Slider

എക്കോ പോയിന്റ്

0

കുത്തനെയുള്ള കയറ്റമായിരുന്നു ദുഷ്ക്കരം.കഷ്ടിച്ച് ജീപ്പിന് മാത്രം കടന്നു പോകാവുന്ന പാത ആയിരുന്നു അത്.തുടക്കത്തില്‍ ഇരു വശത്തും ,ഏല തോട്ടമായിരുന്നു.മുകളിലേക്ക് ചെന്നു തുടങ്ങിയപ്പോള്‍,മലയുടെ ഇരു വശവും,പാറക്കെട്ടുകളും,അവക്കിടയില്‍ വളരുന്ന,വലിയ പുല്‍ ചെടികളും കാറ്റാടി മരങ്ങളും പിന്നെ പേരറിയാത്ത ചെറു മരങ്ങളും മാത്രമായി ചുരുങ്ങി.എല്ലായിടത്തും മഞ്ഞുണ്ടായിരുന്നു.
.
‘ആര്‍ക്കും ഈ സ്ഥലത്തെ കുറിച്ച് അറിയില്ല സാറേ.ഒരുപാട് നാളായി ഞാന്‍ തന്നെ ഇവിടെ വന്നിട്ട്.” ജീപ്പോടിച്ചു കൊണ്ട്,മുരുകന്‍ പറഞ്ഞു.
“ഗോപി സാര്‍ പണ്ട് വാങ്ങിയ സ്ഥലമാ ഇത്.ചില്ലറ ഷൂട്ടിങ്ങ് ഒക്കെ നടത്താന്‍ പറ്റിയ സ്ഥലം.മുകളില്‍ ഒരു എക്കോ പോയിന്റ് ആണ്.ഗോപി സാറിനെ അറിയാവുന്ന ആരെങ്കിലും ഇടക്ക് വരും.”
ബാലചന്ദ്രന്‍ ചെറുതായി മൂളി.
മഞ്ഞു കാറ്റിന്റെ‍ നേര്‍ത്ത ഇരമ്പം കേള്ക്കാമായിരുന്നു
.
ബാലചന്ദ്രനെ ഒരു മാസം ലീവ് എടുപ്പിച്ചു ,തിരക്കഥ എഴുതാനായി ഇങ്ങോട്ട് വിട്ടിരിക്കുകയാണ് ഗോപി.ആരും ശല്യപ്പെടുത്താന്‍ വരാത്ത സുന്ദരമായ ഒരിടം.അയാള്ക്ക് ഹോട്ടലുകളില്‍ റൂം എടുക്കുന്നതില്‍ താല്പര്യം ഇല്ലായിരുന്നു.അപ്പോഴാണ് ഗോപി ഈ സ്ഥലത്തിന്റെ കാര്യം പറഞ്ഞത്.
അല്പം കഴിഞ്ഞപ്പോള്‍,മുകളില്‍ എത്തി.നാലു വശത്തും മല നിരകള്‍.അതിരുകളില്‍ ചെറിയ കല്ല്കെട്ട് ഉണ്ടായിരുന്നു.താഴെ മഞ്ഞില്‍ അവ്യക്തമായ ,കൊക്ക.സന്ധ്യ ആയിരുന്നു.ദൂരെ മല നിരകളില്‍ അകലെയുള്ള പട്ടണങ്ങളിലെ വെളിച്ചവും,പൊട്ട് പോലെ മറയുന്ന വാഹനങ്ങളുടെ പ്രകാശവും കാണാമായിരുന്നു.അയാള്ക്കു അവിടം ഇഷ്ടമായി.
കരിങ്കല്ല് കൊണ്ട് കെട്ടിയ ഒരു പഴയ വീടായിരുന്നുഅത്. വീടിന്റെ വാതില്‍ തുറന്നു.മൂന്നു മുറികളും,ഒരു കിച്ചണും മറ്റ് സൌകര്യങ്ങളും അതില്‍ ഉണ്ടായിരുന്നു.രണ്ടു മുറികള്‍ മുരുകന്‍ തുറന്നു..
“സാറിന് രണ്ടു മുറികള്‍ പോരേ...മൂന്നാമത്തേ മുറിയുടെ കീ എന്റെു കയ്യില്‍ ഇല്ല.”
“രണ്ടു മുറികള്‍ തന്നെ ധാരാളം”അയാള്‍ പറഞ്ഞു.
“പിന്നെ സാറേ ആ മൂന്നാമത്തെ മുറിയില്‍,പണ്ട് നമ്മുടെ പഴയ നോവലിസ്റ്റ് വേണു സാര്‍ താമസിച്ചിട്ടുണ്ട്..
.”
“ഓഹോ"..അയാള്‍ കൌതുകത്തോടെ ചോദിച്ചു
"വേണുസാര്‍ പോയതില്‍ പിന്നെ ആ മുറി തുറന്നിട്ടില്ല.".മുരുകന്‍ പറഞു.
.അയാള്‍ വേണുവിനെ കുറീച്ചു കേട്ടിട്ട് ഉണ്ടായിരുന്നു.വളരെ കുറച്ചു മാത്രം കഥകള്‍ എഴുതി,എന്നാല്‍ അജ്ഞാതനായി തുടര്‍ന്ന എഴുത്തുകാരന്‍.അയാളുടെ കഥകള്‍ ,വളരെ പ്രശസ്തങ്ങള്‍ ആയിരുന്നു.ഒരു തരം ഗൂഡത നിറഞ്ഞ കഥകള്‍.ഏകദേശം നാല്പതു വയസ്സു വരെ അയാള്‍ ജീവിച്ചു,എന്നാണ് പറയുന്നത്.പിന്നീട് ചിലര്‍ കാണാതായി എന്നും മറ്റ് ചിലര്‍ മരിച്ചു എന്നും പറഞ്ഞു.ഏതായാലും പിന്നീട് അയാളുടെ കഥകള്‍ പുറത്തു വന്നിട്ടില്ല.അയാള്‍ ഈ സ്ഥലത്തു വര്‍ഷങ്ങള്‍ക്ക് മുന്പു താമസിച്ചു എന്നു കേട്ടപ്പോള്‍ ബാലചന്ദ്രന് അത്ഭുതം തോന്നി.
മുറികള്‍ വൃത്തിയാക്കിയതിനു ശേഷം മുരുകന്‍ മടങ്ങി.
പിറ്റേന്ന് മുതല്‍,ബാലചന്ദ്രന്‍ എഴുത്ത് തുടങ്ങി.ഭക്ഷണവും മറ്റ് സാധനങ്ങളുമായി,മുരുകന്‍ ദിവസത്തില്‍ ഒരിക്കല്‍ വരും.
ആകാശം ഭൂമിയിലേക്ക് ഇറങ്ങി വന്നത് പോലെ,രാത്രികളില്‍,ചുറ്റിനുമുള്ള മലനിരകളിലെ വെളിച്ചം മാത്രം കൂട്ട്.ഒരു വൈകുന്നേരം പുറത്തു ഉലാത്തുമ്പോള്‍, അയാള്‍ വേണു ഇവിടെ വന്നു എന്തായിരിക്കും എഴുതിയത് എന്നു വെറുതെ ആലോചിച്ചു.ഒരു പക്ഷേ,ആ അടഞ്ഞു കിടക്കുന്ന മുറിയില്‍ അയാളുടെ എഴുത്തുകള്‍ വല്ലതും ബാക്കിയുണ്ടാവുമോ?
ആകാംക്ഷ ഒരു മഞ്ഞു കാറ്റ് പോലെ അയാളില്‍ വീശാന്‍ തുടങ്ങി. .താഴെ കൊക്കയില്‍ അനന്തമായ മഞ്ഞില്‍ കാറ്റ് ,നിഗൂഡമായ ചിത്രങള്‍ വരക്കുന്നത് നോക്കി നില്ക്കേ അയാളില്‍ മറ്റൊരു ചിന്തയും ഉണര്‍ന്നു...ഇനി???ഇനി ഒരു പക്ഷേ അയാള്‍ ഇവിടെ വച്ചാണോ കാണാതായത്??
അയാള്‍ വീടിനുള്ളിലേക്ക് കടന്നു.വര്‍ഷങ്ങളായി അടഞ്ഞു കിടന്നത് കൊണ്ട് മൂന്നാമത്തെ മുറിയുടെ വാതില്‍ തുറക്കാന്‍ അല്പം വിഷമം ആയിരുന്നു.എങ്കിലും കല്ല് കൊണ്ട് തട്ടി,പതുക്കെ ,അയാള്‍ അത് തുറന്നു.ഒരു വീഞ്ഞ പെട്ടി ഒഴിച്ച് മുറി ശൂന്യമായിരുന്നു.ഭിത്തിയില്‍ ഒരു ചെറുപ്പക്കാരന്റെ ബ്ലാക് ആന്ഡ് വൈറ്റ് ചിത്രം മാറാല മൂടി കിടന്നിരുന്നു.എങ്കിലും ആ ചിത്രത്തിലെ കണ്ണുകള്ക്ക് അപാരമായ ആജ്ഞാശക്തി തോന്നിച്ചു.
ആരോ പ്രേരിപ്പിക്കുന്നത് പോലെ അയാള്‍ ആ പെട്ടി തുറന്നു.പഴയ വസ്ത്രങ്ങള്ക്ക്ല കീഴെ ഒരു കടലാസ് കെട്ട് കയ്യില്‍ തടഞ്ഞു.പതുക്കെ അത് പുറത്തെടുത്തു.കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞു തുടങ്ങിയ ആ കടലാസുകള്‍ ഒന്നൊന്നായി അയാള്‍ വായിക്കാന്‍ തുടങ്ങി.അത് ഒരു നോവല്‍ ആയിരുന്നു.ഓരോ പേജും മറിക്കുമ്പോഴും,ബാലചന്ദ്രന്‍ ഞെട്ടിത്തരിച്ചു.
അത് ബാലചന്ദ്രന്റെ തന്നെ ജീവിത കഥ ആയിരുന്നു.അയാളുടെ പ്രണയം,അയാള്ക്ക് ജോലി ലഭിക്കുന്നത്,അയാളുടെ എഴുത്തുകള്‍,ഒടുവില്‍,അയാള്‍ ഒരു തിരക്കഥ എഴുതാനായി ഒരു മലമുകളില്‍ എത്തുന്നത് വരെ അതില്‍ ഉണ്ടായിരുന്നു,ഇനി ഒരു കടലാസ് കൂടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ.അത് അവസാനത്തെ അദ്ധ്യായം ആയിരുന്നു.
പുറത്തെ കാറ്റ് ശക്തിപ്പെടുന്നതും,ജനാലകള്‍ തുറക്കപ്പെടുന്നതും ബാലചന്ദ്രന്‍ കണ്ടു.ജനാലയില്‍ കൂടി പുറത്തെ മഞ്ഞു കാറ്റില്‍ കാറ്റാടി മരങ്ങള്‍ ഉലയുന്നത് കാണാമായിരുന്നു.ആരോ തട്ടി പറിച്ചെന്നവണം,ആ അവസാനത്തെ കടലാസ്,കാറ്റില്‍ അയാളുടെ കയ്യില്‍ നിന്നു പറന്നു പോയി.അത് പുറത്തെ അനന്തമായ മഞ്ഞില്‍ ലയിക്കുന്നത് അയാള്‍ കണ്ടു.ഭിത്തിയിലെ ചെറുപ്പക്കാരന്റെ‍ നോട്ടം അപ്പോഴും തന്നില്‍ പതിയുന്നത് അയാള്‍ അറിഞ്ഞു.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo