Slider

B Tech (ഒരു ദുരന്ത സ്മരണ !!! )

0
Image may contain: 1 person, closeup

അന്നൊരു ബുധനാഴ്ചയായിരുന്നു
നേരം ഉച്ച തിരിഞ്ഞിരുന്നു
നാളെ നാളെയാണ് എന്ന് ചോന്നെപ്പോഴോ
ലോട്ടറിക്കാരൻ വിളിച്ചുകൂവി
നാളെയാണ് എൻ്റെ സെമസ്റ്റർ പരീക്ഷ
എന്നാത്മഗതം ഞാനും മൊഴിഞ്ഞു
അതിസമ്മർദമോടെ ചിലരോടിനടക്കുന്നു
പാഠ പുസ്തകം കാർന്നു തിന്നുന്നു
കഷ്ടപെട്ടിന്നുപകൽ ഒപ്പിച്ച ടെക്സ്റ്റ് ബുക്ക്
എന്നെ നോക്കിക്കൊണ്ടു പല്ലിളിക്കുന്നു
മോഡ്യൂളുകൾ നെഞ്ച് വിരിച്ചു നിന്നു
എൻ്റെ കണ്ണുകൾ തകധിമി ആടിനിന്നു
അടുക്കുന്തോറും അകലുന്ന സാഗരം
ഇതുതന്നെയിതുതന്നെ വേറെയെന്താവാൻ
നോക്കി പഠിക്കുവാൻ ആവില്ലെന്നറിയുകിൽ
കേട്ടുപഠിക്കുവാൻ കൂടെ ഞാൻ കൂടി
പൊട്ടക്കണ്ണൻ ആനയെ കണ്ടപോൽ
ഓരോരുത്തരുമോരോന്നു ചൊല്ലി
ഏതാണ് സത്യം ഏതാണ് മിഥ്യ ?
അതുപോലുമെനിക്കറിയില്ല കഷ്ടം !!!
കാവിലെ പാട്ടുമത്സരത്തിനു കാണാം
എന്ന് കരുതി ഞാനും പിന്തിരിഞ്ഞു
ഹോസ്റ്റൽ വരാന്തകടന്നു ഞാനെന്നുടെ
മുറിയിൽ പ്രവേശിച്ചു തത്സമയം
പരീക്ഷ എന്ന വാക്കു കേൾക്കുമ്പോഴേ
ഉറങ്ങും സഹമുറിയനെ കണ്ടു ഞാൻ
വിളിച്ചെഴുന്നേല്പിച്ചു പഠിക്കെന്നു ചൊന്നപ്പോ
പുതപ്പെടുത്തു തലവഴി മൂടി
ഹാവൂ!!! അടുത്ത വരവിനു ഞാൻ മാത്രമല്ല
എന്നാശ്വസിച്ചുപോയ് അറിയാതെ ഉള്ളം
നാളെ പരീക്ഷക്ക് ഇന്നുതൊട്ടേ തന്നെ
കോപ്പികൾ തീർക്കുന്നു മറ്റൊരുവൻ
ഇവനേറ്റം ആത്മാർത്ഥം ഈ കർമ്മമണ്ഡലം
കോപ്പികൾ കൊണ്ടൊരു പുസ്തകം നെയ്തു
നോക്കിയെഴുതാൻ അറിയില്ലയെങ്കിൽ നിൻ
പാട്ടിനു പോടാ എന്നവൻ മൊഴിഞ്ഞു
അവിടെയും ഞാനിന്നു തോറ്റു പോയി
തോല്കുവാൻ ജീവിതം ഇനിയും ബാക്കി !!!
ഒൻപതിൽ ഒൻപതും തോറ്റു വന്നപ്പോഴും
തോഴൻ ഒരുവൻ തമാശ ചൊല്ലി
ദൈവത്തെയോർത്താരും ഓൾ ദി ബെസ്ററ് പറയല്ലേ
വെറുതെ ഒരാശംസ പാഴാക്കല്ലേ
കടത്തനാടൻ ഗുരുക്കളെ പ്രാർത്ഥിച്ചു നൊന്തു
 ചാവേറായി ഞാൻ ഇറങ്ങി
അരികിലിരുന്നെഴുതും പുസ്തകപ്പുഴുവിൻ്റെ
പേപ്പറിൽ എത്തി വലിഞ്ഞു നോക്കി
ആലുവ ശിവരാത്രി കണ്ടൊരു സ്മൃതിയില്ല
അവനിപ്പോ നട്ടു നനച്ചു വളർന്ന പോലെ
കാലം സെമെസ്റ്ററുകളായി കടന്നു പോയ്
എൻ്റെ വിധിയ്ക്കൊട്ടും മാറ്റമില്ല
കൂടെപരീക്ഷ എഴുതിയവരിൽ ചിലർ
ടീച്ചറും സാറും നിരീക്ഷകരുമായ്
മുടിവളർന്നു പിന്നെയത് നരച്ചു പക്ഷെ
ബി ടെക് മാത്രം അകന്നു നിന്നു
നക്ഷത്രമൊക്കെയും നേർ രേഖ എത്തുകിൽ
പഠിക്കാതെതന്നെ നീ പാസ്സായിടും
എൻ്റെ കുറ്റംകൊണ്ടു തോറ്റതല്ലെന്നാ-
ശ്വസിപ്പിക്കാൻ സുഹൃത്ത് ചൊല്ലി
യൂണിവേഴ്സിറ്റിക്കു ദയതോന്നിയെപ്പോഴോ
ഞാനും കൂട്ടരും ജയിച്ചു കേറി
എണ്ണിയാലൊടുങ്ങാത്ത മാർക്ലിസ്റ്റുകൾ താങ്ങി
ജോലിതേടി വാതായനങ്ങൾ താണ്ടി
ബി ടെക് നേടിയോൻ എന്തിനീ ജോലിക്കു
പതിവ് ചോദ്യങ്ങളിൽ പ്രഥമസ്ഥാനീയം
കഷ്ടപ്പെട്ടങ്ങനോ പാസ് ആയതാണേ
തെറ്റുപറ്റി ഒരു കൈയബദ്ധം !!!
പഠനശേഷം വസന്തകാലം എന്ന് കരുതീട്ടു
ഇപ്പോഴോ കോഴി വസന്ത പോലായി
തൊഴിലും മരീചികയാവുമോ ദൈവമേ
എന്നെ കണ്ണീർക്കയങ്ങളിൽ ആക്കരുതേ
എന്നെ ഞാനങ്ങോട്ടു ഏല്പിക്കുവാണെൻ്റെ
തമ്പുരാനേ തുണയേകീടണേ....!!!!!!!
അനീഷ്ലാൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo