Slider

അച്ഛൻ

0

കൺകളിൽ പടർന്ന നനവ് കവിളിലൂടൊലിച്ചിറങ്ങിയതിനാലാവാം.. കോലായിലെ തിണ്ണയിൽ കവിൾ ചേർത്തു കിടന്നപ്പോൾ പതിവിലും തണുപ്പനുഭവപ്പെട്ടു. ചുണ്ടിൽ പരന്ന ഉപ്പുരസത്തെ കുഞ്ഞിക്കൈകളെ കൊണ്ടവൾ അമർത്തിത്തുടച്ചു.
നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കാഴ്ചകളെയത്രയും മറച്ചു വച്ചൂ. മഴവെള്ളം കോലായിലേയ്ക്ക് വീഴാതിരിക്കാൻ ഇറയത്ത് വലിച്ച് കെട്ടിയ ഓലക്കീറിനിയിലൂടവൾ കണ്ടു.. മുറ്റത്ത് അച്ഛൻ നട്ട കണിക്കൊന്ന പൂത്തു നിൽക്കുന്നത്..
മഞ്ഞ പട്ടുടുത്തണിഞ്ഞൊരുങ്ങിയപ്പോൾ പതിവിലും സുന്ദരിയായിരുന്നവൾ. ഒരു പക്ഷേ.. അവളും എന്നേപ്പോലെ അച്ഛൻ്റെ വരവ് ആഗ്രഹിക്കുന്നുണ്ടാവാം...
നാളെ വിഷുവാണ്. നാടൊട്ടുക്കം വിഷുവിനെ വരവേൽക്കാൻ തയ്യാറെടുത്ത് കഴിഞ്ഞിരുന്നൂ. മഞ്ഞപ്പരവതാനി വിരിച്ച പോൽ.. നാട്ടിടവഴികളത്രയും കൊന്നപ്പൂക്കളിൽ കുളിച്ചു നിന്നു..
വിഷു... എൻ്റച്ഛൻ്റെ ഗന്ധമാണതിന്.. വ്യാകുലമായൊരു സ്നേഹത്തിൻ്റെ ഗന്ധം..
കൊന്നപ്പൂവിൻ്റെ പരിശുദ്ധിയായിരുന്നു അച്ഛനെന്നോടുള്ള വാത്സല്യത്തിന്.. എല്ലാ വിഷമതകളെയും ഉള്ളിലൊളിപ്പിച്ച് പുറമെ ചിരിയുടെ മുഖപടമണിഞ്ഞിരുന്നയെൻ്റെയച്ഛൻ.
ഏറെ പണിപ്പെട്ടെങ്കിലും.. ലീവ് ഒപ്പിച്ച് വിഷുവിന് നേരത്തേ വീട്ടിലെത്തുമായിരുന്നു. തൊടിയിലേക്ക് കാലെടുത്തു വയ്ക്കും മുൻപേയുറക്കേ അച്ഛൻ വിളിച്ചു കൂവും.. കുഞ്ഞാറ്റേ.. അച്ഛൻ വന്നൂട്ടാ..
വിളി പ്രതീക്ഷിച്ചിരുന്ന പോലെ ഞാനോടിയണഞ്ഞിരുന്നൂ. ഇരു കൈകളാൽ വാരിപ്പുണർന്നപ്പോൾ.. ഞാനറിഞ്ഞിട്ടുണ്ട് അച്ഛനെന്ന സ്നേഹസാഗരത്തെ..
നെഞ്ചോട് ചേർത്തണച്ചപ്പോൾ തൊട്ടറിഞ്ഞിട്ടുണ്ട്.. ഉള്ളിൽ തുടിച്ചൊരു ജീവതാളത്തേ..
വിഷുപുലരികൾ പുലർന്നത് അച്ഛനോടൊത്തുള്ള വിഷുക്കണിയോടെയായിരുന്നൂ. നൂറിൻ്റെ പുത്തൻ നോട്ടെൻ്റെ കൈകളിൽ വച്ചനുഗ്രഹിക്കുമ്പോ അറിയാതെയെങ്കിലും ആ കൺകളിൽ നനവ് പടർന്നിരുന്നൂ..
കരിയിലകളാൽ പുതച്ചു പോയ നാട്ടിടവഴികളിലത്രയും എൻ്റച്ഛൻ്റെ ചൂണ്ടു വിരലിൽ തൂങ്ങി..ചിണുങ്ങി നടക്കാനേറെയിഷ്ടമായിരുന്നൂ എനിയ്ക്ക്... എതിരെ വരുന്ന കൂട്ടുകാരോട് അഭിമാനത്തിലുറക്കെ വിളിച്ചു പറഞ്ഞിരുന്നു ഇതെൻ്റെ അച്ഛനാ.. പട്ടാളത്തിലാ.. എന്നൊക്കെ..
അച്ഛൻ്റെ കൈകളിൽ കിടന്നാ ഞാൻ നീന്തല് പഠിച്ചത്. ഒൻപത് മാസം അമ്മയുടെ വയറ്റിൽ കിടന്നാസ്വദിച്ച അതേ സുരക്ഷിതത്വമാണച്ഛൻ്റെ കൈകളിൽ കിടന്ന്.. ആ നെഞ്ചോട് ചേരുമ്പോൾ. അമ്പലക്കുളത്തിൽ മുങ്ങി നിവർന്ന് നാലമ്പലം തൊഴുമ്പോ അച്ഛൻ്റെ വാലായി ഞാനുമുണ്ടായിരുന്നൂ കൂടെ.. അച്ഛൻ്റെ തനി പകർപ്പ് തന്നെയാ മോളെന്ന് നാട്ടുകാരു കുശു കുശുക്കുമ്പോൾ ഉള്ളിൽ അഹങ്കരിച്ചിരുന്നൂ ഞാൻ..
അച്ഛനോടൊത്ത് വിഷുസദ്യയുണ്ണുമ്പോൾ സ്നേഹത്തിൽ കുതിർത്തൊരുരുള എനിയ്ക്ക് പതിവായിരുന്നു. അച്ഛൻ്റെ സമയമത്രയും എനിക്ക് വേണ്ടി മാറ്റി വയ്ക്കുമായിരുന്നൂ. അതിൽ അമ്മ പലപ്പോഴും പരിഭവിച്ചിട്ടുമുണ്ട്. പക്ഷേ അമ്മയുടെ പരിഭവങ്ങൾക്കൊരു രാത്രിയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത ദിവസത്തിലെ അമ്മയുടെ നെറ്റിയിലെ സിന്ദൂരപ്പൊട്ടിന് ചുവപ്പേറെയായിരുന്നൂ.
ലീവ് തീർന്ന് യാത്ര പറഞ്ഞ് അച്ഛൻ പടിയിറങ്ങുമ്പോൾ സാരിത്തലപ്പു കൊണ്ടമ്മ വാ പൊത്തി ശബ്ദമില്ലാതെ വിതുമ്പിയിരുന്നൂ. പടിയിറങ്ങും മുൻപേ കവിളിലമർത്തിയൊരു മുത്തം തന്നെന്നെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നൂ..അച്ഛൻ്റെ കുഞ്ഞാറ്റ കുറുമ്പൊന്നും കാണിക്കരുതെന്ന് ചെവിയിൽ മൊഴിഞ്ഞിരുന്നൂ.
ദൂരെ ഒരു പൊട്ടു പോലെയച്ഛൻ നടന്നകലും വരെയും ഞാൻ നോക്കി നിന്നിട്ടുണ്ട്.. ഒരു തവണയെങ്കിലുമൊന്നു പിന്തിരിഞ്ഞു നോക്കുമെന്നാശിച്ച്...
അച്ഛനോടൊത്തുള്ള വിഷു ഓർമ്മകളിൽ നിന്നും അമ്മ വിളിച്ചുണർത്തി. കൈയ്യിൽ ഫോൺ തന്നേൽപ്പിച്ച് പറഞ്ഞു.. അച്ഛനാ ഫോണിൽ.. സംസാരിക്കെന്ന്..
മറുതലയ്ക്കൽ ഹലോ.. പറയുന്നത് കേൾക്കാമായിരുന്നു. അച്ഛനോട് തോന്നിയ പരിഭങ്ങളത്രയും മറന്നുകൊണ്ട് ചിണുങ്ങിക്കരയാൻ തുടങ്ങി.
അച്ഛനെന്താ മോളെ കാണാൻ വരാത്തത്..?? തികട്ടി വന്ന സങ്കടത്തെ പിടിച്ചു കെട്ടാൻ അയാൾ ഒരുപാട് പാടുപെട്ടു.
കുഞ്ഞാറ്റയോട് അച്ഛൻ പറഞ്ഞിട്ടില്ലേ... കരയരുതെന്ന്. കുഞ്ഞാറ്റ പട്ടാളക്കാരൻ്റെ മോളാ.. കരയുന്നവരെ ആശ്വസിപ്പിക്കുകയല്ലേ.. വേണ്ടത്..??
എന്നാലും അച്ഛനെന്താ മോളെ കാണാൻ വരാത്തെ??
മകളെ തൃപ്തി പെടുത്തുന്നൊരുത്തരം കണ്ടെത്താൻ അയാളൊരപാട് ബുദ്ധിമുട്ടി.
അച്ഛന് ലീവ് കിട്ടാത്തോണ്ടല്ലേ..മോളേ.. വാക്കുകൾ അയാളറിയാതെ ഇടറുന്നുണ്ടായിരുന്നു.
എൻ്റെ ക്ലാസിലെ അലിയുടെ ഉപ്പ ഗൾഫീന്ന് ലീവിന് വന്നല്ലോ!! അനുവിൻ്റെ അച്ഛനും വന്നല്ലോ!!
അച്ഛനു മാത്രം എന്താ ലീവ് ഇല്ലാത്തെ? മോളെ കാണാൻ ഇഷ്ടല്ലാത്തതോണ്ടാണോ??
മറുപടിക്കായുള്ള വാക്കുകൾക്ക് വേണ്ടിയയാൾ പരതി.ആർത്തലച്ചു വന്ന വിഷമത്തെ കടിച്ചമർത്തിയെങ്കിലും ഇറുക്കിയടച്ച കണ്ണുകൾ അണ പൊട്ടിയൊഴുകീ..
വിറയാർന്ന കൈകളെ ചേർത്ത് പിടിച്ച് മനസ്സു കൊണ്ടയാൾ പൊട്ടിക്കരഞ്ഞൂ.
മകളേ.. നീ ഈ അച്ഛനോട് പൊറുക്കുക..
ഒരച്ഛന്റെ വേഷം അഴിച്ചു വച്ച്.. ജവാൻ്റെ കുപ്പായം സ്വയമെടുത്തണിഞ്ഞതിന്..
ഒരച്ഛന്റെ സ്നേഹത്തെ സ്വന്തം രാജ്യത്തോടുള്ള കടമകളാൽ മറച്ചു വയ്ക്കപ്പെട്ടതിന്.... മകളേ നീയെനിക്ക് മാപ്പ് നൽകുക....
ദേവിക. ഒ. ബി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo