
പുതിയ സെറ്റും മുണ്ടുമൊക്കെയുടുത്ത് വലിയ ജിമിക്കി കമ്മലിട്ട് തലയിൽ മുല്ലപ്പൂവും ചൂടി, നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട് തനി മലയാളി മങ്കയായി ഓഫീസിലെ ഓണാഘോഷത്തിന് പോവുകയായിരുന്നു ഞാൻ ..
പവലട്ടം കണ്ണാടിയിൽ നോക്കിയും സെൽഫിയെടുത്തും സമയം കളഞ്ഞതുകൊണ്ട് അൽപ്പം ധൃതിയിലായിരുന്നു യാത്ര..
കുറച്ച ദൂരം ചെന്നപ്പോൾ ഒരാൾ എൻ്റെ സ്കൂട്ടറിനു കെെ കാണിച്ചു..
ഞാൻ ഒന്നു ഞെട്ടി ..
കുറച്ച ദൂരം ചെന്നപ്പോൾ ഒരാൾ എൻ്റെ സ്കൂട്ടറിനു കെെ കാണിച്ചു..
ഞാൻ ഒന്നു ഞെട്ടി ..
പോലീസാണോ.. ഹേയ് അല്ല.. ഞാൻ ഒന്നു കൂടി സൂക്ഷിച്ചു നോക്കി .. ഇത്തവണ ശരിക്കും ഞെട്ടി.. അതാ നിൽക്കുന്നു സാക്ഷാൽ മാവേലിത്തമ്പുരാൻ...
ഏതെങ്കിലും ചാനലിൻ്റെ പരിപാടി ആയിരിക്കും.. ഏതായാലും വണ്ടി നിർത്തുക തന്നെ..അണിഞ്ഞൊരുങ്ങി വന്നതിനു ഗുണമുണ്ടായല്ലോ..ചാനലിൽ ഞാൻ കസറും..
എന്നും വിചാരിച്ച് വണ്ടി നിർത്തി.. ചാടിയിറങ്ങി..
എന്നും വിചാരിച്ച് വണ്ടി നിർത്തി.. ചാടിയിറങ്ങി..
ചുറ്റും നോക്കി .. ക്യാമറാമാനേയും പരിവാരങ്ങളെയും ഒന്നും കാണാനില്ല..
''ഈശ്വരാ.. പണി തരുന്ന എന്തെങ്കിലും പരിപാടി ആയിരിക്കുമോ..''?
ഞാനൊരു ആത്മഗതം നടത്തുമ്പോളേക്കും തമ്പുരാൻ അടുത്തെത്തി ചോദിച്ചു..
''എങ്ങോട്ടാ .. ഇത്ര സ്പീഡിൽ..''
ഓണമായതു കൊണ്ട് ട്രാഫിക്ക് പോലീസ് വേഷം മാറി മാവേലിയായതായിരിക്കുമോ?
ഞാനൊന്ന് സംശയിച്ചു..
''ഓഫീസിലെ ഓണാഘോഷത്തിന് പോവുകയാണ്..ഇപ്പോൾത്തന്നെ വെെകി.. അതാ കുറച്ച് സ്പീഡിൽ..''
ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു..
''അതിനു കുറച്ച് നേരത്തെ ഇറങ്ങിയാൽ പോരെ.. അതെങ്ങിനെയാ.. ആടയാഭരങ്ങളൊക്കെ അണിഞ്ഞു തീരണ്ടേ..''
എൻ്റെ കെട്ട്യോൻ്റെ അതേ വാക്കുകൾ ..
അങ്ങേര് വേഷം മാറി വന്നതായിരിക്കുമോ..
അങ്ങേര് വേഷം മാറി വന്നതായിരിക്കുമോ..
മാവേലിത്തമ്പുരാൻ്റെ ഗൗരവത്തിലുള്ള സംസാരം കേട്ട് ഞാൻ വീണ്ടുമൊന്ന് സംശയിച്ചു..
അങ്ങേര് നാട്ടിലില്ലല്ലോ.. അതുകൊണ്ട് അതാവാൻ വഴിയില്ല..
ഞാൻ സ്വയം സമാധാനിച്ചു...
ഞാൻ സ്വയം സമാധാനിച്ചു...
''എന്താ ഇങ്ങനെ കുന്തം വിഴുങ്ങിയതുപോലെ നിൽക്കുന്നത്.. എന്നെ മനസ്സിലായില്ലേ..''
മാവേലിത്തമ്പുരാൻ്റെ ശബ്ദ ഗാംഭീര്യം എന്നെ ചിന്തയിൽ നിന്നുണർത്തി..
''മനസ്സിലായി.. മാവേലിയല്ലേ.. ഏത് ചാനലിൽ നിന്നാണ്..?.. വേറെ ആരേയും കാണുന്നില്ലല്ലോ..
ഞാൻ ഒറ്റ ശ്വാസത്തിൽ ചോദിച്ചു..
''ചാനലോ..? ഞാൻ മഹാബലിയാണ്.. പാതാളത്തിൽ നിന്നുള്ള വരവാണ്.. അത്തം മുതൽ ഈ പരിസരത്തൊക്കെയുണ്ട്..''
''ശരിക്കുള്ള മഹാബലിയോ..''
ഞാൻ അത്ഭുതം കൂറി..
''അതേ.. എന്താ സംശയമുണ്ടോ..''
മാവേലി എന്നെ തറപ്പിച്ചൊന്നു നോക്കി ..
''അതു പിന്നേ ശരിക്കുള്ള മാവേലിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല.. അതാ..''
ഞാൻ സങ്കോചത്തോടെ പറഞ്ഞു ..
''സംശയിക്കണ്ട .. ശരിയ്ക്കും മഹാബലി തന്നെ.. ആട്ടേ... എന്താ ഈ വേഷത്തില്.. ഇന്നലെ വരെ ചുരിദാറിലായിരുന്നല്ലോ..''
മാവേലിയുടെ ചോദ്യം കേട്ട് ഞാനൊന്നു പതറി..
''ഞാൻ പറഞ്ഞല്ലോ .. ഓഫീസിൽ ഓണാഘോഷത്തിന് പോവുകയാണെന്ന്.. എല്ലാവരും ഈ വേഷത്തിലാ വരുന്നത്.. കേരളത്തിൻ്റെ തനതു വേഷമല്ലേ ഇത്..''
പതർച്ച പ്രകടിപ്പിക്കാതെ ഞാൻ പറഞ്ഞു ..
''ആണോ.. എന്നാരു പറഞ്ഞു .. ''
വീണ്ടും ചോദ്യം ..
''അതു ആരെങ്കിലും പറയണോ.. നമുക്കറിയാവുന്നതല്ലേ..''
ഞാൻ ഉത്തരം കൊടുത്തു..
''അപ്പോ ഈ ചുണ്ടിലും നഖത്തിലുമൊക്കെ പുരട്ടിയിരിക്കുന്ന ചായമോ..? അതും കേരളത്തനിമയിലുള്ളതാണോ..?''
''അത്.. ഞാൻ വെറുതേ.. ഒരു ഭംഗിക്കുവേണ്ടി..''
ഞാൻ വിക്കി ..
''മതി ഉരുളണ്ട.. അതൊക്കെ പോട്ടെ.. എന്തൊക്കെയുണ്ട് ഓണ വിശേഷങ്ങൾ.. പറയൂ..''
മാവേലിയ്ക്ക് എന്നോട് ദയ തോന്നി..
''നല്ല വിശേഷം.. ഓണം അടിപൊളിയാക്കണം..
അതിനു വേണ്ട ഒരുക്കങ്ങളെല്ലാമായി..''
അതിനു വേണ്ട ഒരുക്കങ്ങളെല്ലാമായി..''
ഞാൻ സന്തോഷത്തോടെ പറഞ്ഞു ..
''നിനക്ക് മാത്രം ഓണം അടിപൊളിയായാൽ മതിയോ.. മറ്റാർക്കും വേണ്ടേ?''
വീണ്ടും കൂരമ്പുകൾ..
''അതിനു ഞാൻ ആരെയും ഒന്നും ചെയ്തില്ലല്ലോ..''
ഞാൻ വിഷമത്തോടെ പറഞ്ഞു ..
''നീ ആരെയും ഒന്നും ചെയ്തില്ല.. എന്നാൽ നീ മറ്റൊരാൾക്ക് ഒാണമാഘോഷിക്കാൻ അവസരം കൊടുത്തോ..'''
എനിക്ക് ഒന്നും മനസ്സിലാവാത്തതിനാൽ കണ്ണു മിഴിഞ്ഞു പോയി..
''കണ്ണു തള്ളി പുറത്തേക്ക് ഇടണ്ട.. ഞാൻ പറഞ്ഞു തരാം.. ഇന്നലെ നീ വസ്ത്രങ്ങളെടുക്കാൻ കടകളായ കടകൾ മുഴുവൻ കയറിയിറങ്ങിയില്ലേ... അപ്പോൾ ഒരു പാവം സ്ത്രീ നിൻ്റെ പിന്നാലെ നടന്ന് കെഞ്ചിയില്ലേ.. ഒരു ലോട്ടറിയെടുക്കുമോ എന്നു ചോദിച്ച്.. കുട്ടികൾക്ക് ഓണക്കോടി വാങ്ങാൻ വേണ്ടിയാ എന്നു പറഞ്ഞിട്ടു പോലും നീ എടുത്തില്ലല്ലോ..''
ഇങ്ങേര് ഇതൊക്കെ കാണുന്നുണ്ടായിരുന്നോ..
''ലോട്ടറിയൊന്നും എനിക്ക് അടിക്കാറില്ല.. അതാ ഞാൻ എടുക്കാതിരുന്നത്..''
''അവർക്ക് ഒരു സഹായമാകുമെന്ന് കരുതിയെങ്കിലും എടുക്കാമായിരുന്നില്ലേ..നിനക്കും നിൻ്റെ മക്കൾക്കുമൊക്കെ മൂന്നു കൂട്ടം വസ്ത്രങ്ങളെടുത്തല്ലോ..''
'ഇതു കുരിശായല്ലോ..'
ഞാൻ പിറു പിറുത്തു..
''നീ മുഷിയണ്ട.. ഞാൻ കണ്ടതു പറഞ്ഞു എന്നേയുള്ളു.. ''
ഞാൻ ഒന്നും മിണ്ടിയില്ല..
''ഓണസദ്യയ്ക്ക് എന്തൊക്കെ വിഭവങ്ങളാണ് നീയൊരുക്കുന്നത്.. എത്ര കൂട്ടം പായസമുണ്ടാകും.. ഞാനും കൂടി നിൻ്റെ വീട്ടിലേക്ക് വന്നാലോ..''
മാവേലി ചോദിച്ചു ..
''നമ്മള് തലശ്ശേരിക്കാർക്ക് ഇറച്ചിയും മീനുമൊന്നുമില്ലാത്ത ഓണ സദ്യ സങ്കൽപ്പിക്കാനാവില്ല... അതുകൊണ്ട് ചിക്കൻ ബിരിയാണിയാണ് ഉണ്ടാക്കുന്നത്.. തമ്പുരാൻ
വെജിറ്റേറിയൻ ആയിരിക്കുമല്ലോ..''
വെജിറ്റേറിയൻ ആയിരിക്കുമല്ലോ..''
ഞാൻ തല ചൊറിഞ്ഞു..
''ഓണത്തിനു ചിക്കൻ ബിരിയാണിയോ.. അശ്രീകരം.. എന്നിട്ട് ഓണം അടിപൊളിയാക്കണം പോലും..''
ഞാൻ നോട്ടം തറയിലേക്കാക്കി..
''ഇന്നു രാവിലെ എന്താ നീ കഴിച്ചത്..''?
''പുട്ടും ഇന്നലെത്തെ മത്തി മുളകിട്ടതും..''
ഞാൻ ആവേശത്തിൽ പറഞ്ഞു..
''എന്നിട്ടാണോ ഈ കേരളീയ വേഷവും ചുറ്റി നെറ്റിയിൽ ചന്ദനവും തൊട്ട് ഇറങ്ങിയിരിക്കുന്നത്.. പൊയ്ക്കോളൂ.. ഇനി എനിക്ക് നിന്നോടൊന്നും പറയാനില്ല..''
മാവേലിക്ക് ദേഷ്യം വന്നു..
''ഏതായാലും ഒറിജിനൽ മാവേലിയെ ഞാൻ നേരിൽ കണ്ടതല്ലേ.. എനിക്കൊരു സെൽഫി എടുക്കണം.. എന്നിട്ട് ഞാൻ പൊയ്ക്കോളാം..''
ഞാൻ അപേക്ഷിച്ചു..
''ശരി വേഗമാവട്ടേ..''
ഞാൻ സന്തോഷത്തോടെ ബാഗ് തുറന്നു മൊബെെൽ എടുത്തു.. സെൽഫിയെടുക്കാനായി മാവേലിയെ നോക്കി ..പക്ഷേ അവിടെയൊന്നും മാവേലി പോയിട്ട് വാമനൻ പോലും ഉണ്ടായിരുന്നില്ല..
അജിന സന്തോഷ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക