Slider

മഹത്തായ മാതൃക (ചെറുകഥ)

0
Image may contain: 1 person

പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ്, മലപ്പുറം കോട്ടക്കുന്നിൽ ഒരുക്കിയ പാർക്ക് കാണാൻ വേണ്ടിയാണ് ഞാനും കൂട്ടുകാരും കൂടി നിരവധി പടവുകൾ കയറി മനോഹരമായ കുന്നിൻ മുകളിലെത്തിയത്.
ചരിത്രങ്ങൾ അയവിറക്കുന്ന കുന്നിൽ ടൂറിസത്തിന്റെ സാദ്ധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താൻ നഗരസഭാധികാരികൾ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം വിജയം കണ്ടത് അവിടെ സന്ദർശകരായെത്തുന്ന ആൾകൂട്ടത്തെ കണ്ടാലറിയാം.
ആ കുന്നിൻ മുകളിൽ നിന്ന് മലപ്പുറം ജില്ലയെ മൊത്തമായും കാണാൻ കഴിയുമായിരുന്നുവത്രെ. നഗരത്തിന്റെ തിരക്കൊഴിഞ്ഞ കുന്നിൻ മുകളിൽ സായന്തനം ചിലവഴിക്കാൻ വരുന്ന ആ ബാലവൃദ്ധം ജനങ്ങൾ.
ശരീരവും മനവും കുളിർപ്പിക്കുന്ന ഇളം കാറ്റിൽ ഉല്ലസിച്ചു നടക്കുന്ന ഇണക്കുരുവികൾ ഒരുപാട്..
ബഹളമുണ്ടാക്കിയും ഓടിക്കളിച്ചും ആസ്വദിക്കുന്ന കുരുന്നുകൾ.
ഇതിനിടയിലാണ് കുരുന്നുകളുടെ കളി ശ്രദ്ധിച്ച് ഇരിക്കുന്ന ഒരു ബാലൻ, ഒരു പന്ത്രണ്ട് വയസുകാരനെ എന്റെ ശ്രദ്ധയിൽ പെട്ടത്.
ഇവൻ എങ്ങിനെ ഒറ്റക്കായി എന്നതായിരുന്നു എന്റെ ചിന്ത..
അൽപം കഴിഞ്ഞപ്പോൾ തടിച്ച് താടിവച്ച ഒരു നാൽപത് വയസ്സിലധികം തോന്നിക്കുന്ന ഒരാൾ ആ കുട്ടിയുടെ അടുത്തേക്ക് വന്നു.
അയാളുടെ കൈയിൽ ഐസ് ക്രീം ഉണ്ടായിരുന്നു. അതിൽ ഒന്ന് ആ കുട്ടിക്ക് നൽകി അയാൾ ഒരു ചെടി മരത്തിന്റെ ചുവട്ടിലേക്ക് നീങ്ങി.
ആ ചെടിമരത്തിന്റെ ചുവട്ടിൽ വൃദ്ധനായ ഒരു മനുഷ്യൻ ഒരു വീൽചെയറിൽ ഇരിക്കുന്നു. ഐസ്ക്രീമിൽ ബാക്കിയുള്ളത് അയാൾ ആ വൃദ്ധനും നൽകി.
അയാൾ ആ വീൽചെയർ ആകുന്നിൻ മുകളി ളിലെ പാതയോരത്തുകൂടെ തള്ളിക്കൊണ്ടിരുന്നു. ആ കുന്നിൻ മുകളിലെ സായംസന്ധ്യയെ പൂർണ്ണമായി ആസ്വദിച്ചു കൊണ്ട് ആ വൃദ്ധനും വീൽചെയർ തള്ളിക്കൊണ്ട് ആ യുവാവും മൂകനായി ആ ബാലനും പിന്നാലെ നടന്നുകൊണ്ടിരുന്നു.
ആ രംഗം കണ്ടപ്പോൾ എനിക്കാ വൃദ്ധനോട് പുശ്ചമാണ് തോന്നിയത്. വയസ്സാൻ കാലത്തെ ഓരോരോ ആഗ്രഹങ്ങളെ.രണ്ട് പേരാണ് അയാൾക്ക് വേണ്ടി മിനക്കെടേണ്ടി വരുന്നത്.
ഇതൊക്കെ ചെറുപ്പക്കാർക്ക് പറഞ്ഞതല്ലെ ടൂറും പാർക്കും ജോളിയുമൊക്കെ., എന്നൊക്കെ ഞാൻ മനസിൽ പിറുപിറുത്തു കൊണ്ടിരുന്നു.
ആ വയസ്സന്റെ ഇഷ്ടത്തിന് നിന്നു കൊടുക്കുന്ന മകനാണെന്ന് തോന്നുന്നയാളും. എനിക്ക് അവരോടെന്തെന്നില്ലാത്ത ഒരു അവജ്ഞ തോന്നി.
വർഷങ്ങൾ പലതു കഴിഞ്ഞു. എന്റെ കല്യാണം കഴിഞ്ഞു കുട്ടികളായി. മുത്ത കുട്ടിക്ക് പന്ത്രണ്ട് വയസ്സ്.
ഇപ്പോൾ എന്റെ പിതാവിന് വാർദ്ധക്യം ബാധിച്ചിരിക്കുന്നു. രോഗങ്ങൾ കാരണം അവശനായിരിക്കുന്നു.
ശരിക്ക് നടക്കാൻ കഴിയില്ല.ചില സമയങ്ങളിൽ ബാത്ത് റൂമിലേക്ക് എടുത്തു കൊണ്ടു പോകണം.
ഞാൻ ചിന്തിച്ചു പോയി. ഒരു പക്ഷെ എന്റെ അവസ്ഥ ഇതിനേക്കാൾ മോശമായിരിക്കും. വയസ്സനാകുന്നതിന് മുമ്പ് അവശനാകും.
അന്നേരം എന്നെ പരിചരിക്കാൻ ആരും ഉണ്ടായിക്കൊള്ളണമെന്നില്ല. വരും കാലം എങ്ങിനെയായിരിക്കുമെന്ന് പറയാൻ കഴിയില്ലല്ലോ.'
അപ്പോഴാണ് വർഷങ്ങൾക്ക് മുമ്പ് കുന്നിൻ മുകളിൽ കണ്ട വൃദ്ധനെയും മകനെയും പേരക്കുട്ടിയേയും ഓർമ്മ വന്നത്.
അതൊരു നല്ല പാഠമാണ്. പിതാവിനെ പരിചരിക്കേണ്ടത് എങ്ങിനെയെന്ന് തന്റെ മകന് പഠിപ്പിച്ചു കൊടുക്കുന്ന മകൻ.
അവരെ കുറിച്ചോർത്തപ്പോൾ എനിക്കെന്തോ ഒരു ബഹുമാനം തോന്നിയോ?.
മഹത്തായ ഒരു മാതൃകയാണത്. അനുകരിക്കേണ്ട മാതൃക...
ഞാൻ എന്റെ മകനെ വിളിച്ചു.. എന്നിട്ട് പറഞ്ഞു.
"നമുക്ക് വല്ലിപ്പാനെ കുളിപ്പിക്കാം".
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo