Slider

===ഒരു സ്റ്റെപ് കട്ട് പ്രതികാരം====

0

അന്ന് ബുധനാഴ്ചയായിരുന്നു..
ഒരു ദിവസത്തെ ഇടവേള കഴിഞ്ഞു ബാർബർ ഷോപ് തുറക്കുന്ന ദിനം..
'അമ്മ കാത്തിരുന്നത് ആ ദിനത്തിന് വേണ്ടിയായിരുന്നു. കുട്ടചേട്ടനും . സ്കൂൾ അവധി ആയിരുന്നതിനാൽ ഞങ്ങൾ എല്ലാരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ അന്ന് അഞ്ചാം ക്‌ളാസിൽ പഠിക്കുന്നു.
ഒറ്റയ്ക്ക് പോയി മുടി വെട്ടാൻ ഉള്ള വ്യക്തിസ്വാതന്ദ്ര്യം എനിക്കും എന്റെ തലയിൽ ആവിഷ്കാരസ്വാതന്ദ്ര്യം നടത്താനുള്ള അനുവാദം ബാർബർ ചേട്ടനും ഉണ്ടായിരുന്നില്ല. ബൂർഷാ കുത്തക ആയ അമ്മയുടെ ബിനാമിയായി എന്നെ കൊണ്ട് പോയി മുടി വെട്ടിക്കാൻ കുട്ടചേട്ടനെ ആയിരുന്നു നിയോഗിച്ചത്.
ചേട്ടൻമാർ രണ്ടാണ്. എന്റെ കസിൻസ് ആണ്.. അച്ഛന്റെ പെങ്ങന്മാരുടെ മക്കൾ. ഇളയ കസിൻ ചേട്ടൻ (രാജു) ഒരു ആവറേജ് ബൂർഷാ ആയിരുന്നു എങ്കിൽ മൂത്ത കസിൻ ചേട്ടൻ (കുട്ടൻ) ആകെ മൊത്തം ബൂർഷാ ആയിരുന്നു.
എന്റെ മുടിയെ പറ്റി പറയുകയാണെങ്കിൽ, വളരെ നാളത്തെ കഠിനാദ്ധ്വാനത്തിനും സഹനത്തിനും ശേഷമാണ് ഞാൻ എന്റെ തലയിൽ സ്റ്റെപ് കട്ട് (ആ കാലത്തെ ഫാഷൻ കട്ട്) വികസിപ്പിച്ചത്. ആ തല ആർക്കെങ്കിലും വിട്ടു കൊടുക്കാൻ എനിക്ക് ഭയമായിരുന്നു. സ്കൂൾ- ഗ്രാമ- വാർഡ് ശരാശരിയേക്കാളും ഒന്നോ രണ്ടോ സെന്റി മീറ്റർ നീട്ടം കൂടുതലാണ് എന്റെ മുടിക്ക് എന്നൊരു ആരോപണം ആയിടക്ക് വീട്ടിൽ ഉയർന്നിരുന്നു.
"നിന്റെ കൂടെ പഠിക്കുന്ന പിള്ളേരുടെ മുടി നോക്കെടാ,, അവരെ പോലെ മനുഷ്യന്മാരായി നടന്നൂടെ" എന്നൊക്കെ 'അമ്മ പറഞ്ഞു തുടങ്ങിയിരുന്നു.
"നിന്നെ പോലെ തന്നെ കുരുത്തില്ലാത്ത മുടി" എന്ന് അമ്മാമയും എനിക്ക് മുടി ചീകി തരുമ്പോൾ ഇടയ്ക്കു പറയുമായിരുന്നു.
എന്നാൽ ഇടക്കും തലക്കും എനിക്ക് വരുന്ന ജലദോഷത്തിനും പനിക്കും ആ മുടിയാണ് ഉത്തരവാദി എന്ന് പറഞ്ഞപ്പോ സംഗതി കൈവിട്ടു പോവും എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് മുടി വെട്ടാൻ പോവാൻ എനിക്ക് ഭയം. എന്തായാലും സ്കൂൾ തുറക്കാൻ സമയമായി. മുടി വെട്ടാതിരുന്നാലും പ്രശ്നം ആണ്. അങ്ങനെ ആണ് ആ ബുധനാഴ്ച ഞാൻ മുടി വെട്ടാൻ മറ്റു വഴികൾ ഒന്നും ഇല്ലാതെ ഞാൻ സമ്മതിച്ചത്.
ഇറങ്ങുന്നതിനു മുൻപ് മുടി വെട്ടാനുള്ള പൈസ കൊടുക്കുമ്പോ 'അമ്മ ചേട്ടനോട് എന്തോ കുശുകുശുക്കുന്നത് ഞാൻ കണ്ടു. ഞാൻ നോക്കുന്നത് കണ്ടപ്പോ
"വരുന്ന വഴി രണ്ടു കിലോ കപ്പ വാങ്ങിക്കോട്ടാ.. " എന്ന് ഒരു പ്രത്യേക ടോണിൽ പറയുന്നത് ഞാൻ ശ്രദ്ധിച്ചു.
"സ്റ്റെപ് കട്ട് അല്ലാതെ വേറെ ഒന്നിനും ഞാൻ തയ്യാറല്ല" അവരുടെ കുരുട്ടു ബുദ്ധി മനസിലാക്കിയ ഞാൻ പ്രഖ്യാപിച്ചു..
"ഡാ.. സ്റ്റെപ് കട്ട് മതീട്ടാ" 'അമ്മ ചേട്ടനെ നോക്കി പറഞ്ഞു. പറയുമ്പോൾ കണ്ണടച്ച് കാണിച്ചോ എന്ന് എനിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല. മനസില്ലാ മനസോടെ ഞാൻ ബാർബർ ഷോപ്പിലേക്ക് നടന്നു. മനസ്സിൽ ഒരായിരം സംശയങ്ങൾ. സ്റ്റെപ് കട്ട് തന്നെ ആവുമോ.. അതോ അമ്മയ്ക്കും ചേട്ടനും മറ്റെന്തെങ്കിലും ഹിഡൻ അജണ്ട ഉണ്ടോ.. മനസ് കുലുഷിതമായിരുന്നു..
അങ്ങനെ ബാർബർ ഷോപ് എത്തി.
"സ്റ്റെപ് കട്ട്.." കസേരയിലേക്ക് കയറി ഇരിക്കുമ്പോൾ ഞാൻ ബാർബർ ചേട്ടനോട് പറഞ്ഞു. ചേട്ടനെ എനിക്ക് വിശ്വാസം ഇല്ലായിരുന്നു..
മുന്നിലിരിക്കുന്ന കണ്ണാടിയിൽ ചേട്ടന്റെ ഒരു ഗോഷ്ടി. ബാർബർ ചേട്ടൻ ഒന്ന് ചുമക്കുന്ന പോലെ കാട്ടി പുറത്തേക്കു പോയി.. കൂടെ എന്റെ ചേട്ടനും. എന്തോ പണി വരുന്നുണ്ട്. എനിക്ക് തോന്നി. രണ്ടു നിമിഷം കഴിഞ്ഞു രണ്ടു പേരും തിരിച്ചെത്തി.
"സ്റ്റെപ് കട്ട് മതീട്ടാ" ഞാൻ ഒന്നുകൂടെ പറഞ്ഞു.
ബാർബർ ചേട്ടൻ ഒന്ന് ചിരിച്ചു..കൂടെ എന്റെ ചേട്ടനും..
എന്നെ ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞു തലയിൽ വെള്ളം സ്പ്രേ ചെയ്തു, ആകെ ഒന്ന് ഇളക്കി കൂട്ടി..
"കുമ്പിട്ടു ഇരിക്കെടാ" ബാർബർ ചേട്ടൻ പറഞ്ഞു,
വെട്ടു തുടങ്ങി. വെട്ടു പുരോഗമിക്കുമ്പോൾ ഇടയ്ക്കു ഞാൻ കണ്ണാടിയിൽ നോക്കി.. ഒന്നും മനസിലാവുന്നില്ല.. പുറകിൽ നിൽക്കുന്ന ചേട്ടന്റെ പ്രതിബിംബം കണ്ണാടിയിൽ കാണാമായിരുന്നു..ആദ്യം വലിയ കുഴപ്പം തോന്നിയില്ല. അല്പം കൂടി കഴിഞ്ഞപ്പോൾ പെട്ടന്ന് ഞാൻ അത് ശ്രദ്ധിച്ചു.. ചേട്ടന്റെ കണ്ണുകൾ കൂടുതൽ കൂടുതൽ ചുവക്കുന്നു.. ദംഷ്ട്രകൾ പുറത്തേക്കു നീളുന്നു.. അപകടം.. ചേട്ടന് മൊത്തം ഒരു ബാലൻ കെ നായർ ലുക്ക്..
"മതി.." ഞാൻ പറഞ്ഞു.. ഞാൻ എണീക്കാൻ തയ്യാറായി..
"ഇച്ചിരി കൂടി" ബാർബർ ചേട്ടൻ ബലം പിടിച്ചു എന്റെ തല താഴ്ത്തി..
"മതി.. മതി.. " ഞാൻ കുതറി..എന്റെ രോദനം ആരും കേട്ടില്ല.. കുട്ടചേട്ടൻ വന്നു എന്നെ പിടിച്ചു. കായികമായി എന്നെക്കാൾ ശക്തരായിരുന്നു എതിരാളികൾ. ബാർബർ ചേട്ടൻ എന്റെ തല വെട്ടി നിരത്തി.
ആൾക്ക് കിട്ടിയ നിർദേശം എന്റെ തലയിൽ സർജിക്കൽ സ്ട്രൈക്ക് നടത്താൻ ഉള്ളതായിരുന്നു എന്ന സത്യം ഞാൻ മനസിലാക്കിയപ്പോഴേക്കും എന്റെ മുടിയുടെ ഭൂരിഭാഗവും ആ വെളുത്ത തുണിയിൽ ജീവനറ്റു വീണിരുന്നു.. ഫാനിന്റെ കാറ്റിൽ ഇളകിയിരുന്ന ചില മുടികൾ എന്നോട് "രക്ഷിക്കൂ.. രക്ഷിക്കൂ എന്ന് കേണു.." അത് കേട്ട് ഞാനും കരഞ്ഞു.. ഞാൻ മാസങ്ങളോളം താലോലിച്ചു വളർത്തിയ എന്റെ മുടി.. എന്റെ സമ്പാദ്യം ഒറ്റയടിക്ക് ആ ദുഷ്ടൻ ഇല്ലാതാക്കി.. അവസാനമായി ഞാൻ ഒന്ന് കൂടെ കണ്ണാടിയിൽ നോക്കി..
"മിലിറ്ററി കട്ട്".. ആ ഞെട്ടിപ്പിക്കുന്ന സത്യം എന്റെ മനസ്സിൽ ഇടിത്തീ പോലെ വീണു.. വെന്തു നീറി പുകഞ്ഞു..
ആദ്യത്തെ ദേഷ്യം ബാർബർ ചേട്ടനോടായിരുന്നു എങ്കിലും പിന്നെ അത് ചേട്ടനോടായി.. ബാർബർ ചേട്ടൻ വെറും കയ്യാണ്.. നിർദേശം വന്നത് കേന്ദ്രത്തിൽ നിന്നാണ്. അവൻ അനുഭവിക്കണം.. ഞാൻ മനസ്സിൽ ഓർത്തു. തൽകാലം കരയുകയല്ലാതെ വേറെ വഴിയില്ല.. മുടി വെട്ടു കഴിഞ്ഞു ഇറങ്ങുമ്പോൾ എന്റെ കരച്ചിൽ ഉച്ചസ്ഥായിയിൽ എത്തിയിരുന്നു.
നിസ്സഹായനും നിരാലംബനും ആയ എന്നെ സഹായിക്കാൻ ഒരുത്തനും വന്നില്ല. ആ എന്റെ കയ്യിലേക്ക് കടയിൽ നിന്ന് വാങ്ങിയ രണ്ടു കിലോ കപ്പ തന്നിട്ട് ചേട്ടൻ ഗർജ്ജിച്ചു..
"പിടിക്കെടാ"
ആ കപീഷോ ഡിങ്കനോ വന്നു ഈ ദുഷ്ടനെ ഒരു പാഠം പഠിപ്പിച്ചിരുന്നെങ്കിൽ. എവിടെ ആ പാവങ്ങളുടെ ആ പടയാളികൾ. ഒന്നും നടന്നില്ല. ആരും വന്നില്ല..
കൗശലക്കാരനായ ആ ദുഷ്ടൻ, വീടിന്റെ പടിക്കൽ എത്തിയപ്പോ കപ്പയുടെ സഞ്ചി എന്റെ കയ്യിൽ നിന്നും വാങ്ങി അവിടെ വരെ അത് ചുമന്നതായി അഭിനയിച്ചു. ആരും അത് ശ്രദ്ധിച്ചില്ല. എല്ലാരുടെയും കണ്ണ് എന്റെ തലയിൽ ആയിരുന്നു.
"മിലിട്ടറി കട്ടേ" രണ്ടാമത്തെ കസിൻ രാജു ആണ് ആദ്യം പരിഹാസ രൂപത്തിൽ അത് വിളിച്ചു പറഞ്ഞത്. പിന്നെ ആൾ ഒന്ന് ചിരിച്ചു.. പിന്നെ ആ ചിരി വീട് മുഴുവൻ പടർന്നു. നിസ്സംഗതയോടെ ഞാൻ അത് നോക്കി നിന്നു.. എന്റെ ഉള്ളിൽ ഞാൻ തളച്ചിട്ടു വച്ചിരുന്ന മറ്റൊരു ഞാൻ ഉണ്ടായിരുന്നു.. അത് പതുക്കെ സട കുടഞ്ഞു എണീറ്റു.. ഷർട്ടിന്റെ കോളറിൽ രണ്ടു മുടി ബാക്കി കിടപ്പുണ്ട്.. അത് കയ്യിലെടുത്തു, ഞെരടി.. വീടിന്റെ പടിഞ്ഞാറേ മുറ്റത്തു എല്ലാരുടെയും നടുവിൽ ആ രണ്ടു മുടികളും പിടിച്ചു ഞാൻ നിന്നു.. അവിടെ വച്ച് ആ ഉഗ്ര പ്രതിജ്ഞ എടുത്തു..
"പണ്ടാരായ കുട്ടചേട്ടാ.. ദുഷ്ടാ.. ഞാൻ ഇതിനു പകരം വീട്ടിയിരിക്കും..എന്റെ തലയിൽ നിന്നു വെട്ടിയ ഓരോ മുടിക്കും ഞാൻ പകരം വീട്ടിയിരിക്കും.. ഇത് സത്യം സത്യം സത്യം.. "
ഞാൻ പലവട്ടം ഇത് പറഞ്ഞെങ്കിലും അത് വീട്ടിൽ പ്രത്യേകിച്ച് പ്രകമ്പനം ഒന്നും സൃഷ്ടിച്ചില്ല. അടുത്ത ദുർഗാഷ്ടമി വരുന്ന ദിവസം നോക്കി ഞാൻ ഇരുന്നു..
കാലം കഴിഞ്ഞു,, ദുർഗാഷ്ടമികൾ പലതു കഴിഞ്ഞു പോയി. സുന്ദരനും സുമുഖനും ആയ ആ സ്റ്റെപ് കട്ട് കാരന്റെ മുഖം എല്ലാരും മറന്നു. കൂടെ ആ മിലിട്ടറി കട്ട് കാരന്റെ പ്രതിജ്ഞയും..
ആ കുട്ടി വളർന്നു വലുതായി നരസിംഹം ആയതു ആരും അറിഞ്ഞില്ല.. അവസരം കാത്തു അവൻ ഇരുന്നു..
------------------------------------------------------------------------------------
ഞങ്ങൾ വളർന്നു വലുതായി. കുട്ടചേട്ടൻ ആൻഡ് ഫാമിലി ചില സാങ്കേതിക കാരണങ്ങളാൽ ബോംബെ ക്കു കുടിയേറി. ഞങ്ങൾ രണ്ടു അനിയന്മാർ തൃശൂർ കാരന്മാരായി തുടർന്നു. അങ്ങനെ ഒരു മറ്റൊരു അവധികാലത്ത് കുട്ടച്ചേട്ടനും ചേട്ടന്റെ അമ്മയും നാട്ടിൽ എത്തി. ചേട്ടൻ സത്യത്തിൽ ആൾ ഒരു സംഭവം ആണ്. നല്ലവൻ എന്നെ പറയിപ്പിച്ചിട്ടുള്ളു..ഒരു വക കൊള്ളരുതായ്മയും ഇല്ല.. നോ പുകവലി, നോ കള്ളുകുടി. ബോബെ പോയിട്ട് പ്രത്യേകിച്ച് ഒരു പുരോഗമനവും ഉണ്ടായില്ല എന്ന് ചുരുക്കം..
ഞങ്ങൾ തൃശൂർ കാർ അത്യാവശ്യം സ്മാൾ ആൻഡ് ബിയർ ഒക്കെ അടിച്ചു തുടങ്ങിയിരുന്നു. ചില്ലറ തടയുമ്പോൾ ചിലപ്പോഴൊക്കെ ബാറിൽ പോവാറുണ്ട്. കുട്ടചേട്ടന്റെ 'അമ്മ ചെറുപ്പം മുതലേ ഒടുക്കത്തെ സ്ട്രിക്ട് ആണ്. പഠിപ്പിന്റെ കാര്യത്തിലും നല്ല നടത്തിപ്പിന്റെ കാര്യത്തിനും ഒരു വിട്ടുവീഴ്ചയും ഇല്ല. വലുതായിട്ടും അതിലൊന്നും ഒരു മാറ്റവും ഉണ്ടായില്ല..
അവധിക്കു ബോംബയിൽ നിന്നു വന്ന ചേട്ടൻമാർ ബന്ധു മിത്രാതികളെ സന്ദർശിക്കുന്ന പതിവുണ്ടല്ലോ.. അങ്ങനെ ഇരിങ്ങാലക്കുട ഒരു ചേച്ചിയുടെ വീട്ടിലേക്ക് സന്ദർശനത്തിന് പോയതാണ് ഞങ്ങൾ മൂവരും.. ബസ്സിൽ ഇരുന്നു ചർച്ച നടത്തിയപ്പോ എനിക്കും രാജുചേട്ടനും ഒരു ആശ..
"ഒരു ബീറാ പൂശ്യാലോ"
നോക്കിയപ്പോ കഷ്ടിച്ച് പൈസ ഉണ്ട്. ചേച്ചീടെ പിള്ളേർക്ക് മിട്ടായി വാങ്ങിയ ബാക്കി ആണ്.. പിന്നെ ബോംബെ ഉണ്ടല്ലോ കൂടെ.. ആളുടെ കയ്യിലും കാണും.. ആളോട് പറഞ്ഞപ്പോ ആൾക്ക് സമ്മതം.. മൂപ്പർ വരും പക്ഷെ കുടിക്കില്ല.. വേണെങ്കിൽ സൈഡ് ഡിഷ് തിന്നു കമ്പനി തരാം എന്ന് ധാരണയായി.
"സൈഡ് ഡിഷേ.. കപ്പലണ്ടി വാങ്ങാൻ കാശില്ല.." ഞങ്ങൾ കുടിയന്മാർ മനസ്സിൽ പറഞ്ഞു.
ബാറിൽ കയറി രണ്ടു ബിയർ പറഞ്ഞു.. ചേട്ടനോട് ചുളുവിൽ ചോദിച്ചപ്പോ അത്യാവശ്യം പൈസ ഉണ്ട്..
'എന്നാ പിന്നെ എഗ്ഗ് ബുർജി കൂടെ പോരട്ടെ.. ലാവിഷാവട്ടെ അങ്ങട്ട്..' എന്ന് പറഞ്ഞു ഞങ്ങൾ തുടങ്ങി. രണ്ടും മൂന്നും ബിയർ ഒക്കെ കഴിച്ചു പരിശീലിച്ച ഞങ്ങൾക്ക് രണ്ടു ബിയർ പോരാതെ വന്നപ്പോ ചേട്ടനെ നോക്കി..
"നിങ്ങ കുടിച്ചോടാ" എന്ന് പറഞ്ഞു ചേട്ടൻ ഒരു ബിയർ കൂടി പറഞ്ഞു. അങ്ങനെ ഒരു ബിയർ കൂടി വാങ്ങി ഞങ്ങൾ കുടിയന്മാർ പങ്കിട്ടു കുടിച്ചു.. പൈസ എണ്ണി നോക്കി കുട്ടച്ചേട്ടൻ ഒരു പട്ടാണി കടല കൂടെ വാങ്ങി തന്നു. ഇനി കുടിക്കണം എന്ന് വച്ചാലും കാശില്ല.. ചുമ്മാ മണം മാത്രം മിച്ചം.. അതെങ്കിൽ അത്.. ബില്ല് വന്നു.. മൂന്നു ബിയർ, ഒരു പട്ടാണി കടല, ഒരു എഗ്ഗ് ബുർജി.. കറക്റ്റ് ആണ്.. ബില്ല് കൊടുത്ത് ഞങ്ങൾ ഇറങ്ങി. ആ ബില്ല് ഞാൻ എന്റെ പോക്കറ്റിൽ ഇട്ടു..
പിറ്റേന്ന് ദുർഗ്ഗാഷ്ടമി ആയിരുന്നു.
വീട്ടിലെത്തി പഴയ കഥകളൊക്കെ പറഞ്ഞു കിടന്ന് ഞങ്ങൾ ഉറങ്ങി..
ഉറങ്ങും മുൻപ് ബാറിലെ ബില്ല് അടക്കമുള്ള ഷർട്ട് ഞാൻ അലക്കാൻ പുറത്തു ബക്കറ്റിൽ ഇട്ടു.
എനിക്ക് അടുത്ത പ്രഭാതം പൊട്ടി വിടരുന്നത് ഒരു ബാഗ് മുൻ വശത്തെ വാതിലിലൂടെ പുറത്തേക്കു പറന്നു ചെന്ന് വീഴുന്ന ശബ്ദം കേട്ടപ്പോ ആണ്.. ഞെട്ടി എണീറ്റു ഞാൻ പുറത്തേക്കോടി..
ദേ കിടക്കുന്നു കുട്ടചേട്ടന്റെ ബോംബെ ബാഗ്.. കലിതുള്ളി നിൽക്കുന്നു ചേട്ടന്റെ 'അമ്മ. കയ്യിൽ ബാറിലെ ബില്ല് ."
"ഞാൻ കുടിച്ചില്ല.. അവർ രണ്ടു പേരും കുടിച്ചുള്ളു. ഞാൻ വെറുതെ കൂടെ പോയുള്ളു. ഒന്ന് വിശ്വസിക്കമ്മേ" ചേട്ടൻ പറയുന്നുണ്ട്..
"പൊയ്..എതുക്കെടാ പോയ് പേസ്‌റെ. സൊല്ലടാ സൊൽ.. എതുക്കെടാ മൂന്നു ബിയർ.. രണ്ടുപേർ കുടിച്ചാ എപ്പടി മൂന്നു ബിയർ ബില്ല് വരുമെടാ. ഇന്ത മൂന്നാമത്തെ ബിയർ യാര് കുടിച്ചേൻ.. അത് എനിക്ക് തെരിഞ്ചേ ആവണം." ചേട്ടന്റെ 'അമ്മ എനിക്ക് പകരം നാഗവല്ലി ആയി..
"അമ്മെ.." എന്ന് ചേട്ടൻ നകുലൻ സ്റ്റൈൽ ഇത് വിളിച്ചിട്ടും നാഗവല്ലി ഇറങ്ങിയില്ല..
ചേട്ടന്റെ അഴയിൽ കിടന്ന രണ്ടു ഷർട്ട് കൂടി നാഗവല്ലി തറയിലിട്ടു ചവിട്ടി മെതിച്ചു..
ചേട്ടന്റെ 'അമ്മ അവിടന്ന് കലി തുള്ളി പടിഞ്ഞാറേ മുറ്റത്തേക്ക് പാഞ്ഞു.. അവിടെ ആണ് അലക്കുകല്ല്‌.. പുറകെ ഞാനും ചേട്ടനും ബാക്കി എല്ലാരും ചെന്നു.. ആ ബില്ല് ഉയർത്തി കാട്ടി ചേട്ടന്റെ 'അമ്മ കലാപരിപാടി തുടർന്നു..
എന്റെ മനസ്സിൽ പണ്ട് ഉറങ്ങിക്കിടന്ന നരസിംഹം വീണ്ടും എണീറ്റു..
"അതേ പടിഞ്ഞാറേ മുറ്റം.. അന്ന് നീ എന്റെ തലയിൽ സവാരിഗിരി നടത്തി കൊണ്ട് നിർത്തിയ അതേ മുറ്റം.. കാണാൻ അതേ കാണികൾ.. ഈ ദിവസത്തിനായിരുന്നെടാ ഞാൻ കാത്തിരുന്നത്.. അയോഗ്യ ചേട്ടാ.. "
ഞാൻ മനസ്സിൽ പറഞ്ഞു..
എന്നിരുന്നാലും ഞാനും രാജുചേട്ടനും കുറ്റം ഏറ്റെടുക്കാൻ ശ്രമിച്ചു..
'ഇച്ചിരി പോന്ന ഞങ്ങൾ മൂന്നു ബിയർ കുടിക്കാൻ മാത്രം വളർന്നു എന്ന്' സമ്മതിക്കാൻ ചേട്ടന്റെ 'അമ്മ തയ്യാറായില്ല.. മൂന്നാമത്തെ ബിയർ ആര് കുടിച്ചു എന്ന് അറിയാതെ ചേട്ടനെ വീട്ടിൽ കയറ്റില്ല എന്ന് തീരുമാനം ഫൈനൽ ആയി..
ഉപയകക്ഷി ചർച്ചകൾ പരാജയപെട്ടു. അഭിമാനത്തിന് ക്ഷതമേറ്റ ചേട്ടൻ വീട് വിട്ട് അല്പം ദൂരെയുള്ള അമ്മായുടെ വീട്ടിൽ പോയി..
വീടിന്റെ മുറ്റത്തു അഞ്ചുപത്തു വർഷം മോക്ഷം കിട്ടാതെ പാറി പറന്നു നടന്നു ആ രണ്ടു മുടികൾ ആത്മ ശാന്തി നേടി മുകളിലേക്ക് പറക്കുന്നത് ഞാൻ കണ്ടു. ഞാൻ നിറഞ്ഞ കണ്ണോടെ അവരെ നോക്കി നിന്നു .. മാലാഖമാർ അവരെ എതിരേറ്റു.

By SanviKing

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo