Slider

മായ

0

എവിടെപോയതാ മായേ നീ ? അമ്മ ചോദിച്ചു
കൂട്ടുകാരീടെ വീട്ടിൽ..മായ മറുപടി പറഞ്ഞു
വൈകുമെന്നറിഞ്ഞെങ്കിൽ പറഞ്ഞിട്ട് പോയിക്കൂടായിരുന്നോ ?
അത് , പോകാൻ ഉദ്ദേശിച്ചിരുന്നതല്ലമ്മെ , പെട്ടെന്ന് എല്ലാവരും പറഞ്ഞപ്പോ കൂടെ പോയതാ.
നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നെ. അകെ വിളറിയ മുഖം, ക്ഷീണിച്ച കണ്ണുകൾ എന്ത് പറ്റി?
അവളുടെയൊപ്പം സ്കൂട്ടറിൽ വന്നപ്പോ കാറ്റടിച്ചിട്ടാ അമ്മേ.
ആട്ടെ, ഏതു കൂട്ടുകാരീടെ വീട്ടിലാ പോയെ
അഞ്ജലിയുടെ വീട്ടിൽ..
അഞ്ജലിയുടെ ഫോൺ നമ്പർ ഒന്ന് തന്നെ ?
എന്തിനാമ്മേ ,അമ്മക്ക് എന്നെ വിശ്വാസമില്ലേ?
എനിക്ക് വിശ്വാസമുണ്ട് , എന്നാൽ ഈ കാര്യത്തിൽ എനിക്ക് നീ പറഞ്ഞത് ശരിയാണോ എന്ന് തീർച്ചപ്പെടുത്തണം.
അവൾ അമ്മക്ക് അഞ്ജലിയുടെ ഫോൺ നമ്പർ കൊടുത്തു.
ആ ഇനി നീ അപ്പുറത്തേക്ക് പൊക്കോ
അമ്മ വിളിക്കുന്നില്ലേ?
അതൊക്കെ ഞാൻ ഞാൻ വിളിച്ചോളാം , നീ പോയി അരി കഴുകിയിട്.
അവൾ മടിച്ച് മടിച്ച് അടുക്കളയിലേക്ക് പോയി
അമ്മ അഞ്ജലിയെ വിളിച്ചു..
ഹലോ , അഞ്ജലി, ഇത് മായയുടെ അമ്മയാ. സുഖാണോ മോളെ ?
ഹാ ചേച്ചി സുഖം , എന്തുണ്ട് അവിടെ വിശേഷം
സുഖം മോളെ , അതേ, മോളുടെ അമ്മയുടെ നമ്പർ ഒന്ന് തരാമോ ?
എന്തിനാ ചേച്ചി, അഞ്ജലി ചോദിച്ചു
മോളെ ഞങ്ങൾ അടുത്ത ആഴ്ച അങ്ങോട്ട് വരുന്നുണ്ട് അതൊന്ന് പറയാനാ , പിന്നെ പരിചയപ്പെടുകയും ചെയ്യാലോ . മായ കുറേ നാളായി പറയുന്നു അഞ്ജലീടെ വീട് വരെ ഒന്ന് പോകണമെന്ന്.
ചേച്ചി ഒത്തിരി സന്തോഷം എല്ലാവരും വരണം കേട്ടോ , ഞാൻ ഇപ്പൊ തന്നെ അമ്മേടെ നമ്പർ തരാം ..എഴുതിക്കോ ....
അപ്പൊ ശരി മോളെ, പിന്നെ കാണാട്ടോ....
മായയുടെ അമ്മ ഉടനെ അഞ്ജലിയുടെ അമ്മയെ വിളിച്ചു.
അഞ്ജലിയുടെ അമ്മ അല്ലേ, ഞാൻ ദേവകി , മായയുടെ അമ്മയാണ്
ആഹാ , അഞ്ജലി പറഞ്ഞു കേട്ടിട്ടുണ്ട് ... പിന്നെ എന്റെ പേര് കാർത്തിക എന്നാണുട്ടോ
ആഹാ നല്ല പേരാണല്ലോ
ഇതൊരു സർപ്രൈസ് കാൾ തന്നെ ഒത്തിരി സന്തോഷം, കാർത്തിക പറഞ്ഞു
ആ ഒന്ന് വിളിക്കണമെന്ന് തോന്നി , അങ്ങനെ അവർ തമ്മിൽ അതും ഇത് മൊക്കെ പറഞ്ഞു പരിചയപ്പെട്ടു ...
കാർത്തികാ, ഇന്ന് മായ വീട്ടിൽ വന്നിരുന്നുവല്ലേ അവളുടെ കൂട്ടുകാരുടെ കൂടെ ? ദേവിക ആ സംസാര ഭാഷയിൽ അറിയാത്ത പോലെ ചോദിച്ചു.
മായയോ ..ഇല്ലല്ലോ ദേവകി അവൾ ഇന്ന് വന്നില്ല , കഴിഞ്ഞ ആഴ്ച്ച വന്നിരുന്നു.
ആണോ ..എന്നാൽ അതായിരിക്കും എനിക്ക് അവൾ അഞ്ജലിയുടെ വീട്ടിൽ പോയി എന്ന് പറഞ്ഞപോലെ തോന്നി അതോണ്ട് ചോദിച്ചതാ.
എന്നാൽ ശരി കാർത്തിക വെക്കട്ടെ.
ശരി ദേവിക, ഒരീസം ഇങ്ങോട്ടു വരണേ കാർത്തിക ഫോൺ വെക്കുന്നതിനു മുന്നേ പറഞ്ഞു
ഫോൺ വെച്ചതിനു ശേഷം ദേവകി മനസ്സിൽ ചിന്തിച്ചു ...മനസ്സിൽ സംശയിച്ച പോലെ തന്നെ ...മായ അങ്ങോട്ടല്ല പോയത്. പിന്നെ എങ്ങോട്ടായിരിക്കും
അറിഞ്ഞിട്ടുള്ള കാര്യം തന്നെ
എടീ മായെ നീയിങ്ങോട്ടൊന്നു വന്നേ ....ദേവകി അവളെ നീട്ടി വിളിച്ചു.
മായ വന്നു .. നീ ഇന്ന് കോളേജ് വിട്ടിട്ടു എങ്ങോട്ടാ പോയത്. കഥകൾ ഒന്നും ആലോച്ചിച്ച് മെനയണ്ട സത്യം മാത്രം പറഞ്ഞാൽ മതി.
അത് അത്...മായയുടെ ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി.
വേഗം പറഞ്ഞോ ഇന്ന് നീ എങ്ങോട്ടാ പോയതെന്ന് , അമ്മ ഗൗരവം കൂട്ടി പറഞ്ഞു
അതോടെ പറഞ്ഞതും അഞ്ജലി പൊട്ടിക്കരയാൻ തുടങ്ങി. അമ്മ അറിഞ്ഞിരിക്കുന്നു ഇനി ഒളിച്ചിട്ടൊന്നും കാര്യമില്ല. മായയുടെ മനസ്സ് തളർന്നു.
നിന്ന് മോങ്ങണ്ടാ ..ചുമ്മാ കണ്ണീരൊലിപ്പിക്കാതെ കാര്യം പറഞ്ഞോ, അതാ നല്ലത്.
ബീച്ചിൽ പോയമ്മേ ...!
എന്തിന്, ആരുടെ കൂടെ?
എനിക്ക് മുഖ പുസ്തകത്തിൽ പരിചയമുള്ള ഒരുത്തനുണ്ട് . കുറെ നാളായി ഞങ്ങൾക്ക് അറിയാം. ഞങ്ങൾ ഒന്നര വർഷമായി ഇഷ്ടത്തിലാണ്.
നേരിട്ട് കാണണമെന്ന് പറഞ്ഞപ്പോൾ ഇന്നലെ സുഭാഷ് പാർക്കിൽ പോയി കണ്ടു കുറച്ച് നേരം സംസാരിച്ചു. നേരിട്ടു കണ്ടപ്പോൾ, സംസാരിച്ചപ്പോൾ ഒരു കുഴപ്പവും തോന്നിയില്ല. മാന്യമായ പെരുമാറ്റം.
എന്നിട്ട് , ബാക്കി കൂടെ പറ
ഇന്നലെ അവൻ പറഞ്ഞതനുസരിച്ച് ഇന്ന് അവന്റെ കൂടെ കാറിൽ ബീച്ചിൽ പോയി. വൈകിയേ വരുകയുള്ളു എന്ന് അവൻ പറഞ്ഞിരുന്നു . ഞങ്ങളുടെ പ്രണയം അഞ്ജലിക്ക് അറിയാവുന്നത് കൊണ്ട് അമ്മ അഥവാ വിളിച്ചാൽ വീട്ടിൽ വന്നു എന്നും വൈകിയേ വീട്ടിൽ നിന്നിറങ്ങയതെന്നും ഒക്കെ പറയണമെന്നും പറഞ്ഞിരുന്നു.
എന്നിട്ട് ....?
അവന്റെ കൂടെ കാറിൽ ബീച്ചിൽ പോയി. രാവിലെ മുതൽ ഉച്ച വരെ അവിടെ ഇരുന്നു. ഭക്ഷണം കഴിക്കാൻ അടുത്തുള്ള ഹോട്ടലിൽ പോയി. ഭക്ഷണം കഴിച്ചപ്പോൾ അവൻ പറഞ്ഞു ..ഞാൻ ഇവിടെയാ താമസിക്കുന്നത്. നമുക്ക് കുറച്ച് നേരം മുറിയിൽ പോയി വർത്താനം പറഞ്ഞിട്ട് പോയെ പോരെ എന്നും ചോദിച്ചു ....
അതൊന്നും വേണ്ടാന്ന് പറഞ്ഞപ്പോൾ, കുറേ നിർബന്ധിച്ചു. ഞാൻ ഒട്ടും സമ്മതിച്ചില്ല.. അപ്പോൾ
അവനെ വിശ്വാസമില്ലെന്നും , മറ്റുമൊക്കെ കുറെ പറഞ്ഞു അവൻ അകെ സെന്റിമെന്റൽ ആയി.
എന്നിട്ട്..?
ഞാൻ പറഞ്ഞു ബീച്ചിനടുത്തെ മരത്തിന്റെ തണലിൽ പോയിരിക്കാം എന്നിട്ട് എന്നെ വേഗം കൊണ്ടാക്കാനും പറഞ്ഞു.
ഞാൻ ഒട്ടും അടുക്കുന്നില്ലെന്നു കണ്ടപ്പോൾ, അവൻ ആരെയോ ഫോണിൽ വിളിക്കുകയും 10 മിനിറ്റ് കഴിഞ്ഞപ്പോൾ വേറെ രണ്ടു മൂന്ന് പേർ ഹോട്ടലിലെ മുകളിൽ നിന്നും ബാഗും തൂക്കി ഇറങ്ങി വരുകയും.
ഇവർ എന്റെ കൂട്ടുകാരാണെന്നും, വരൂ നമുക്ക് തിരിച്ചു പോകാമെന്നും പോകുന്ന വഴിക്ക് എന്നെ ടൗണിൽ ഇറക്കാമെന്നും അവൻ പറഞ്ഞതും, എനിക്കു പേടിയും ഭയവും ഒക്കെ വന്നു. എന്തോ ഒരു അപായ സൂചന മുന്നിൽ കണ്ടപോലെ തോന്നി.
അപ്പോൾ തന്നെ ജിഷയുടെയും സൗമ്യയുടെയും മറ്റു വാർത്തകളിൽ വന്ന പെൺകുട്ടികളെയും ഓർമ്മ വന്നു. പിന്നെ ഒന്നും നോക്കിയില്ല, അവനോടോന്നും പറയാതെ തന്നെ അവിടെ നിന്നും ഞാൻ ഇറങ്ങി ഒരു ഓട്ടോ പിടിച്ച് വരുകയായിരുന്നു .
എന്നിട്ട്....! അത് വരെ അല്പം ചൂടിലായിരുന്ന അമ്മയുടെ മുഖത്താകെ ഒരു ഭയം നിഴലിച്ചിരുന്നു
വരുന്ന വഴിക്ക് അവൻ വിളിക്കുകയും, ഞാൻ ചെയ്തത് ശരിയായില്ലെന്നും, കൂട്ടുകാരുടെ മുന്നിൽ നാണം കെട്ടുവെന്നും, പിന്നെ എന്തൊക്കയോ പറയുകയും ചെയ്തു അമ്മേ.
ഞാൻ അവനോടു ചില കാര്യങ്ങൾ ചോദിച്ച് ദേഷ്യപ്പെട്ടപ്പോൾ, അവൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി തരിച്ചു പോയി...!
ഒന്നര വർഷം ആഴത്തിൽ സ്നേഹിച്ച അവനാണ് ഇത് പറഞ്ഞതെന്നോർക്കുമ്പോൾ സഹിക്കാൻ പറ്റണില്ല
അവൻ എന്നതാ പറഞ്ഞെ മോളെ?
ഫേസ് ബുക്കിൽ കണ്ട ഒരാളോടൊപ്പം കാറിൽ യാത്ര ചെയ്യാൻ സമ്മതിച്ച നീ എല്ലാത്തിനും സമ്മതിക്കുമെന്നും. നിന്നെ ഒന്ന് മുതലാക്കാമെന്നു കരുതിയാ ഞങ്ങൾ പദ്ധതിയിട്ടതെന്നും, സാരമില്ല നീ ഞങ്ങളുടെ കയ്യിൽ തന്നെ വന്നു ചേരുമെന്നും പറഞ്ഞു.
അവനിത് പറഞ്ഞപ്പോൾ , നീ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല എന്ന് ചോദിച്ചപ്പോൾ . എന്റെ വാട്ട്സ്ആപ്പ് നോക്കാൻ പറഞ്ഞ് ഫോൺ വെച്ചു.
ഞാൻ നോക്കിയപ്പോൾ എന്റെ തലയുള്ള കുറെ നഗ്‌ന ചിത്രങ്ങൾ. എന്നിട്ട് , വഴങ്ങിയില്ലെങ്കിൽ ദേശം മുഴുവൻ പ്രചരിപ്പിക്കുമെന്നും, അവന്റെ കൂടെ ഹോട്ടലിലേക്ക് കേറിപോകുന്ന വീഡിയോ ഉണ്ടെന്നും .അവിടെ വച്ച് എല്ലാം നടന്നെന്നും, അതവൻ പറഞ്ഞു പരത്തുമെന്നും പറഞ്ഞുള്ള സന്ദേശം.
എന്ത് ചെയ്യണമെന്നറിയാതെ വിരണ്ടു പോയ ഞാൻ
പെട്ടെന്ന് തന്നെ അഞ്ജലിയെ വിളിച്ച് പറഞ്ഞപ്പോൾ അവൾ പറഞ്ഞു, ഒന്നും കൊണ്ട് പേടിക്കണ്ട മായേ, നീ വേഗം വീട്ടിൽ ചെല്ല് ബാക്കി ഒക്കെ കോളേജിലെ പിള്ളേരെ കൊണ്ട് കൈകാര്യം ചെയ്യിക്കാമെന്നും. ആരോടും ഒന്നും പറയണ്ടാനും പറഞ്ഞു.
അങ്ങനെ അവൾ പറഞ്ഞ ആശ്വാസ വാക്കുകൾ കൊണ്ടാണ് തളർന്ന് പോകാതെ ഞാൻ ഇവിടെ വരെ വന്നത്.
അമ്മ എന്നോട് ക്ഷമിക്കണം ഇത് എന്റെ തെറ്റാണമ്മേ ..ഞാൻ ഇതൊന്നും ചെയ്യാൻ പാടില്ലായിരുന്നു. അമ്മ എന്നോട് ക്ഷമിക്കണം.
പല വട്ടം കേട്ടിട്ടും അറിഞ്ഞിട്ടും എന്റെ വിവേകശൂന്യതയാണിതിന്റെ കാരണം. ഇതിൽ എന്റെ ഭാഗത്താണമ്മേ മുഴുവൻ തെറ്റ്. ഇനി ഞാൻ വീട്ടിൽ പറയാതെ ഒന്നും ചെയ്യില്ല, എങ്ങും പോകില്ല
സാരമില്ല മോളെ ..നീ രക്ഷപെട്ടല്ലോ.. സത്യങ്ങൾ മുഴുവൻ തുറന്നു പറഞ്ഞല്ലോ ..അത് തന്നെ ധാരാളം...മോള് പേടിക്കണ്ട ..ബാക്കി ഇനി അമ്മ ചെയ്തോളാം.
പെട്ടെന്ന് തന്നെ അമ്മ സംഭവിച്ച കാര്യങ്ങൾ അവളുടെ അച്ഛനോടും, അമ്മാവൻമാരോടുമൊക്കെ പറയുകയും, അടുത്തുള്ള പോലീസ് സ്റ്റേഷനിൽ സംസാരിച്ച് എന്ത് ചെയ്യണമെന്നും ആലോചിച്ചപ്പോൾ.
മായയെ വച്ച് തന്നെ അവനെ വിളിപ്പിക്കുകയും, ഫോട്ടോ ആർക്കും കൊടുക്കരുതെന്നും നിങ്ങൾ പറയുന്ന സ്ഥലത്തു വരാമെന്നും പേടിച്ചരണ്ട പോലെ കരഞ്ഞ് അഭിനയിച്ച് പറയുകയും ചെയ്യണമെന്ന് പോലീസുകാർ നിർദേശിച്ചു.
അവൾ അത് പോലെ പറയുകയും, അവനോടു ഫോണിൽ കരയുകയും ചെയ്തു.
ഇര വലയിൽ വീണെന്ന സന്തോഷത്തിൽ അവനൊന്നു ഊറി ചിരിച്ച് അവളെ പ്രാപിക്കാനുള്ള വേദിയൊക്കെ ഒരുക്കി.
ആദ്യം അവനും പിന്നീടുള്ള ദിവസങ്ങളിൽ വീണ്ടും ഭീഷണിപ്പെടുത്തി കൂട്ടുകാർക്കും കാഴ്ച്ചവെക്കാനുള്ള പദ്ധതിയൊക്കെ തയാറാക്കി. അവളോട്‌ ഇന്ന സ്ഥലത്ത് വരാൻ പറഞ്ഞു.
അവൾ അപ്പോൾ തന്നെ പോലീസുകാർക്ക് വിവരങ്ങൾ കൈമാറുകയും ..അവർ വീണ്ടും നിർദേശിച്ചതനുസരിച്ച് അവൻ പറഞ്ഞ സ്ഥലത്തേക്ക് പോകാൻ പറയുകയും
അവൻ പറഞ്ഞിരുന്ന സ്ഥലത്ത് കാറിൽ കാത്തിരുന്ന അവന്റെ അടുത്ത് അവൾ ചെല്ലുകയും ഡോർ തുറന്ന് കേറാൻ പറഞ്ഞതും.
മഫ്തി വേഷത്തിൽ അവളെ പിന്തുടർന്ന പോലീസുകാർ പോലീസുകാർ അവനെ പിടികൂടുകയും ചെയ്തു.
*****************************
ഇവിടെ മായയുടെ അമ്മ അഞ്ജലിയെ മാത്രം വിളിച്ച് ചോദിച്ചിരുന്നുവെങ്കിൽ .കാര്യങ്ങളൊന്നും അറിയുമായിരുന്നില്ല. ചിലപ്പോൾ ഈ പ്രശ്‌നം കൂടുതൽ വഷളായി മായ ആത്മഹത്യവരെ ചെയ്യേണ്ടുന്ന അവസ്ഥ വന്നേനെ .
അത് കൊണ്ട് മക്കൾ ആണായാലും പെണ്ണായായും സംശയാതീതമായി വൈകി വന്നാൽ അല്ലെങ്കിൽ എന്തെങ്കിലും അസ്വാഭാവികതകൾ കണ്ടാൽ അവർ പറയുന്ന വാക്കുകളിൽ വിശ്വസിക്കാതെ അവർ പറഞ്ഞത് സത്യമാണോ എന്ന് അന്യോഷിക്കുന്നത് നല്ലതായിരിക്കും.
അമ്മ ദേവകി അങ്ങനെ ഒരു അന്യോഷണം ബുദ്ധിപൂർവ്വം നടത്തിയത് കൊണ്ടാണ് ഇങ്ങനൊരു തരത്തിൽ വിഷയം കൈകാര്യം ചെയ്യാൻ പറ്റിയതും, എല്ലാം ശുഭകരമായി അവസാനിച്ചതും.
മാതാപിതാക്കൾ കൂർമ്മ ബുദ്ധിയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം എന്ന കാര്യം ഓർക്കുക.
എത്ര പറഞ്ഞിട്ടും അറിഞ്ഞിട്ടും നേരിട്ട് പരിചയം ഇല്ലാത്തവരുടെ കൂടെ പോയ മായ അവിവേകമാണ് ചെയ്തത്.
അതുപോലെ എത്ര പരിചയം ഉണ്ടെന്നു വരികിലും , ഇത്തരം പ്രവൃത്തികൾക്ക് മുതിരരുത്. പ്രേമം വിവാഹത്തിനുമുന്നേ ഹോട്ടൽമുറിയിലല്ല, മനസ്സിൽ മാത്രം മതി എന്ന ദൃഢനിശ്ചയം എടുക്കുക
വിവാഹം കഴിക്കണമെന്നു ആരെങ്കിലും പറയുന്നെങ്കിൽ സമയം ആവുമ്പോൾ വീട്ടിൽ വരൂ എന്ന് പറഞ്ഞ് അനാവശ്യ കൂടിക്കാഴ്ചകൾ ഒഴിവാക്കുക.
അബദ്ധ വശാൽ ഇങ്ങനത്തെ കാര്യങ്ങളിൽ പെട്ട് പോയാൽ കൂട്ടുകാരോടല്ല പറയേണ്ടത്. വീട്ടിൽ മാതാപിതാക്കളോടോ, അധ്യാപകരോടോ തുറന്നു പറയുക . വലിയ വിപത്തിൽ നിന്ന് അവർക്ക് നിങ്ങളെ രക്ഷിക്കാൻ പറ്റും.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങൾക്ക് അബദ്ധം പറ്റിയെങ്കിൽ, നിങ്ങൾ ആത്മഹത്യ ചെയ്താൽ , വല വീശുന്നവർ വീണ്ടും വല വീശിക്കൊണ്ടിരിക്കും.
അതിനാൽ പറ്റിപ്പോയ തെറ്റുകൾ മനസ്സിലാക്കി ഇങ്ങനെ ചെയ്‌താൽ. ഒരു സമൂഹം തന്നെ പതുക്കെ പതുക്കെ രക്ഷപ്പെടും.
പ്രണയിക്കാം ആരുമായും, എന്നാൽ അനാവശ്യമായ കൂടികാഴ്ച്ചകളോ മറ്റു പ്രവൃത്തികളോ തീർത്തും ഒഴിവാക്കുക . വിവാഹമാണ് ഉദ്ദേശമെങ്കിൽ അത് വീട്ടുകാരുമായി ആലോചിക്കുക. സ്വയം കുഴിയിൽ ചാടാനുള്ള അവസരം നിങ്ങൾ ഒരുക്കരുത്
ഒറ്റക്ക് കാണണം, കാറിൽ പോണം, റൂമിലേക്ക് വിളിക്കുക ...നഗ്നം ചിത്രം ചോദിക്കുക .. തുടങ്ങിയ സംസാരങ്ങൾ കാമുകന്മാരിൽ നിന്നുണ്ടായാൽ തീർത്തും ഇല്ല എന്ന് തന്നെ പറയുക.
മാന്യ പുരുഷന്മാർ ഇങ്ങനൊന്നും ചോദിക്കുകയോ ഇത്തരത്തിൽ പെരുമാറുകയോ ഇല്ല എന്ന സത്യവും മനസ്സിലാകുക.
വെട്ടാൻ വരുന്ന പോത്തിന്റെ കാതിൽ വേദം ഊതിയിട്ടു കാര്യമില്ലെന്നറിയാവുന്നത് കൊണ്ട്. കാട്ടാള സ്വഭാവമുള്ള ആണുങ്ങളെ ആരും ഉപദേശിച്ചിട്ടു കാര്യമില്ല കാരണം അത് വെള്ളത്തിൽ വരച്ച വരപോലെയാകും.
ഇരയാക്കപ്പെടുന്നവർ മുന്കരുതലെടുക്കുക എന്നതാണ് ഏറ്റവും നല്ല പോം വഴി
ഇതൊക്കെ ഒത്തിരി ആളുകൾ ആയിരം പതിനായിരം വട്ടം പറഞ്ഞ കാര്യമാണെങ്കിലും ഒന്നൂടെ ഓർമ്മിപ്പിക്കുന്നു എന്ന് മാത്രം
ഭാവുകങ്ങൾ ...നല്ലത് വരട്ടെ
.........................
ജിജോ പുത്തൻപുരയിൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo