Slider

നിള

0

നിള
നിളാ........നീയെന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു. സമൃദ്ധമായ ജലവുമായി പൊട്ടിച്ചിരിച്ചൊഴുകുന്ന, സുന്ദരിയായ നീ എന്നിലൊരു സ്വപ്നമായി നിറഞ്ഞിരുന്നു. എന്നങ്കിലും ഒരിക്കലെങ്കിലും കാണണമെന്ന ,നിന്റെ ജലത്താൽ നനയണമെന്ന അദമ്യമായ മോഹം.
നിള.... നീ ഒരു സംസ്കാരമായിരുന്നു. പഴമയുടെ ഒരു പാട് ഉറവകൾ ഉത്ഭവിച്ചത് നിന്റെ മടിത്തട്ടിലായിരുന്നു. ആളുകളുടെ കൂടിച്ചേരലുകളുടെ ,ഉത്സവങ്ങളുടെ, പോർവിളികളുടെ .എണ്ണമറ്റ കബന്ധങ്ങൾ അറ്റ് വീണ നിന്റെ തീരം .മണൽപരപ്പിലൂടെ ഒഴുകിയ ചോരച്ചാലുകൾ നിന്നിൽ വേദനയുടെ ചോപ്പു പടർത്തിയ മാമാങ്കക്കാലങ്ങൾ.ഒക്കത്തിനെയും നീ ഏറ്റുവാങ്ങി. ഒരു നിസ്വയെപ്പോലെ. ആഘോഷത്തെയും ദു:ഖത്തെയും എല്ലാറ്റിനെയും.
നിന്റെ ഓളത്തിൽ മുത്തുകൾ തീർത്ത കളിയോടങ്ങൾ .നിന്റെ കുഞ്ഞോളങ്ങളിൽ നീന്തി രസിച്ച ബാല്യങ്ങളും കൗമാരങ്ങളും ..... സമ്പന്നമായ നിന്റെ യുവത്വത്തിന്റെ ഓർമ്മകൾ.
നിന്നെ ആദ്യമായി കാണുമ്പോൾ , ഞാൻ കേട്ടറിഞ്ഞ, വായിച്ചറിഞ്ഞ, പാദസരം കിലുക്കിയോടുന്ന കൗമാരക്കാരിയുടെ സുന്ദരരൂപമായിരുന്നു മനസ്സിൽ നിറഞ്ഞത്. പക്ഷെ നേർക്കാഴ്ച എനിക്ക് സമ്മാനിച്ച ഞെട്ടലിൽ നിന്ന് മോചിതയാകുവാൻ എനിക്കിന്നുമായിട്ടില്ല. ശരീരം മെലിഞ്ഞുണങ്ങി നഗ്നമായി മലീമസമായി ഒരു വൃദ്ധയെപ്പോലെ നീ
."മണൽ ക്കാട്ടിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന മെലിഞ്ഞ പുഴ ". ഇങ്ങനെയാണ് ഞാനെന്റെ പുസ്തകത്താളിൽ നിന്നെ കോറിയിട്ടത്. പുല്ല് വളർന്ന് നിൽക്കുന്ന ,മണൽതിട്ടകൾക്കും ചിതറിക്കിടക്കുന്ന ചീങ്കണ്ണിക്കല്ലുകൾക്കുമിടയിൽ ചെറിയ കുഴികളിൽ മാത്രമായി,മലിനമായി കെട്ടിക്കിടക്കുന്ന വെളളം മാത്രമാണ് ഇപ്പോൾ നീയെന്ന തിരിച്ചറിവ് നൽകിയ നിരാശ എന്റെ മനസ് തകർക്കത്തക്കതായിരുന്നു. ഓരോ തവണയും നിന്നെ നോക്കുമ്പോൾ എന്റെ മിഴികളിൽ നനവ് പടരാറുണ്ട്. നിന്നെ പറ്റിയുള്ള എന്റെ ഓർമ്മകളിൽ വലിയൊരു വിടവ് വീണിരിക്കുന്നു .ഒരിക്കലും നികത്താനാവാത്ത കാല പ്രയാണത്തിന്റെ വിടവ്. അത് തമ്മിൽ വല്ലാത്ത ഒരന്തരമുണ്ട്.ഞാൻ കാണാത്ത നിന്റെ സമൃദ്ധിയുടെ കാലവും ഞാൻ കാണുന്ന നിന്റെയീ വറുതിയുടെ ദുരിതകാലവും തമ്മിലുള്ള അന്തരം.

By
Anu Pradeep


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo