Slider

കാളിയമർദ്ദം

0

"ഹലോ, മോനെ നീ എവിടെയാ?" അവനെ വിളിച്ചു പറഞ്ഞേക്കാം എന്നാലേ ഒരു സമാധാനമുള്ളൂ."
“അമ്മേ ഞാൻ യാത്രയിലാണ്. എന്തെങ്കിലും അത്യാവശ്യ കാര്യമാണോ?”
" ഇല്ല. നീ പിന്നീട് വിളിച്ചാൽ മതി."
തിരക്കുള്ള സമയമായതുകൊണ്ട് കുറഞ്ഞത് ഒരു മണിക്കൂർ എടുക്കും അവൻ താമസസ്ഥലത്തു് എത്തി ചേരാൻ. അവൻ വിളിക്കുന്നതു വരെ ഫബിയിൽ പരതി, എൻറെ കവിതക്ക് എത്ര ലൈക്ക് കിട്ടിയെന്നു നോക്കാം. ലൈക്കുകളുടെ എണ്ണം കൂടുതോറും മനസ്സിൽ സന്തോഷത്തിൻറെ തിരയിളക്കം. ജീവിതം എത്ര സുന്ദരം! ലൈക്കുകൾ കിട്ടാതെ വരുമ്പോൾ ജീവിതം കോഞ്ഞാട്ടയായതു പോലെയും തോന്നാറുണ്ടന്നുള്ളത് ഒരു ദുഃഖ സത്യം.
ഇരുപത്തിനാല് മണിക്കൂറും സീരിയൽ കണ്ട്, അതിലെ ചില അമ്മായിയമ്മമാരെ പോലെ ഭാവിയിൽ ഞാൻ അവനൊരു പ്രശ്നമായാലോ എന്ന്
പേടിച്ചായിരിക്കും അവൻ പറഞ്ഞത് ടിവിയുടെ മുൻപിൽ തപസ്സിരിക്കാതെ അമ്മ കഥയും കവിതയും എഴുതുമെന്നു പറഞ്ഞിരുന്നല്ലോ
അങ്ങനെ എന്തെങ്കിലും തുടങ്ങി കൂടെ എന്ന്.
അത് പണ്ട്. അന്ന് ഞാൻ എഴുതി അയച്ച കഥയും, കവിതയും എല്ലാം അതേ സ്പീഡിൽ തിരിച്ചു വന്നിരുന്നു. എഴുതി അയക്കുകയോ, തിരിച്ചു വരുമെന്ന് വിഷമിക്കുകയോ ഒന്നും വേണ്ട ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്താൽ മതി. അങ്ങെനയാണ് ഞാൻ കവിത എഴുത്തു എന്ന സാഹസത്തിന് തുടക്കമിട്ടത്.
"ഹലോ അമ്മേ എന്താ വിളിച്ചത്" അമ്മയ്ക്കും,അച്ഛനും സുഖമല്ലേ”?
“സുഖം. മോനെ ഞാനിന്നലെ ഒരു കവിത ഫബിയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് നീ ലൈക്ക് ചെയ്തില്ല. ലൈക്ക് ചെയ്യണേ. അത് പറയാനാണ് വിളിച്ചത്”.
“അമ്മയുടെ ഒരു കാര്യം. ഞാൻ വിചാരിച്ചു എന്തോ അത്യാവശ്യ
കാര്യം ആയിരിക്കുമെന്ന്.”
“അമ്മയുടെ കവിതകൾക്ക് ഞാൻ ലൈക്ക് ചെയ്യുന്ന പ്രശ്നമേയില്ല. അമ്മ ആദ്യം തെറ്റില്ലാതെ എഴുത്. എനിക്ക് നാണക്കേട് ഉണ്ടാക്കാതെ. ചുമ്മാതെയല്ല പണ്ട് അയച്ചു എന്ന് പറയുന്ന കഥയും കവിതയും എല്ലാം തിരിച്ചു വന്നത്”.
“നാണക്കേടോ. അതു ശരി. നിൻറെ അച്ഛനും ഇതു തന്നെയാ പറയാതെ പറയുന്നത്. നിങ്ങൾ അപ്പോൾ ഒരു ഗ്രൂപ്പ് ആണ് അല്ലേ”
" അമ്മക്ക് എൻറെ ജോലിയെ കുറിച്ച് അറിയാമല്ലോ’”
“അറിയാം. മഴ പെയ്യാനും, പെയ്യാതിരിക്കുവാനും, കാറ്റ് വീശാനും, വീശാതിരിക്കുവാനും, കാലവർഷം ഈ വർഷവും പതിവുപോലെ കാണുമായിരിക്കും, ഇങ്ങനെയൊക്കെ പ്രവചിച്ച്, പ്രവചിച്ച് കാലാവസ്ഥക്ക് തന്നെ ആകെ കൺഫ്യൂഷൻ ഉണ്ടാക്കുന്നതല്ലേ നിൻറെ ജോലി”.
“ഒരു തമാശ. അതിനാണ് പ്രവചനം എന്ന് പറയുന്നത്”.
" കാളിയമർദ്ദം എന്നാൽ എന്താണ്? ന്യൂനമർദ്ദം പോലെ പുതിയ മർദ്ദം വല്ലതും ആണോ. അതിൻറെ പ്രത്യേകതകൾ എന്തൊക്കെയാണ്, എങ്ങനെ തിരിച്ചറിയും. എൻറെ കൂട്ടുകാരുടെ സംശയമാണ്. അമ്മ ഒന്ന് പറഞ്ഞു തരൂ. അമ്മയുടെ കവിതയിൽ നിന്നാണത്രേ പുതിയ മർദ്ദത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. അവർക്ക് എന്നെ കളിയാക്കാൻ ഒരു വിഷയം.”
“കാളിന്ദിയും, കാളിയനും, കൃഷ്ണനും ഉള്ള കവിതയല്ലേ , കവിത വായിക്കുന്ന ആർക്കും മനസ്സിലാവും അത് കാളിയമർദ്ദനം ആണെന്ന്. നീ ഒരു മന്ദബുദ്ധി” ടൈപ്പ് ചെയ്തപ്പോൾ ‘ന' വിട്ടുപോയി.അത്രേയുള്ളൂ
‘’അമ്മയെ കൊണ്ട് ഞാൻ തോറ്റു. അമ്മയെ ഞാൻ ബ്ലോക്ക് ചെയ്യും നോക്കിക്കോ ഇപ്പോൾ തന്നെ അമ്മ എന്തിനായിരിക്കും വിളിച്ചത് എന്നോർത്ത് തിരക്കിനിടയിലൂടെ ഞാനെത്ര സ്പീഡിലാ ഡ്രൈവ് ചെയ്ത് ലോഡ്ജിൽ എത്തിയതെന്നറിയാമോ. അപ്പോൾ അമ്മക്ക് ലൈക്ക് വേണമത്രേ.
” അത് ശരി നീ എന്നെ ബ്ലോക്ക് ചെയ്യാൻ പോകുന്നതേ ഉള്ളല്ലോ ഞാൻ നിൻറെ അച്ഛനെ ഇന്നലെയേ ബ്ലോക്ക് ചെയ്തു. ഞാനെഴുതുന്നത് കഥയാണോ, കവിതയാണോ എന്ന് മനസ്സിലാകുന്നില്ലെന്നും കവിതയാണെങ്കിൽ അതിന് വൃത്തവും, പ്രാസവും, അലങ്കാരവും, ഈണവും, താളവും ഒന്നും ഇല്ലത്രേ. ധാരാളം വായിക്കുക, പഠിക്കുക എന്നിട്ട് എഴുതുക. ഭാഷയെ, കവിതയെ, കൊല്ലാക്കൊല ചെയ്യാതെ എന്ന ഉപദേശവും.
ഇന്നുവരെ ഒരു ലൈക്ക് പോലും ചെയ്തിട്ടില്ല. എന്നാൽ, അദ്ദേഹത്തിൻറെ കൂട്ടുകാരി സുജാത ടീച്ചറുടെ കവിതകൾക്ക് മനോഹരം, മനോജ്ഞം, സൂപ്പർബ് , സുന്ദരം, മധുരം, ഇനിയും എഴുതൂ. അടുത്ത കവിതക്കായ് കാത്തിരിക്കുന്നു. അങ്ങനെ എഴുതുന്ന കമെന്റുകൾ വായിച്ചു എനിക്ക് കുശുമ്പും, അസൂയയും മൂത്തു, മൂത്തു വട്ടാകാതിരിക്കുവാൻ ഞാൻ ഇന്നലെയേ നിൻറെ അച്ഛനെ, ആ മലയാളം മാഷിനെ ബ്ലോക്ക് ചെയ്തു.”
"നീ എന്താ ഒരു മാതിരി ആക്കിയ ചിരി "
‘’അത് അച്ഛൻ ഇതെല്ലാം പറയുമ്പോൾ അമ്മയുടെ മുഖത്തുണ്ടാകുന്ന ഒന്നൊന്നര ചമ്മൽ ഓർത്തു ചിരിച്ചു പോയതാ. പിന്നെ അച്ഛന് ഷുഗർ ഉള്ളതാണെന്ന് മറക്കേണ്ട. അച്ഛൻ പറഞ്ഞതിന് പ്രതികാരം ചെയ്യാൻ മധുരമിട്ട് ഭക്ഷണം ഉണ്ടാക്കി കൊടുക്കരുത്.പറഞ്ഞേക്കാം.”
"ഓർമ്മപ്പെടുത്തിയതിന് നന്ദി മകനേ. എന്ത് പ്രതികാരം ചെയ്യണമെന്ന് ആലോചിക്കാതിരുന്നില്ല. പിന്നെ, അച്ഛന് ഷുഗർ വരാതിരിക്കുന്നത് എങ്ങനെയാ. സുജാത ടീച്ചറിൻറെ കവിതകൾക്കുള്ള കമന്റ്സ് വായിച്ചാൽ തന്നെ മനസ്സിലാകും. എന്താ ഒരു മധുരം"
" സുജാത ടീച്ചർ അറിയപ്പെടുന്ന ഒരു കവയിത്രി അല്ലേ. അവരുടെ കവിതകൾ ഞാനും വായിക്കാറുണ്ട്. അമ്മക്ക് അസൂയ തോന്നിയിട്ടൊന്നും ഒരു കാര്യവുമില്ല"
ടീച്ചർ ജനിച്ചപ്പോഴേ കവയിത്രി അല്ലായിരുന്നല്ലോ. നിങ്ങളെയൊക്കെ പരിചരിക്കാൻ നടന്ന കാലത്തു കവിത എഴുതി തുടങ്ങിയിരുന്നെങ്കിൽ എനിക്കിപ്പോൾ ജ്ഞാനപീഠം കിട്ടിയേനേ"
"എന്റമ്മോ!! ആഗ്രഹിക്കുന്നതിന് ഒരു പരിധി വേണ്ടേ. അമ്മ ജ്ഞാനപീഠത്തിൽ കയറാൻ കുറച്ചു ബുദ്ധിമുട്ടും.”
"അതൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം. കുന്നോളം സ്വപ്നം കാണൂ, കുന്നിക്കുരുവോളം ലഭിക്കും എന്ന് കേട്ടിട്ടില്ലേ.
സ്വപ്നങ്ങൾക്ക് ജീവിത വിജയത്തിൽ വലിയ പങ്കുണ്ട്. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കൻ മനസ്സ് തനിയെ വഴി കണ്ടെത്തും മനസ്സ് ഒരു കാന്തം പോലെയാണ്.കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് പോലെയാണ് മനസ്സ് അതിൻറെ അടിത്തട്ടിൽ പ്രതിഫലിക്കുന്ന സ്വപ്നങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നത്. വലിയ, വലിയ സ്വപ്നങ്ങൾ കണ്ട് ഇനിയും ഞാൻ കാളിയമർദ്ദ(ന) ങ്ങൾ എഴുതിക്കൊണ്ടേയിരിക്കും………...”
" അമ്മക്ക് കുഴപ്പമൊന്നും ഇല്ലല്ലോ. എവിടുന്നൊക്കയോ കുറെ കാര്യങ്ങളൊക്കെ പഠിച്ചു തുടങ്ങിയിട്ടുണ്ട്
അമ്മയുടെ ചിന്തകൾ കാട് കയറേണ്ട ഞാൻ ലൈക്ക് ചെയ്യാം "
“നന്ദി. ആയുഷ്മാൻ ഭവ “
രാധാ ജയചന്ദ്രൻ, വൈക്കം.
11.12.2016.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo