Slider

വിധിയുടെ വികൃതികൾ...

0
Image may contain: 1 person, selfie and closeup

ഷാർജയിൽ നിന്നും കൊച്ചിയിലേക്കുള്ള ജെറ്റ് എയർവൈസ് വിമാനത്തിന്റെ സൈഡ് സീറ്റിലിരുന്നു മേഘങ്ങളേ തൊട്ടുരുമ്മി പോകുന്ന വിമാനത്തിന്റെ ചിറകുകൾ നോക്കിയിരുന്ന സഞ്ജു ഒരു കുട്ടിയുടെ ശബ്ദം കേട്ടാണ് കണ്ണുകൾ മുൻപിലേക്ക്‌ പായിച്ചത്‌...
ചേച്ചി എന്റെ ചോക്കലേറ്റ് തീർന്നു... എനിക്ക് ഇച്ചിരി തരുമോ.... ?
ഒരു ചെറു പുഞ്ചിരിയോടെ അവന്റെ മൂക്കിൻ തുമ്പത്ത് ഒന്ന് പിടിച്ചാട്ടിയിട്ട്‌ അവൾ ബാക്കിയുള്ള ചോക്കളേറ്റ് കൊടുക്കുമ്പോൾ അവന്റെ മുഖത്തു വിരിഞ്ഞ സന്തോഷം സഞ്ജുവിന്റെ കണ്ണുകളെ ബാഷ്പകണങ്ങളാക്കി..
അവനു കിട്ടിയത് മുഴുവൻ പെട്ടന്ന് തിന്നു തീർത്തിട്ട് ചേച്ചിയുടെ കയ്യിലുള്ളത് ചോദിക്കുന്ന ആ കുട്ടിയുടെ നിഷ്കളങ്കമുഖം സഞ്ജുവിന്റെ ഉപബോധമനസ്സിൽ മയങ്ങികിടന്നിരുന്ന ഓർമ്മകളെ തൊട്ടുണർത്തി..കൺപീലികളിൽ നിന്നു താഴോട്ട് പതിക്കാൻ തുടങ്ങിയ തുള്ളികളെ രണ്ടുകൈകളാൽ മായ്ച്ചുകളഞ്ഞിട്ട് അവൻ കണ്ണുകൾ ഇറുക്കെയടച്ചു..മരണമില്ലാത്ത ഓർമ്മകൾ അവന്റെ മനസ്സിനെ പുറകോട്ടു മറിച്ചിട്ടു..
-----------------------------------------------------------
സഞ്ജുവിന്റെ അച്ഛൻ മാധവൻ ഒരു പോസ്റ്റ്‌ ഓഫീസ് ജീവനക്കാരനാണ്.. അമ്മ ശാരദ.. ടീച്ചറായി ജോലി ചെയ്യുന്നു..സഞ്ജുവും, ചേച്ചി സംഗീതയും.. ഒരു സന്തുഷ്ട കുടുംബം..
അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോൾ എന്നും എന്തെങ്കിലും തിന്നാൻ മേടിച്ചു കൊണ്ടുവരും.. കൂടുതലും നാരങ്ങാമിട്ടായി,കടലമിട്ടായി, മക്രോണി, കടല വറുത്തത് ഇതൊക്കെയായിരിക്കും.. ശമ്പളം കിട്ടുന്ന ദിവസം രാഘവൻ ചേട്ടന്റെ കടയിലെ ബോണ്ടയോ, ഉള്ളിവടയോ ഒക്കെ കിട്ടും..അച്ഛന് എന്നും ശമ്പളം കിട്ടണേന്നായിരുന്നു ഞാൻ അന്ന് കൂടുതലും പ്രാർത്ഥിച്ചിട്ടുള്ളത്.. എനിക്ക് കിട്ടുന്നത് ഞാൻ പെട്ടന്ന് അകത്താക്കും.. അല്ലേൽ തിന്നുകഴിഞ്ഞുവെന്നു പറഞ്ഞു ഒളിപ്പിച്ചു വെക്കും... എന്നിട്ട് എല്ലാവരുടെയും കയ്യിൽ നിന്നു ഓരോ പങ്കും കൂടെ മേടിക്കും..അച്ഛൻ മേടിച്ചോണ്ട് വരുന്നതിൽ ഒന്ന് അനുമോൾക്കാണ്..അച്ഛൻ താമസിച്ചാണ് വരുന്നതെങ്കിൽ പിറ്റേ ദിവസമേ അവൾക്കു കൊടുക്കുകയുള്ളൂ.. എനിക്ക് കിട്ടിയതെല്ലാം തീർന്നുകഴിഞ്ഞാൽ ആ പൊതി ഇങ്ങനെ അടുക്കളയിലെ ഭിത്തിയുടെ മുകളിലുള്ള പലകപ്പുറത്തിരിക്കുമ്പോൾ ഞാൻ അതും നോക്കി വട്ടമിട്ടു നടക്കും.. അവസാനം എന്റെ കൊതികാരണം അനുമോളുടെ വയറു ചീത്തയാകണ്ടന്ന് പറഞ്ഞു അമ്മ ഇച്ചിരി എടുത്തു തരും..പിറ്റേന്ന് സ്കൂളിൽ പോകുന്നതിനു മുൻപ് അനുമോൾ വരും.. അപ്പോളും അവൾ കുറച്ചു മുറിച്ചു എനിക്ക് തരും..ഈ അനുമോൾ എന്റെ അമ്മാവന്റെ മകളാണ്.. ഒരു പറമ്പിനപ്പുറെയാണ് അവരുടെ വീട്.. എന്റെ മുറപ്പെണ്ണ് ആണെന്നാ ഇവരൊക്കെ പറയുന്നേ..പക്ഷേ എനിക്ക് ആനുമോളെക്കാളും ഇഷ്ട്ടം വടക്കെപുറത്തെ ലക്ഷ്മിയെയാ..അവളെക്കാണാൻ നല്ല രസമാ..ഇതു ആരെങ്കിലും അറിഞ്ഞാൽ വീട്ടിൽനിന്നും കിട്ടും, സ്കൂളിൽനിന്നും കിട്ടും.. അതുകൊണ്ട് വലുതാകുമ്പോൾ പറയാമെന്നോർത്തു ആരുമറിയാതെ എന്റെ ഉള്ളിൽ ഇരുന്നു ആ ഇഷ്ട്ടം..
സ്കൂളിൽ പോകുമ്പോഴും, വരുമ്പോഴുമൊക്കെ ചേച്ചിയുടെയും, അനുമോളുടെയും കൂടെക്കാണും ലക്ഷ്മി.. ഒന്ന് മിണ്ടാനായി ഞാനും അവരുടെ കൂടെ നടക്കും.. പക്ഷേ എന്നോട് അവളൊന്നും മിണ്ടാറില്ല.. എനിക്കാണെങ്കിൽ മിണ്ടാൻ പേടിയും..
സ്കൂളിൽ നിന്നു വരുന്ന വഴിക്കാണ് അക്കരപ്പറമ്പ്.. വല്യച്ചൻ കൈ മെയ് മറന്നു അധ്വാനിച്ചതിന്റെ ഫലമാണ് ഫലപുഷ്ടമായ അക്കരപറമ്പ് .. റോഡിൽ നിന്നും ഇടവഴിയെ താഴോട്ടിറങ്ങിയാൽ ഒരു വലിയ പാറയാണ്.. അതിനോട് ചേർന്നു ഒരു ചെറിയ കിണർ.. എപ്പോഴും നിറയെ വെള്ളമുണ്ടാകും അതിൽ..പാള മടക്കിയുണ്ടാക്കിയ ആ തൊട്ടിയിൽ വെള്ളം കോരി കുടിച്ചിട്ടേ കുട്ടികളെല്ലാം പോകൂ... ചുറ്റും കമുകിൻതോട്ടം.. സൈഡിലായി ഒരു ചെറിയ തോട്.. കമുകുംതടി കൂട്ടി കെട്ടിയ പാലത്തിലൂടെ ആ തോട് കടന്നാൽ ഒരു ചെറിയ കുന്നുപോലെ മുകളിലോട്ടു ഏക്കറുകണക്കിന് അക്കരപറമ്പാണ് .. വലിയ മരങ്ങളും, പടർന്നു നിക്കുന്ന കാപ്പിയും, ഏലവും, നിറയെ കായ്ച്ചുകിടക്കുന്ന കുരുമുളകും,തല ഉയർത്തി നിക്കുന്ന തെങ്ങുകളും ഒക്കെ അക്കരപറമ്പിനേ മനോഹരമാക്കി..
പലതരം കിളികളുടെ കലപില ശബ്ദവും, തലങ്ങും, വിലങ്ങും ചാടി നടക്കുന്ന അണ്ണാൻമാരും,ആളനക്കം കേട്ട് കുതിച്ചു പായുന്ന മുയലുകളും, കാട്ടുകോഴിയുമൊക്കെ.. എന്റെ കുഞ്ഞുമനസ്സിൽ അക്കരപ്പറമ്പിനേ കൂടുതൽ ഇഷ്ടമുള്ളതാക്കി.. അക്കരപ്പറമ്പിന്റെ ഒരു സൈഡിൽ ഒരു വെള്ളച്ചാട്ടമുണ്ട്.. തൊട്ടടുത്തായി ഒരു കമ്പിളി നാരകവും.. മുകളിൽ നിന്നു വരുന്ന വെള്ളം പാറയിൽ തട്ടി ചിതറിതെറിക്കുന്നത്‌ എത്ര കണ്ടാലും എനിക്ക് മതിവരില്ലാരുന്നു..കമ്പിളി നാരകത്തിൽ നിറച്ചും നീറുംകൂടാണ്.. എന്നാലും ഞാൻ എങ്ങനെയെങ്കിലും കേറി കമ്പിളിനാരങ്ങ പറിക്കും.. എല്ലാം ലക്ഷ്മിയുടെ ചിരി കാണാനുള്ള തന്ത്രപ്പാടാണ്.. ഉപ്പും കൂട്ടി മണമാണാന്ന്‌ അകത്താക്കുന്നതല്ലാതെ അവൾ എന്നോട്‌ ഒന്നും മിണ്ടിയിട്ടില്ലാന്നുള്ളതാണ് സത്യം..
സ്കൂളിൽ നിന്നു വന്നാലുടനേ ഡ്രസ്സ്‌ അഴിച്ചു കട്ടിലേലോട്ട് ഒരേറും കൊടുത്തു വള്ളിനിക്കറും വലിച്ചുകേറ്റി ഒരോട്ടമാണ്.. പേരയും, മാവുമാണ് ലക്‌ഷ്യം..മാവിലിരുന്നു മാങ്ങാപ്പഴം തിന്നുമ്പോൾ ഒരു പ്രത്യേക രുചിയായിരുന്നു..
അത്‌ കഴിഞ്ഞാൽ പേരയിൽ വലിഞ്ഞു കയറുമ്പോഴേക്കും അനുമോളും എത്തിയിരിക്കും..അന്ന് അതുപോലെ ഒരു ദിവസമായിരുന്നു..പേരയിൽ ഇരുന്നു പേരക്ക തിന്നുകൊണ്ടിരുന്ന എന്നോട് അനുമോൾ താഴെ നിന്നു വിളിച്ചു പറഞ്ഞു..
എടാ ചെറുക്കാ എനിക്കും കൂടി രണ്ടെണ്ണം പറിച്ചിടടാ..
എടീ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് കേട്ടോ.. എന്നേ ചെറുക്കാന്ന്‌ വിളിക്കരുതെന്നു.. !
അപ്പൊ നീ എന്നേ പെണ്ണേന്നും, എടീന്നുമൊക്കെ വിളിക്കുന്നതോ..
ഞങ്ങൾ ആണുങ്ങൾ അങ്ങനെയൊക്കെ വിളിക്കും...
ഞാൻ ഒരു പേരക്ക പറിച്ചു അവൾക്കിട്ടു എറിഞ്ഞോണ്ട് പറഞ്ഞു..
ഇന്നാ പിടിച്ചോ...
അവൾക്കിട്ടു കൊള്ളട്ടെയെന്നോർത്തു ഇച്ചിരി ശക്തിയിൽ തന്നെയാണ് ഞാൻ എറിഞ്ഞത്..
കൃത്യം അവളുടെ തലക്കിട്ടു തന്നെ കൊണ്ടു... അനുമോൾ വലിയവായിൽ നിലവിളിക്കാനും തുടങ്ങി..
എന്നാ പറ്റിയെടീ അനുമോളെ... ?
അമ്മാവന്റെ ശബ്ദം അവിടെ വീട്ടിൽനിന്നും കേട്ടു... അമ്മാവൻ ഇപ്പൊ ഓടിവരും.. അനുമോൾന്നു വെച്ചാൽ അവർക്കു ജീവനാണ്.. ഇന്ന് അമ്മാവന്റെ കയ്യിൽ നിന്നും അടി കിട്ടും.. അതിനുമുമ്പ് രക്ഷപെടണം.. ഇറങ്ങാനുള്ള സമയമില്ല..
ഒറ്റ ചാട്ടമായിരുന്നു മുകളിൽ നിന്നും ..
പിന്നെ കേട്ടത് അനുമോളുടെക്കാളും വലിയ നിലവിളിയാരുന്നു.. ഓടി വന്നവരെല്ലാം കൂടി എന്നേ എടുക്കാൻ നോക്കി..
അയ്യോ എന്റെ കാലേൽ തൊടല്ലേ...
വേദന സഹിക്കാൻ വയ്യാതെ ഞാൻ ഉറക്കെ കാറി..
കാല് വട്ടം ഒടിഞ്ഞു . ആശുപത്രിയിൽ നിന്നും ഇടത്തേകാല് ബാൻഡേജൂം ഇട്ടാണ് കൊണ്ടുവന്നത്.. ഒന്നരമാസം എടുത്തു കാല് ശരിയാകാൻ.. അതുവരെ സ്കൂളിൽ പഠിപ്പിക്കുന്നതെല്ലാം അനുമോൾ വന്നു പറഞ്ഞു തരും..ബുക്കിൽ എഴുതാനുള്ളതെല്ലാം അവൾ എഴുതി തന്നു.. എനിക്ക് വായിക്കാനായി എവിടുന്നൊക്കെയോ ബാലരമയും, ബാലമംഗളവും , പൂമ്പാറ്റയും ഒക്കെ എടുത്തുകൊണ്ടുവന്നു.. അനുമോൾക്കു ഭയങ്കര വിഷമമായിരുന്നു ഞാൻ ഒന്ന് നടക്കുന്നതുവരെ.. പക്ഷേ ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല.. എനിക്ക് വിഷമം മുഴുവൻ ലക്ഷ്മി ഒന്ന് കാണാൻ വരാഞ്ഞതിലായിയുന്നു..
കാലിലെ കെട്ടൊക്കേ എടുത്തപ്പോൾ ഞാൻ വീണ്ടും കളിക്കാൻ പോയി തുടങ്ങി..
അന്ന് കളിക്കാൻ പോയിട്ട് താമസിച്ചാണ് വന്നത്.. അമ്മയുടെ അടുത്തൂന്ന് വഴക്ക് കിട്ടുമെന്നുള്ള പേടിയിൽ പമ്മി പമ്മി വീട്ടിൽ വന്നപ്പോളുണ്ട് ചേച്ചി അമ്മ വരാഞ്ഞിട്ടു വാതിൽക്കൽ നോക്കി നിൽക്കുന്നു.. എന്നെകണ്ടതേ ചേച്ചി ഓടിവന്നു ..
സഞ്ജുസേ.. അമ്മ ഇതുവരെ വന്നില്ലല്ലോ..
എനിക്കതുകേട്ടപ്പോൾ സന്തോഷമാണ് തോന്നിയത്..പക്ഷേ ചേച്ചി ഭയങ്കര അസ്വസ്ഥതയിൽ ആയിരുന്നു.. അകത്തുപോയി ക്ലോക്കിൽ നോക്കും.. വാതിക്കൽ വന്നു വഴിയിലേക്ക് നോക്കും..പിന്നെയും പോയി ക്ലോക്കിൽ നോക്കും..ഇതു തുടർന്നുകൊണ്ടേ ഇരുന്നു..
നേരം ഇരുട്ടിതുടങ്ങി.. എനിക്കും പേടിയാകാൻ തുടങ്ങി..ഞാൻ ചേച്ചിയോട് പറഞ്ഞു കതകടപ്പിച്ചു.. ചേച്ചി കരയാൻ തുടങ്ങി.. കൂടെ ഞാനും.. അച്ഛൻ വരണമെങ്കിൽ ഇനിയും കുറേനേരം കഴിയും..ചേച്ചി എന്നെയും കെട്ടിപിടിച്ചു ജനലിൽ കൂടി പുറത്തു വഴിയിലേക്ക് നോക്കി നിൽക്കുമ്പോൾ ഇരുട്ടിനെ കീറിമുറിച്ചു ഒരു ഓട്ടോറിക്ഷ വന്നു മുറ്റത്ത്‌ നിന്നു.. അമ്മയും, അച്ഛനും ഇറങ്ങുന്നതുകണ്ടു ഞാനും, ചേച്ചിയും ഒറ്റച്ചാട്ടത്തിനു മുറ്റത്ത്‌ ചെന്നു..
പേടിച്ചോ മക്കള് രണ്ടുപേരും... അമ്മ ഞങ്ങളെ ചേർത്തുപിടിച്ചു..അമ്മയുടെ മുഖം കരഞ്ഞു വീർത്തിരിക്കുന്നു..
അമ്മ കരഞ്ഞോ.. ?ചേച്ചി അത് ചോദിച്ചപ്പോഴേക്കും അമ്മ പൊട്ടികരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി.. പുറകെ ഞാനും, ചേച്ചിയും..
കട്ടിലിൽ വീണുകിടന്ന് എങ്ങലടിക്കുന്ന അമ്മയുടെ ചുറ്റും കരച്ചിലോടെ ഇരുന്നു ഞാനും, ചേച്ചിയും മാറി മാറി ചോദിച്ചു കൊണ്ടിരുന്നു..
എന്താ അമ്മേ പറ്റിയത്... ?അമ്മ എന്തിനാ കരയുന്നേ... ?
അപ്പോഴേക്കും അച്ഛൻ അങ്ങോട്ട്‌ വന്നു..
അമ്മക്ക് ഒരു തലവേദന.. അതിനാ അമ്മ കരയുന്നേ... ഞങ്ങളോട് അത് പറഞ്ഞിട്ട് അച്ഛൻ അമ്മയേ നോക്കി..
ശാരദാ.. കരഞ്ഞു പിള്ളേരെ വിഷമിപ്പിക്കല്ലേ.. താൻ എഴുന്നേറ്റു ഒന്ന് കുളിക്ക്..എല്ലാം ശരിയാകുമെടോ..
അത് പറഞ്ഞപ്പോൾ അച്ഛന്റെയും സ്വരം ഇടറിയിരുന്നു..
അന്ന് മുതൽ അമ്മ ആകെ മാറി.. എപ്പോഴും ഒരു ചെറു ചിരി ഉണ്ടായിരുന്ന ആ മുഖത്ത് ഒരു വല്ലാത്ത വിഷാദഭാവം നിഴലിച്ചു..അച്ഛനും എപ്പോഴും എന്തോ ഒരു ആലോചന പോലെ.. എത്ര ചോദിച്ചിട്ടും.. ഒന്നുമില്ല.. എന്നുള്ള മറുപടി മാത്രം..
അടുക്കളപ്പണി എല്ലാം ചേച്ചിയേ കൊണ്ട് ചെയ്യിപ്പിച്ചു പഠിപ്പിച്ചു..നാളെ ഏതെങ്കിലും വീട്ടിൽ ചെന്നു കേറുമ്പോൾ എല്ലാം അറിഞ്ഞിരിക്കണം എന്ന് അമ്മ പറഞ്ഞപ്പോൾ ചേച്ചി ചോദിച്ചു..
എന്നേ ഇപ്പോഴേ കെട്ടിച്ചു വിടാൻ പോകുവാണോ.. ?
അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
ചേച്ചിയേ കെട്ടിപിടിച്ചുകൊണ്ട് അമ്മ പറഞ്ഞു..
എന്റെ കുട്ടികൾ ആരെക്കൊണ്ടും നല്ലതല്ലാത്തതൊന്നും കേൾപ്പിക്കരുത് കേട്ടോ ..
അമ്മ കരയുന്നത് കണ്ട്‌ എനിക്കും കരച്ചിൽ വന്നു.. അപ്പോൾ അമ്മ എന്റെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു..
അയ്യേ.. ആണുങ്ങൾ കരയാൻ പാടില്ല..എന്റെ മോൻ ചേച്ചിയേ നോക്കിക്കോണം കേട്ടോ..
അമ്മ എവിടെപോകുവാ.. ?ഞാൻ ചോദിച്ചു..
അമ്മക്ക് സ്ഥലം മാറ്റമാ.. കുറച്ചു ദൂരയാ..
അച്ഛൻ പറയുന്നത് ഒക്കെ അനുസരിച്ചോണം രണ്ടാളും...
അമ്മയുടെ ആ വാക്കുകൾ കേട്ട്
ഞങ്ങൾ കുറേ കരഞ്ഞങ്കിലും പിന്നെ സമ്മതിച്ചു...
അമ്മ കുറച്ചുദിവസത്തിനു ശേഷം സ്ഥലമാറ്റം കിട്ടിയിടത്തേക്കു പോയി.. അതോടെ ചേച്ചി വീട്ടിലെ കാര്യങ്ങൾ എല്ലാം ഏറ്റെടുത്തു.. പയ്യെ, പയ്യെ ചേച്ചി എനിക്ക് ചേച്ചിയമ്മയായി മാറി..ചേച്ചി രാവിലെ എഴുന്നേൽക്കും, ചോറും, കറിയും എല്ലാം ഉണ്ടാക്കി പണിയെല്ലാം തീർത്തിട്ടാണ് സ്കൂളിലേക്ക് പോകുന്നത്..വൈകിട്ട് എനിക്ക് പറഞ്ഞു തരാനുള്ളതൊക്കെ പറഞ്ഞു തന്ന് പണിയെല്ലാം കഴിഞ്ഞിട്ട് പഠിച്ചിട്ടു കിടക്കുമ്പോൾ രാത്രിയാകുമെങ്കിലും..അതിന്റെ പേരിൽ പഠനത്തിൽ ചേച്ചി ഒട്ടും പുറകോട്ടു പോയിട്ടില്ല..ഞങ്ങളെ ആകെ വിഷമിപ്പിച്ചത് അമ്മയുടെ സാമിപ്യമില്ലായ്മ ആയിരുന്നു..
ദിവസങ്ങൾ കുറേ കഴിഞ്ഞു.. ഒരു ദിവസം സ്കൂളിൽ പോയിട്ട് മടങ്ങിവരുവായിരുന്നു.. പകുതി വഴി ആയപ്പോഴേക്കും അമ്മാവൻ വിജയൻചേട്ടന്റെ ജീപ്പുമായി വന്നു ഞങ്ങളെ കൂട്ടികൊണ്ട് പോയി..അമ്മാവന്റെ മുഖം ആകെ വിഷമിച്ചപോലെ ഇരിക്കുന്നു..എന്നേ കെട്ടിപിടിച്ചാണ് അമ്മാവൻ ഇരുന്നത്.. ഞാൻ വിജയൻ ചേട്ടൻ വണ്ടി ഓടിക്കുന്നതും, ഗിയർ മാറുന്നതുമൊക്കെ നോക്കി ഇരിക്കുവാരുന്നു..
ചേച്ചിക്ക് എന്തോ അപകടം മണത്തു..
ചേച്ചി അമ്മാവനോട് ചോദിച്ചു..
എന്താ അമ്മാവാ പറ്റിയത്.. ?
ഏയ്‌.. എന്തുപറ്റാൻ.. !
അച്ഛൻ എന്തിനാ കരയുന്നേ.. ?
അനുമോളും ചോദിച്ചു..
അത് പുറത്തൂന്ന് കാറ്റടിച്ചിട്ടാ..
ഞാൻ നോക്കുമ്പോൾ വണ്ടി ഓടിച്ചിരുന്ന വിജയൻ ചേട്ടനും കരയുന്നു.. ഇവർക്കൊക്കെ എന്താ പറ്റിയത്.. ആ സൈഡിൽ നിന്നു കാറ്റടിച്ചിട്ടായിരിക്കും വിജയൻ ചേട്ടന്റെയും കണ്ണ് നിറയുന്നേ.. ഞാൻ ആലോചിച്ചിട്ട് എനിക്ക് അതേ ഉത്തരം കിട്ടിയുള്ളൂ..
വീട്ടിന്റെ മുൻപിൽ വണ്ടി ചെന്നപ്പോൾ ഒത്തിരി ആൾക്കാർ അവിടെയൊക്കെ.. എന്താണന്നറിയാതെ ഞാൻ അമ്മാവന്റെ മുഖത്തേക്ക് നോക്കി..
അമ്മാവൻ അപ്പോഴേക്കും എന്റെ നെറ്റിയിൽ മുഖമമർത്തി വിങ്ങിപ്പൊട്ടി.. ആ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ എന്റെ മുഖത്തേയ്ക്കും പടർന്നിറങ്ങി.. വണ്ടി നിർത്തിയതേ ചേച്ചി കരഞ്ഞുകൊണ്ട്‌ വീട്ടിലേക്കു ഓടി.. പുറകെ അനുമോളും.. എന്നേ കെട്ടിപിടിച്ചിരുന്ന അമ്മാവന്റെ കൈ വിടുവിച്ചു ഞാനും അകത്തേക്ക് പാഞ്ഞു..
ഓടിച്ചെന്ന ഞാൻ നോക്കുമ്പോൾ ആരെയോ വെള്ളത്തുണിയാൽ മൂടി കിടത്തിയിരിക്കുന്നു.. ചേച്ചിയും, അനുമോളും അടുത്തിരുന്നു വലിയ വായിൽ കരയുന്നു.. അതാരാണന്നു അറിയാനുള്ള ആകാംഷയോടെ ഞാൻ ചെന്നു നോക്കുമ്പോൾ.. അമ്മ..
ചേച്ചീ ... അമ്മ.. കരച്ചിലോടെ അത് പറയുമ്പോഴേക്കും ചേച്ചി എന്നേ കെട്ടിപിടിച്ചു..
നമ്മുടെ അമ്മ പോയി സഞ്ജുസേ..അമ്മ നമ്മളെ ഇട്ടിട്ടു പോയേ..
ചേച്ചിയുടെ കരച്ചിൽ കേട്ടാണ് അകത്തായിരുന്ന അച്ഛൻ ഓടി വന്നു .. ഞങ്ങളെ ചേർത്തുപിടിച്ചു അച്ഛൻ വിങ്ങിപ്പൊട്ടി..
പരസ്പ്പരം ആശ്വാസിപ്പിക്കാൻ കഴിയാത്ത ഞങ്ങളെ നോക്കി അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ നനഞ്ഞു..
കരഞ്ഞു തളർന്ന ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.. ആരുടെയൊക്കെയോ വർത്തമാനം കേട്ടാണ് ഞാൻ ഉറക്കമുണർന്നത്.. പാതിമയക്കത്തിൽ ആ വാക്കുകൾ ഞാൻ കേട്ടു..
അവസാനമാ അറിഞ്ഞത്.. രക്തത്തിൽ ഏതോ അണുക്കൾ കൂടിയിട്ടു രക്തം കട്ട പിടിച്ചുപോകുവാ..
അറിഞ്ഞിട്ടും കാര്യമൊന്നുമില്ലായിരുന്നേ.. !
ഇതുവരെ ഈ അസുഖത്തിനു മരുന്നു കണ്ടുപിടിച്ചിട്ടില്ലന്നാ പറയുന്നേ.. പത്ത് ലക്ഷം പേരിൽ ഒരാൾക്കേ ഈ അസുഖമുള്ളൂന്ന്‌..
അറിഞ്ഞിട്ടും.. മാധവനും,ശാരദയും ആരോടും പറഞ്ഞില്ല.. കുറച്ചു നാളെ ആയെങ്കിലും എല്ലാം ഉള്ളിലൊതുക്കി എങ്ങനെ പിടിച്ചുനിന്നോ ആവോ.. ?
പാവം കുട്ടികൾ.. അമ്മയില്ലാതെ വളരണ്ടേ.. അനുഭവിക്കുക.. അല്ലാതെ എന്ത് ചെയ്യാൻ പറ്റും..
ഞാൻ അമ്മേ എന്ന് വിളിച്ചു ഉറക്കെ കരഞ്ഞുകൊണ്ട്‌ എഴുന്നേറ്റു..ചേച്ചി വന്നു എന്നേ കൊണ്ടുപോയി കൂടെ ഇരുത്തി..അമ്മയുടെ മുഖത്തേക്കും നോക്കി ഇരുന്നപ്പോൾ എനിക്ക് ഒത്തിരി സങ്കടം വന്നു..
ദിവസങ്ങൾ പലതു കഴിഞ്ഞു..പയ്യെ പയ്യെ ഞങ്ങൾ ജീവിതത്തിലേക്ക് തിരിച്ചുവന്നു..അമ്മയെക്കുറിച്ച് ഓർക്കുമ്പോൾ ഒരു വിങ്ങലാണ്.. ഉള്ളം കരയും..ചേച്ചിയുടെ സ്നേഹം ഒരു പരിധിവരെ എന്നേ ആ വിഷമത്തിൽ നിന്നും കര കയറ്റി..
----------------------------------------------------------------
കാലങ്ങൾ അവരുടെ ജോലി തീർത്തുകൊണ്ടിരുന്നപ്പോൾ ഞാനും വളർന്നു..ഒപ്പം എന്റെ മനസ്സിൽ ലക്ഷ്മിയോടുള്ള ഇഷ്ട്ടവും ആരുമറിയാതെ വളർന്നു..ആ ഇഷ്ട്ടം അവസാനിപ്പിച്ചത്‌ ചെത്തുകാരൻ ശിവൻ ചേട്ടനായിരുന്നു.. പനയുടെ മുകളിൽ ചെത്ത്‌ കഴിഞ്ഞു ആത്മാവിനു പുക കൊടുത്തു കൊണ്ടിരുന്നപ്പോഴാണ് ശിവൻ ആ കാഴ്ച്ച കണ്ടത്.. താഴെയുള്ള അടച്ചിട്ടേക്കുന്ന വീട്ടിലേക്കു പതിയെ പതിയെ മുരിക്കുംവീട്ടിലെ ഇളയ സന്തതി വന്നു ആരെയോ പ്രതീക്ഷിച്ചു നില്ക്കുന്നു..രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ നാലുപാടും നോക്കി വന്ന ആളെ കണ്ട്‌ ശിവൻ വിശ്വാസം വരാതെ കണ്ണ് തിരുമ്മി വീണ്ടും നോക്കി..ലക്ഷ്മി.. രണ്ടുപേരും അകത്തു കയറി കതകടച്ചു.. ശിവൻ പെട്ടന്ന് പനയിൽ നിന്നിറങ്ങിവന്നു കതകു പുറത്തു നിന്നും പൂട്ടിയിട്ട് നാട്ടുകാരെ വിളിച്ചു കൂട്ടി.. മനസ്സിൽ കാത്തു സൂക്ഷിച്ചിരുന്ന എന്റെ പ്രണയിനിയേ വല്ല്യ വീട്ടിലെ പയ്യന്റെ കൂടെ പിടിച്ചതിനെക്കാളും എന്നേ വിഷമിപ്പിച്ചത്.. എല്ലാവരുടെയും മുൻപിലൂടെ അപമാനിതനായി മകളെയും കൊണ്ട് പോകുന്ന ആ അച്ഛന്റെ മുഖമായിരുന്നു..കിട്ടിയ വിലക്ക് ഉള്ളതൊക്കെ കൊടുത്തിട്ട് അവർ ഈ നാട്ടിൽനിന്നും പോയി..അങ്ങനെ എന്റെ പ്രണയത്തിനു ഒരു തീരുമാനമായി..
----------------------------;--------------------------------
കോളേജിൽ പോകാൻ തുടങ്ങിയ സമയം.. ഒരേ കോളേജിൽ ആയിരുന്നു ഞാനും,അനുമോളും..ഒരു ദിവസം എന്റെ കൂട്ടുകാരൻ അജിത്‌ എന്നോട് മടിച്ചു, മടിച്ചു ഒരു കാര്യം പറഞ്ഞു.. അവനു അനുമോളെ ഇഷ്ട്ടമാണന്ന്‌..
എന്റെ മുറപ്പെണ്ണാടാ അവൾ.. അതറിയാമോ നിനക്ക് ?
എനിക്കറിയാം.. പക്ഷേ നിനക്ക് അങ്ങനെയൊരിഷ്ടം ഉണ്ടന്ന് എനിക്ക് തോന്നിയില്ല... അതാ ഞാൻ ആദ്യം നിന്നോട് പറഞ്ഞതും ... ഇനി അങ്ങനെ ഉണ്ടങ്കിൽ ഞാൻ ഇങ്ങനെ പറഞ്ഞിട്ടില്ല..
അവൾക്കു ഇഷ്ട്ടമാണെങ്കിൽ... പിള്ളാരുകളിക്കല്ലെങ്കിൽ.. നീ ധൈര്യമായി പ്രണയിച്ചോ.. ഞാനുണ്ടാവും നിങ്ങളുടെ കൂടെ..അവൾ നല്ല കുട്ടിയാ..ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും നല്ല കുട്ടി..
താങ്ക്സ് മച്ചാ...
അവൻ ഇഷ്ട്ടം അനുമോളോട് പറഞ്ഞുകാണും, അവരെ ഒന്നിച്ചു ലൈബ്രറിയിലും, വാകമരച്ചോട്ടിലും ഒക്കെ കണ്ടു..
ഞാൻ അവളെ ഒന്ന് കണ്ണുരുട്ടി പേടിപ്പിച്ചു അവിടെ നിന്നും പോകും..
പക്ഷേ പിന്നെ, പിന്നെ അവരെ ഒന്നിച്ചു കാണുമ്പോൾ എനിക്ക് ഉള്ളിൽ ഒരു അസ്വസ്ഥത.. അത് പതിയെ കൂടി വന്നു.. ഞാൻ പലപ്പോഴും എന്നോട്‌ ചോദിച്ചു.. എന്തിനാണ് ഈ വിഷമം.. ഞാനല്ലേ അവളെ ഇഷ്ട്ടമല്ലന്നു പറഞ്ഞു പ്രണയിക്കാൻ അജിത്തിന് സമ്മതം കൊടുത്തത്.. കുഞ്ഞുനാൾ മുതൽ എന്റെ പുറകെ നടന്ന അവളുടെ സ്നേഹം കണ്ടിട്ട് തിരിച്ചങ്ങോട്ട് എനിക്കിതുവരെ ഒരിഷ്ട്ടം തോന്നിയിട്ടില്ല.. പിന്നെ ഇപ്പൊ എന്തേ ഉള്ളിലൊരു പിടച്ചിൽ..ഒന്നും തിരിച്ചറിയാനാവാത്ത അവസ്ഥ.. തനിക്ക് തെറ്റിപ്പോയോ.. ?ഉള്ളിലുണ്ടായിരുന്ന സ്നേഹം കാണാൻ വൈകി പോയോ..? അറിയില്ല... പക്ഷേ ഒത്തിരി ഇഷ്ട്ടമുള്ള എന്തോ കൈവിട്ടുപോയപോലെ..
പയ്യെ ഞാൻ തിരിച്ചറിയുവായിരുന്നു.. എന്റെ ഉള്ളിൽ ഞാൻ പോലും അറിയാതെ അനുമോൾക്കുള്ള സ്ഥാനം..
തിരിച്ചറിയപ്പെടാതെ പോയ ഇഷ്ടത്തെ ഓർത്തു മനസ്സ് സങ്കടപ്പെട്ടിരുന്ന ഒരു ദിവസം..
 ഒരു ഞായറാഴ്ച ആയിരുന്നു അന്ന്..
രാവിലെ ഉറക്കമുണർന്നിർട്ടും ഓരോന്നോർത്തു കിടന്നു.. പണ്ടെങ്ങും കടന്നു വരാത്തപോലെ ഇപ്പൊ അനുമോളുടെ മുഖം മനസ്സിനുള്ളിലേക്കു ഇടിച്ചു കയറുന്നു.. കയ്യിലുള്ളത് കയ്യെത്താ ദൂരത്തേക്ക് വലിച്ചെറിഞ്ഞിട്ട് ടെൻഷൻ അടിച്ചിട്ട് വല്ലോ കാര്യമുണ്ടോ..ഒന്ന് ഉറക്കെ വിളിച്ചാൽ കേൾക്കുന്നിടത്തു അവളുണ്ട്..വിളിക്കാനുള്ള ശക്തി നഷ്ടപ്പെട്ടിരിക്കുന്നു.. ഇപ്പൊ അവൾ പഴയപോലെ ഇങ്ങോട്ട് വരാറില്ല..
അവനു ദേഷ്യവും, സങ്കടവും തോന്നി...
ചേച്ചിയുടെ കൈകൊണ്ടു ഒരു കട്ടൻ കുടിച്ചാൽ ഒരാശ്വാസം കിട്ടും.. എഴുന്നേറ്റില്ലേൽ ചേച്ചി വിളിക്കണ്ടതായിരുന്നല്ലോ എന്നോർത്ത് ഞാൻ എഴുന്നേറ്റു അടുക്കളയിൽ ചെന്നു.. അവിടെങ്ങും ഇല്ല.. ഈ ചേച്ചിയിതെവിടെപ്പോയി...
ചേച്ചീ... ചേച്ചിയേ...
എന്റെ ഉറക്കെയുള്ള വിളി കേട്ട് മുറ്റത്തിന് താഴെ പറമ്പിൽ പാവലിനു വെള്ളം ഒഴിച്ചോണ്ടിരുന്ന അച്ഛൻ വിളിച്ചു ചോദിച്ചു..
എന്തിയേടാ ചേച്ചി... ?
ഇവിടെങ്ങും കണ്ടില്ലല്ലോ അച്ഛാ.. അച്ഛന്റെയടുത്തേക്ക് നടന്ന ഞാൻ കാണുന്നത് ഒരു കോണിൽ മുറ്റമടിക്കുന്ന ചൂലും പിടിച്ചു ചേച്ചി വീണു കിടക്കുന്നു..
ചേച്ചിയമ്മേ..
ഒരലർച്ചയോടെ ഓടിച്ചെന്നു ചേച്ചിയെ കോരിയെടുത്തു മടിയിൽ കിടത്തി.. എന്റെ കരച്ചിൽ കേട്ട് അച്ഛനും ഓടിവന്നു.. ഞങ്ങൾ ചേച്ചിയേ കുലുക്കി വിളിച്ചു.. അനക്കമില്ലാതെ കിടക്കുന്ന ചേച്ചിയെയും കൊണ്ട് ഞങ്ങൾ ആശുപത്രിയിലേക്ക്‌ പാഞ്ഞു..
-----------------------------------------------------------
വീട്ടുമുറ്റത്ത്‌ വിരിച്ചിരിക്കുന്ന പന്തലിൽ ഒരു ജീവശവം പോലെ ഞാനിരുന്നു.. മുൻപിൽ വെള്ളപുതപ്പിച്ചു അച്ഛനും, ചേച്ചിയമ്മയും..
അമ്മക്ക് വന്ന അതേ രോഗം ചേച്ചിയമ്മയുടെയും ജീവനെടുത്തപ്പോൾ.. സഹിക്കാനാവാതെ ചങ്ക് പൊട്ടി അച്ഛനും പോയി എന്നേ മാത്രം തനിച്ചാക്കിയിട്ട്..
ചേച്ചിയമ്മയേ കെട്ടിപ്പിടിച്ചു വാവിട്ട് നിലവിളിക്കുന്ന അനുമോളെ നോക്കി ഞാൻ ഇരുന്നു... എനിക്കുമൊന്നു കരയാൻ കഴിഞ്ഞിരുന്നെങ്കിൽ..കഴിയുന്നില്ലല്ലോ ഈശ്വരാ.. എന്റെയും ശ്വാസം ഒന്ന് നിലച്ചിരുന്നെങ്കിൽ.. എനിക്കും പോകാമായിരുന്നു അച്ഛന്റെയും, ചേച്ചിയുടെയും കൂടെ അമ്മയുടെ അടുത്തേക്ക്..ശരീരം ഭാരമില്ലാതാകുന്നപോലെ എനിക്ക് തോന്നി.. കണ്ണുകൾ അടയുന്നു.. ആരൊക്കെയോ ഓടിവന്നു എന്നേ താങ്ങി.. എന്റെ ബോധം മറഞ്ഞു..
--------------------------------------------------------
ഞാൻ ഒറ്റയ്ക്കായപ്പോൾ ഒരു തരത്തിലും വീട്ടിൽ ഇരിക്കാൻ വയ്യന്നായി.. എവിടെ തിരിഞ്ഞാലും അച്ഛന്റെയും, ചേച്ചിയമ്മയുടെയും മുഖങ്ങൾ,,.. മനസ്സിന്റെ സമനില തെറ്റിയിരുന്നെങ്കിൽ എന്നാഗ്രാഹിച്ച ദിവസങ്ങൾ.. സമയത്തിന് ഭക്ഷണവുമായി അമ്മായിയും, അനുമോളും വരും,.. നിർബന്ധിച്ചു കഴിപ്പിക്കും.. ഒന്നും ഇറങ്ങുന്നില്ല.. പേടിയായിരുന്നു അവർക്ക് ഞാൻ എന്തെങ്കിലും അവിവേകം ചെയ്യുമോന്ന്..
അമ്മാവനു വാക്ക് കൊടുത്തു ഒരിക്കലും അങ്ങനെ ചിന്തിക്കുക പോലുമില്ലന്ന്‌..മനസ്സിന്റെ കടിഞ്ഞാൺ നഷ്ട്ടമാകുമെന്ന് തോന്നിയപ്പോളാണ് ഒരു യാത്രയേ കുറിച്ച് ചിന്തിച്ചത്.. ആരോടും പറയാതെ പോകണമെന്ന് വിചാരിച്ചു.. പിന്നെയോർത്തു അമ്മാവനോടും, അമ്മായിയോടും പറഞ്ഞിട്ട് പോകാം.. അനുമോളോട്... വയ്യ... അത് വേണ്ടാന്ന് തോന്നിയത് കൊണ്ട് അനുമോൾ കോളേജിൽ പോകുന്നത് വരെ കാത്തിരുന്നു..
ഒന്ന് രണ്ട് ദിവസം അത്രയേ ഉള്ളൂ..
ശരിയാ.. മനസ്സ് ഒന്ന് ശാന്തമാകട്ടെ.. നീ പോയിട്ട് വാ.. അമ്മാവൻ പറഞ്ഞു..
അനുമോളോട് പറഞ്ഞില്ലല്ലോ.. അമ്മായി ചോദിച്ചു..
പറഞ്ഞാ മതി.. എന്നാ ഞാനിറങ്ങട്ടെ..
ഞാൻ ഇറങ്ങി നടന്നു.. അച്ഛനും, അമ്മയും, ചേച്ചിയമ്മയും കൂടെ ഉണ്ടന്ന് തോന്നി..
അനുമോൾ ... അവൾ മാത്രം ഇല്ല..എല്ലാം മറക്കണം.. കഴിയുമോ.. അറിയില്ല..
---------------------------------------------------------
sir... Seatbelt please.. എയർഹോസ്‌റ്റസിന്റെ ശബ്ദമാണ് ഓർമ്മകളിൽ നിന്നും വിടുവിച്ചത്‌...
എന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടാകണം എയർഹോസ്‌റ്റസ്‌ എന്നോട് ചോദിച്ചു..
Sir.. any problem.. ?
Nothing.. !
എന്റെ മറുപടിയിൽ വിശ്വാസം വരാതെ അവൾ എന്നോട് വീണ്ടും ചോദിച്ചു..
Are you ok sir.. ?
Yes..
ഞാൻ കണ്ണുകൾ അമർത്തി ഒന്ന് തുടച്ചു..
അന്ന് ഇറങ്ങിയതാണ്.. ലക്ഷ്യമില്ലാതെ എവിടെയൊക്കെയോ അലഞ്ഞു .. ഒടുവിൽ ഷാർജയിൽ എത്തി..പത്ത് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. ആരുടേയും ഒരു വിവരങ്ങളും അറിയില്ല.. ആരെയും വിളിച്ചിട്ടില്ല ഇതുവരെ.. കുറച്ചു ദിവസമായി മനസ്സിന് ഒരു ഭാരം.. അച്ഛനും, അമ്മയും, ചേച്ചിയമ്മയും നിത്യവിശ്രമം കൊള്ളുന്നിടത്തു ഒന്ന് പോകണമെന്ന് തോന്നി.. അടുത്ത
ഫ്ലൈറ്റിന് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു കയറി..
ഇതാ നെടുംബാശ്ശേരി എത്താറായി..
------------------------------------------------------
സന്ധ്യ ആകാറായി വീട്ടിൽ ചെല്ലുമ്പോൾ.. വണ്ടിയിൽ നിന്നിറങ്ങി നേരെ മൂവരും ഉറങ്ങുന്നിടത്തേക്കു ചെന്നു..
അസ്ഥിതറയിൽ എന്നും വിളക്ക് വെക്കുന്നുണ്ട്.. അമ്മായി ആയിരിക്കും..
 കണ്ണടച്ച് നിന്നു.. കുറേ നേരം..ഓർമ്മകൾ വേദനിപ്പിച്ചപ്പോൾ കണ്ണ് തുറന്നു.. ഒഴുകിയിറങ്ങിയ കണ്ണുനീർ ചാലുകൾ തുടക്കാതെ അവിടെ നിന്നു..
ആരാ... അത്... ?
ചോദ്യം കേട്ട് തിരിഞ്ഞ് നോക്കി...
അമ്മായി..
സഞ്ജു... എന്ന് വിളിച്ചുകൊണ്ടു അമ്മായി ഓടി അടുത്തുവന്നു.. കരയുവാരുന്നു അമ്മായി..
എത്ര നാളായി നീ പോയിട്ട്.. ഒന്ന് വിളിക്കാൻ പോലും നിനക്ക് തോന്നിയില്ലല്ലോ..
എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ തല കുനിച്ചു നിന്നു..
എന്നെയും പിടിച്ചുവലിച്ചു കൊണ്ട് അമ്മായി വീട്ടിലേക്കു നടന്നു..
അമ്മായി വിളിച്ചു പറഞ്ഞപ്പോൾ ടൌണിൽ നിന്നും അമ്മാവൻ പെട്ടന്ന് വന്നു.. അമ്മാവൻ ആദ്യം കുറേ വഴക്ക് പറഞ്ഞു.. പിന്നെ കെട്ടിപിടിച്ചു കരഞ്ഞു.. ഇവർക്കൊക്കെ എന്നോട് ഇത്രയും സ്നേഹമുണ്ടായിരുന്നോ.. അല്ലേലും താൻ എല്ലാം താമസിച്ചേ മനസ്സിലാക്കുകയുള്ളു..
അനുമോൾ ... ?
ഞാൻ പൂർത്തിയാക്കാതെ നിർത്തി..
അവൾ തിരുവന്തപുരത്താ..
ഊം.. ഞാൻ ഒന്ന് മൂളി..
അജിത്‌ തന്നെയാണോ കെട്ടിയത് എന്ന് ചോദിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും എന്തോ.. ചോദിച്ചില്ല..
ഒത്തിരി നാളുകൾക്ക് ശേഷം അന്ന് മനഃശാന്തിയോടെ കിടന്നുറങ്ങി..
രാവിലെ ഉറക്കമുണർന്നു പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞു വരാന്തയിലെ കസേരയിൽ കിടന്ന പത്രത്താളിലേക്കു കണ്ണോടിച്ചു നോക്കിയിരിക്കുമ്പോഴാണ്..
മുന്നിലേക്ക്‌ ഒരു വെളുത്ത മെലിഞ്ഞ കൈ ഒരു ഗ്ലാസ്‌ കടും കാപ്പിയുമായി നീണ്ടുവന്നു.
സഞ്ജു മുഖമുയർത്തി നോക്കി..
അനുമോൾ .. അവന്റെ ചുണ്ടുകൾ മന്ത്രിച്ചു..
അപ്പോൾ പേര് മറന്നിട്ടില്ല അല്ലേ..
അവൾ വാടിയ ചിരിയോടെ ചോദിച്ചു..
നീ എപ്പോൾ വന്നു.. അവൻ പെട്ടന്ന് മുഖത്തെ സങ്കടം മറച്ചുകൊണ്ട് ചോദിച്ചു..
ഒരു അര മണിക്കൂറായതേ ഉള്ളൂ.. സഞ്ജു വന്നിട്ടുണ്ടന്നു അമ്മ വിളിച്ചു പറഞ്ഞപ്പോൾ രാത്രിയിൽ തന്നെ ഓടി വന്നതാ.. ഒന്ന് കാണണമെന്നു തോന്നി..രാവിലെ വരുമ്പോളേക്കും ആള് പോയാലോ.. അങ്ങനെയല്ലേ സംഭവിച്ചിരിക്കുന്നെ..
അവനു അവളുടെ മുഖത്തേക്ക് നോക്കാൻ മടി തോന്നി.. വിദൂരതയിലേക്ക് കണ്ണ് നട്ടു അവൻ ഇരുന്നു..
തന്നെയാണോ വന്നത്.. ?
ഊം.. അവൾ മൂളി..
Hus.. ?
വന്നില്ല...
കുട്ടികൾ.. ?
അവളൊന്നും മിണ്ടിയില്ല..
അടക്കാനാവാത്ത ജിജ്ഞാസയോടെ അവൾ ചോദിച്ചു..
സഞ്ജു കല്യാണം കഴിച്ചില്ലേ.. ?
ഇല്ല.. !
അവൻ മുഖമുയർത്തി നോക്കി..
Hus... അജിത്‌.. അല്ലേ.. ചോദിയ്ക്കാൻ മടിച്ചു അവൻ നിർത്തി..
അജിത്തും, ഞാനും തമ്മിൽ പ്രണയമൊന്നും അല്ലായിരുന്നു..
പിന്നെ.. ? ഞാൻ ചോദിച്ചു..
സഞ്ചുവേട്ടന്റെ മനസ്സറിയാൻ ഞാൻ പറഞ്ഞതനുസരിച്ച് അജിത്‌ അങ്ങനെ അഭിനയിച്ചതായിരുന്നു...
സഞ്ജുവിന്റെ ഉള്ളൊന്നു പിടഞ്ഞു.. അവൻ കണ്ണുകൾ ഇറുക്കെ അടച്ചു..എല്ലായിടത്തും തനിക്ക് തെറ്റാണല്ലോ പറ്റിയത്.. അവൻ എഴുന്നേറ്റു..
എനിക്ക് പോകണം.. ഞാൻ ഒന്ന് കുളിക്കട്ടെ... അവളോട്‌ പറഞ്ഞിട്ട് അവൻ കുളിക്കാനായി കയറി.. അന്ന് അനുമോളോട് തന്റെ ഇഷ്ട്ടം തുറന്നു പറയാതിരുന്നത് ഓർത്തപ്പോൾ... സഹിക്കാൻ പറ്റുന്നില്ല..ഇങ്ങോട്ട് വരണ്ടായിരുന്നു എന്നവനോർത്തു..
എല്ലാവരോടും യാത്ര പറഞ്ഞു സഞ്ജു ഇറങ്ങി.. ടാക്സിയിൽ കണ്ണുകൾ അടച്ചു സീറ്റിൽ ചാരി കിടക്കുവായിരുന്ന സഞ്ജു ഒരു ബീപ്, ബീപ് ശബ്ദം കേട്ട് ചുറ്റും നോക്കി...
ഡ്രൈവർ സാറെ... എന്താ സൗണ്ട് കേൾക്കുന്നേ... ബോംബ്‌ വല്ലതും ആണോ.. ?
ഡ്രൈവർ പെട്ടന്ന് വണ്ടി സൈഡിലായി ഒതുക്കി നിർത്തി.. രണ്ടുപേരും കൂടെ അവിടെല്ലാം നോക്കി...
സാറിന്റെ ബാഗിനകത്തൂന്നാ സൗണ്ട് കേൾക്കുന്നതു...
ഞാൻ പെട്ടന്ന് ബാഗ്‌ തുറന്നു നോക്കി..
ഒരു ചെറിയ ബോക്സ്‌.. ഇതെങ്ങനെ ഇതിനകത്തു വന്നു എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ അത് തുറന്നു.
 സാറെ സൂക്ഷിച്ചു...ഡ്രൈവർ പറഞ്ഞു..
ബോക്സിനകത്തു ഒരു പാവക്കുട്ടി കൂടെ ഒരു ഡയറിയും..
എവിടെയോ നഷ്ട്ടപ്പെട്ടൂന്നു കരുതിയ എന്റെ ഡയറി... എന്തോ ഓർത്തിട്ടെന്നപോലെ അവൻ അതിന്റെ താളുകൾ വേഗത്തിൽ മറിച്ചു..പത്ത് വർഷങ്ങൾക്കു മുൻപ് താൻ വീട്ടിൽ നിന്നു പോരുന്നതിനു തലേ രാത്രിയിൽ കുറിച്ചിട്ട വരികളിൽ അവൻ വേഗത്തിൽ കണ്ണോടിച്ചു ..
ഇഷ്ട്ടമാണ് മനസ്സ് നിറയേ..
അറിഞ്ഞിരുന്നില്ല..
ഇത്ര മേൽ എൻ മനസ്സിൽ നീ..
ഉണ്ടായിരുന്നെന്ന്..
അറിഞ്ഞു വന്നപ്പോൾ..
അകലെയായി പോയല്ലോ പ്രിയേ നീ.. തെറ്റുകാരൻ ഞാൻ മാത്രം..
സ്നേഹം മാത്രം...
A ....... I.. സ്നേഹിക്കുന്നു നിന്നെ ഞാൻ..
......
അതിനു താഴത്തെ വരികൾ നെഞ്ചിടപ്പോടെ അവൻ വായിച്ചു...
അന്നും, ഇന്നും എൻ മനസ്സിൽ നീ മാത്രം..
എനിക്ക് കവിതയായി എഴുതാനൊന്നും അറിയില്ല.. ഇതാണ് എന്റെ മനസ്സ്..
എന്നേ ആരും കെട്ടിയിട്ടില്ല ഇതുവരെ. ഈ ഡയറി കണ്ടനാൾ മുതൽ ഞാൻ കാത്തിരിക്കുന്നു..ഒരു വിളിക്കായി..
എന്നെയും കൂടെ കൂട്ടാൻ തയ്യാറെങ്കിൽ..
വണ്ടി തിരിച്ചോ.. ഞാൻ ഈ വരാന്തയിൽ കുത്തിയിരുപ്പുണ്ട് ..
സഞ്ജുവിന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ ആ കടലാസ്സിലേക്ക്‌ വീണു..
അവൻ ഡ്രൈവറോട് പറഞ്ഞു വണ്ടി തിരിച്ചു..നേരെ അനുമോള്ക്കരികിലേക്ക്..
സഞ്ജു കണ്ണുകൾ അടച്ചു.. ഈശ്വരാ എല്ലാം നഷ്ട്ടപ്പെട്ടവനാണ് ഞാൻ.. ഇനിയെങ്കിലും എന്നേ സങ്കടപ്പെടുത്തരുതേ..
അതേ ... വിധി ഇനിയും ക്രൂരത കാണിക്കാതിരിക്കട്ടെ സഞ്ജുവിന്റെ കണ്ണുകൾ ഇനിയും നിറയാതിരിക്കട്ടെ.. അനുമോളുമായുള്ള പുതുജീവിതത്തിനു എല്ലാ ആശംസകളും..
.... ബിൻസ് തോമസ്‌.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo