
ഇന്ന് നീയൊക്കെ ഓരോ ദിവസവും ക്ലാസും കട്ട് ചെയ്ത് കടലു കാണാനും, സിനിമ കാണാനുമൊക്കെ നടന്നോ, ഒരുനാൾ നീയൊക്കെ ഈ സ്കൂളിന്റെ ഗെയിറ്റിനു മുന്നിൽ വന്ന് നിന്ന് ഒരു നിമിഷമെങ്കിലും ഇന്നിരിക്കുന്ന ഈ ബെഞ്ചിലൊന്നിരിക്കാൻ കൊതിക്കും. കടലും, സിനിമയുമൊക്കെ അന്നുമുണ്ടാക്കും, പക്ഷേ...? കാലം ഇന്നത്തെ നിന്റെ നല്ല സമയം കവർന്നെടുത്തു പോകും."
അറം പറ്റിയ ടീച്ചറുടെ വാക്കുകൾ ഇന്നും എന്റെ കാതുകളേയും, മനസ്സിനേയും വല്ലാതെ അസ്വസ്ഥമാക്കുന്നു.
സ്കൂളിനോട് ചേർന്നുള്ള റോഡിലൂടെ യാത്ര ചെയ്യുമ്പോൾ വണ്ടിയിൽ കൂടെയുണ്ടാകുന്ന പ്രിയ സഖിയോടോ, അമ്മയോടോ ,കൂട്ടുകാരോടോ, പെൺകുട്ടികളാണെങ്കിൽ പ്രാണനാഥനോടോ നോവുന്ന മനസ്സാൽ, വിതുമ്പുന്ന ചുണ്ടാൽ ഇടറുന്ന സ്വരത്താൽ അഭിമാനത്തോടെ പറയാറുണ്ട്.
' ഞാൻ പഠിച്ച സ്കൂളിതാണ്, നോക്കൂ.. ആ കാണുന്ന ക്ലാസ് മുറിയിലാണ് ഞാൻ അവസാനായി പഠിച്ചത് ' .
ഒരു വർഷം മുമ്പെ നാട്ടിലെത്തിയപ്പോൾ വന്നേരി സ്കൂളിന്റെ ഉള്ളിലേക്ക് കയറാൻ ഒരവസരം എനിക്ക് കിട്ടി. പഠന കാലത്ത് സൈക്കിൾ നിർത്തിയിരുന്ന തണൽമരം എന്നെ മാടി വിളിക്കുന്ന പോലെ, നീല പാന്റും വെള്ള കുപ്പായവുമിട്ട് ഞാനും കുഞ്ഞയമ്മദും, വിപിൻദാസും, ധനീഷും രാഗേഷും, മറ്റെല്ലാ കൂട്ടുകാരും തണൽമരത്തിനടുത്തുള്ള ക്ലാസിൽ തോളോട് തോളുരുമ്മിയിരിക്കുന്ന പോലെ, ഞാനും കൂട്ടുകാരും കലാപരിപാടികൾ അവതരിപ്പിച്ചിരുന്ന സ്റ്റേജ് കൺമുന്നിൽ ശൂന്യമായിരുന്നെങ്കിലും ഓർമ്മകളിൽ ഞങ്ങൾ സജീവമായിരുന്നു. താഴത്തെ സ്കൂളുകളിലേക്കുള്ള ഓരോ പടിയിറങ്ങുമ്പോഴും ആരൊക്കെയോ എന്നെ വിളിക്കുന്ന പോലെ, അപ്പോൾ വീശിയ കാറ്റിൽ അറിയാതെ ഞാൻ വർഷങ്ങളുടെ പിന്നാമ്പുറങ്ങളിൽ അലിഞ്ഞു ചേർന്നു. അന്നു കണ്ട പല ടീച്ചേഴ്സും ഇന്ന് പിരിഞ്ഞു പോയി തുടങ്ങിയിരിക്കുന്നു. നഷ്ട്പ്പെടലുകളിൽ പലരും വരാനിരിക്കുന്നതിനെയോർത്ത് ആശ്വസിക്കാറുണ്ട്. പക്ഷേ... ഈ നഷ്ടം ഒരിക്കലും തിരിച്ചുകിട്ടില്ല.
ഒന്നുറക്കെ പൊട്ടിക്കരയാൻ തോന്നി..... എല്ലാം ഉള്ളിലൊതുക്കി സ്കൂളിലു പുറത്തിറങ്ങിയപ്പോൾ അറിയാതെ ഒന്നു തിരിഞ്ഞു നോക്കി. അവസാനമായി സ്കൂളിന്റെ പടിയിറങ്ങിയ അന്ന് ഒരിക്കലും മറക്കാതിരിക്കാൻ എന്തെങ്കിലുമൊന്നു കുത്തിക്കുറിക്കാൻ ഓട്ടോഗ്രാഫുമായി വന്ന എന്റെ കൂട്ടുകാർ ഇന്ന് ഒരു വട്ടമെങ്കിലും ഒന്ന് വിളിക്കുമെന്നോർത്ത് ... എന്റെ കൺമുന്നിലൂടെ ആ ഗെയിറ്റ് അടയുന്നുണ്ടായിരുന്നു.
.....( സംഘം അബ്ബാസ്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക