സുഖകരമായ ഓർമ്മകളും, പ്രതീക്ഷാനിർഭരമായ കാത്തിരുപ്പുകളും ഊർജദായിനികൾ തന്നെയാണ്. അനുഭവിച്ചറിഞ്ഞ സന്തോഷങ്ങളും, ഭാവിയിൽ ആഗ്രഹിക്കുന്ന സന്തോഷങ്ങളും ആണെന്നുള്ള വ്യത്യാസം മാത്രമേയുള്ളു.
അമ്മൂനെ അവളുടെ അമ്മ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് അവളുടെ അച്ഛന് ദുബായിയിൽ ഒരു ജോലി ശരിയായത്. വീട്ടിൽ ആര് വന്നാലും അത് അമ്മൂട്ടീടെ ഭാഗ്യാന്നെ അച്ഛമ്മ എല്ലാരോടും പറയൂ. പക്ഷെ, അമ്മൂന് നഷ്ടമായത് കുട്ടിക്കാലത്തു അച്ഛന്റെ സാമിപ്യമാണ്. സ്കൂളിൽ പേരെന്റ്സ് മീറ്റിനൊക്കെ എല്ലാ കുട്ട്യോളും അച്ഛനുമായി വരുമ്പോൾ അമ്മൂന് അവരോടൊക്കെ അസൂയ തോന്നാറുണ്ട്. അച്ഛൻ ലീവിന് വരുമ്പോ കൊണ്ട് വരുന്ന ചോക്ലേറ്റ്സും, പെൻസിലും, റബ്ബറുമൊക്കെ അവരുമായി പങ്കിടുമ്പോൾ ആ അസൂയയൊക്കെ അഭിമാനമായി മാറാറുമുണ്ട്.
അച്ഛൻ ലീവിന് വരുന്നു എന്നറിയുമ്പോൾ തന്നെ അമ്മക്കുണ്ടാകുന്ന മാറ്റങ്ങൾ ചില്ലറയല്ല. അച്ഛനിഷ്ടമുള്ള എല്ലാ വിഭവങ്ങളും ഒരുക്കിയൊരുക്കി അമ്മ എപ്പോഴും അടുക്കളയിലായിരിക്കും. അച്ഛനു പിന്നാലെ വാല് പോലെ അമ്മുവും. കൂട്ടുകാർക്കൊക്കെ അനുജനും, അനുജത്തിയും ഉണ്ടായിട്ടും തനിക്കുമാത്രം താഴെ ഒരാൾ ഉണ്ടാകാതിരുന്നതിന്റെ കാര്യം കുറച്ചു വലതുതായീട്ടാണ് അവൾക്ക് മനസ്സിലായത്. അച്ഛനുമമ്മക്കും താനെത്ര വല്യ പാരയായിരുന്നു എന്നുള്ള സത്യം !
അമ്മു പത്താം ക്ലാസ്സ് ഡിസ്റ്റിംക്ഷനോടെ പാസ്സായപ്പോൾ അച്ഛൻ ലീവിന് വന്നിരുന്ന സമയമായിരുന്നു. അവളുടെ റിസൾട്ട് വിളിച്ചു പറഞ്ഞത് അഭിയേട്ടനായിരുന്നു. ചെറിയമ്മായീടെ മോനാണ് അഭിയേട്ടൻ. കോഴിക്കോട് എഞ്ചിനീറിങ്ങിനു പഠിക്കുകയാണ്. കുഞ്ഞിലേ മുതൽ അമ്മൂട്ടീ അഭിക്കുട്ടനുള്ളതാണെന്നു കേട്ട് വളർന്നത് കൊണ്ട് ഇരുവർക്കും മറിച്ചൊരു അഭിപ്രായവും ഉണ്ടായിരുന്നില്ല.
"സുധമ്മായി, അമ്മൂന് ഡിസ്റ്റിംക്ഷനുണ്ട്ട്ടോ " അഭിയേട്ടൻ ഫോണിൽ വിളിച്ചു അമ്മയോട് പറഞ്ഞു. സ്കൂളിൽ ഒരു പാട് കുട്ടികൾക്കു അവളെക്കാൾ മാർക്കുണ്ടായിരുന്നെങ്കിൽ കൂടിയും, വീട്ടിൽ എല്ലാർക്കും നല്ല സന്തോഷമായിരുന്നു. അമ്മ അലമാരിയുടെ ലോക്കർ തുറന്നു അവൾക്കൊരു ബോക്സ് എടുത്ത് കൊടുത്തു. ആകാംഷയോടെ തുറന്നു നോക്കിയപ്പോൾ അതിലവൾ ഏറെ ആഗ്രഹിച്ചിരുന്ന പാലാക്കാമാലയായിരുന്നു.
ജീവിതത്തിൽ അവൾ നേടിയിരുന്ന ഓരോ നേട്ടവും, അത് വലുതോ, ചെറുതോ ആണെങ്കിൽ കൂടിയും അച്ഛനതിനു കടും നിറങ്ങൾ ചാർത്തി കൂടുതൽ മിഴിവേകി കൊടുക്കുമായിരുന്നു.
ഇന്നിപ്പോൾ വർഷം 5 കഴിഞ്ഞിരിക്കുന്നു, അവളുടെയും, അമ്മയുടെയും ലോകത്തിലെ വിളക്കണഞ്ഞിട്ട്. കൃത്യമായി പറഞ്ഞാൽ പത്താം ക്ലാസ്സ് റിസൾട്ടറിഞ്ഞ ദിവസം അമ്മ കൊടുത്ത പാലാക്കാമാലയുമണിഞ്ഞു അവൾ അച്ഛന്റെ മുന്നിലെത്തി. അവളുടെ ആഗ്രഹമറിഞ്ഞു അച്ഛൻ ആ മാല വാങ്ങി അമ്മയെ ഏല്പിച്ചിട്ട് കുറച്ചു ദിവസങ്ങൾ ആയിരുന്നു. മകളുടെ ഭംഗി നോക്കി നിൽക്കെ അച്ഛൻ അമ്മയോട് പറഞ്ഞു "സുധേ, ഇപ്പൊ അമ്മൂട്ടിയെ കണ്ടാൽ തനി എന്റെ അമ്മേടെ മാതിരിണ്ടല്ലേ "അമ്മക്കത് കേട്ടപ്പോൾ ചെറിയ വിഷമം തോന്നിയില്ലേ എന്നൊരു സംശയം.
"നമുക്കിപ്പൊ രാധേടെത്തീടെ വീട്ടിൽപോയാലോ, എനിക്കൊന്നു അമ്മേനെ കാണണം " അച്ഛൻ അമ്മയോട് പറഞ്ഞു. അച്ഛമ്മ ചെറിയമ്മായീടെ വീട്ടിലായിരുന്നു അപ്പോൾ. അഭിയേട്ടന്റെ വീട്ടിലേക്കാണല്ലോ എന്നോർത്തു അമ്മൂനും വല്യ സന്തോഷമായി.
മക്കളെല്ലാവരും ഒത്തുകൂടുന്നത് അച്ഛമ്മക്ക് വല്യ കാര്യമാണ്. ഊണൊക്കെ കഴിഞ്ഞു അച്ഛൻ അച്ചമ്മേടെ അടുത്തിരുന്നു ടി വി കാണുകായിരുന്നു. പെട്ടെന്ന് വന്ന നെഞ്ചു വേദനയിൽ അച്ഛൻ ആരോടും പറയാതെ ഒറ്റ പോക്കായിരുന്നു. അടുത്തുള്ള ക്ലിനിക്കിൽ നിന്ന് വന്ന ഡോക്ടർക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
നല്ല ഓർമ്മകൾ മാത്രമാണ് അമ്മൂന് അവളുടെ അച്ഛൻ സമ്മാനിച്ചിട്ടുള്ളത്. ഇനിയുള്ള രണ്ട് മാസക്കാലം അവൾക്ക് കാത്തിരിപ്പിന്റെ നാളുകളാണ്. അച്ഛൻ ഏറെയാഗ്രഹിച്ചിരുന്ന അവളുടെ വിവാഹമാണ് ;അഭിയേട്ടനുമായി.
അച്ഛനുമമ്മയും, അവളുമൊത്തുള്ള ആ നല്ല നാളുകളുടെ ഓർമ്മകളോടൊപ്പം, അഭിയേട്ടന്റെ ജീവിതത്തിലേക്ക് വലത് കാൽ വെച്ച് കയറുവാനുള്ള പ്രാർത്ഥനാനിർഭരമായ കാത്തിരിപ്പിന്റെ നാളുകൾ..............
By
Smitha Rajeev

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക