"ടീച്ചറെ... ഓർമ്മയുണ്ടോ ന്നേ... "
അത്രെയെളുപ്പത്തിൽ ഞാനെങ്ങനെയാണ് കുട്ടീ, നിന്നെ ഞാൻ മറക്കുക ?? നിന്നെ പറ്റിയുള്ള ഓർമ്മകളൊക്കെ രണ്ടുപുറത്തിലെങ്ങനെ എഴുതിത്തീരാനാണ്. അവയെ അത്ര വലിയ സംഭവങ്ങളാക്കി എന്റെ ഓർമകളിൽ സ്റ്റാമ്പ് ചെയ്തതും നീ തന്നെയാണല്ലോ... !!
എല്ലാ കാര്യത്തിലും മിടുക്കിയായിരുന്നു അവൾ... സന.. !! ഏറ്റവും വിഷമമുള്ള വിഷയങ്ങൾ എടുക്കുകയെന്നത് എനിക്ക് ഇഷ്ടമായിരുന്നെങ്കിൽ ആ വിഷയങ്ങളിലൊക്കെയും മറ്റാർക്കും സാധിക്കാത്തത്ര നല്ല മാർക്ക് വാങ്ങി അവളെന്നെ ഓരോ തവണയും അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു.
പഠനവിഷയങ്ങളിൽ മാത്രമായിരുന്നില്ല, പാഠ്യേതര പ്രവർത്തനങ്ങളിലും അവൾ മുന്നിലായിരുന്നു. ഓരോ ആർട് ഫെസ്റ്റും കോളേജ് ഡേയും ഡ്യൂട്ടി ലീവിന്റെ സമയങ്ങളായിരുന്നു.. ആ സമയങ്ങളിൽ കോളേജ് മുഴുവൻ അവളുടെ പാദസരങ്ങൾ കിലുങ്ങി നടന്നു.
പെട്ടെന്നാണ് അവളൊരു നിശ്ശബ്ദതയിലേക്ക് തെന്നിമാറിയത്. ദൂരെ നിന്നു കാണുമ്പോൾ വരെ ഓടിയടുത്തെത്തുമായിരുന്ന അവൾ അടുത്തിരുന്നാൽ പോലും അക്ഷരങ്ങൾ തിരഞ്ഞു കഷ്ടപ്പെട്ടു. എന്റെ ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞു മാറി. അവളെയറിയുന്നവർ അവളൊത്തിരി മാറിപ്പോയെന്നു പരാതി പറഞ്ഞു.. അവളുടെ ഭൂതകാലവും ഇന്നും വിചാരണ ചെയ്യപ്പെട്ടു. ആർക്കും അതിൽ നിന്നൊന്നും നേടാനില്ലായിരുന്നെങ്കിലും എല്ലാവരും അവൾക്ക് പിന്നിലേക്കും മുന്നിലേക്കും കണ്ണുകളഴിച്ചു വിട്ടു. ദു:സ്വഭാവങ്ങളോ എന്തിനു ഒരു പ്രേമം പോലും ആർക്കും തിരഞ്ഞു കണ്ടെത്താനായില്ല.
"ഞാൻ പഠിപ്പ് നിർത്താ ടീച്ചറെ... ! "
സ്റ്റാഫ് റൂമിൽ ആരുമില്ലാത്ത നേരം നോക്കി അവളെന്റെ മുന്നിൽ വന്നു നിന്നു പ്രഖ്യാപിച്ചു. എന്തു ചെയ്യണമെന്നറിയാതെ ഞാനൊരു നിമിഷത്തേക്ക് നിശബ്ദയായി. പിന്നെ എന്നെത്തന്നെ വീണ്ടെടുത്ത് ചോദിച്ചു...
"എന്തിനു... ഇപ്പോ ഒന്നും പഠിക്കുന്നില്ലാലോ നിറുത്താൻ.. "
ഞാനാ ചോദ്യത്തിൽ വിജയിച്ചുവെന്നാശ്വസിച്ചു.
ഞാനാ ചോദ്യത്തിൽ വിജയിച്ചുവെന്നാശ്വസിച്ചു.
"അല്ല... ഞാനീ കോളേജിലേക്കൊക്കെ വരണില്ല... "
ഞാനവളോട് ഇരിക്കാൻ പറഞ്ഞു.. ടേബിളിലെ എന്റെ കുപ്പിയെടുത്തു അവൾ വെള്ളം വായിലേക്ക് കമിഴ്ത്തി. അവളുടെ കൈ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാനവ മുറുകെ കൂട്ടിപ്പിടിച്ചു. എന്റെ ചോദ്യങ്ങളേക്കാൾ അവൾക്കാവശ്യം ഈ നിശ്ശബ്ദതയാണെന്നെനിക്ക് തോന്നി.
ഞാനവളോട് ഇരിക്കാൻ പറഞ്ഞു.. ടേബിളിലെ എന്റെ കുപ്പിയെടുത്തു അവൾ വെള്ളം വായിലേക്ക് കമിഴ്ത്തി. അവളുടെ കൈ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഞാനവ മുറുകെ കൂട്ടിപ്പിടിച്ചു. എന്റെ ചോദ്യങ്ങളേക്കാൾ അവൾക്കാവശ്യം ഈ നിശ്ശബ്ദതയാണെന്നെനിക്ക് തോന്നി.
പിന്നെ, മെല്ലെയവൾ പറഞ്ഞു തുടങ്ങി....
"പഠിച്ചു എനിക്ക് ടീച്ചറെ പോലെ ടീച്ചറാവണംന്നുണ്ടായിരുന്നു...ടീച്ചറോട് ൻറെ ചേച്ചിയെ പറ്റി ഞാമ്പറഞ്ഞിട്ടില്ലേ... എന്നേക്കാൾ പഠിക്കുവാരുന്നു ചേച്ചി.. ഇപ്പോളോ... ഒരു ജോലീം ചെയ്യാണ്ട് അടുക്കളേല്... കഴിഞ്ഞൂസം ഞാൻ ജോലിക്ക് പോയിക്കൂടെന്നു ചോദിച്ചപ്പോ ചേച്ചി ന്നേ കെട്ടിപ്പിടിച്ചു കരഞ്ഞു... പെൺകുട്ടിയോള് സ്വപ്‍നം കാണരുതെന്ന്.... ജോലിക്ക് പോയിട്ട് ഹാളില് ആരേലും വന്നിരിക്കുമ്പോ വരെ തലവട്ടം കാണിക്കരുതെന്നു അബ്ദുക്ക പറഞിണ്ടെന്നു... ഞാനെന്തിനാ പഠിക്കണേ ടീച്ചറെ..... "
സന കണ്ണീർ ടവ്വലിൽ തുടച്ചെടുത്തു.
"എല്ലാരും പറയും.... സ്വന്തം ഇഷ്ടാ ജോലിക്ക് പോണതെന്നു.... എനിക്കെന്റെ വാപ്പാനെ ഇഷ്ടാ ടീച്ചറെ.... വാപ്പ പറേണത് ഇത്രേം കാശു വീട്ടിലുള്ളപ്പോ ന്തിനാ ജോലിയൊക്കെന്നു ..... ഉമ്മാനോട് പറയണത് കേട്ടതാ....ആര് പറഞ്ഞാലും മാറില്ലവരൊക്കെ.. പെങ്കുട്ട്യോള് അടുക്കലേൽക്കുള്ളതാണെത്രെ... ഇത്ത പറഞ്ഞതാ.... ഇത്ത കുറെ കരഞ്ഞുപറഞ്ഞിട്ടുണ്ടാരുന്നുത്രേ.... "
ആ കുട്ടിയോട് ഞാനെന്തു പറയാനാണ്... ?? വീട്ടുകാർ പറയുന്നത് കേൾക്കണ്ട, അത്യാവശ്യം കാര്യങ്ങളിൽ സ്വന്തമായി തീരുമാനം എടുക്കാമെന്നോ.... !!
ഇതൊന്നും ആ സന്ദർഭത്തിനു യോജിക്കുമെന്നു എനിക്ക് തോന്നിയില്ല. ഇനി അഥവാ ഞാനെന്തെങ്കിലും പറഞ്ഞാലും അവളത് മനസിലാക്കുമെന്നും.. !!
"എല്ലാം ശരിയാവുമെന്ന " ഭംഗി വാക്കിൽ ഞാനവളെ യാത്രയാക്കി. പഠനത്തിൽ ശ്രദ്ധിക്കാൻ പറഞ്ഞു ഒരു നല്ല ടീച്ചറിന്റെ മുഖമൂടിയെടുത്തണിഞ്ഞു.
പിറ്റേന്ന് എന്തൊക്കെയോ കുത്തിക്കുറിച്ചു സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ കൃഷ്ണ ഓടി വന്നു പറഞ്ഞു.. തന്റെയൊപ്പം ജോയിൻ ചെയ്ത,ജീവിതാനുഭവങ്ങൾ അത്രത്തോളം ബോൾഡാക്കിയ ഒരധ്യാപികയാണ് കൃഷ്ണ.
"സനയുടെ ബാപ്പയും ഉമ്മയും വരുന്നുണ്ട്... "
അവളുടെ ബാപ്പയുടെ ഓരോ സംഭവങ്ങളോടുള്ള
കടുത്ത പ്രതികരണങ്ങൾ കാരണം എല്ലാവരും അയാളോട് സംസാരിക്കാൻ മടിക്കുന്നു. മറ്റുള്ളവരുടെ ശരികൾ കേൾക്കാൻ പോലും കൂട്ടാക്കാത്ത മനുഷ്യൻ. ഒരു ഫോൺ കോളിന്റെ പുറത്ത് അയാളും കുടുംബവും തന്നെയന്വേഷിച്ചു വരുന്നു..
കടുത്ത പ്രതികരണങ്ങൾ കാരണം എല്ലാവരും അയാളോട് സംസാരിക്കാൻ മടിക്കുന്നു. മറ്റുള്ളവരുടെ ശരികൾ കേൾക്കാൻ പോലും കൂട്ടാക്കാത്ത മനുഷ്യൻ. ഒരു ഫോൺ കോളിന്റെ പുറത്ത് അയാളും കുടുംബവും തന്നെയന്വേഷിച്ചു വരുന്നു..
താനാണ് ഇന്നലെ എന്തായാലും കാണണമെന്ന് പറഞ്ഞയാളെ വിളിച്ചത്.
ഞാനവരെ എന്റെ കാബിനിൽ ഇരുത്തി. കുറച്ചു കുറച്ചു നേരം കുശലം ചോദിച്ചു. അയാൾ പറഞ്ഞു...
"ടീച്ചറൊക്കെള്ളതുകൊണ്ടാണ് ഞാനെന്റെ മോളെ വിശ്വാസത്തോടെ ഇങ്ങോട്ട് വിടുന്നത്... "
ഞാൻ ചിരിച്ചെന്നു വരുത്തി.
"പഠിച്ചു കഴിഞ്ഞാൽ നിങ്ങളുടെ മോളെന്തു ചെയ്യും.... ??" വളരെ പെട്ടെന്ന് ഞാൻ ചോദിച്ചു.
"കല്യാണം നോക്കുന്നുണ്ട് ടീച്ചറെ..... പറ്റീത് ശരിയായാല് അവസാനക്കൊല്ലത്തില് തന്നെ നിക്കാഹ് നടത്തണം... അതു കഴിഞ്ഞാ പിന്നെ നമ്മുടെ തീരുമാനം കഴിഞ്ഞില്ലേ..."
സനാ.... പെൺകുട്ടീ... നീയെത്ര ശരിയാണ്. അയാളുടെ വാക്കുകളുടെയുറപ്പിൽ എനിക്കുപോലും നിശ്ശബ്ദയാവേണ്ടി വരുന്നു.
"നിങ്ങളവളെ ജോലിക്കൊന്നും വിടില്ല... ?? "
ഞാൻ കുറഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
ഞാൻ കുറഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
"എന്തിനു...... അവളെ നോക്കാൻ പറ്റുന്നവന്റെ കയ്യിലെ ഞാനെന്റെ മോളെ കൊടുക്കു.... അവളെ കഷ്ടപ്പെടാനൊന്നും ഞാൻ വിടില്ല.... "
"ജോലിക്ക് പോണത് ഒരു സന്തോഷമല്ലേ... അതൊരു കഷ്ടപ്പാടാണോ....... "
"ടീച്ചർക്ക് എന്താണ് കുഴപ്പം...... അവളുടുമ്മയോട് ചോദിച്ച് നോക്കിക്കേ..... കെട്യോനും പിള്ളേർക്കും ഭക്ഷണം വെച്ച് വീട് വൃത്തിയാക്കി വീണ്ടും ജോലിക്കും കൂടെ പോണൊന്നു....... "
"നിങ്ങളൊന്നു വീണുപോയാൽ പിന്നെയാര് വീടുനോക്കും..... നിങ്ങളുടെ പ്രായമായ വാപ്പ അതു ചെയ്യുമെന്നാണോ..... " ഞാൻ വളരെ പതുക്കെത്തന്നെ അയാളോട് ചോദിച്ചു.
"അത്യാവശ്യം സമ്പാദിച്ചിട്ടുണ്ട്..... പിന്നെ നാല് ഇക്കമാരും ഉണ്ട്....... " അയാളുടെ ശബ്ദം ഉറച്ചതായിരുന്നു.
"ഞാനുപദേശിക്കൊന്നും അല്ലാട്ടോ..... ഈ സമ്പാദ്യമൊക്കെ തീരാൻ കുറച്ചു നേരത്തേ അശ്രദ്ധ മതി.... ഒരു അസുഖം മതി.... ഇതൊന്നും നോക്കാനും നടത്താനും നിങ്ങൾ ഭാര്യയെ പഠിപ്പിച്ചിട്ടില്ലാലോ...... പിന്നെ ഇക്കമാർ, അവർക്ക് സ്വന്തമായ കുടുംബമുണ്ട്. നിങ്ങളും സ്വന്തമാണെങ്കിൽ പോലും. എത്ര കാലം നിങ്ങളെയവർ നോക്കും...... " എന്റെ ശബ്ദം അതുവരെയുള്ളതിനേക്കാൾ വ്യക്തമായിരുന്നു.
അയാൾക്ക് ശബ്ദം നഷ്ടപ്പെടുന്നത് പോലെ തോന്നി.
"ഇതെല്ലാം പോട്ടെ, എന്നെങ്കിലും നിങ്ങൾ നിങ്ങളുടെ ഭാര്യയുടെ ഇഷ്ടം ചോദിച്ചിട്ടുണ്ടോ, അവർക്ക് എന്തെങ്കിലും ചെയ്യാനാഗ്രഹമുണ്ടോയെന്നു... നിങ്ങളുടെ സ്വപ്നങ്ങളിൽ അവർ സ്വന്തം ആഗ്രഹങ്ങൾ ഇല്ലാതാക്കുകയായിരുന്നുവോ എന്ന്.... "
സനയുടെ ഉമ്മ തലത്താഴ്ത്തി. ബാപ്പ കുറച്ചൊക്കെ വിയർത്തിരുന്നു.
"ഇതു തന്നെയാണ് നിങ്ങളുടെ രണ്ട് പെണ്മക്കളുടെ കാര്യവും..... അവർ രണ്ട് പേരും മിടുക്കരാണ്.....സന എന്നോടിന്നലെ ചോദിച്ചു മറ്റൊരാളുടെ ഭാര്യ മാത്രമാവാൻ എന്തിനാണ് കഷ്ടപ്പെട്ട് നല്ല മാർക്ക് വാങ്ങുന്നതെന്നു.... നാളെയവളുടെ ജീവിതത്തിലൊരാവശ്യം വന്നാൽ സ്വയം അതിനെ അതിജീവിക്കാൻ കഴിയണമെങ്കിൽ, അവൾക്ക് സ്വന്തം കാലിൽ നിൽക്കാൻ പറ്റണം... നിങ്ങൾക്ക് ഒരാവശ്യം വരുമ്പോൾ നിങ്ങളുടെ കുടുംബം മറ്റൊരാളുടെ സഹായത്തിനു നിൽക്കാൻ നിങ്ങൾക്ക് ആഗ്രഹം കാണില്ലാലോ...... "
അയാൾ ചിരിച്ചുകൊണ്ടെഴുന്നേറ്റു. സനയുടെ ഉമ്മ അവരുടെ പിന്നാലെയും.....
പിറ്റേന്ന് സന കോളേജിലെത്തിയത് നിറഞ്ഞ ചിരിയോട് കൂടിയായിരുന്നു.
എന്നെക്കണ്ടതും ഓടിയടുത്തെത്തി.
"ടീച്ചറെന്താ വാപ്പയോട് പറഞ്ഞേ..... വാപ്പ ന്നേ കുറെ നേരം കെട്ടിപ്പിടിച്ചു. ഉമ്മാക്ക് തയ്യൽ മെഷിൻ വാങ്ങിക്കൊടുത്തു. കടമുറിയും തുറന്നുകൊടുത്തു. അബ്ദുക്കാനോട് ഇത്തയെ ജോലിക്ക് വിടണോന്ന് വിളിച്ച് പറഞ്ഞു... ന്നേ ജോലിയൊക്കെയായെ കെട്ടിക്കുവെന്നും ..... "
അവളെന്നെ ചേർത്തു കെട്ടിപ്പിടിച്ചു.
"ഒരുപാടിഷ്ടം വരുന്നുണ്ട് ടീച്ചറോട്..... "
അവളുടെ പാദസരകിലുക്കം ദൂരേക്ക് നീങ്ങിയപ്പോൾ ഞാൻ കണ്ണുകൾ തുടച്ചു.
എത്രമേൽ രസകരവും നിഗൂഡവുമാണ് ജീവിതം. ജീവിക്കുംതോറും അറിഞ്ഞുക്കൊണ്ടിരിക്കുന്നൊരു പ്രഹേളിക.
By: ഹർഷ ഗോപാലകൃഷ്ണൻ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക