Slider

ബ്ലേഡ് ഒരു ഭീകര ജീവിയാണ്

0

പതിവുപോലെ ഒരുതാൽപര്യവുമില്ലാതെഉറക്കമെഴുന്നേറ്റ ഞാൻ ... നിനക്ക് ഒരു സമാധാനവും തരില്ലെടാ എന്നും പറഞ്ഞ് ഫോണും റിങ് ചെയ്യാൻ തുടങ്ങി ... അമ്മുവിന്റെ കോളാണ്.... എനിക്ക് വിധിച്ചിട്ടില്ലാത്ത മറ്റേതോ ദുഷ്ടനെയും കാത്തിരിക്കുന്ന എന്റെ വൺവേ കാമുകി.
ഞാൻ : ഹലോ
അമ്മു: ഹലോ ചേട്ടാ ഇന്ന് കോളേജിൽ രക്ഷിതാവിനെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞിട്ടുണ്ട്. ചേട്ടൻ ഒന്നു വരണം.
ഞാൻ. : രാവിലെത്തന്നെ നീ എന്നെ നിന്റെ രക്ഷിതാവാക്കിയല്ലോ ടീ
അമ്മു: ചേട്ടനാണെന്ന് പറഞ്ഞാ മതി.
ഞാൻ. : അല്ലാതെ നിന്റെ കെട്ടിയവനാണെന്ന് പറയാൻ പറ്റൂലല്ലോ ???
അമ്മു: ചേട്ടനു നല്ല ഹ്യൂമർ സെൻ സുണ്ട് ..
ഞാൻ.: മതിയെ ടീ സെൻസർ ചെയ്തത് .. ഞാൻ വന്നാപ്പോരേ വരാം ..
അമ്മു: വേഗം വാ .... പത്തു മണി കേട്ടോ ???
ഞാൻ: ആ ..
ചുമ്മാ ഒന്നു കണ്ണാടി നോക്കി. ആഹാ.....മുഖം താടിയൊക്കെ നിറഞ്ഞ് ജഡ പിടിച്ചിരിക്കുന്നു ഇങ്ങനെ കോളേജിൽ പോയാൽ അവളുടെ അച്ഛനാണെന്നേ പറയുള്ളൂ .... വെറുതെയല്ല അവളു നോക്കാത്തെ.
ഒരു കാര്യം ചെയ്യാം നല്ല ക്ലീൻ ഷേവും ചെയ്ത് ഒരു കോളേജ് പയ്യൻ ലുക്കിൽ തന്നെ പോയേക്കാം ....
പടച്ചോനേ ബ്ലേഡ് ഇല്ലല്ലോ ...... ഈ പ്രാന്തൻ ലുക്കിൽ കോളേജിൽ പോവാനോ ... അസാധ്യം ....
ഞാൻ : അമ്മേ എന്റെ ബ്ലേഡ് കണ്ടോ ?
അമ്മ: നിന്റച്ഛൻ ഇവിടെ പാൽക്കാരന്റെ പൈസ തരാതെ ഇറങ്ങിപ്പോയേക്കുവാ അപ്പോഴാ അവന്റെയൊരു ബ്ലേഡ്.
അച്ഛൻ : ഞാൻ എങ്ങും പോയിട്ടില്ലെടീ .... നിന്റെ പൈസ തന്നിട്ടേ പോണുള്ളൂ.
അമ്മ: ആ...... നിങ്ങളിവിടെ ഒണ്ടായിരുന്നോ ? ഷോറി...... ട്ടാ ..
ഇനി ഒരൊറ്റ വഴിയേ ഉള്ളൂ അച്ഛന്റെ ബ്ലേഡ് അടിച്ചു മാറ്റാം ....
വലിയൊരു പാക്കറ്റിൽ ഒരൊറ്റ ബ്ലേഡ് മാത്രം ബാക്കി ...... സ്വന്തം അച്ഛനെ ആരേലും ദരിദ്രവാസി എന്ന് വിളിക്കുമോ .....? ഇല്ല. പക്ഷെ ഒരു നിമിഷം ആ വാക്ക് എന്റെ മനസ്സിലൂടെ കടന്നു പോയോ എന്നൊരു സംശയം ..
ഒന്നും നോക്കിയില്ല. അച്ഛന്റെ ആകെയുണ്ടായിരുന്ന ബ്ലേഡും കൈക്കലാക്കി ഞാൻ കുളിമുറിയിൽ കയറി വാതിൽ അടച്ചു.
പുറത്ത് ഡി.ടി എസ് സൗണ്ട്.........
അച്ഛൻ: എടീ എന്റെ ബ്ലേഡ് കണ്ടോ ?ഇവിടിരുന്ന ബ്ലേഡ് എവിടെ ....?
അനിയത്തിയുടെ രംഗപ്രവേശനം
അനിയത്തി : അച്ഛാ.... ചേട്ടൻ എടുത്തോണ്ടു പോയി... ദേ കുളിമുറിയിൽ ഒണ്ട് കള്ളൻ...
അച്ഛൻ : ഡാ എനിക്ക് കടയിൽ പോവാനുള്ളതാ ...
ഞാൻ: പിന്നേ രാവിലെത്തന്നെ ലുലു മാളല്ലേ തുറക്കാൻ പോണത്. ആ ഒണക്ക കടയിൽ പോവാൻ അച്ഛൻ താടി വച്ച് പോയാമതി.
അച്ഛൻ: നീ തുറക്കുന്നോ അതോ ഞാൻ ചവിട്ടിപ്പൊളിക്കണോ ?
ഞാൻ: ഡോറിന്റെ കാശും കയ്യീന്ന് പോയും ...
ഒരു പത്ത് മിനുട്ട് കഴിഞ്ഞ് ഞാൻബാത്റൂമിൽ നിന്നും പുറത്തേക്ക് വന്നു.
നല്ല സുന്ദരക്കുട്ടപ്പനാണെന്ന് സ്വയം വിശ്വസിച്ച് വീടിനു പുറത്തേക്ക് ... നേരെ ബസ് സ്റ്റോപ്പിൽ പോയി നിന്നു.
അതിശയം എനിക്ക് പോവേണ്ട ബസ് റോഡിന്റെ മറുവശത്തുള്ള സ്റ്റോപ്പിൽ വന്ന് നിൽക്കുന്നു '
ഞാൻ: ചേട്ടാ ബസിന്റെ ബോർഡ് വച്ചത് തെറ്റാണ് ചേട്ടാ........ വടകര എന്നാണ് വച്ചത്.
ഞാൻ അഭിമാനത്തോടെ പറഞ്ഞു '
ഡൈവർ എന്നെ നോക്കി നന്ദിയോടെ പറഞ്ഞു
"പിന്നെ വടകരയ്ക്ക് പോണ ബസ്സിന് കൊയിലാണ്ടി എന്ന് ബോർഡ് വയ്ക്കുമോ ടാ?"
അബദ്ധം പറ്റി......... ബസ്സ്റ്റോപ്പ് മാറിപ്പോയി .... എന്താണ് ബസ്സ്റ്റോപ്പ് മാറാനുള്ള കാരണം. ഒരു പിടിയുമില്ല.ചിലപ്പോൾ അച്ഛന്റെ ബ്ലേഡ് അടിച്ചുമാറ്റിയതിന്റെ കുറ്റബോധമാവാം.
ഉടനെ ഓടി എങ്ങനെയൊക്കെയോ ആ ബസിൽ കയറിപ്പറ്റി .നല്ല തിരക്ക്. സൂചി കുത്താനിടമില്ല എന്നൊക്കെ പറയുന്നത് പോലെ .
കണ്ടക്ടർ: താനെങ്ങോട്ടാ ?
ഞാൻ: ' അല്ല എനിക്ക് താനെങ്ങോട്ടല്ല പോവാനുള്ളത് .എനിക്ക് ഗുരുവായൂരപ്പൻ കോളേജിലോട്ടാ പോവണ്ടത് -
കണ്ടക്ടർ : എടോ തനിക്കെങ്ങോട്ടാ പോവേണ്ടത് എന്നാണ് ഞാൻ ചോദിച്ചത്.
ഞാൻ: പറഞ്ഞില്ലേ. ഗുരുവായൂരപ്പൻ കോളേജ് ..........
തൊട്ടടുത്തുള്ള കവലയിൽ എത്തിയപ്പോഴേക്കും റോഡിൽ വലിയ തടസ്സം. തിങ്കളാഴ്ച ആയത് കൊണ്ടാവണം നല്ല ട്രാഫിക് ആണ്.
ബസ് ഒരടി മുന്നോട്ട് നീങ്ങുന്നില്ല.
ഞാൻ ബസ്സിൽ നിന്നും ചുമ്മാ പുറത്തേക്ക് നോക്കി. പടച്ചോനേ അച്ഛന്റെ കടയുടെ മുന്നിൽത്തന്നാണല്ലോ ബസ്സിന് നിർത്താൻ കണ്ടത്. നാശം പിടിച്ച ട്രാഫിക്.
അതാ... അച്ഛൻ കടയുടെ പുറത്തേക്ക് ഇറങ്ങി വന്ന് ബസ്സിനകത്തേത്ത് സൂക്ഷിച്ച് നോക്കുന്നു. ഞാനല്ലാ.... എന്ന ഭാവത്തിൽ ഞാനും നിന്നു.
പുറത്ത് നിന്ന് ഒരു ഗാംഭീര്യമുള്ള ശബ്ദം
"ഡാ....... നീയെന്റെ ബ്ലേഡ് എടുത്തോടാ ?".......
ബസ്സിനകത്തുനിന്നുംകൂട്ടച്ചിരിയുയർന്നു
ഞാൻ അച്ഛനെ നോക്കാനേ പോയില്ല
ഇയാൾ ഇതാരോടാ പറയുന്നത് എന്ന മട്ടിൽ ഞാനും ബസ്സിലെ ആളുകളുടെ ചിരിയിൽ പങ്കു ചേർന്നു.
വീണ്ടും ഗാംഭീര്യ ശബ്ദം
" ആ പച്ച ഷർട്ടിട്ടവനെ ഒന്നു വിളിച്ചേ ".....
കുടുങ്ങി........ ബസ്സിൽ പച്ച ഷർട്ടിട്ടു നിൽക്കുന്നയാൾ ഞാൻ മാത്രം ....
ഞാൻ: എന്താ അച്ഛാ.........?
അച്ഛൻ: ഫഫാ ...........!! നീ എന്റെ ബ്ലേഡ് എടുത്തോ ടാ ?.............
ഇത്തവണ ശരിക്കും എന്റെ കാറ്റ് പോയി..... ബസ്സിൽ വീണ്ടും കൂട്ടച്ചിരി .എല്ലാരും ഞമ്മളെത്തന്നെ നോക്കുന്നു '
ശരിക്കും നാണക്കേടായി. ബസ് മുന്നോട്ടു നീങ്ങിത്തുടങ്ങി.
ഒരു കള്ളച്ചിരിയോടെ കണ്ടക്ടർ എന്നെ നോക്കുന്നു .
ഞാൻ: ചിരിച്ചോണ്ട് നിൽക്കാതെ എന്റെ ബാക്കി ഒന്നര രൂപ താ ഇങ്ങ്ട്
കണ്ടക്ടർ: ചില്ലറയില്ല. ഇറങ്ങുമ്പോൾ തരാം.
എല്ലാ മാന്യയാത്രക്കാരുടെയും നോട്ടം ഇപ്പോഴും എന്നിൽ നിന്നും മാറിയിട്ടില്ല .എല്ലാരും ചിരിച്ചോണ്ടിരിക്കുന്നു -
കോൾഗേറ്റിന്റെ പരസ്യത്തിൽ പോലും ഉണ്ടാവില്ല ഇമ്മാതിരി ചിരി.
ഒടുവിൽ എനിക്കിറങ്ങേണ്ട സ്ഥലം എത്തി. ഞാൻ ഇറങ്ങി. കണ്ടക്ടറോട് പറഞ്ഞു.
"ഹലോ... എന്റെ ബാക്കി ഒന്നര രൂപാ തന്നില്ല ."
കണ്ടക്ടർ ശപിച്ചോണ്ട് ഒന്നര രൂപ പുറത്തേക്ക് എറിഞ്ഞു തന്നു '. എന്നിട്ട് ഒരു കമന്റും
" ഈ പൈസയ്ക്ക് നീ നേരത്തെ കണ്ട ആൾക്ക് ബ്ലേഡ് വാങ്ങിച്ച് കൊടുക്ക് "
ബസ്സിൽ വീണ്ടും കൂട്ടച്ചിരി.
എന്റെ എല്ലാ ശക്തിയും ചോർന്ന പോലെ .... ഭാരം കുറഞ്ഞ് കയറു പൊട്ടിയ ഹൈഡ്രജൻ ബലൂണുപോലെ ഞാൻ കോളേജിലേക്ക് നടന്നു.
…, മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo