Slider

ക്രാ.... ക്രാ.... ക്രാ..... (പുണ്യകർമ്മം): (കഥ):

0

ആഹാരം തേടാൻ പോലും പോകാതെ ഈ ആൽമരത്തിന്റെ ചില്ലയിൽ, ഞാനിങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചേറെ സമയമായി.അൽപ നേരം കൂടി കഴിഞ്ഞാൽ ഒരു പുണ്യകർമ്മം ചെയ്യാനുണ്ട്. അതിനു വേണ്ടിയാണ് ഈ കാത്തിരിപ്പ്.
അതിനിടയ്ക്ക് ചില കാര്യങ്ങൾ നിങ്ങളോട് പറയാം. നിങ്ങളുമായി, അതായത് മനഷ്യരുമായി ബന്ധപ്പെട്ട് ജീവിക്കാനാണ് എന്നും ഞങ്ങൾക്കാഗ്രഹം. ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമൊക്കെയാണ് കൂടുതലായും ഞങ്ങളെ കാണാൻ കഴിയുന്നത്. നിങ്ങളുടെ വാസമില്ലാത്ത സ്ഥലങ്ങളിൽ ഞങ്ങൾ അപൂർവ്വമാണ്.
പുരാണങ്ങളിലും ബൈബിളിലുമൊക്കെ ഞങ്ങളെ കുറിച്ച് പല പരാമർശങ്ങളുമുണ്ട്.
ശനി ഭഗവാന്റെ വാഹനം ഞങ്ങളാണത്രെ.
അവലോകിതേശ്വരന്റെ പുനർജന്മമെന്ന് കരുതുന്ന ദലൈലാമയെ കുഞ്ഞുന്നാളിൽ സംരക്ഷിച്ചത് ഞങ്ങളുടെ പൂർവ്വികരിൽ പെട്ട രണ്ടു പേരായിരുന്നെന്ന് ടിബറ്റൻ ബുദ്ധമത വിവിശ്വാസികൾ വിശ്വസിച്ച് പോരുന്നു.
കാട്ടിൽ ഒളിച്ചു താമസിച്ചിരുന്ന ഏലിയ പ്രവാചകന് ഭക്ഷണം കൊടുക്കുന്നതിന് ദൈവം ഞങ്ങളെ നിയോഗിച്ചിരുന്നതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ലോകത്ത് മിക്ക രാജ്യങ്ങളിലും ഞങ്ങളുണ്ടെന്നാണറിവ്. ബലിച്ചോറിനായി ഞങ്ങളെ കൈകൊട്ടി വിളിക്കുന്ന നിങ്ങൾ കല്യാണ വീട്ടിൽ നിന്നും മറ്റും ഞങ്ങളെ പടക്കം പൊട്ടിച്ച് അകറ്റാൻ ശ്രമിക്കുന്നു. അതിൽ പരാതിയുണ്ടെങ്കിലും പക്ഷികളിലെ ബുദ്ധിജീവികളായ ഞങ്ങൾ ഒരു തർക്കത്തിന് വരാനാഗ്രഹിക്കുന്നില്ല.
ഞങ്ങളെക്കുറിച്ച് പറഞ്ഞ് കാടുകയറിയോ..? ക്രാ.. നിർത്തി. നമുക്ക് വിഷയത്തിലേക്ക് വരാം.
റബ്ബർ തോട്ടത്തിന് നടുവിലൂടെ നീണ്ടു കിടക്കുന്ന ഈ വിജനമായ ചെമ്മൺ പാതയിലൂടെയാണ് ദിവ്യമോൾ അകലെയുള്ള സ്കൂൾ വിട്ട് നടന്നു വരുന്നത്.വീടുകളൊക്കെ വളരെ കുറഞ്ഞ പ്രദേശമാണ് ഇവിടം.
റബ്ബർ മരങ്ങൾക്കിടയിൽ എങ്ങിനെയോ കുടുങ്ങിപ്പോയ ഈ ആൽമരച്ചുവട്ടിൽ നിന്നും അരക്കിലോ മീറ്ററോളം ദൂരമുണ്ട് ദിവ്യമോളുടെ വീട്ടിലേക്ക്. കുറച്ചപ്പുറം വരെ ദിവ്യ മോളോടൊപ്പം രണ്ട് കൂട്ടുകാരികളുമുണ്ടാവും. അവരുടെ വീട് കഴിഞ്ഞാൽ പിന്നെ ദിവ്യമോൾ തനിച്ച് നടക്കണം.
അധിക ദിവസങ്ങളിലും ദിവ്യമോളുടെ അമ്മയോ അച്ഛനോ കൂട്ടുകാരികളുടെ വീടിനടുത്ത് പോയി കാത്തുനിന്ന് കൂട്ടിക്കൊണ്ടു വരാറാണ് പതിവ്. ഇന്നവൾ തനിച്ച് നടക്കണം.കാരണം അവളുടെ അമ്മ പനി പിടിച്ച് വീട്ടിൽ കിടപ്പാണ്‌.അച്ഛൻ ഓട്ടോ ഓടി സ്വരുക്കൂട്ടി വച്ചിരുന്ന കുറച്ച് അസാധുവായ പണം മാറ്റി വാങ്ങാനായി രാവിലെ ബേങ്കിലേക്ക് പോയതാണ് .മൂപ്പർ ഇപ്പോഴും അവിടെ ക്യൂവിലാണ്. എത്താനിനിയും വൈകും.
ക്രാ... ക്രാ... ചിരിച്ചിട്ടു വയ്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇവിടെ നിങ്ങൾ ക്ക്യൂ നിൽക്കാനായി വിധിക്കപ്പെട്ടവരാണ് മക്കളേ....
ഭരണാധികാരികളെ തെരഞ്ഞെടുക്കാൻ ക്യൂ. പിന്നെ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് എക്കൗണ്ട്, പണം മാറ്റി വാങ്ങൽ,.......... ക്രാ... ക്രാ....എനിക്കു വയ്യ.
ങ്ങേ... വിഷയം വിട്ടോ ..? ക്രാ.. ഇല്ല വിഷയത്തിലേക്ക് വന്നു.
ദിവ്യമോൾ. വീട്ടിലവളെ 'ദീവൂ'ന്നാ വിളിക്കുന്നെ. അച്ഛനും അമ്മക്കും ഒറ്റമോൾ.അവർ ഈ നാട്ടുകാരല്ലായിരുന്നു.
ദിവ്യമോളുടെ അമ്മ ഏതോ കാശുള്ള വീട്ടിലേതായിരുന്നു. ഓട്ടോ ഡ്രൈവറെ സ്നേഹിച്ചതിനാൽ നാടും വീടും വിടേണ്ടി വന്നു.അങ്ങിനെയാണ് ഈ മലനാട്ടിൽ എത്തിപ്പെട്ടത്. ഓട്ടോ ഡ്രൈവറാണെങ്കിലും നല്ല മനഷ്യനാട്ടോ. ദിവ്യമോളുടെ അമ്മയെ പെരുത്തിഷ്ടാ മൂപ്പർക്ക്.
സ്നേഹമുള്ള പരസ്പരം മനസ്സിലാക്കി ജീവിക്കുന്ന ദമ്പതികൾ. എന്തു സ്നേഹാ ദിവ്യ മോളോട് അവർക്ക്. അവര് ജീവിക്കുന്നത് തന്നെ മോൾക്ക് വേണ്ടീട്ടാണെന്ന് തോന്നും.
ദിവ്യമോളുടെ വീടിന്റെ പുറകിലെ മുറ്റക്കൊള്ളിലെ ബദാം മരത്തിന്റെ മുകളിലാണ് എന്റെ കൂട്.
ഞങ്ങൾ ആഹാരം തേടുന്നതും ചേക്കേറുന്നതും കൂട്ടമായിട്ടാണല്ലോ.എന്നാൽ മുട്ടയിട്ട് വിരി യിക്കേണ്ട കാലമാവുമ്പോൾ കൂട്ടത്തിൽ നിന്നു മാറി തനിയെ കൂടുണ്ടാക്കി ജീവിക്കും. അങ്ങിനെയാണ് കഴിഞ്ഞ വർഷം ഞാനാ ബദാം മരത്തിലെത്തിയത്.
സത്യത്തിൽ കഴിഞ്ഞ വർഷം മരിച്ചു പോവേണ്ടതായിരുന്നു ഞാൻ. എന്നെ രക്ഷപ്പെടുത്തിയത് ദിവ്യമോളാണ്.
കഴിഞ്ഞ വർഷത്തിലെ കൊടുംവേനലിലാണ് ഞാനാ ബദാം മരത്തിലെത്തിയത്. എന്തൊരു ചൂടായിരുന്നു. സൂര്യനെ നിങ്ങൾ കോപിപ്പിച്ച് വിട്ടേക്കുകയല്ലേ.
പറന്നു ചെല്ലാവുന്ന ദൂരത്തെല്ലാമുള്ള പുഴകളും തോടുകളും അരുവികളും കുളങ്ങളുമൊക്കെ വറ്റിവരണ്ടു.രണ്ട് മൂന്ന് ദിവസം ഒരു തുള്ളി വെള്ളം കിട്ടാതെ മരണം മുന്നിൽ കണ്ടു. മുട്ട വിരിയാറായിരിക്കുന്നു. ഞാനാകെ സങ്കടത്തിലായി.
ദിവ്യമോളുടെ വീട്ടിലെ കിണറിൽ വെള്ളമുണ്ട്. കിണറ്റിലേക്ക് പറന്നിറങ്ങി കുടിക്കാൻ കഴിയില്ലല്ലോ. കിണറിനാണെങ്കിൽ വലയും വിരിച്ചിട്ടുണ്ട്.
ദിവ്യമോളുടെ അമ്മയാണെങ്കിൽ പാത്രം കഴുകുന്നതും മറ്റുമെല്ലാം അകത്ത് നിന്നു മാത്രം.
ആകെ തളർന്ന് കണ്ണടച്ച് കൂട്ടിലങ്ങിനെ ചിന്തയിലാണ്ടിരിക്കുമ്പോഴാണ് ദിവ്യമോളുടെ ശബ്ദം. ഞാൻ കണ്ണു തുറന്ന് താഴോട്ട് നോക്കി.
ദിവ്യമോൾ ഒരു പഴയ പ്ലാസ്റ്റിക്ക് പാട്ട ബദാം മരത്തിന്റെ താഴെ ചില്ലയിൽ കെട്ടി നിർത്തി അതിൽ വെള്ളം നിറയ്ക്കുന്നു. ആദ്യം എനിക്കൊന്നും മനസ്സിലായില്ല.
അവൾ അമ്മയോട് പറയുന്നത് കേട്ടാണ് ആ മനസ്സിന്റെ വലുപ്പം മനസ്സിലാക്കിയത്.
"അമ്മേ... പലസ്ഥലത്തും പക്ഷികൾ വെള്ളം കിട്ടാതെ ചാവുന്നുണ്ടെന്ന് കൂട്ടുകാർ പറയുന്നത് കേട്ടു. സ്കൂളിലേക്ക് പോകുന്ന വഴിയിലും രണ്ട് കിളികൾ ചത്ത് കിടക്കുന്നത് കണ്ടു. നമ്മുടെ ബദാമിന്റെ മുകളിലുള്ള കാക്കയെങ്കിലും രക്ഷപ്പെടട്ടെ അല്ലേ... അമ്മേ..."
അന്നെനിക്ക് മോളോട് തോന്നിയ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ല. പറന്നിറങ്ങി ഒരുമ്മ കൊടുക്കാൻ തോന്നി. ഉപദ്രവിക്കാൻ വന്നതാണെന്ന് തെറ്റിദ്ധരിക്കുമെന്ന് കരുതി വേണ്ടെന്ന് വച്ചു.
മോളുടെ ആ വലിയ നല്ല മനസ്സാണ് എന്നെയും പിന്നീട് വിരിഞ്ഞ എന്റെ കുട്ടികളെയും രക്ഷിച്ചത്.
ഈ വർഷവും കൂടുകെട്ടാൻ ആ ബദാം മരം തന്നെ തെരഞ്ഞെടുത്തത് ദിവ്യ മോള് ഉള്ളത് കൊണ്ടു മാത്രാ. വേനല് തുടങ്ങുന്നേയുള്ളു. അവൾ ഇപ്പഴേ പാട്ട കെട്ടി വെള്ളം നിറച്ച് തുടങ്ങി.
കഴിഞ്ഞ വർഷത്തേക്കാളും കൊടിയ വരൾച്ചയാണല്ലോ വരാൻ പോകുന്നത്.ഇതിനൊക്കെ കാരണം നിങ്ങളുടെ പ്രവർത്തികളാണെന്ന് എന്നിട്ടും ചിന്തിക്കുന്നുണ്ടോ? വലിയ മരങ്ങളിൽ കൂടുകെട്ടാൻ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് കൂടുകെട്ടാൻ പോലും മരങ്ങൾ ഇല്ലാതാവുകയല്ലേ. ആ മരവണ്ട് ഇറങ്ങിയതോടുകൂടിയാ ഇത്രയും മരങ്ങൾ ഒറ്റയടിക്ക് മുറിച്ചു തീരുന്നത്. ദിവ്യ മോളും കൂട്ടരും കഴിഞ്ഞ മഴക്കാലം കുറെ വൃക്ഷ തൈകൾ നട്ടിട്ടുണ്ട്. കുറെ പരിസ്ഥിതി സ്നേഹികളുള്ളതും ദിവ്യമോളെപ്പോലെയുള്ള നല്ല തലമുറ വളർന്നു വരുന്നതും ഒരു സമാധാനം.
പ്രായത്തേക്കാൾ വളർച്ചയുള്ള ആരും ഒന്നു നോക്കിപ്പോകുന്ന സുന്ദരിയായ വായാടി മിടുക്കിയാണ് ദിവ്യമോൾ. തനിക്ക് താങ്ങാൻ കഴിയുന്നതിലും ഭാരമുള്ള ഒരു ബാഗും പുറത്ത് തൂക്കി അവളിപ്പോൾ ഈ വഴി വരും.
ഞാനീ മരക്കൊമ്പിൽ വന്ന അതേ സമയം തന്നെ മരച്ചുവട്ടിൽ വന്ന് മറഞ്ഞിരിക്കുന്ന ഒരാളുണ്ട്. ബിഗ്ഗ് വാസു. ചേനത്തലയനാണ്. ബിഗ്ഗ് വെച്ചിട്ടുണ്ട്. അങ്ങിനെ വന്ന പേരാ.
ഒരു ഞരമ്പ് രോഗി കാമഭ്രാന്തൻ.പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാമത്തിനിരയാക്കലാണ് പ്രധാന ഹോബി. എട്ട് വർഷം മുമ്പ് കുറച്ചകലെയൊരു ഗ്രാമത്തിൽ നിന്ന് ഒരു പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നതിന് തെളിവില്ലെന്ന് പറഞ്ഞ് നിങ്ങളുടെ നീതിയില്ലാ നിയമവും കോടതിയും വെറുതെ വിട്ടവൻ. നിങ്ങളുടെ നിയമത്തിന്റെ കാര്യം പറയാത്തതാ നല്ലത്.
ആഗോവിന്ദച്ചാമിക്കെതിരെ പോലും തെളിവില്ലെന്നു പറഞ്ഞില്ലേ.
ബിഗ്ഗ് വാസു ഈ നാട്ടിൽ എത്തിയിട്ട് രണ്ട് വർഷമാവുന്നേയുള്ളൂ. ഇവിടെയാർക്കും അയാളെക്കുറിച്ച് വലിയ അറിവൊന്നുമില്ല.ജോലി തേടി വന്ന ഒരു വൻ. അത്രയേ അറിയൂ.പാറമടയിലാണ് അയാൾക്ക് ജോലി.
ആരുമറിയാതെ കഞ്ചാവ് ഉപയോഗിക്കുന്നതും അത് ആവശ്യമുള്ള മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നതും ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അൽപം മുമ്പും ഒരു കഞ്ചാവ് വലിക്കുന്നത് കണ്ടിരുന്നു.
ഇതാ ദിവ്യമോൾ നടന്ന് ആലിനടുത്തെത്തിയിരിക്കുന്നു. അയാൾ മരത്തിന്റെ മറവിൽ നിന്നും അവളുടെ മുന്നിലേക്ക് ചെല്ലുന്നു.
അയാളുടെ നോട്ടവും ഭാവവും സംസാരവും ദിവ്യമോൾക്ക് മുമ്പേ ഭയമാണ്.
അയാൾ വല്ലാത്ത ഒരു ചിരി ചിരിച്ചു. ദിവ്യമോൾ ആകെ പേടിച്ചിട്ടുണ്ട്. അവൾ പുറകോട്ട് അടിവെച്ചു. അയാൾ മുന്നോട്ടും.
ദിവ്യമോളെ പെട്ടെന്ന് കടന്ന് പിടിച്ച് നിലവിളി ഉയരുമ്പോഴേക്കും വായ പൊത്തിപ്പിടിച്ചു അയാൾ.
ഇല്ല, ഇനിയും നോക്കിയിരുന്നാൽ ശരിയാവില്ല.ഞാൻ താഴോട്ട് പറന്നിറങ്ങി ബിഗ്ഗ് വാസുവിന്റെ ഇടത് കണ്ണ് കൊത്തിപ്പറിച്ച് പറന്നു പൊങ്ങി.
"ആ... ഹോ... " എന്ന ആർത്തനാദത്തോടെ വാസു മോളെ വിട്ട് ചോര ചീറ്റുന്ന കണ്ണ് കൈക്കൊണ്ട് പൊത്തിപ്പിടിച്ചു.ദിവ്യമോൾ വീട്ടിലേക്കോടി.
ഞാൻ വാസുവിന്റെ തലക്കു മേലെ ഒന്നു ചുറ്റി ശക്തിയിൽ പറന്നു ചെന്ന് വലതു കണ്ണും കൊത്തിപ്പറിച്ചു.
അയാൾ രണ്ടു കണ്ണുകളും പൊത്തിപ്പിടിച്ച് ആർത്ത് നിലവിളിച്ച് റബ്ബർ തോട്ടത്തിനുളളിലേക്ക് ലക്ഷ്യമില്ലാതെ ഓടി.
ഞാൻ ആപത്ത് ഘട്ടങ്ങളിൽ കൂട്ടരെ വിളിക്കുന്ന ശബ്ദം പുറപ്പെടുവിച്ചു.
"ക്രാ.. ക്രാ..."
നിമിഷങ്ങൾക്കകം നാലഞ്ചു പേർ പറന്നെത്തി.ഞങ്ങളെല്ലാവരും ഒന്നിച്ച് ആ ശബ്ദമുണ്ടാക്കി.
"ക്രാ... ക്രാ... ക്രാ.... "
ആ ഗ്രാമത്തിലെ മുഴുവൻ കൂട്ടരും മിനുട്ടുകൾക്കകം വാസുവിന്റെ തലക്കു മുകളിൽ വട്ടമിട്ടെത്തി.
"ക്രാ... ക്രാ... ക്രാ..."
വാസു ഓടിത്തളർന്ന് കണ്ണു കാണാൻ കഴിയാതെ റബ്ബർമരത്തിൽ തലയടിച്ച് തറയിൽ വീണു .ഞങ്ങളോരോരുത്തരും പറന്നിറങ്ങി വാസുവിനെ കൊത്തിപ്പറിച്ച് പറന്നു പൊങ്ങി. പിന്നെയും പിന്നെയും ആ പ്രവർത്തി തുടർന്നുകൊണ്ടേയിരുന്നു.
"ക്രാ... ക്രാ... ക്രാ..."
""""""""""""""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo