Slider

എൻ്റെ മാളൂട്ടി.

0

ഇവൾ(മാളവിക) രക്ത ബന്ധം കൊണ്ട് എനിക്കാരുമല്ല..
പക്ഷേ എൻറ്റെ ശ്വാസത്തിൻറ്റെ ഭാഗമാണ്
ഈ മുളൂട്ടി..
അച്ഛനമ്മമാരെ കണ്ട ഓർമ്മ ഞങ്ങൾക്കില്ല..
പരസ്പരം താങ്ങും തണലുമായി ഞങ്ങൾക്ക്
ഞങ്ങൾ രണ്ട് പേർ മാത്രം..
തെരുവിൻറ്റെ സന്തതികളായി പിറക്കേണ്ടി
വന്നത് ഞങ്ങളുടെ തെറ്റാണോ..?.
വേണമെങ്കിൽ മുൻകാല ജന്മത്തിൻറ്റെ ശാപമെന്നോ മറ്റോ നിങ്ങൾ പറയുമായിരിക്കും..
എനിക്ക് 6 ഉം അവൾക്ക് 1 വയസ്സൂം ഉളളപ്പോൾ വന്നതാണ് അവൾ എൻറ്റെ കൈകളിൽ..
പിന്നീട് അവളുടെ ഓരോ വളർച്ചയിലും കൂടെ ഞാനുമുണ്ട്..
പഠനത്തിന് മുൻഗണന നൽകി
ഞാനവളെ വളർത്തി..
എൻറ്റെ അനുജത്തിയുടെ ഭാവി
ഞാനല്ലാതെ മറ്റാരാ സുരക്ഷിതമാക്കുക..
എൻറ്റെ പ്രയത്നവും അതിന് വേണ്ടിക്കൂടിയാണല്ലോ..
സുരക്ഷിതമായ ഒരാളുടെ കൈകളിൽ
അവളെ ഏൽപ്പിക്കുന്നത് വരെ എൻറ്റെ
മനസ്സ് സ്വസ്ഥമാകില്ല..
പെൺമക്കളുളള പിതാക്കന്മാരുടേയും,
പെങ്ങന്മാരുളള ആങ്ങളമാരുടേയും മനസ്സ് ശരിക്കൊന്ന് ശാന്തമാകണമെങ്കിൽ പെണ്‍കുട്ടികളുടെ വിവാഹം നടക്കണം..
പഠനത്തിൽ ഉഴപ്പൊന്നും ഇല്ലാട്ടോ മാളൂട്ടിക്ക്..
പ്രണയത്തോട് വിരോധമൊന്നുമില്ലെങ്കിലും
എന്തോ കുട്ടിക്കാലത്തെ ദുരനുഭവങ്ങളാൽ
ആവണം ആരേയും അടുപ്പിച്ചില്ല അവൾ..
നടക്കുന്ന ഓരോ സംഭവവും വൈകിട്ട് ചോറുണ്ണുമ്പോൾ എന്നോട് പറഞ്ഞില്ലെങ്കിൽ അവൾക്കുറക്കമേ വരില്ല..
അവൾക്ക് മാത്രമല്ലാട്ടോ, എനിക്കും..
ഞങ്ങളോടൊപ്പം ഇടക്ക് ഒരു നാണിക്കുട്ടിയമ്മ
കൂടി വന്നൂട്ടോ...
തെരുവിൻറ്റെ മറ്റൊരമ്മ..
എങ്കിലും മക്കളേ എന്നല്ലാതെ ഞങ്ങളെ വിളിക്കില്ല..
ഒരമ്മയുടെ സ്ഥാനം ജീവിതത്തിൽ
ഞങ്ങൾ അനുഭവിച്ചതും ഞങ്ങളുടെ കുട്ടിയമ്മയിൽ നിന്നാണ്...
നാണിയമ്മ ഗുരുവായൂര് തൊഴാൻ
പോയ ദിവസം,
മാളൂട്ടി എനിക്ക് ചൂടുവെള്ളം തിളപ്പിക്കാൻ കയറിയതാ..
വെളളം മറിഞ്ഞ് ദേഹമാസകലം പൊളളി..
പെട്ടന്ന് വാരിയെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും എൻറ്റെ പൊന്നു മോളുടെ ശരീരം ആകെ പൊളളി നാശായി..
വേദനകൊണ്ട് നിസഹായവസ്ഥയിൽ എന്നെ നോക്കുന്ന എൻറ്റെ മാളൂട്ടിയുടെ കണ്ണുകളിൽ നിന്നും ഒഴിഞ്ഞു മാറാനല്ലാതെ മറ്റൊന്നും
എനിക്ക് സാധ്യമായിരുന്നില്ല..
കൂടെ നിൽക്കാൻ സ്ത്രീകൾ ആരുമില്ലേ
എന്ന നേഴ്സിൻറ്റെ ചോദ്യത്തിൽ സത്യത്തിൽ ഞാനവൾക്ക് ആരുമല്ലാതെയാകുകയായിരുന്നു..
അമ്മയുടെ യഥാര്‍ത്ഥ മൂല്യം തിരിച്ചറിഞ്ഞ നിമിഷം..
ഒരു സ്ത്രീയുടെ സ്വകാര്യ നിമിഷങ്ങൾക്ക് പകരമാകാൻ മറ്റൊരു സ്ത്രീക്കോ, സ്വന്തം ഭർത്താവിനോ മാത്രമേ സാധിക്കൂ എന്ന്
എനിക്ക് തോന്നിയ നിമിഷം..
ഒരു പക്ഷേ ഒരു തോന്നൽ മാത്രമാകാം ല്ലേ..
ബന്ധു ബലത്തിൻറ്റെ സാന്നിധ്യം ജീവിതത്തിൽ ആവശ്യമാണെന്ന് തോന്നിയ നിമിഷം
കൂടി
എന്നും പറയാം..
സത്യത്തിൽ ഈ സൌഭാഗ്യങ്ങളൊക്കെ
അനുഭവിക്കാതിരിക്കാൻ ഞങ്ങൾ
എന്ത് തെറ്റാണോ ഈശ്വരാ
ചെയ്തത്..
നാണിയമ്മ തിരികെ വന്നത്
മുതൽ എൻറ്റെ മനസ്സ് ഒരല്പം ശാന്തമായി..
നാളുകൾ പിന്നിട്ടു മാളൂട്ടി പഴയ ജീവിതത്തിലേക്ക് തിരികെയെത്തി..
ഒരുപാട് ക്ളാസ് നഷ്ടപ്പെട്ടിരുന്നെങ്കിലും
പോരാടി നേടേണ്ട ജീവിതമല്ലേ തനിക്കുളളത് എന്ന തോന്നലാവാം മാളൂട്ടി ഉയർന്ന രീതിയിൽ തന്നെ പാസായി...
യേട്ടന് ഇനി ഒരു തണലാവണം താൻ എന്ന ഉറച്ച തീരുമാനമാകാം തനിക്കൊരു ജോലിയാണ് ഇനി ആവശ്യം എന്ന തീരുമാനത്തിൽ അവളെ എത്തിച്ചതും..
പേർസണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അവളെ ജോൺ സാർ ക്ഷണിച്ചപ്പോഴും തെറ്റായി അവൾക്കോ എനിക്കോ ഒന്നും തോന്നിയില്ല..
എങ്കിലും പരദൂഷണപ്രീയർ മൊഴിഞ്ഞുകൊണ്ടേയിരുന്നു..
അവിടുത്തെ പളളി വികാരി അന്തോണി
അച്ചന്റെ ഒരേ ഒരു അനുജനായതിനാൽ
ജോൺ സറിനെ പണ്ടേ ഞങ്ങൾക്കറിയാം..
മാന്യത വിട്ടൊന്നും ജോൺ സാറിൽ നിന്നും ഉണ്ടാകില്ലെന്നതും ഞങ്ങളുടെ വിശ്വാസമായിരുന്നു..
ആ വിശ്വാസത്തിന് കോട്ടം തട്ടാതെ തന്നെ മുന്നോട്ടു പോയി ദിനങ്ങൾ...
ആയിടെയാണ് മാളൂട്ടിയുടെ ഓഫിസിൽ പുതുതായി വന്ന മാനേജർക്ക്(കിരൺ) മാളൂട്ടിയെ
ഒരുപാട് ഇഷ്ടമായി..
നല്ലൊരു പയ്യൻ..
മാളൂട്ടിക്കും ഇഷ്ടമെന്ന് അവളുടെ വാക്കുകളിലെ സന്തോഷത്തിൽ നിന്നും വ്യക്തമായി..
പക്ഷേ എൻറ്റെ മനസ്സിലെ ചില ചിന്തകൾ
എന്നെ പുറകോട്ട് വലിച്ചു..
മറ്റൊന്നുമല്ല പയ്യനും ഞങ്ങളെപ്പോലെ തന്നെ ബന്ധു ബലമോ, കുടുംബ പശ്ചാത്തലമോ
ഒന്നും ഇല്ല..
എനിക്കോ, അവനോ എന്തെങ്കിലും
സംഭവിച്ചാൽ മാളൂട്ടിക്ക് പിന്നെയാര്
എന്ന ചിന്തയാണ് എന്നെ ഒരുപാട് വിഷമിപ്പിച്ചത്..
അങ്ങനെയാണല്ലോ ഏതൊരു മാതാപിതാക്കളുടേയും ചിന്തയും..
പക്ഷേ മാളുവിൻറ്റെ സന്തോഷത്തേക്കാൾ വലുതായി മറ്റൊന്നും എനിക്കില്ലെന്ന കാരണത്താൽ,
ഞാൻ പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല..
അവരുടെ വിവാഹം നടത്തി
ഞങ്ങൾ മൂന്ന് പേരും ഞങ്ങളുടെ നാണിത്തളളയും ഒരുമിച്ച് ഒരു വീട്ടിൽ ജീവിതം തുടങ്ങി...
കാലങ്ങൾ സഞ്ചരിച്ചു,
ഞങ്ങളുടെ കുട്ടിയമ്മക്ക് വിട പറയേണ്ട സമയം..
കുട്ടിയമ്മ വിടപറഞ്ഞു...
മാളൂട്ടിയുടേയും കിരണിൻറ്റേയും നിർബന്ധപ്രകാരം ഒരു പെൺകുട്ടിയെ ഞാനും ജീവിതത്തിലേക്ക് ക്ഷണിച്ചു..
നിർഭാഗ്യവശാൽ പൊരുത്തപ്പെടാനാവാത്ത പല കാരണത്താലും ഞങ്ങൾക്ക് വേർപിരിയേണ്ടി വന്നു..
സംശയം മനുഷ്യ സഹജമെങ്കിലും രക്ത ബന്ധമല്ലാത്ത സഹോദരി സഹോദര ബന്ധത്തെ അവിശ്വസിക്കാനേ എൻറ്റെ ജീവിതത്തിലേക്ക് കടന്നു വന്ന കുട്ടിക്ക് സാധ്യമായുളളു..
ഒരു പക്ഷേ എൻറ്റെ വാക്കുകളേക്കാൾ ഉപരി
അവളെ സ്വാദീനിച്ചത് മറ്റുളളവർ ഓതിക്കൊടുത്ത
ദുഷ് വാക്കുകൾ തന്നെ..
പക്ഷേ ബന്ധങ്ങളില്ലാതെ വളർന്ന കിരണിന്
ഞങ്ങളുടെ രക്ത ബന്ധങ്ങളേക്കാൾ ഉപരിയായുളള സഹോദരി സഹോദര ബന്ധത്തെ മനസ്സിലാക്കാനും സ്നേഹിക്കാനും സാധിച്ചു..
എൻറ്റെ ദാമ്പത്യം പരാജയപ്പെടാൻ കാരണവും
ഉചിതമായ ഒരാളെ തെരഞ്ഞെടുക്കാൻ സാധിക്കാതെ വന്നതിലാണെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു..
എങ്കിലും എൻറ്റെ അനുജത്തിയുടെ സന്തോഷപരമായ ജീവിതം കാണുമ്പോൾ മനസ്സ് നിറയുന്നു..
എൻറ്റെ ജീവൻറ്റെ പാതി എന്നെങ്കിലും ഞങ്ങളിലെ ആത്മ ബന്ധം മനസ്സിലാക്കുമെന്ന പ്രതീക്ഷയിൽ ഞാനും...
രചന.. രമേഷ് കുമാർ(കലാം പ്രൊഡക്ഷൻസ്)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo