Slider

പുഴയും കുളവും നിറഞ്ഞ കാലം

0

പീഡനങ്ങളെപ്പറ്റിയുള്ള പത്രവാര്‍ത്തകള്‍ വായിച്ചിരിക്കവേ മറ്റെല്ലാ വൃദ്ധന്മാരേയും പോലെ മാധവമ്മാമവനും 'അന്നത്തെ' നല്ലകാലത്തെ പറ്റി വാചാലനായി. പൊയ്പ്പോയ നല്ലകാലത്തെ പറ്റിയുള്ള വേവലാതികള്‍ പത്രപാരായണത്തിനിടയില്‍ അമ്മാവന്റെ ഒരു പതിവായതിനാല്‍ ആദ്യമാദ്യം ഞങ്ങളാരും ആ പഴംപുരാണം ശ്രദ്ധിച്ചില്ല .
'' പുഴകളും കുളങ്ങളും വറ്റിപ്പോയ കാലത്ത് ഇതൊന്നും ഒരത്ഭുതമല്ല '' എന്ന പ്രസ്താവം പക്ഷെ ഞങ്ങളെ ജാഗരൂകരാക്കി .പുഴയും കുളവും പീഡനവും ഒന്നിക്കുന്ന ആ കഥ വിസ്തരിച്ചുപറയണമെന്ന് പുരാണകഥകളിലെ രാജാക്കന്മാര്‍ സൂതനോട് ചോദിച്ചമട്ടില്‍ ഞങ്ങള്‍ അമ്മാമനെ നിര്‍ബ്ബന്ധിച്ചു.
അതുകേട്ട്, ഒരു സൂതന്റെ ആവേശത്തോടെ അമ്മാമന്‍ തന്റെ പുരാണകഥനം തുടങ്ങി .
'' അന്നൊക്കെ എന്താ കഥ ! പുഴയിലും അമ്പലക്കൊളത്തിലുമല്ലേ എല്ലാവര്‍ക്കും കുളി !വേനല്‍ക്കാലത്ത് തന്റെ കിഴക്കെ പാതി മണല്‍പ്പുറം ഞങ്ങള്‍ക്കൊക്കെ കളിക്കാനും കൂട്ടം കൂടാനും വിട്ടുതന്ന് പടിഞ്ഞാറെ പാതിയിലൂടെ ഒതുങ്ങിയാണ് പുഴയൊഴുകാറ് . മണല്‍പ്പുറത്ത് ഉടുമുണ്ടഴിച്ചുവെച്ച് പുഴയിലേക്ക് ചാടിക്കൊണ്ട് തുടങ്ങുന്ന ഞങ്ങള്‍ ആ ആണ്‍കുട്ടികളുടെ കുളിയും നീന്തലും അന്തിയോളം തുടരും .അപ്പുറത്തു കുളിക്കുന്ന പെണ്ണുങ്ങള്‍ ഞങ്ങളുടെ കുളിയും കളിയും കണ്ടുവെന്ന് നടിക്കില്ലെങ്കിലും അന്യോന്യം അടക്കം പറഞ്ഞു ചിരിച്ചിരുന്നത് ഞങ്ങളെ പറ്റിയുള്ള തമാശകള്‍ തന്നെയായിരുന്നു .
അടിവസ്ത്രം മാത്രം ധരിച്ച് കുളിക്കുകയും മാറും പൃഷ്ഠവും ഇളകിമറിയും മട്ട് തുണി അടിച്ചലക്കുകയും ചെയ്തിരുന്ന അവരെ അപ്പുറത്തുകുളിക്കുന്ന ഞങ്ങള്‍ ഒരത്ഭുതമായി നോക്കി വെള്ളമിറക്കാറില്ല . കൗപീനത്തിന്റെ വീതി മാത്രമുള്ള അടിവസ്ത്രം ധരിച്ച ആണുങ്ങളും ,ഒറ്റമുണ്ടു കൊണ്ട് അരമറച്ച പെണ്ണുങ്ങളും ആരേയും കാമഭ്രാന്തന്മാരാക്കിയിരുന്നില്ല.അന്നൊന്നും ഞങ്ങളാരും ഒരു പെണ്ണിനേയും പീഡിപ്പിച്ചിട്ടില്ല. ആര്‍ക്കെങ്കിലും ആരെയെങ്കിലും ഇഷ്ടം തോന്നിയാല്‍ അതു നേരെ അങ്ങട് പറയും .അതാ അന്നത്തെ ഒരു രീതി''
രസകരമായ എന്തോ ഓര്‍ത്തിട്ടെന്ന പോലെ അമ്മാമന്റെ കഥാകഥനം പെട്ടന്നു നിലച്ചുപോയി . ഒരു പക്ഷെ അമ്മാമന്‍ കാര്‍ത്യായിനി അമ്മായിയെ ഓര്‍ക്കുകയാവാം . അമ്മായിക്ക് പുടവ കൊടുത്ത കഥ അയവിറക്കുകയാവാം .
ഈറന്‍ ഒറ്റമുണ്ടുകൊണ്ട് അരയും മാറും മറച്ചുവെന്നുവരുത്തി പുഴയില്‍ നിന്നു വരുന്ന കാര്‍ത്യായിനിയെ കണ്ട അമ്മാമന്‍ ''നിനക്കെന്താ , ഈറന്‍ മാറാന്‍ മുണ്ടില്ലേ'' എന്നു ചോദിച്ചതും തന്റെ തോളില്‍ കിടന്നിരുന്ന രണ്ടാമുണ്ട് അമ്മായിക്ക് ഇട്ടുകൊടുത്തതും കഥയല്ല .
''അങ്ങനെയാണ് ഞങ്ങളൊക്ക കഴിഞ്ഞിരുന്നത് . ആണിന് പെണ്ണും, പെണ്ണിന് ആണും അത്ഭുതമല്ലാത്ത കാലം. അരക്കെട്ടും മാറിടവും രഹസ്യമല്ലാത്ത കാലം .'' ഞങ്ങളുടെ വിചാരധാരയുടെ തുടര്‍ച്ച പോലെ അമ്മാമന്‍ പറഞ്ഞു.
പുഴയും പീഡനവും തമ്മിലുള്ള ബന്ധം ഒരു വെളിപാടുപോലെ ഞങ്ങള്‍ക്ക് വ്യക്തമാവുകയായിരുന്നു .കുളി കുളിമുറിയിലെക്ക് ഒതുങ്ങിയപ്പോള്‍ ആണിന് പെണ്ണ് അന്യമായി എന്നാണ് അമ്മാമന്റെ ന്യായം .
''സിനിമയും ടിവിയും കാട്ടിത്തരുന്ന നിറം പിടിപ്പിച്ച നുണകളാണ് നിങ്ങള്‍ക്ക് പെണ്ണ്. . അതോണ്ടാ നിങ്ങളൊക്കെ പേപ്പട്ടികളെ പോലെ നാവും നീട്ടി ഇങ്ങനെ ഓടിനടക്കണത്.
പൊഴ വറ്റീപ്പോ ആണും പെണ്ണും രണ്ടായി .ഒരേ പൊഴയില്‍ കുളിച്ചിരുന്ന നമ്പൂരീം നായരും മാപ്ലേം പലരായി. പോഴക്ക് പകരം വന്നതാ ഇപ്പഴത്തെ സദാചാരക്കാര് ''
കഥ പറഞ്ഞുകഴിഞ്ഞ സൂതനെപ്പോലെ മാധവമ്മാമനും ''കൃഷ്ണ,കൃഷ്ണ'' എന്ന് ജപിച്ചുകൊണ്ട് ധ്യാനത്തിലേക്ക് ഉള്‍വലിഞ്ഞു.

By: rajan paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo