
"ഈ അമ്മയെ ഞാനെന്തു ചെയ്യണം സാർ ?എന്നെ പോലൊരു മകളോ സാറിനെ പോലൊരു മകനോ ഈ അമ്മക്കുണ്ടാവില്ലേ ? ഈ രാത്രിയിൽ ഈ അമ്മയെ സംരക്ഷിക്കാൻ എനിക്ക് പറ്റും. എന്തുവന്നാലും ഞാൻ നേരിട്ടുകൊള്ളാം ഇവരെ ഞാൻ കൊണ്ടുപോകുന്നു".
പോലീസ്‌സ്റ്റേഷനിൽ നിന്നും ആ സ്ത്രീയുടെ കൈയ്യും പിടിച്ചു പുറത്തേക്കു നടക്കുമ്പോൾ നിഷയുടെ മനസ്സിൽ ഒരാശങ്ക തോന്നിയോ?...... വേണമായിരുന്നോ അതും ഏതാനും ദിവസത്തെ അവധിക്കായി നാട്ടിൽ വന്ന താൻ.....
റിസ്ക് ആണെന്ന് പോലീസിന്റെ ഓർമ്മപ്പെടുത്തൽ ,വഴിയെവന്ന വയ്യാവേലിയെല്ലാം തലയിൽ വയ്ക്കുന്നത് നിന്റെ സ്ഥിരം പരിപാടിയാണെന്ന വീട്ടുകാരുടെ കുറ്റപ്പെടുത്തൽ .....പക്ഷേ നീ ചെയ്തത് തന്നെയാണ് ശരിയെന്നു സ്വന്തം മനസാക്ഷി പറഞ്ഞു.
നിന്നിൽ പലപ്പോഴും മഞ്ജുവാരിയർ ആവേശിക്കാറുണ്ടെന്നു കൂട്ടുകാരുടെ കളിയാക്കൽ ഓർത്തു നിഷ സ്വയം ചിരിച്ചു .
നിന്നിൽ പലപ്പോഴും മഞ്ജുവാരിയർ ആവേശിക്കാറുണ്ടെന്നു കൂട്ടുകാരുടെ കളിയാക്കൽ ഓർത്തു നിഷ സ്വയം ചിരിച്ചു .
ഇത് ആരുടെയോ ഒരമ്മ ....ഒരു ബസ്സുയാത്രയുടെ രസം അനുഭവിക്കാൻ അല്ലെങ്കിൽ വീട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഒരു വട്ട്, നിർബന്ധപൂർവം വീട്ടിൽ നിന്നിറങ്ങിയതാണ് ആലപ്പുഴയിൽ നിന്നും ഇടപ്പള്ളിയിലേയ്ക്. ബസ് സ്റ്റാൻഡിൽ നിൽക്കുമ്പോൾ തന്നെ പ്രൗഢയായ ആ സ്ത്രീ അവളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ബസ്സിൽ കയറിയതും അവളുടെ അടുത്തുതന്നെ ഇരിക്കുകയും ചെയ്തു. ലളിതാമ്മ, അവരും ഇടപ്പള്ളിയിലേക്കാണ്, മകന്റെ വീട്ടിൽ പോയി വരികയാണ്..
ഇടപ്പള്ളി, ഇടപ്പള്ളി... അവൾ ചാടി എഴുന്നേറ്റു, ഇറങ്ങാൻ തിടുക്കം കൂട്ടി, അടുത്തിരുന്ന സ്ത്രീയോട് ചോദിച്ചു ഇറങ്ങുന്നില്ല ? വേഗം ഇറങ്ങിയില്ലെങ്കിൽ ബസ് വിട്ടുപോകും, സൂപ്പർ ഫാസ്റ്റാ ,വേഗം ഇറങ്ങിക്കോ.കണ്ണ് മിഴിച്ചു ഈ ഒരജ്ഞാത ലോകത്തേക്ക് എന്നെ എന്തിനു വിളിക്കുന്നു എന്നപോലെ അവളെ നോക്കിയവർ ...
കണ്ടക്ടർ ദേഷ്യം പിടിക്കാൻ തുടങ്ങി, ഇറങ്ങുന്നുണ്ടെകിൽ ഇറങ്ങൂ അമ്മയും മകളും.....
ഒരു മര്യാദ എന്നനിലയിൽ അവൾ പറഞ്ഞു, ഒരു ഓട്ടോ വിളിച്ചാൽ എനിക്ക് വീട്ടിലെത്താം , ലളിതാമ്മ എങ്ങിനെ പോകും? എന്തോ, അവളുടെ ചോദ്യം അവർ കേട്ടതായി തോന്നിയില്ല ... എന്തോ തിരയുന്ന പോലെ ... നിഷ വീണ്ടും ചോദ്യം ആവർത്തിച്ചു... മോളെ ഇത് ഇടപ്പള്ളി തന്നെയാണോ ? അതോ എനിക്ക് വഴിതെറ്റിയോ? എവിടെ ആ സ്റ്റേഷൻ കവല ? നോക്കൂ ഇത് ലുലുമാൾ നമ്മൾ ഇടപ്പള്ളിയിൽ എത്തി , അമ്മക്കെങ്ങോട്ടു പോകണം ? അവൾ ചോദിച്ചു. ആ പാലത്തിന്റെ അപ്പുറത്തെ ജംഗ്ഷനിൽ നിന്നും നാലാമത്തെ വീട് .....ശരി, ഞാനും ആ വഴിയ്ക്കാ , വാ നമ്മുക്കൊരുമിച്ചുപോകാം .....
ഇരുട്ടിനു കനം വച്ചു തുടങ്ങിയിരിക്കുന്നു , നിഷ അവരുടെ കൈയ്യും പിടിച്ചു റോഡ് മുറിച്ചുകടന്ന്, സ്റ്റാൻഡിൽ നിന്നും ഒരു ഓട്ടോ വിളിച്ചു. ഓട്ടോ മുന്നോട്ടു പോകും തോറും ലളിതാമ്മയുടെ മുഖം അവൾ ശ്രദ്ധിച്ചു ,എന്തോ ഒരു വല്ലായ്മ .... മോളെ എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ. രാത്രിയായതുകൊണ്ടാവും കൊണ്ടാവും എന്നവൾ അവരെ ആശ്വസിപ്പിച്ചു.
ആ വളവുതിരിഞ്ഞു നാലാമത്തെ വീടിന്റെ മുൻപിൽ നിർത്തിക്കോളൂ, അത് കേട്ട് ഓട്ടോക്കാരൻ അവളെ തുറിച്ചു നോക്കി. ഓട്ടോ വളവുതിരിഞ്ഞു നിർമാണ പ്രക്രീയകൾ നടക്കുന്ന തുറസ്സായ സ്ഥലത്തേക്ക് കയറിച്ചെന്നു.
ദൈവമേ ,ഇതെന്താ, ലളിതമ്മേ ഇങ്ങിനെ? എവിടെയാ വീടിന്നല്ലേ പറഞ്ഞത് ?.... എന്റെ വീടെവിടെ ? ഞാനെവിടെയാ? ലളിതാമ്മ തലയിൽ കയ്യും വച്ച് നില്പായി.
ഓട്ടോക്കാരനോട് കാര്യം പറഞ്ഞു, ഇതെന്റെ ആരും അല്ല ,ആലപ്പുഴയിൽ നിന്നും കയറിയതാ, മകന്റെ വീട്ടിൽ പോയി വരുകയാന്നെന്നാണ് പറഞ്ഞത്, ബസ്സിൽ നിന്നിറങ്ങി പകച്ചു നിന്നപ്പോൾ പ്രായമായ സ്ത്രീയല്ലേ എന്നുകരുതി കൂട്ടിയതാ,വേറൊന്നും അറിയില്ല.
ഇവിടെയുണ്ടായിരുന്നവരെല്ലാം സ്ഥലമെല്ലാം വിറ്റിട്ട് വേറെവിടെക്കോ പോയി . ഈ സ്ഥലം ഇപ്പോൾ വലിയ ഒരു കൺസ്ട്രക്ഷൻ കമ്പനി വാങ്ങി, പഴയ വീടുകളൊക്കെ പൊളിച്ചു ,പ്ലോട്ടുകളാക്കി ,വില്ലകൾ പണിയുകയാ. ഓട്ടോക്കാരൻ പറഞ്ഞു .ചേച്ചിക്കെന്തായാലും പണിയായി ....
പതിയെ നിഷയ്ക്ക് യാഥാർഥ്യം ബോധ്യപ്പെട്ടു ,ഓർമ്മകൾ നഷ്ട്ടപെട്ട ഒരമ്മ ....
സമയം എട്ടര കഴിഞ്ഞു ,പോലീസ് സ്റ്റേഷൻ .കേസ്, എണ്ണിപ്പെറുക്കിക്കിട്ടിയ അവധി , നൂറുകൂട്ടം കാര്യങ്ങൾ ....എല്ലാം ആദ്യം മുതൽ പോലീസ് സ്റ്റേഷനിലും ആവർത്തിച്ചു വിസ്തരിച്ചു, കുറ്റവാളിയല്ലാത്തതിനാൽ പോലീസ് സ്റ്റേഷനിൽ നിർത്താൻ പറ്റില്ല, ... എത്ര ചോദിച്ചിട്ടും ലളിതമായ്ക്കു മകന്റെ വീടോ,ഫോൺ നമ്പറോ ഓർക്കാൻ സാധിക്കുന്നില്ല ....
അസമയത്തു ഒരജ്ഞാതയെയും കൂട്ടി വന്ന അവളെ വീട്ടുകാർ കുറ്റപ്പെടുത്തി, വയ്യാവേലി ,നിന്റെ ഈ സ്വഭാവം എന്ന മാറുന്നേ? ഇവരാരാ? ഈ രാത്രിയിൽ എന്തെങ്കിലും സംഭവിച്ചാൽ ,ഒരു പക്ഷേ ഇവരെ ഇറക്കിവിട്ടതാണെങ്കിലോ? ഇവിടുന്നും ഇറങ്ങിപോയാൽ ......
പരിചയമില്ലാത്ത സ്ഥലമായതിന്റെ അസ്വസ്ഥത അവർ കാണിച്ചു തുടങ്ങി, മോളെ എനിക്ക് വീട്ടിൽ പോകണം .....ഉത്കണ്ഠ അവരുടെ മുഖപ്രസാദത്തെ പാടെ വിഴുങ്ങികളഞ്ഞിരിക്കുന്നു ....കിടന്നോളൂ , നാളെ കൊണ്ടുപോകാം ...ഒരു വിധം അവൾ അവരെ ആശ്വസിപ്പിച്ചു.
ഈശ്വരാ, ഒന്ന് നേരം വെളുത്തിരുന്നെകിൽ, ഒരറിയിപ്പും ഇല്ലല്ലോ . ഒരുപക്ഷെ ആർക്കും വേണ്ടാത്ത .......ക്ഷീണത്താൽ വെളുപ്പിനെപ്പോഴോ കണ്ണുകളടഞ്ഞു പോയോ..
തട്ടും,മുട്ടും കേട്ട് കണ്ണുതുറന്നപ്പോൾ ലളിതാമ്മ വലിയ വാശിയിലാണ്, എനിക്ക് വീട്ടിൽ പോകണം ,എന്നെ എന്തിനാണിവിടെ കൊണ്ടുവന്നത് ? ആ വീടെവിടെ ഇല്ലെന്ന സത്യം അവർ മറന്നു പോയിരിക്കുന്നു....
രാവിലെ ഒൻപതു മണി, പോലീസ് സ്റ്റേഷൻ ,പറയാതിറങ്ങി പോന്നതിനും, തന്റെ ഉറക്കം കളഞ്ഞതിനും ദേഷ്യം പൂണ്ട മരുമകൾ ,കുറ്റബോധത്താൽ കുനിഞ്ഞ തലയുമായി മകനും. അപ്പോഴും വലിയ വരാന്തയും, മുറ്റം നിറയെ പൂക്കളും ഉള്ള നീല പെയിന്റടിച്ച ഓടുമേഞ്ഞ ആ പഴയ വീട്ടിൽ തന്നെ ഇനിയും കൊണ്ടു പോകാത്തതിന്റെ പരിഭവവുമായി ആ അമ്മയും .....
Lini Jose
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക