Slider

തിരയിളകാത്ത കടലുകൾ

0


ആറാട്ടുപുഴ, ,, വലിയഴീക്കൽ....
ചെറിയഴീക്കൽ....
അവരുടെ സ്വർഗങ്ങൾ.
ഇവിടെ വരുമ്പോഴെല്ലാം അവനവളുടെ
അരയനും അവളവന്റെ പൊന്നരയത്തിയുമാകും.
കൈയോടു കൈചേർത്തു നടക്കും. ...
ഞണ്ടിന്റെ പിന്നാലെ ഓടും. ..
കക്ക പെറുക്കും...
മണൽക്കൂന കൂട്ടും...
നനഞ്ഞ കരിമണൽ വാരി അവനവളുടെ
മൂക്കിന്റെ തുമ്പത്തും കവിളിലും കഴുത്തിലുമൊക്കെ തേച്ചുവെക്കും
കൊച്ചുകുട്ടികൾ വല്യവരാര് ചെറിയവര് ആരെന്ന് സംശയിച്ച് നോക്കിനിക്കും.
അവരപ്പോ ഒന്നും കാണുന്നുണ്ടാവില്ല.
തമ്മിൽ ചാരിയിരുന്നും മാറിമാറി മടിയിൽ കിടന്നും കിന്നാരം പറയും,.
പാട്ടുമൂളും...
തിരയാട്ടം കൂടുമ്പോൾ രണ്ടാളും ഓടി തിരയിലിറങ്ങും.... ചുവടുതെറ്റി വീണും
പിടഞ്ഞെണീറ്റും വീണ്ടും വീണും. ...തിരയിൽ കെട്ടിപ്പുണർന്നും കടലിലും കരയിലും ആകെ തിരയിളക്കും .
ചിരിച്ചും കിതച്ചും തളരുമ്പോൾ..
ദേഹം കുഴയുമ്പോൾ ആരും കാണാതെ
അവളുടെ അണിവയറിൽ .... നനുത്ത രോമങ്ങൾ. .. കുളിച്ചീറൻ മൂടിയ അവന്റേതുമാത്രമായ ആ ആഴച്ചുഴിയിയിൽ അവൻ തന്റെ ചൂടുള്ള ചുണ്ടുകളമർത്തും.
അതൊരു സിഗ്നലാണ്.....
പെണ്ണേ..കൂടണയേണ്ടേ നമുക്കും എന്ന്.
പകൽ സന്ധ്യയുടെ നിറുകയിൽ സിന്ദൂരം തൂവും.അവർ തമ്മിലൊന്നാവാൻ സൂര്യൻ വഴിമാറും...ആ... മുഖത്തെ ശോണിമ സന്ധ്യയുടെ മിഴികളിൽ അഴകു വരയും... കവിൾ തുടുത്ത് അവളാകെ
ചുവന്ന്...
ഈ സായാഹ്നം നിന്നെയും
അതിമനോഹരിയാക്കുന്നു. ...ഈ സമയമാണ്... നിന്റെ ചുണ്ടുകൾ
ചുബനത്തിന് ഏറ്റവും മോഹിക്കുന്നതെന്നു തോന്നും.
അവനവളുടെ കാതോരംമൂളും.അവൻ പറയുന്നതൊക്കെ അപ്പോൾ അവളുടെ കാതിന്.. കാവ്യവും സംഗീതവുമാകും.
ഇനീ
അവർ തമ്മിൽ കണ്ണോടു കണ്ണു കോർക്കും.... ചുണ്ടോട് ചുണ്ട് ചേർക്കും..
പകൽ തന്റെ എല്ലാ അഭിനിവേശത്തോടുംകൂടി സന്ധ്യയിലലിഞ്ഞ് മയങ്ങിവീഴുമ്പോൾ
അവനവളെ തന്നിൽനിന്നടർത്തി മാറ്റും.
ആയിരം പൂർണ്ണചന്ദ്രന്മാർ അപ്പോൾ ഉദിക്കാനൊരുങ്ങി നിൽപ്പുണ്ടാകും അവളുടെ മുഖത്തപ്പോൾ...
അതു കാണുമ്പോൾ അവൻ വീണ്ടും ചോദിക്കും
നമുക്ക് പോവണ്ടേ.... നമ്മുടെ കിളിക്കൂട്ടിലേക്ക്......
°°°°○○○°°°○○○°°°
°°°°○○○°°°○○○°°°
ടീ.... പോകണ്ടേ....
 ഉം പോകാം.
നീയെന്താ ആലോചിക്കുന്നെ...
ഒന്നുമില്ല കുട്ടേട്ടാ.... വെറുതെ. .....
മണിക്കൂറുകളായി.... വലയൊരുക്കി പോകാൻ റെഡിയായി നിന്ന വള്ളങ്ങൾ
ഉറക്കെ കലപിലകൂട്ടി കടലിലേക്ക്, ഉൾക്കടലിലേക്ക് അകന്നകന്നുപോയി...
കുറച്ചകലെയായി ഇരുന്ന കുട്ടേട്ടൻ എണീറ്റു.
കൊണ്ടുവന്ന അഞ്ചു കടലപ്പായ്ക്കറ്റും
കാലിയായിരിക്കുന്നു.
ഇനീ പോകാം.
അവനവളെ നോക്കി. തിരകളിലേക്ക് നോക്കിയിരിക്കുകയാണ്..
എന്താ ഇത്ര കാണാൻ. ..ആ..ആർക്കറിയാം.എന്നും പറയുംകടലു കാണണമെന്ന്. എന്നും വരും. കുറച്ചു കടലയും വാങ്ങി.
താൻ കടല കഴിക്കും അവളു കടലു കാണും.
എന്താവോ... എന്നും ഒരേ തിര ഒരേ കടൽ. ...
ടീ...വാ പോകാം. നേരം ഇരുട്ടുവീണു.
ഉം .... അവൾ വീണ്ടുംമൂളി മടിച്ചു നിന്നു.
കുട്ടേട്ടാ....
ന്താടീ.... ?? കുട്ടേട്ടൻ ന്താ കാണുന്നെ ഈ കടലിൽ ???
അതെന്തു ചോദ്യാ..... തിരകൾ.അല്ലാതെ വേറെന്താ...
അവളും ആ തിരകളിലേക്കു തന്നെയാണ് നോക്കിയത്....
ഇരുട്ടിന്റെ നിഴലിലും അവൾ കാണുന്നുണ്ടായിരുന്നു..
അടിത്തട്ടിൽ നിറയെ മുത്തുകൾ. ...പവിഴങ്ങൾ.. ചിപ്പികൾ....വൈരങ്ങൾ..
വർണ്ണക്കൂടുകൾ.....
സ്വർണ്ണമത്സ്യങ്ങൾ..
പുറ്റുകൾ..
അലങ്കാരച്ചെടികൾ...
കൈനീട്ടുന്ന തേങ്ങുന്ന കേഴുന്ന വിലപിക്കുന്ന....അടക്കിയ ..... അമർത്തിയ..... അടിച്ചമർത്തിയ
ചില രോദനങ്ങൾ. ...
കാത്തിരിക്കുന്ന അമ്മമനസ്സുകൾ...
പൊഴിഞ്ഞുവീണ പൂവുകൾ... പുടവകൾ
പൂംകുരുന്നുകൾ..
നാളത്തെ പ്രതീക്ഷകൾ വലനെയ്തു തുഴഞ്ഞുപോയ വള്ളങ്ങൾ....
കാത്തിരിക്കുന്ന പ്രതീക്ഷകൾ മോഹങ്ങൾ.. സ്വപ്നങ്ങൾ വിശ്വാസങ്ങൾ
മൺചിരാതുകൾ....
ഒളിഞ്ഞിരിക്കുന്ന. ... പകലിനെ കാത്തിരിക്കുന്ന സൂര്യൻ. ....
എത്രദൂരംഅങ്ങേയറ്റം പോയാണ് ആ മേഘങ്ങൾ
കടലിന്റെ മുഖത്ത് ഉമ്മവെക്കുന്നത്..
ന്റെ കുട്ടേട്ടൻ ഇതൊന്നും കാണുന്നില്ല...
പാവം.സാരല്യ....
പോവാം. അവൾ ചിരിച്ചു.
കണ്ട സ്വപ്നമൊക്കെ കടലലകളിലൊഴുക്കി.... മണ്ണ് പറ്റാത്ത...നനയാത്ത പാദങ്ങളിലെ പറ്റിപ്പിടിച്ച പഞ്ചാരമണർത്തരികൾ തട്ടിക്കുടഞ്ഞ്..... തിരിച്ചു വിട്ടിലേക്ക്.
തിരിഞ്ഞു നോക്കുമ്പോൾ കണ്ടു. ..
കടലലയിൽ ആടിയുലയുന്ന തന്റെ സ്വപ്നങ്ങൾ. ..
കുട്ടേട്ടനാവട്ടെ..
ഒന്നുമറിയാതെ ബൈക്ക് സ്റ്റാർട്ടാക്കുന്ന തിരക്കിലാണ്. ...
ഇനി നാളെ...അവൾ മന്ത്രിച്ചു .
ചെറുതിരകൾ അവളെ നോക്കിച്ചിരിച്ചുകൊണ്ട് ശുഭരാത്രി നേർന്നു.
♡♡♡♡♡♡♡
ലിൻസി അരുൺ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo