Slider

കാൻസർ ബാധിച്ച കേരളം

0

കാൻസർ ബാധിച്ച കേരളം
***************************
നിങ്ങളും അറിഞ്ഞിട്ടുണ്ടാവും ..നമ്മുടെ കേരളത്തിലാണത്റെ ഏറ്റവും കൂടുതൽ റേഡിയേഷൻ കിരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞത്..വരും വർഷങ്ങളിൽ കാൻസർ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നും അറിഞ്ഞു. ഇപ്പോൾ തന്നെ ഒന്നു ചുറ്റും നോക്കിയാൽ നമ്മുടെ പരിചയത്തിൽ ഉള്ള അഞ്ചു പേരെങ്കിലും ഉണ്ടാവും കാൻസർ ബാധിച്ചവർ
ഈ ന്യൂസ് വായിക്കുമ്പോൾ എന്റെ മനസ്സിലും ഒരുപാട് മുഖങ്ങൾ നിറഞ്ഞു. എങ്കിലും ഇന്നും മറക്കാനാവാത്ത പൊന്നു..എന്ന് വിളിക്കുന്ന ചൈത്ര എന്ന 10വയസുകാരി .എന്റെ ഉള്ളിൽ തെളിഞ്ഞു നിൽക്കുന്നു.
എന്റെ ഭർത്താവിന്റെ അമ്മയുടെ യൂട്റസിൽ കണ്ട വളർച്ച കാൻസർ ആണെന്ന് സ്ഥിരീകരിച്ചിരുന്നു. സെക്കൻഡ് സ്റ്റേജ് ആയതിനാൽ എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തണം.. ഒരു മാസത്തെ ലീവ് എഴുതി കൊടുത്തു ..അമ്മയും ഞാനും മലബാർ കാൻസർ സെന്ററിൽ അഡ്മിഷൻ എടുത്തു.
അമ്മയുടെ രണ്ടാൺമക്കളും സ്ഥലത്തില്ല അദ്ദേഹം വന്നാലേ അമ്മ ഓപ്പറേഷനു സമ്മതിക്കുകയുള്ളു.അപ്പോഴേക്കും എല്ലാ ടെസ്റ്റുകളും കഴിയണം.
ഒറ്റ ദിവസം. .അമ്മയുടെ മുഖത്തെ എല്ലാ പ്രതീക്ഷയും അസ്തമിച്ചു. മൂന്നു പേർ ഉണ്ട് മുറിയിൽ
ഒരു മുസ്ലിം ചേച്ചീ ആണൊന്ന്.വൻകുടലിലെ കാൻസർ മലാശയത്തിലേക്ക് പടർന്നു അവസാനത്തെ ഘട്ടത്തിൽ എത്തിയിരുന്നു അവർ..നാല് ചെറിയ കുഞ്ഞുങ്ങൾ. .ഭർത്താവ് ..അതിൽ മൂത്ത പെൺ കുട്ടിയും ഉപ്പയും ആണ് അവരെ നോക്കുന്നത്
അടുത്ത ആൾ സജിത..നെഞ്ചിലാണ് കാൻസർ. .ഒരു മുല മുറിച്ചു കഴിഞ്ഞു..അടുത്തതിലേക്ക് പടർന്നു തുടങ്ങിയതിന് ചികിത്സ നടക്കുന്നു.ഭർത്താവ് മരിച്ചു. ഒറ്റ മോളാണ് .അവളുടെ വിവാഹം ആദ്യം ഉറപ്പിക്കുകയും അമ്മയുടെ ഓപ്പറേഷനു വേണ്ടി മാറ്റി വക്കുകയും ചെയ്തു. വീണ്ടും വിവാഹം നിശ്ചയിച്ച് കഴിഞ്ഞു ..അപ്പോഴേക്കും ഇവർ വീണ്ടും രോഗി ആയി..അതോടെ അവർ വിവാഹത്തിൽ നിന്ന് പിൻവാങ്ങി
കാൻസർ വാർഡിൽ പോയവർക്കു മനസ്സിലാക്കാൻ കഴിയും. .അതു വേറെ ഒരു ലോകം ആണ്. അവിടെ ആരും ചിരിക്കില്ല..മരവിച്ച മുഖങ്ങൾ മാത്രം. മിക്കവാറും എല്ലാ രാത്രിയിലും ആരെങ്കിലും മരിക്കും. കോറിഡോറിലൂടെ പോകുന്ന സ്ട്രക്ചറിന്റെ ശബ്ദവും ആരുടെയൊക്കെയോ പൊട്ടിക്കരച്ചിലും അവിടെ പതിവാണ്. അപ്പോൾ എല്ലാവരും എണീറ്റു പോയി നോക്കി. ..നെടുവീർപ്പോടെ തിരിച്ചു വരും.
അമ്മയുടെ മൂഡ് മാറ്റാൻ വേണ്ടി ഞാൻ അമ്മയെയും കൊണ്ട് ആശുപത്രിയുടെ പുറകിലുള്ള ഗ്രൗണ്ടിൽ നടക്കുന്നത് പതിവായിരുന്നു. .അവിടെ വച്ചാണ് ഞങ്ങൾ പൊന്നൂസിനെ കാണുന്നത്. വെളുത്തുമെലിഞ്ഞ് തലയിൽ മുളച്ചുപൊന്തുന്ന കുറ്റിമുടിയും..ഒറ്റ നോട്ടത്തിൽ അറിയാം രോഗി ആണെന്ന്. കൂടെ അവളുടെ അമ്മയും
10വയസുകാരി ആണെന്ന് പറയില്ല. .ശോഷിച്ചു പോയ ശരീരത്തിൽ വയറ് മാത്രം തള്ളി നിന്നു
ആദ്യത്തെരണ്ട് ദിവസം. .അതോടെ ഞങ്ങൾ കൂട്ടായി. .അമ്മയുടെ എല്ലാ റിപ്പോർട്ടും വാങ്ങാൻ പോകുമ്പോൾ അവളും വരും വാലായി. ..ചിരി തുടങ്ങിയാൽ പിന്നെ നിർത്താതെ ചിരിക്കും...അവളുടെ വർത്തമാനത്തിൽനിന്നും അവളൊറ്റ മോളാണെന്നും..ഒരുപാട് ആശുപത്രി ചുറ്റിയെന്നും എനിക്ക് മനസ്സിലായി
അവളുടെ അമ്മ എന്റമ്മയുടെ അടുത്തിരിക്കും .ഞങ്ങൾ ചുറ്റി കഴിഞ്ഞു വരുവോളം.അമ്മ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. .അവരുടെ വിവാഹം കഴിഞ്ഞു 14 വർഷങ്ങൾക്ക് ശേഷമാണ് പൊന്നു ജനിച്ചത്. .ഒരുപാട് ചികിത്സക്ക് ശേഷം
നിഷ എന്നാണ് അവരുടെ പേര്. കഴിഞ്ഞ വർഷം മുതൽ മോൾക്ക് കാൻസർ ചികിത്സക്ക് കേരളം മൊത്തം കറങ്ങി കഴിഞ്ഞു അവർ..അവസാനം തിരുവനന്തപുരത്ത് നിന്നാണ് ഇങ്ങോട്ട് വിട്ടത്..ആ ഡോക്ടർ പറഞ്ഞത്റെ ഇനി പേടിക്കണ്ട. .വീടിനടുത്തുള്ള ഹോസ്പിറ്റലിൽ കുറച്ചു ദിവസം കിടത്തീട്ട് വീട്ടിൽ കൊണ്ട് പോകാമെന്ന്.
കാരണം ഇടയ്ക്കിടെ പൊന്നൂസിന് വയർ വീർക്കും..അപ്പോൾ ഉള്ളിലെ വെള്ളം കുത്തി എടുത്താൽ മതി. ആ അമ്മയുടെ കണ്ണിൽ കണ്ട തിളക്കം അവരുടെ പ്രതീക്ഷയാണെന്ന് എനിക്ക് മനസ്സിലായി.
അമ്മയുടെ ഓപ്പറേഷനു ദിവസം തീരുമാനിച്ചു. ഇതിനിടയിൽ അദ്ദേഹം എത്തി. .അതോടെ അമ്മയുടെ ആധി കുറച്ചു കുറഞ്ഞു..അവിടത്തെ മറ്റൊരു സ്ഥിരം കാഴ്ച ആണ് രക്തം ആവശ്യപ്പെട്ടു ആൾക്കാർ വരുന്നത്. ആരും ഒരു മടിയുമില്ലാതെ പോയി കൊടുക്കുകയും ചെയ്യും.കാരണം അവിടെത്തിക്കഴിഞ്ഞാൽ ആരും സഹായം ചെയ്യാൻ മടിക്കില്ല
അടുത്ത മുറിയിലെ 16വയസ്സുള്ള ആൺകുട്ടിക്ക് ബ്റെയിൻ ട്യൂമർ ആണ്. .അവന്റെ ഓപ്പറേഷൻ ആയിരുന്നു അന്ന്. .A - .ആണ് ബ്ലഡ് ഗ്രൂപ്പ്. .അദ്ദേഹത്തിന്റെ ഗ്രൂപ്പ്അതായിരുന്നു. .പൊന്നൂസിന്റെ അഛനും അദ്ദേഹവും ഒന്നിച്ചു പോയി ബ്ലഡ് കൊടുത്തു.
അവർ തിരിച്ചു വരുമ്പോൾ പൊന്നൂസ് എന്റെ കൂടെ പുറത്തു വന്നിരുന്നു. .ഞങ്ങൾ തിരികെ വരും വരെ അവളുടെ അഛൻ കാത്തിരുന്നു. .പിന്നെ അവളുടെ കൈ പിടിച്ചു നടന്നു പോയി.
അവർ പോയ്കഴിഞ്ഞാണ് അദ്ദേഹം ആ സത്യം പറഞ്ഞത്..ആ കുട്ടിയെ എല്ലാ ഹോസ്പിറ്റലിൽ നിന്നും ഒഴിവാക്കി. ഏത് നിമിഷവും മരണം സംഭവിക്കാം. അതുവരെ വയറ്റിൽ നിറഞ്ഞു വരുന്ന വെള്ളം കുത്തിക്കളയാൻ വെറുതെ ഇവിടെ കിടത്തി ഇരിക്കയാണ്..അവളുടെ അമ്മയൊഴികെ ബാക്കി എല്ലാരും സത്യം അറിഞ്ഞതാണ്.
ഞാനും അമ്മയും ഞെട്ടിത്തരിച്ച് ഇരുന്നു പോയി. .എനിക്ക് അവളെ ഒന്നൂടെ കാണാൻ തോന്നുന്നു. ..ഞാൻ മെല്ലെ എണീറ്റു അവളുടെ വാതിൽക്കൽ പോയി നോക്കി. .ആരൊക്കെയോ വന്നിട്ടുണ്ട്. .അവളുടെ നിർത്താതെ ഉള്ള ചിരി കേൾക്കാം.ഞാൻ മെല്ലെ തിരികെ നടന്നു.
വൈകിട്ട് അദ്ദേഹം വീട്ടിലേക്ക് പോയി. .ഞാനും അമ്മയും കഴിച്ചു കിടന്നു. .നല്ല ഉറക്കത്തിലായിരുന്നു ഞാൻ. ..ആരൊക്കെയോ പൊട്ടിക്കരയുന്നു...സ്ട്രക്ചർ ഉരുളുന്നു...ദൈവമേ ..ഇന്നാരാണ്?
ഞാൻ ശബ്ദം ഉണ്ടാക്കാതെ എണീറ്റു. .വാതിൽക്കൽ ഇരുട്ടിൽ നിന്ന എന്റെ മുന്നിലൂടെ സ്ട്രക്ചർ ഉരുണ്ടുവന്നു..മങ്ങിയ വെളിച്ചത്തിൽ ഞാൻ വ്യക്തമായി കണ്ടു.
അഛൻ കൊണ്ടു വന്ന നീല ചെരുപ്പ് ഇട്ടുവരാം വല്ല്യേച്ചീ നാളെ. ..എന്ന് പറഞ്ഞു പോയ..എന്റെ പൊന്നൂസിനെ. .ആരൊക്കെയോ ബോഡി കാണാൻ വരുന്നുണ്ട്. .കാരണം എല്ലാവരുടെയും ഓമന ആണവൾ..നിഷേച്ചിയെ എടുത്തു കൊണ്ട് പോകുന്നു. ..പുറകെ അവളെയും...
ദൈവമേ ആ അമ്മയ്ക്ക് ഒരിക്കലും ബോധം തെളിയാതിരുന്നെങ്കിൽ...ആ ഇരുട്ടിൽ നിന്നു ഞാൻ പൊട്ടി പൊട്ടി കരഞ്ഞു.മതിയാവോളം...
കുറച്ചു നേരം കഴിഞ്ഞു ഞാൻ മെല്ലെ അമ്മയുടെ അടുത്ത് പോയി കിടന്നു. .അമ്മയൊന്നും അറിഞ്ഞിട്ടുണ്ടാവില്ല.എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് നനഞ്ഞ ശബ്ദത്തിൽ അമ്മ പറഞ്ഞു. .
"പൊന്നൂസ് പോയി. ..അല്ലേ മോളേ"ന്ന്...പിടിച്ചു നിൽക്കാൻ കഴിയാതെ ഞങ്ങൾ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു. .കൂടെ മറ്റുള്ളവരും..
കാൻസർ ഹോസ്പിറ്റലിനായി കോടികൾ മുടക്കുന്നതിനു പകരം. .ഇതുപോലെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന സംരംഭങ്ങളെ തടയാനും. .അവരുടെ നല്ല ആരോഗ്യത്തിനായി പ്രവർത്തനങ്ങൾ നടത്താനും നമ്മുടെ സർക്കാരിനു കഴിയട്ടെ. .ഈ മഹാവ്യാധിയിൽ നിന്നും ഒരാളെയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞാൽ അതിനേക്കാളുപരി എന്തുണ്ട് സന്തോഷം. ..
വിനീത അനിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo