സംഘവും ഞാനിരിക്കുന്നിടത്തേക്ക് വന്നത്...
''ഡാ... അളിയാ... എങ്ങനുണ്ടാര്‍ന്നു നിന്റെ ആദ്യ രാത്രി... നീയൊക്കെ ഭാഗ്യം ചെയ്തവനാടാ... അല്ലേല്‍ ഇത്രേം ചെറുപ്പത്തില്‍ ഒരു പെണ്ണിനെ സ്വന്തമായിട്ട് കിട്ടുമായിരുന്നോ...?''
അവരുടെ ഒരുമാതിരി തള്ള് ഡയലോഗ് കേട്ടപ്പോള്‍ മുഖത്ത് നോക്കി ആട്ട് കൊടുക്കാനാണ് തോന്നിയത്...
എന്തോ... അതിന് കഴിഞ്ഞില്ല...
കാരണം എന്തിനും ഏതിനും കൂടെ നിന്നിരുന്ന എന്റെ ചങ്കുകളാണവര്‍....
''ഡാ... ശരത്തേ... നിന്നെ വന്നപ്പൊ തൊട്ട് ഞങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതാ...
നിനക്കെന്താണ് പറ്റീത്...?
എന്തെങ്കിലും പ്രശ്നണ്ടോ...?
ഞങ്ങളിടപെടണോ...?''
അവരുടെ മുന്നില്‍ എന്നെ അലട്ടുന്ന പ്രശ്നങ്ങള്‍ ഞഞാനെങ്ങനെ തുറന്ന് പറയും...?
പറയാതിരുന്നാല്‍ എന്റെ സങ്കടങ്ങള്‍ ആരും അറിയുകയുമില്ല...
വരുന്നതു വരട്ടെ എന്നു കരുതി ഞാനവരോട് പറഞ്ഞു...
''ശ്രുതിയെ എനിക്ക് എന്റെ ഭാര്യയായി അംഗീകരിക്കാന്‍ കഴിയുന്നില്ലെടാ...
എല്ലാവരേയും പോലെ എനിക്കൂണ്ടായിരുന്നു കുറേ സങ്കല്‍പങ്ങളൊക്ക...
പഠിച്ചു നല്ലൊരു പൊസ്സിഷെനിലെത്തീട്ട് കുറച്ചെങ്കിലും മോഡേണായ ഒരു പെണ്ണിനെ കല്യാണം കഴിക്കണം എന്നൊക്കെ...
ഇതിപ്പൊ ഒരു തനി തൊട്ടാവാടിപ്പെണ്ണ്...
അവളെപ്പോലെ ഒരുവളായിരുന്നില്ല എന്റെ സങ്കല്‍പത്തിലെ പെണ്ണ്...
അമ്മയുടെ സങ്കല്‍പത്തിലുള്ള എല്ലാ ഗുണങ്ങളും അവള്‍ക്കുണ്ട്...
പക്ഷേ...''
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ അവര്‍ എന്നെ കളിയാക്കാണ് ചെയ്തത്... ഒപ്പം ഒരു ഉപദേശവും...
''അപ്പൊ ദതാണ് നിന്റെ പ്രശ്നം...
നിന്നെയൊക്കെ എന്താ പറയേണ്ടത് എന്നറിയില്ല...
കാരണം നീയൊക്കെ വല്യ വല്യ സങ്കല്‍പങ്ങളുമായിട്ട് നടക്കുന്ന ആളല്ലേ...
ഞങ്ങളും കണ്ടതാണ് നിന്റെ ഭാര്യയെ...
ഞങ്ങള്‍ക്കാര്‍ക്കും അവളിലൊരു കുഴപ്പവും കാണാന്‍ പറ്റിയിട്ടില്ല...
പിന്നെ നീ ഈ പറഞ്ഞ മോഡേണ്‍ പെണ്ണല്ലെന്നു മാത്രം...
മോനെ ശരത്തേ കിട്ടിയതിനെ കുറിച്ച് ചിന്തിക്കാതെ കിട്ടാത്തതിന്റെ പുറകെ ഓടുന്ന നിന്നെപ്പോലുള്ളവര്‍ക്ക് ഒടുക്കം നിരാശയായിരിക്കും... പറഞ്ഞില്ലെന്നു വേണ്ട...''
ഹും... നല്ല ചെങ്ങായിമാര്... കൂടെയുള്ളൊരുത്തന്റെ സങ്കടങ്ങള്‍ പറഞ്ഞപ്പോള്‍ സമാധാനിപ്പിക്കുന്നതിനു പകരം
ഒരുമാതിരി വളിഞ്ഞ ഉപദേശം കൊണ്ട് വന്നിരിക്കുന്നു...
അവരെ കുറ്റം പറഞ്ഞിട്ടും കാര്യമൊന്നില്ല... ഒരു തവണയെ അവര്‍ ശ്രുതിയെ കണ്ടൊള്ളുവെങ്കിലും അവളുടെ സൗന്ദര്യവും അവളുടെ വേഷവും അവര്‍ക്ക് നന്നായി ബോധിച്ചതുമാണ്....
എനിക്കുമാത്രമേയുള്ളൂ അവളോട് ദേഷ്യവും വെറുപ്പും...
എന്താ കാരണമെന്നു ചോദിച്ചാല്‍ കാരണങ്ങള്‍ ഒരുപാടാണ്...
എന്റെ മുമ്പിലേക്ക് അവള്‍ വരുമ്പോഴേക്കും വെട്ടുപോത്തിനെ പോലെ കടിച്ചു കീറാന്‍ ചെല്ലുമെങ്കിലും എന്നോട് ഇതുവരെ മുഖം കറുത്തൊരു വാക്കുപോലും പറഞ്ഞിട്ടില്ല...
എന്റെ എല്ലാ കാര്യങ്ങളും ഞാനറിയാതെ തന്നെ അവള്‍ ചെയ്യുമെങ്കിലും അവളുടെ മുഖത്ത് നോക്കി ഒന്നു ചിരിക്കാന്‍ പോലും ഞാന്‍ ശ്രമിച്ചിട്ടില്ല...
എത്ര ചീത്ത പറഞ്ഞാലും ആ സമയത്ത് മാത്രം മുഖം ഒന്നു മങ്ങുമെങ്കിലും കുറച്ചു കഴിഞ്ഞാല്‍ പഴയതിനേക്കാള്‍ കൂടുതല്‍ പ്രകാശിക്കും...
അമ്മയുടെ അതിരു കവിഞ്ഞുള്ള സ്നേഹവും ലാളനയും മാത്രമാവാം അവളെ പിടിച്ചു നിര്‍ത്തുന്നത്...
ഞാന്‍ അറിയാതെ എന്റെ അസ്സെെന്‍മെന്റുകളും സെമിനാറും അവള്‍ എഴുതിവെക്കുന്നതിന് പോലും ഒരു നന്ദി വാക്ക് ഇതുവരെ ഞാന്‍ പറഞ്ഞിട്ടില്ല...
ഒരു ദിവസം എന്റെ ബാഗ് പരിശോധിക്കുന്നത് കണ്ടുകൊണ്ടാണ് ഞാന്‍ റൂമിലേക്ക് വന്നത്...
ആ ദേഷ്യത്തില്‍ അവളെ തല്ലാന്‍ കയ്യോങ്ങിയ ഉടനെ അമ്മ എന്റെ മുഖമടച്ച് ഒരു അടിയായിരുന്നു...
ഹൊ... കണ്ണിലൂടെ പൊന്നീച്ച പാറി...
എന്നിട്ട് കൊറേ മാസ്സ് ഡയലോഗും...
''ഡാ... കുരുത്തം കെട്ടവനേ... നിനക്ക് അവളെ വേണ്ടേല്‍ അവളുടെ വീട്ടില്‍ കൊണ്ടാക്കണം..
അല്ലാതെ ഈ വീട്ടില്‍ വെച്ച് തല്ലാനും കൊല്ലാനുമൊന്നും ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ സമ്മതിക്കില്ല...
കുറേ ആയി ഒന്നും കണ്ടില്ലാ കേട്ടില്ലാന്ന് വെച്ച് ഞാന്‍ ക്ഷമിക്കുന്നു...
ഇവള് ഈ വീട്ടിലേക്ക് വലിഞ്ഞു കേറി വന്നതൊന്നുമല്ല...
നാലാള്‍ക്കാര്‍ കാണ്‍കെ നീ താലികെട്ടി കൂട്ടിക്കൊണ്ടു വന്നതാണ്...
ആ പരിഗണ അവള്‍ക്ക് നീ കൊടുത്തില്ലേലും ഇങ്ങനെ അവഗണിക്കരുത്...
ഇവളെ കണ്ണീരു കുടിപ്പിച്ചിട്ട് ഒരു കാലത്തും നീ ഗുണം പിടിക്കില്ല...
പറഞ്ഞില്ലെന്നു വേണ്ട...''
അമ്മയുടെ ആ മൂര്‍ച്ചയുള്ള വാക്കുകള്‍ എക്കോ അടിക്കുന്ന പോലെ കാതില്‍ വന്നലക്കുകയാരുന്നു...
കണ്ണുരുട്ടി അവളെ ഒന്നു നോക്കിയപ്പോള്‍ പാവം രണ്ടു കെെ കൊണ്ടും മുഖം പൊത്തി തേങ്ങി തേങ്ങിക്കരയുന്നു...
അവളൊരുത്തി കാരണമല്ലോ ഈശ്വരാ അമ്മ എന്നെ വെറുക്കുന്നത് എന്നോര്‍ത്തപ്പോള്‍ അവളെ കൊന്നാലോ എന്ന് വരെ ചിന്തിച്ചു പോയി ആ നിമിഷം...
പക്ഷേ അവളുടെ ആ കരച്ചില്‍ എന്റെ സകല നാഡീ ഞരമ്പുകളേയും തുളച്ച് കയറി ഹൃദയത്തിനുള്ളിലെവിടെയോ ഒന്നു കൊളുത്തിയ പോലെ...
അമ്മയുടെ ആ ശാപ വാക്കുകള്‍ ഒരു നിമിഷത്തേക്ക് ഞാനൊന്നു റിവേഴ്സ് ചെയ്തു നോക്കി...
ശരിയാണ്... കല്യാണം കഴിച്ച് ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഈ നിമിഷം വരെ അവളെ ഞാന്‍ ഒന്നു ശെരിക്കു നോക്കീട്ടു പോലുമില്ല...
ദേഷ്യപ്പെട്ടല്ലാതെ ഒരു നല്ല വാക്കു പോലും അവളോട് പറഞ്ഞിട്ടില്ല...
എന്നിട്ടും ആരോടും ഒരു പരാതിയും പറയാതെ എന്നെ അവള്‍ ജീവനു തുല്യം സ്നേഹിക്കുന്നു...
എന്നെ അമ്മ തല്ലിയതില്‍ എന്നേക്കാള്‍ കൂടുതല്‍ വേദനിച്ചത് അവള്‍ക്കാണെന്ന് ആ തേങ്ങല്‍ കേട്ടാല്‍ മനസ്സിലാവും...
എന്നിട്ടും.... ഈശ്വരാ... ഞാന്‍ മാത്രമെന്താ അവളെ മനസ്സിലാക്കാതെ പോയത്...
അന്നാദ്യമായാണ് അവളോടെനിക്ക് ഒരു സിംപതിയും സ്നേഹമൊക്കെ തോന്നിയത്...
അന്നാദ്യമായാണ് അവളെ ഒരു പെണ്ണെന്നതിലപ്പുറം എന്റെ ഭാര്യയായി ഞാന്‍ അവളെ കാണാന്‍ ശ്രമിച്ചത്...
ഒരു പരിഷ്കാരിപ്പെണ്ണിനേക്കാളും എന്തു കൊണ്ടും എനിക്ക് ചേരുന്നത് ഈ തനി നാടന്‍ തൊട്ടാവാടിപ്പെണ്ണ് തന്നെയാണെന്ന് അന്നാണെനിക്ക് ബോധ്യമായത്...
അവളോടുണ്ടായിരുന്ന എല്ലാ ദേഷ്യവും വെറുപ്പും ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതാവുന്നതായി ഞാനറിഞ്ഞു...
മെല്ലെ അവളെ എന്നിലേക്ക് ഒന്ന് ചേര്‍ത്തി നിര്‍ത്തിയപ്പോള്‍ അവളിലെ എല്ലാ സങ്കടങ്ങളും ഇല്ലാതാവുന്നത് ഞാന്‍ കണ്ടു...
''ഏട്ടാ... ഒതത്തിരി വേദനിച്ചോ...?''
അമ്മയുടെ തല്ല് കൊണ്ട ഭാഗത്ത് കെെ കൊണ്ട് തടവി അവള്‍ ചോദിച്ചപ്പോള്‍ അന്നാദ്യമായി അവളുടെ ഏട്ടാ എന്നുള്ള വിളി ഞാനസ്വദിച്ചു...
അവളെ ഒന്നു കൂടി മുറുക്കെ പിടിച്ച് നെറ്റിയില്‍ ഒരു മുത്തം കൊടുത്തപ്പോള്‍ ഞാന്‍ കണ്ടു അവളിലെ നാണത്തെ...
ഇന്ന് എന്നോട് ചേര്‍ന്നു നില്‍ക്കുന്ന എന്റെ മാത്രം തൊട്ടാവാടിപ്പെണ്ണാണവള്‍...
ഒരു നിയോഗം പോലെ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നവള്‍...
ഇണക്കളും പിണക്കങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞ ഒരു ദാമ്പത്യത്തിലൂടെയാണ് ഇന്ന് ഞാനും ശ്രുതിയും കടന്നു പോവുന്നത്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo