Slider

അച്ഛന്റെ ചിത പറയുന്നു..

0

മണ്ണോടടിഞ്ഞോരെൻ മനസിൻ വികാരത്തെ 
എന്തിനുനീതൊട്ടുണർത്തിച്ചു മോനേ...
കത്തിയെരിഞ്ഞൊരെൻ ചാരത്തിൻകൂനയിൽ
അസ്ഥി പെറുക്കുവാൻ നീ വന്നതാണോ ?
വാരിയെടുത്ത് നീ കൂജയിലിട്ടപ്പോളെൻ -
കുഞ്ഞുവിരലിന്റെ അസ്ഥി കരഞ്ഞുപോയി
ഈകൈയിൽ പിടിച്ചു നടന്നിരുന്നു നീ
ഈ മെയ്യിൽ തളർന്നു കിടന്നിരുന്നു
നിന്റെ മൃദുവായ കൈത്തലത്തിൽ ഇന്നും
ഒരു തുണയായ് പിടിക്കുവാൻതോന്നിപ്പോയി
ഓർക്കുന്നോ നീ ആദ്യം നടക്കാൻ മടിച്ചതും
പറയാൻ പഠിച്ചതും, ഓടാൻ കൊതിച്ചതും
എന്റെ ചെറുവിരൽ മുറുകെ പിടിച്ചോണ്ട്
മണ്ണിൽ ആദ്യമായ് കാലുകൾ വെച്ചതും
പല്ല് മുളച്ചതും, മടിയിൽ കുളിച്ചതും
ഊതി നിൻവായിൽ ഞാൻ ഉരുളകൾ തന്നതും
വിദ്യാലയത്തിന്റെ വാതിലിൽ ചെന്നിട്ട്
പൊട്ടിക്കരഞ്ഞെന്നെ കെട്ടിപുണർന്നതും
ആദ്യമായ് നിന്നെ ഞാൻ മെല്ലെ അടിച്ചപ്പോൾ
വിതുമ്പുന്ന ചുണ്ടുമായ് നിൻകവിളുകൾ വീർത്തതും
മെല്ലെ വളരുന്ന നിന്നെയും കണ്ടോണ്ട്
കാലങ്ങൾ പോയതറിഞ്ഞില്ല മോനേ ഞാൻ
കണ്ണിലെ മങ്ങലും പെട്ടെന്ന് കിതയ്ക്കലും
നിന്നോട് പറയണമെന്നോർത്തിരുന്നു
കാലം നിൻകൈകളിൽ കരുത്തു പകർന്നപ്പോൾ
എന്റെ ഈ കൈവിരൽ ബലഹീനമായ്
എങ്കിലും എന്നും ഞാൻ കൊതിച്ചിരുന്നു
നിന്റെ കൈവിരൽപിടിച്ചു നടന്നീടുവാൻ
തിരക്കിട്ട ജീവിതം അനുവദിച്ചിലൊന്നും
ഒന്നിനും പരിഭവം എനിക്കുമില്ല
എങ്കിലും ഇന്നുനിൻ കരസ്പർശം ഏറ്റപ്പോൾ
വിങ്ങിപ്പോയി ആത്‌മാവ്‌ ഒരു നിമിഷം
കാലങ്ങൾ ഏറെയായ് കണ്ടിട്ട് നിന്നെഞാൻ
ഒത്തിരി എൻ മനം നൊന്തിരുന്നു
ഒരുമാത്രയെങ്കിലും കെട്ടിപിടിച്ചു നിൻ
മൂർദ്ധാവിൽ ചുംബിക്കാൻ കഴിഞ്ഞുവെങ്കിൽ
എരിഞ്ഞ ചിതയുടെ ആത്മഗതമാണ്.......
എന്തുചെയ്യാം മോനേ ഞാൻനിൻ അച്ഛനല്ലേ.....
................................
Jaya.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo