Slider

യാത്ര...

0

വിമാനം നിലത്തിറങ്ങാന്‍ ഉള്ള വട്ടം കൂടലില്‍ ആയിരുന്നു. വിമാന ജോലിക്കാരിയുടെ കിളി കൊഞ്ചല്‍ പോലെ ഉള്ള ശബ്ദം സ്പീക്കറനുള്ളില്‍ കൂടി ഒഴുകിയിറങ്ങി. ആര്‍ക്കും ഒന്നും മനസ്സിലായില്ല എന്ന് അവര്‍ക്ക് തന്നെ തോന്നിയത് കൊണ്ടാകും ജോലിക്കാരില്‍ ചിലര്‍ വന്നു സീറ്റ് ബെല്‍റ്റ്‌ ഇടാനും സീറ്റ് നേരെ ആക്കാനും ശുദ്ധമായ മലയാളത്തില്‍ പറഞ്ഞു.
കുന്നിറങ്ങും പോലെ വിമാനം ഉയരത്തില്‍ നിന്നും താഴേക്ക്‌ വരുമ്പോള്‍ കണ്ണിലെ ഞരമ്പുകള്‍ പിടഞ്ഞു. വല്ലാത്ത ഒരു അസ്വസ്ഥത ആണ്.കണ്ണടച്ചപ്പോള്‍ പ്രീയപ്പെട്ടവളുടെ മുഖം ഓര്‍മയില്‍ തെളിഞ്ഞു. കുസൃതി വിരിയുന്ന കണ്ണുകളില്‍ അവളുടെ അരികത്തു കിടക്കുന്ന ഭൂമിയിലേക്ക്‌ വന്നതിന്‍റെ അമ്പരപ്പ് മാറാതെ കിടക്കുന്ന കുഞ്ഞിനെ കാണാനും മനം തുടിച്ചു. ഇന്നാണ് തന്‍റെ പ്രീയപ്പെട്ടവളുടെ സിസേറിയന്‍ നടത്തുന്നത്. അവസാനം വിമാനം നിലത്തിറങ്ങി കുറെ നെരേം വാശിയോടെ ഓടി പിന്നെ സാവധാനം നിന്നു.

ബാഗേജു എടുക്കുമ്പോള്‍ ആണ് ഓര്‍മ വന്നത് സഹമുറിയന്‍റെ ഒരു ചെങ്ങാതി തന്‍റെ പക്കല്‍ ഏല്‍പ്പിച്ച ഒരു കവറിനെ പറ്റി. അത്യാവശ്യം ആണ് എയെര്‍പോര്ട്ടില്‍ എത്തിയാലുടന്‍ ആളുണ്ടാകും വന്നു വാങ്ങാന്‍ എന്ന് പറഞ്ഞു . കണ്ടില്ലേല്‍ വരുന്ന ആളിനെ വിളിക്കാനായി അയാള്‍ ഒരു ഫോണ്‍ നമ്പറും തന്നു. മനസ്സില്ലാ മനസ്സോടു കൂടി അത് വാങ്ങി. കാത്തു നില്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല ആരോടും പറയാതെ ആയിരുന്നു വന്നത്. അപ്രതീക്ഷിതമായി കാണുമ്പോള്‍ ഉള്ള അമ്പരപ്പും സന്തോഷവും പിന്നെ തന്‍റെ ചോരയില്‍ വിരിഞ്ഞ കുഞ്ഞുവാവയെയും ഒക്കെ കാണുവാന്‍ ഉള്ള ഒരു ആഗ്രഹം കൊണ്ട് മാത്രം ആണ് അങ്ങനെ ചെയ്തത്..വരാന്‍ പറ്റില്ല എന്ന് ഭാര്യയോടു പറയുമ്പോള്‍ അവളുടെ ശബ്ദം ചിണുങ്ങിയിരുന്നു ..
പുറത്തിറങ്ങി ആദ്യം ഒരു ടാക്സി ഏര്‍പ്പാടാക്കി. ചെറുപ്പക്കാരന്‍ ആയ ഡ്രൈവര്‍ പെട്ടികള്‍ കയറ്റുവാന്‍ കൂടെ സഹായിച്ചു. പതിനൊന്നു മണി ആകുമ്പോള്‍ ഹരിപ്പാട് എത്തിക്കണം എന്ന് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ തന്‍റെ കൈയ്യിലെ വാച്ചില്‍ നോക്കി.മണി എട്ടു കഴിഞ്ഞതായി അയാള്‍ പറഞ്ഞു. യാത്ര തുടങ്ങാന്‍ നേരം പിന്നെയും കവറിന്‍റെ കാര്യം മറന്നു..ഡ്രൈവറുടെ ഫോണ്‍ വാങ്ങി കാത്തു നില്‍ക്കും എന്ന് പറഞ്ഞ ആളിന്‍റെ നമ്പര്‍ ഡയല്‍ ചെയ്തു. അങ്ങേതലയ്ക്കല്‍ ടെലിഫോണ്‍ കമ്പനിക്കാരന്‍റെ ആകര്‍ഷകമായ ഓഫറുകള്‍ പറയുന്നതിന്റെ ഇടയില്‍ ഹലോ വിളി മുഴങ്ങി.
"അയ്യോ...ചേട്ടാ എത്തിയോ വിമാനം....? ചേട്ടന്‍ പുറത്തു ഇറങ്ങിയോ ...? അയ്യോ ചേട്ടാ ഒരു പത്തു മിനുട്ട് ഇപ്പൊ വരാം.!!...എന്ന് പറഞ്ഞു ഫോണ്‍ എടുത്ത ആള്‍ കാള്‍ കട്ട്‌ ചെയ്തു..നിമിഷങ്ങള്‍ അടര്‍ന്നു വീണു..ടാക്സി ഡ്രൈവര്‍ ഇടയ്ക്കിടയ്ക്ക് വാച്ചില്‍ നോക്കി എന്നെയും നോക്കി. ബാഗിനുള്ളില്‍ നിന്നും കവര്‍ വലിച്ചെടുത്തു കയ്യില്‍ വെച്ച ഞാനും അസ്വസ്ഥനായി..ഇടയ്ക്കു ഡ്രൈവര്‍ ചോദിച്ചു ആരുടെ എങ്കിലും കല്യാണത്തിനു ആണോ പോകുന്നതെന്ന്..അല്ല എന്ന് പറഞ്ഞു കാര്യം പറഞ്ഞപ്പോള്‍ അയാള്‍ തിടുക്കം കൂട്ടി..ഒപ്പം ചേട്ടന് ഇന്നലെയെ വന്നു കൂടാരുന്നോ എന്ന് ചോദിച്ചു കുറ്റപ്പെടുത്തി..കാല്‍ മണിക്കൂര്‍ കഴിഞ്ഞു..ഡ്രൈവര്‍ പിന്നെയും അക്ഷമനായി..അയാള്‍ നീട്ടിയ ഫോണ്‍ വാങ്ങി പിന്നെയും വിളിക്കുമ്പോള്‍ അപ്പുറത്ത് ഫോണ്‍ കട്ട്‌ ചെയ്തു..വീണ്ടും ശ്രമിച്ചപ്പോള്‍ നേരത്തെ സംസാരിച്ച ആള്‍ തന്നെ ആകണം എന്‍റെ പോന്നു ചേട്ടാ...ഇപ്പോള്‍ വരും...എത്താറായി..എന്ന് പറഞ്ഞു ഫോണ്‍ വെച്ചു..
.പിന്നെയും മിനുട്ടുകള്‍ അടര്‍ന്നടര്‍ന്നു വീണു..."..ചേട്ടന് പതിനൊന്നു മണിക്കല്ലേ എത്തണ്ടേ..?.......ഡ്രൈവര്‍ ഒന്ന് കൂടി ചോദിച്ചു ഉറപ്പു വരുത്തി..മണി ഒന്‍പതു ആകാറായി ...നേരത്തെ ഡയല്‍ ചെയ്ത നമ്പര്‍ ഇപ്പോള്‍ നിലവിലില്ലാന്നുള്ള മറുപടി കേട്ട് ഞാന്‍ ഒന്ന് ഞെട്ടി....ആ കവര്‍ തിരിച്ചും മറിച്ചും നോക്കി..എന്താണാവോ ഇതിനകത്ത് ഇത്രവലിയ അത്യാവശ്യം ഉള്ള സാധനം ....പൊടുന്നനെ ടെലിഫോണ്‍ മണിയടിച്ചു..കാള്‍ അറ്റന്‍ഡ് ചെയ്ത ഡ്രൈവര്‍ ഫോണ്‍ എനിക്ക് നേരെ നീട്ടി..
"..ഹലോ....മസ്കെറ്റില്‍ നിന്ന് വന്ന ആള്‍ അല്ലേ....? ...ഒരു സ്ത്രീ ശബ്ദം..അതേയ് എന്ന് പറയുമ്പോള്‍ അവര്‍ പറഞ്ഞു അവരാണ് പൊതിയുടെ ഉടമസ്ഥ..അവരുടെ അനിയനെ ഏല്‍പ്പിച്ചതാണ് അത് വാങ്ങാന്‍ എന്നും പക്ഷെ അവന്‍ രാവിലെ മറന്നു പോയി എന്നും....എവിടെയ്ക്കാന് പോകുന്നതെന്ന് ഉള്ള അവരുടെ അന്വേഷണത്തിന് മറുപടി പറയുമ്പോള്‍ അവരുടെ ശബ്ദം കൂടുതല്‍ ഇമ്പം ഉള്ളതായി..
"...ഹരിപ്പാടിന് പോകുമ്പോള്‍ കല്ലമ്പലം എന്ന് പറയുന്ന സ്ഥലം ഉണ്ട്..ആ ജങ്ക്ഷനില്‍ നിന്നും ഇടത്തേക് വര്‍ക്കലക്ക് പോകുന്ന വഴിക്കാണ് എന്‍റെ വീട്..ചേട്ടന്‍ എന്തായാലും ആ വഴിക്കല്ലേ...ഞാന്‍ വരും വരെ ഇനി അവിടെ കാത്തു നില്കണ്ടാലോ...?!!
എനിക്ക് ആ സാധനം വാങ്ങാന്‍ തോന്നിയ നിമിഷം ഓര്‍ത്ത്‌ പ്രാന്ത് പിടിച്ചു..ഡ്രൈവറോട് പറയുമ്പോള്‍ അയാള്‍ അതിവേഗം വാഹനം മുന്‍പോട്ടെടുത്തു..എന്‍റെ ദേഷ്യവും സങ്കടവും ഒക്കെ കണ്ടിട്ടാകണം അയാള്‍ ഒന്നും മിണ്ടാതെ ആകാവുന്ന അത്ര വേഗതയില്‍ വാഹനം പായിച്ചു..അരമണിക്കൂര്‍ വാഹനം ഓടിക്കാണും ഡ്രൈവര്‍ എന്നെ നോക്കിയിട്ട് പറഞ്ഞു.
അടുത്ത സ്റ്റോപ്പ്‌ ആണ് കല്ലമ്പലം..അവരെ വിളിച്ചു നോക്ക് എന്ന്..ഞാന്‍ വിളിക്കുമ്പോള്‍ അവര്‍ വഴി പറഞ്ഞു തന്നു..എനിക്ക് മനസ്സിലാകാഞ്ഞിട്ട് ഞാന്‍ ഡ്രൈവര്‍ക്ക് ഫോണ്‍ കൈമാറി..തികഞ്ഞ ഒരു അഭ്യാസിയെ പോലെ അയാള്‍ ഒറ്റകൈ കൊണ്ട് വാഹനം പായിക്കുന്നതിനിടയില്‍ അവരുമായി സംസാരിച്ചു..അയാള്‍ പൊടുന്നനെ വാഹനം നിര്‍ത്തി.. ..എന്നിട്ട് എന്‍റെ മുഖത്തു നോക്കി..
"....ചേട്ടാ..ഈ സ്ഥലം കുറെ പോകണം..ബീച്ചിനോട് ചേര്‍ന്നാണ്..അവിടെ പോയാല്‍ .ചേച്ചിയെയും കുഞ്ഞിനേയും കാണണം എന്നും..കുഞ്ഞിനെ ആദ്യമായി ചേട്ടന്‍ തന്നെ എടുക്കണം എന്നും ഉള്ള ആഗ്രഹം നടക്കില്ല....കാരണം നമ്മള്‍ അവിടെ ചേട്ടന്‍ പറഞ്ഞ സമയത്ത് എത്തില്ല..എന്ത് വേണം..?"
അയാള്‍ എന്നെ നോക്കി..ആ കവര്‍ തരുമ്പോള്‍ മറന്നു പോകല്ലേ ഇന്ന് തന്നെ അവിടെ കൊടുക്കണേ എന്ന് പറയുന്ന ആ മനുഷ്യന്റെ ദയനീയമായ മുഖം ആയിരുന്നു മനസ്സില്‍..എന്തേലും അത്യാവശ്യം ആയ കാര്യം ആകും എന്നോര്‍ത്തു ഞാന്‍ എന്താ ചെയ്യണ്ടാതെന്നു അറിയാതെ കുഴങ്ങി..അവസാനം ആ കവര്‍ കൊടുക്കാം എന്ന് തന്നെ ഉറപ്പിച്ചു വണ്ടി അവര്‍ പറഞ്ഞ സ്ഥലത്തേക്ക് വിടാന്‍ പറഞ്ഞു..അവര്‍ പറഞ്ഞ അടയാളങ്ങള്‍ ഒക്കെ ഉള്ള വീടിനരുകിലായി എത്തിയപ്പോഴേക്കും മണി പത്തു കഴിഞ്ഞിരുന്നു..ആ നമ്പറില്‍ വിളിക്കുമ്പോള്‍ വീട് അത് തന്നെ ആണ് അവര്‍ പുറത്താണ് ഇപ്പോള്‍ വരും എന്നുള്ള മറുപടി കേട്ട് എന്‍റെ സകല ആശയും അസ്തമിച്ചു..സമയം തേരില്‍ പൂട്ടിയ കുതിരകളെ പോലെ പാഞ്ഞു പോയികൊണ്ടിരുന്നു...പിന്നെയും കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരു യുവതി പ്രായം ആയ സ്ത്രീയോടൊപ്പം ഒരു ആട്ടോറിക്ഷയില്‍ വന്നിറങ്ങി മധുരമായി പുഞ്ചിരിച്ചു...അവര്‍ ആ കവര്‍ വാങ്ങി നെഞ്ചോടു ചേര്‍ത്തു പിടിച്ചു.. ആ കവിളുകളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു..അവര്‍ ക്ഷേത്രത്തില്‍ പോയിരുന്നു അതാണ്‌ താമസിച്ചതെന്ന് പറയുമ്പോള്‍ എന്‍റെ മനസ്സ് വിഷമം കൊണ്ട് നിറഞ്ഞു..സമയം പത്തര കഴിഞ്ഞു..തന്‍റെ ഭാര്യ ഇപ്പോള്‍ സിസേറിയന്‍ റൂമിലാകും.. കഴിഞ്ഞിട്ടുണ്ടാകുമോ എന്നൊക്കെ ഓര്‍ത്ത്‌ സങ്കടം തോന്നി..ഈ പാട് പെട്ടതെല്ലാം വെറുതെ ആയല്ലോ എന്നോര്‍ത്തു വിഷമം വന്നു എങ്കിലും നല്ലൊരു കാര്യം ചെയ്തത് കൊണ്ടല്ലേ എന്ന് മനസ്സ് സ്വയം ആശ്വസിച്ചു..
തിരികെ വണ്ടിയില്‍ കയറുമ്പോള്‍ ഒരു കൌതകത്തിനു വേണ്ടി ആ പൊതി എന്താന്നറിയാന്‍ ഉള്ള ആഗ്രഹത്തോടു കൂടി വിന്‍ഡോ ഗ്ലാസ് താഴ്ത്തി മെല്ലെ ആരാഞ്ഞു..
കവിളില്‍ നാണം പൂത്ത ആ യുവതി പറഞ്ഞു..
"..നാളെ ഞങ്ങളുടെ കല്യാണ വാര്‍ഷികം ആണ്..അപ്പോള്‍ ചേട്ടന് ഒറ്റ നിര്‍ബന്ധം ...നാളെ രാവിലെ മുതല്‍ ഞാന്‍ ഈ സാരി ഉടുക്കണം എന്ന് ഒപ്പം ഒരു ഫോട്ടോയും എടുക്കണം എന്ന് ...അതിനായി വാങ്ങിയ സാരി ആണ് ഇത്..!!!
എന്‍റെ തലയില്‍ ഒരു ഇരുമ്പു കൂടം കൊണ്ട് അടികിട്ടിയ പോലെ തരിച്ചിരുന്നു..അപ്പോള്‍ ഡ്രൈവര്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു..മെല്ലെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു..അയാളുടെ ആ ചിരിയില്‍ ഒരു പഴം ചൊല്ല് മറഞ്ഞു കിടപ്പുണ്ടായിരുന്നു........................... ..വേലിയില്‍ കിടക്കുന്നത് .
കടൂരാന്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo