കുട്ടേട്ടൻ അടുത്ത കാലത്താണ് പക്ഷികളെ വെടിവയ്ക്കാൻ ഒരു എയർഗൺ വാങ്ങിയത്. രാവിലെ തന്നെ കുട്ടേട്ടൻ തോക്കുമായി ഇറങ്ങും. പാടത്തും പറമ്പിലുമെല്ലാം പമ്മി നടന്ന് പക്ഷികളെ വെടിവച്ചിടും. ഉന്നം കുറവാണ്. എന്നാലും ഇടക്കൊക്കെ ചില പക്ഷികൾ വെടിയേറ്റ് വീഴും. കുട്ടേട്ടൻ ആ പക്ഷികളെയെല്ലാം വറുത്തരച്ച് കറി വച്ചും പൊരിച്ചും അകത്താക്കും. അങ്ങനെയിരിക്കെയാണ് ഒരു ദിവസം വേട്ടയാടാനായി പരിചയമില്ലാത്ത കുറച്ച് ദൂരെയുള്ള വിശാലമായ നെൽവയലിന് മധ്യത്തിലുള്ള ഒരു വാഴത്തോട്ടത്തിൽ എത്തിയത്. വാഴത്തോട്ടത്തിന്റെ അതിരുകളിൽ ഇഷ്ടം പോലെ പൊന്തക്കാടുകൾ. അത്തരം പൊന്തക്കാടുകൾ കുളക്കോഴി എന്ന പക്ഷിയുടെ വിഹാര കേന്ദ്രമാണ്. വിശാലമായ വാഴത്തോട്ടത്തിന് നടുവിലൂടെ ഒരു തോട് ഒഴുകുന്നുണ്ട്. തോടിന്റെ അരികിലും പൊന്തക്കാടുകൾ. തോട്ടിലൂടെ നല്ല തെളിഞ്ഞ വെള്ളം ഒഴുകുന്നു. അവിടെ ഒരു കുളിക്കടവുണ്ട്. അത് കുട്ടേട്ടന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല. ഒരു കുളക്കോഴി വാഴകൾക്കിടയിലൂടെ ഓടുന്നത് കുട്ടേട്ടന്റെ ശ്രദ്ധയിൽ പെട്ടു. കുട്ടേട്ടൻ വാഴകളുടെ പിന്നിലൂടെ പതുങ്ങി പതുങ്ങി ഒരു കുളക്കോഴിയെ ഉന്നം വച്ച് മുന്നോട്ട് നീങ്ങി. താൻ കുളിക്കടവിനരികിലേക്കാണ് നീങ്ങുന്നതെന്നും അവിടെ ഒരു സ്ത്രീ കുളിക്കുന്നുണ്ടെന്നും കുട്ടേട്ടൻ അറിഞ്ഞിരുന്നില്ല. ശ്രദ്ധ മുഴുവൻ ഉന്നം വയ്ക്കുന്ന കുളക്കോഴിയിലാണല്ലോ! അങ്ങനെ പതുങ്ങി പതുങ്ങി കുളക്കോഴിയെ ഉന്നം വച്ച് കാഞ്ചി വലിക്കാൻ തുനിയുമ്പോൾ; ഉച്ചത്തിൽ ഒരു കരച്ചിൽ കേട്ടു . ഒരു സ്ത്രീയുടെ കരച്ചിൽ !! അയ്യോ ഓടി വരണേ; ഞാൻ കുളിക്കുന്നിടത്ത് ഒളിഞ്ഞ് നോക്കുന്നേ....... കുട്ടേട്ടൻ പകച്ചു പോയി! ഇനിയെന്ത് ചെയ്യും? സ്ത്രീ ഉറക്കെ അലറുകയാണ്: ആരെങ്കിലും ഓടി വരണേ.....! രക്ഷിക്കണേ....! കുട്ടേട്ടൻ ആകെ ഭയന്നു. ഇവരുടെ കരച്ചിൽ കേട്ട് ആരെങ്കിലും വന്നാൽ? കുട്ടേട്ടൻ സ്ത്രീയുടെ അരികിലേക്ക് ഓടിച്ചെന്നു. ചടപടാന്ന് എവിടെയെല്ലാമോ തട്ടിമുട്ടി സ്ത്രീയുടെ അരികിലെത്തി. അവളുടെ വാപൊത്തി. എന്നിട്ട് പറഞ്ഞു:ചതിക്കല്ലേ പെങ്ങളേ..... ഞാൻ കിളിയെ വെടിവക്കാൻ വന്നതാ...... പക്ഷെ അലറി കരയുന്നതിനിടയിൽ കുട്ടേട്ടൻ പറയുന്നത് സ്ത്രീ കേട്ടില്ല! അവൾ കുട്ടേട്ടന്റെ കൈ തട്ടി മാറ്റി. എന്നിട്ട് വീണ്ടും ഉറക്കേ കരഞ്ഞു വിളിച്ചു: അയ്യോ.... ഓടിവായോ... എന്നെ ബലാത്സംഗം ചെയ്യുന്നേ...... അപ്പോഴേക്കും പാടത്തും പറമ്പിലും പണിയെടുത്തിരുന്ന കുറേ തൊഴിലാളികൾ എവിടെ നിന്നോ അവിടെ പാഞ്ഞെത്തി. പിന്നെ സംഭവിച്ചതൊന്നും കുട്ടേട്ടൻ ഓർക്കാൻ ആഗ്രഹിക്കുന്നില്ല; അല്ലെങ്കിൽ ഓർമയില്ല. തൂമ്പാ പിടിച്ച് തഴമ്പിച്ച കൈകൾ മുഖത്ത് പടപടാ പതിച്ചത് ഓർമയുണ്ട്....
BY kadarsha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക