Slider

നാട്ടിന്‍പുറം നന്‍മകളാല്‍ ദരിദ്രം...

0

പറമ്പിലെ വാഴക്കൈയില്‍ ഒരു കാക്ക വന്നിരുന്നപ്പോള്‍ വസു അമ്മയെ വിളിച്ചു. നാട്ടിന്‍പുറങ്ങളില്‍ വിരുന്നറിയിക്കാനും ചീത്തകള്‍ വൃത്തിയാക്കാനും വരുന്നവയാണ് കാക്കകളെന്ന് അമ്മ പണ്ടവനു പറഞ്ഞുകൊടുത്തിരുന്നു. കറുത്ത നിറമാണെന്ന ഒറ്റ പ്രത്യേകത മാത്രമേ വസൂന് ഇപ്പോള്‍ പക്ഷേ ഓര്‍മ്മ വന്നുള്ളൂ. ഇതാണോ അമ്മ കുട്ടിക്കാലത്തുകണ്ടിട്ടുള്ള കാക്കയെന്ന് വസു അടുക്കളയിലുള്ള അമ്മയെ വിളിച്ചുചോദിച്ചു. പ്രഭാതഭക്ഷണമുണ്ടാക്കുന്ന തിരക്കിലായതിനാല്‍ അമ്മ അവിടെനിന്നുകൊണ്ടുതന്നെ കാക്കയുടെ പ്രത്യേകതകള്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. വസു ഓരോന്നും ഒത്തുനോക്കി എന്തോ കണ്ടുപിടിച്ചതുപോലെ അകത്തേക്കോടി. മാളുവിന് തന്റെ പ്രഭാതകണ്ടുപിടുത്തം കാട്ടിക്കൊടുക്കാന്‍ വിളിക്കാന്‍ ചെന്നതാണ്. പോത്തുപോലെ കിടന്നുറങ്ങുന്ന അവളെ കണ്ടതും വസുവിന് ദേഷ്യം വന്നു. മാളുവിനെ വിളിച്ചിട്ടുകാര്യമില്ലെന്ന് മനസ്സിലായ വസു അടുക്കളയിലേക്ക് ചെന്നു. ഒരു കഷണം ദോശ കിട്ടിയാല്‍ കാക്കയെ എന്നും കാണാമെന്നായിരുന്നു അവന്റെ ധാരണ.
നഗരജീവിതത്തില്‍ നിന്ന് മാറ്റങ്ങള്‍ വേണമെന്ന അച്ഛന്റെ ആഗ്രഹത്തിന്റെ പേരില്‍, പല്ലുതേക്കാതെ ഒരു വക തരില്ലെന്ന അമ്മയുടെ വാക്കുകള്‍ക്കു മുന്‍പില്‍ വസു എന്ന പതിമൂന്നുകാരന്‍ തോറ്റുപിന്‍മാറി. എങ്കില്‍ മാളുവിന്റെ ഈ എക്‌സ്ട്രാ ഉറക്കം നിര്‍ത്തലാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് അവന്‍ അമ്മയെ ശട്ടം കെട്ടി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നഗരത്തിലെ ചുട്ടുപൊള്ളുന്ന അന്തരീക്ഷം വക വെയ്ക്കാതെ ജോലി ചെയ്യുകയായിരുന്ന വസുവിന്റെയും മാളുവിന്റെയും അച്ഛനമ്മമാര്‍, ഇനിയുള്ള കാലം നാട്ടില്‍ ഭാഗത്തില്‍ കിട്ടിയ തറവാട്ടുവീട്ടില്‍ കഴിയാമെന്ന് തീരുമാനിക്കുകയായിരുന്നു. തറവാടും അച്ഛനുമമ്മയും മറ്റാര്‍ക്കും വേണ്ടായിരുന്നു എന്നത് മറ്റൊരു സത്യം. ഇവിടെയെത്തിയിട്ട് ഇതാദ്യത്തെ പ്രഭാതമായതിനാല്‍ മുത്തശ്ശന്‍ രാവിലെ എവിടെപ്പോയെന്ന് വസുവിന് മനസ്സിലായതേയില്ല. മുത്തശ്ശി അമ്മയോടൊപ്പം അടുക്കളയിലുണ്ടെന്നറിയാം. അച്ഛനേയും കാണുന്നില്ല. അമ്മയോടു ചോദിക്കുമ്പോള്‍ ഒരുതരം സസ്‌പെന്‍സ് വച്ചുനീട്ടുംപോലെ. മുത്തശ്ശിയും ചിരിക്കുന്നു.ഫ്ലാറ്റിലായിരുന്നപ്പോള്‍ രാവിലെകളില്‍ താനുണരുമ്പോള്‍ അച്ഛന്‍ ഒന്നുകില്‍ ജോഗിങ്ങിനുപോയിരിക്കും (അച്ഛന്റെ ഭാഷയില്‍ പറഞ്ഞാല്‍ ശുദ്ധവായു ശ്വസിക്കാനാണുപോലും) അല്ലെങ്കില്‍ വാര്‍ത്തകളില്‍ മുഖം പൂഴ്ത്തി ഇരിക്കുകയാവും. ഇതിപ്പൊ അച്ഛനെവിടെ എന്നു ചോദിക്കുമ്പോഴൊക്കെ അമ്മ ചിരിക്കുന്നു.
''നിന്റെ സാഹിത്യകാരന്‍(സ്‌നേഹം കൂടുമ്പോള്‍ അമ്മ അച്ഛനെ വിളിക്കുന്നത് അങ്ങിനെയാണ്) ഇപ്പോള്‍ വരും. നീ ചെന്ന് മാളൂനെ വിളിക്ക്, എന്നിട്ട് പല്ലുതേച്ചിട്ട് വാ''.വസു ഒരുനിമിഷം അമ്മയെത്തന്നെ നോക്കിനിന്നു. ഇന്നലെവരെ ബ്രഷ് ചെയ്യ് എന്ന് പറഞ്ഞിരുന്ന അമ്മ കടുത്ത മലയാളം സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു, അച്ഛനെപ്പോലെ.. അല്ലെങ്കിലും അച്ഛന്റെ ഇഷ്ടങ്ങളാണല്ലോ അമ്മയ്ക്കും.
ഇംഗ്ലീഷ് മീഡിയത്തില്‍ പഠിപ്പിച്ചുവെങ്കിലും മലയാളവും അച്ഛനും അമ്മയും ഒന്നും തന്നെ വസൂന് നഷ്ടപ്പട്ടില്ല. ബഷീറിന്റെ കഥകളും ഒ എന്‍ വി യുടെ കവിതകളുമൊക്കെ ഷെല്‍ഫില്‍ തന്നെ നോക്കി ചിരിക്കുമ്പോള്‍ ആദ്യമൊക്കെ വസു മിണ്ടാതെ പോകുമായിരുന്നു. അന്ന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പഴയൊരു കോളേജ് മാഗസിന്‍ അമ്മ കൈയ്യില്‍ തന്നത്.അതിപ്പോഴും വസു ഓര്‍ക്കുന്നുണ്ട്. അച്ഛന്റെ പഴയൊരു ഫോട്ടോ അതിലൊരു പേജില്‍ കണ്ടപ്പോള്‍ കൗതുകത്തോടെ അവനതുവായിച്ചുനോക്കി. അപ്പുറത്തെ സെറ്റിയില്‍ ഏതോ പുസ്തകത്തില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന അച്ഛന്‍ കേള്‍ക്കാനായി അമ്മ പറഞ്ഞു ''ആധുനികതയിലേക്ക് കാലുനീട്ടിയിരിക്കുന്ന കവിത. വസൂ നീ വായിച്ചു നോക്ക് നിന്റച്ഛനിലെ
കവിയ്ക്ക് ശക്തിയുണ്ടോ എന്ന്''. അച്ഛനാകെ ചമ്മിയിരുന്നു. അമ്മ വീണ്ടും എന്തൊക്കെയോ പറഞ്ഞ് അച്ഛനെ കളിയാക്കിക്കൊണ്ടിരുന്നു.
ഓരോ പിറന്നാളിനും അച്ഛന്‍ സമ്മാനമായി തന്നിരുന്നത് പുസ്തകങ്ങളായിരുന്നു. ആദ്യമൊന്നും വസൂന് അച്ഛന്റെ ഈ പുസ്തകങ്ങളോട് അടുപ്പം തോന്നിയതേയില്ല. അച്ഛനും അമ്മയും നിര്‍ബന്ധിച്ചതുമില്ല. അച്ഛന്റെ പുസ്തകങ്ങളോടൊപ്പം അമ്മ വാങ്ങിത്തന്നിരുന്ന ഡ്രസ്സുകള്‍ പുസ്തകങ്ങളെ വെറുക്കാനും വസൂനെ സമ്മതിച്ചില്ല. മാളുവിന്റെ പിറന്നാള്‍ സമ്മാനങ്ങള്‍ അലസമായി കിടക്കുമ്പോള്‍ അതും കൂടി വസു ഭദ്രമായി സൂക്ഷിച്ചുവെച്ചു. പിന്നീടെപ്പോഴൊ ഷെല്‍ഫിലെ നാലുകെട്ടിലേക്കും ഗോതമ്പുമണികളിലേക്കും പിന്നെ കൊയ്ത്തുകഴിഞ്ഞ പാടവരമ്പത്തേക്കും വിഷുപ്പക്ഷിയിലേക്കുമൊക്കെ വസുവും സഞ്ചരിച്ചുതുടങ്ങി. അതുകൊണ്ടുതന്നെ നാട്ടിന്‍പുറത്തേക്കുള്ള കൂടുമാറ്റം(കൂട്ടുകാരെ നഷ്ടപ്പെടുമെങ്കില്‍ കൂടി) വസൂനെ വേദനിപ്പിച്ചില്ല. കുട്ടിക്കാലത്ത് അറ്റുപോയ മുത്തശ്ശിക്കഥയുടെ രസച്ചരട് ഒന്നുകൂടി ഇണക്കിച്ചേര്‍ക്കാനും അവന് ആഗ്രഹമുണ്ടായിരുന്നു.
ഒരു വിധത്തില്‍ കുത്തിപ്പൊക്കി മാളുവിനൊപ്പം പല്ലുതേക്കുമ്പോള്‍ നാട്ടിന്‍പുറത്തെ ശുദ്ധവായു ശ്വസിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അവളുടെ മുഖത്തുമുണ്ടെന്ന് വസു അറിഞ്ഞു.മുറ്റത്തേക്കു ചാഞ്ഞുനില്‍ക്കുന്ന ഞാലിപ്പൂവന്റെ തേന്‍ കിട്ടുമോ എന്ന പരീക്ഷണത്തിലാണ് വസുവും മാളുവും (ഞാലിപ്പൂവനും തേനുമൊക്കെ അവനു സമ്മാനിച്ചത് സാഹിത്യമാണ്). പടി കയറി വന്ന അച്ഛന്റെ രൂപം കണ്ട് അവനത്ഭുതപ്പെട്ടു. തോട്ടുവക്കത്തെ പാവലിനും വെള്ളരിക്കും വെള്ളമൊഴിക്കാന്‍ പുലര്‍ച്ചെ ഇറങ്ങിയ മുത്തശ്ശന്‍ അച്ഛനെ കൂടെ കൂട്ടിയതാണ്. മുത്തശ്ശന് ഇങ്ങനെ ചില ശീലങ്ങളുള്ള കാര്യം അച്ഛന്‍ പറഞ്ഞിരുന്നു. നാളെ മുതല്‍ ഞാനുമുണ്ടെന്ന് പറഞ്ഞപ്പോള്‍ അച്ഛന്റെ സന്തോഷം കാണേണ്ടതുതന്നെയായിരുന്നു.
ആഹാരത്തിനുശേഷം ഞാനൊന്നു കറങ്ങിയിട്ടു വരാമെന്നു പറഞ്ഞ് പുറത്തിറങ്ങിയ അച്ഛന്റെ ഉന്‍മേഷം കണ്ടാല്‍ തന്നെപ്പോലൊരു മകനുണ്ടെന്ന് തോന്നുകയേയില്ല. അച്ഛന്റെ പ്രായം പകുതിയായതുപോലെ.
അച്ഛന്‍ പോയതിനുപിന്നാലെ വീട്ടിലേക്ക് വന്നയാളെ താനേതോ കഥയില്‍ കണ്ടുമുട്ടിയിട്ടുണ്ടെന്ന് വസൂന് തോന്നി. "രാമൂ, അവനെതിലെയോ പോയി. നീ കയറി വാ. അവന്റെ മക്കളെ കാണണ്ടേ നിനക്ക്". മുത്തശ്ശിയുടെ വാക്കുകള്‍. മുത്തശ്ശിയുടെ വാക്കുകളിലുമുണ്ട് ഒരുണര്‍വ്. അച്ഛന്റെ ഏറ്റവുമടുത്ത കൂട്ടുകാരന്‍ രാമുവങ്കിളിനെപ്പറ്റി ഒരുപാടു കേട്ടിട്ടുണ്ട്.അമ്മയുടെ കഴുത്തില്‍ താലികെട്ടാന്‍ അച്ഛനു മുത്തശ്ശന്റെ അനുവാദം കിട്ടാന്‍ ഒരുപാടു വഴക്കുകേട്ടിട്ടുള്ള രാമുവങ്കിള്‍. പക്ഷെ തന്റെ പ്രതീക്ഷകളെല്ലാം പാടെ തകിടം മറഞ്ഞിരിക്കുന്നു. കൈലിമുണ്ടുടുത്ത് കയറി വന്നത് ഫോണിലൂടെ തനിക്കേറെ പരിചിതനായ രാമുവങ്കിളാണെന്ന് നിശ്വസിക്കാന്‍ വസുവിനായില്ല. കേട്ടറിവിനേക്കാള്‍ എത്രയോ മാറ്റമുണ്ടാവാം കണ്ടറിവിനെന്ന പുതിയൊരു പാഠം കൂടി വസു രാമുവങ്കിളില്‍ നിന്ന് പഠിക്കുകയായിരുന്നു.വെക്കേഷന്‍ ക്ലാസ്സുകളും ട്യൂഷനും അവധിക്കാലങ്ങള്‍ പകുത്തെടുത്തു. പിന്നെ അച്ഛന്റെ അഭിമാനക്ഷതമോ മുത്തശ്ശന്റെ അപമാനക്ഷതമോ എന്തെല്ലാമോ തനിക്ക് പലതും നഷ്ടപ്പെടുത്തി. അച്ഛനെയോ അമ്മയെയോ കുറ്റപ്പെടുത്താന്‍ കഴിയില്ലല്ലൊ. മുത്തശ്ശനേയോ മുത്തശ്ശിയേയോ വെറുക്കാനും അവര്‍ പഠിപ്പിച്ചില്ല.
ദിവസങ്ങള്‍ കൊഴിഞ്ഞുവീഴും തോറും നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്ന ഈരടികളുടെ അര്‍ത്ഥം, ആരെഴുതിയെന്നോര്‍മ്മയില്ലെങ്കില്‍ കൂടി, വസൂന് മനസ്സിലായിത്തുടങ്ങി. ഫ്ലാറ്റിലെ ജീവിതത്തിനിടയില്‍ അച്ഛനെന്നും പാടുമായിരുന്നവരികള്‍. ഇനിയുള്ള കാലം അച്ഛനീവരികള്‍ പാടേണ്ടിവരില്ലല്ലോ എന്ന് വസു കരുതി. എന്നാല്‍ തറവാട്ടില്‍ താമസമാക്കിയതിനുശേഷവും അമ്മയുടെ സാഹിത്യകാരന്‍ ആ വരികള്‍ പാടിക്കൊണ്ടിരുന്നു. പണ്ടൊക്കെ അര്‍ത്ഥം ചോദിക്കുമ്പോള്‍, "വസൂ, നിനക്കത് മനസ്സിലാകുന്ന സമയം വരും".എന്ന് പറഞ്ഞുകൊണ്ട് അച്ഛന്‍ ഒഴിഞ്ഞുമാറും. അല്ലെങ്കിലും അച്ഛന്‍ എന്നും മുന്‍ഗണന കൊടുത്തിരുന്നത് വര്‍ക്ക് എക്‌സ്പീരിയന്‍സിനാണല്ലോ?
വൈകുന്നേരങ്ങളിലെ ക്ഷേത്രദര്‍ശനം വസുവിന് ഏറെ ഇഷ്ടമായി. ഇടവഴിയിലൂടെ നടന്നുപോകുമ്പോള്‍ മുത്തശ്ശി ഓരോ ചെടിയുടേയും പേരുകള്‍ അവനു പറഞ്ഞുകൊടുക്കും. തോട്ടുവക്കത്തെ കൈതക്കാട്ടില്‍ നിറയെ പാമ്പുകളുണ്ടെന്ന് പറഞ്ഞപ്പോള്‍ അവനിത്തിരി പേടി തോന്നി.എങ്കിലും ഈ പുതിയ ലോകം അവനൊരുപാടിഷ്ടപ്പെട്ടു. പതിയെപ്പതിയെ വസുവിന്റെ മനസ്സിലെ ഗ്രാമം യാഥാര്‍ത്ഥ്യത്തിലേക്കടുത്തുകോണ്ടിരുന്നു.
പരീക്ഷയുടെ റിസല്‍ട്ട് വരുന്നതിന്റെ തലേ ഞായറാഴ്ചയാണ് അച്ഛന്‍ വസൂനെ ഭാരതപ്പുഴ കാണിക്കാന്‍ കൊണ്ടുപോയത്.നീര്‍ച്ചാലുകളായ് മാറിയ പുഴയുടെ ദൈന്യതയില്‍ കണ്ണും നട്ടിരിക്കുന്ന അച്ഛന്‍ വസൂന് ഒരു പുതിയ കാഴ്ചയായിരുന്നു. ദൂരെ അച്ഛന്‍ കാട്ടിത്തന്ന, പുഴയിലേക്ക് കണ്ണും നട്ടിരിക്കുന്ന നാവാമുകുന്ദനെപ്പോലെ. പൂഴിമണലില്‍ അച്ഛന്റെ മടിയില്‍ തല ചായ്ചിരിക്കുമ്പോള്‍ വസു ചോദിച്ചു, "നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധമാണോ അച്ഛാ?"
ഒരുനിമിഷം ആലോചിച്ചിരുന്നിട്ട്, ദൂരെ ക്ഷേത്രപ്പടവുകള്‍ ഇറങ്ങിവരുന്ന അമ്മയെ നോക്കി അച്ഛന്‍ പറഞ്ഞു
"ആയിരുന്നു വസൂ...നാട്ടിന്‍പുറവും സമൃദ്ധമായിരുന്നു, നിങ്ങള്‍ മക്കളെ നന്മകളാല്‍ സമൃദ്ധമാക്കാന്‍ എന്നോടൊപ്പമുള്ള നിന്റമ്മയെപോലെ".
ഒന്നും മനസ്സിലാകാതെ, അച്ഛന്റെനോട്ടത്തിനു പിന്നാലെ കണ്ണുപായിക്കുമ്പോള്‍, ദൂരെ അമ്മയും മാളുവും നടന്നുവരുന്നതിനുമപ്പുറം ലോറികളില്‍മണലുനിറക്കുന്നവരെ വസുവും കണ്ടു.
വിദൂരതയില്‍ നിന്നെന്നപോലെ അച്ഛന്റെ സ്വരം കേട്ടു,
'' ഭാഗം വെച്ചു പിരിഞ്ഞവരെപ്പോലെ പലവഴിയിലൊഴുകുന്ന നിളയിലേക്ക് നോക്കൂ വസൂ, അവര്‍ കോരിയെടുക്കുന്ന ഈ പഞ്ചാരമണലും നിളതന്നെയല്ലേ...''
''അതേ വസൂ,
നാട്ടിന്‍പുറത്തും നന്മകള്‍ക്ക് ദാരിദ്രമാവുന്നു. വറ്റിക്കൊണ്ടിരിക്കുന്ന നിളയുടെ കൈവഴികള്‍ പോലെ".
ഒന്നുമാത്രം വസൂന് മനസ്സിലായി, എന്നും അച്ഛന്റെ നാവിന്‍തുമ്പിലുണ്ടായിരുന്ന ഈരടികളിലും വാക്കുകള്‍ക്ക് മാറ്റം വന്നിരിക്കുന്നു.
നഗരമിന്നു സമൃദ്ധം നാട്ടിന്‍പുറത്തോ നന്മകള്‍ക്ക് ദാരിദ്രം.
.................ഷൈല ഉല്ലാസ്...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo