Slider

ഞങ്ങൾ

0

ഞങ്ങൾ ( അതായത് അമ്മയും അച്ഛനും ഞാനും അനിയത്തിയും അടങ്ങുന്ന കുടുംബം) താമസിച്ചിരുന്നത് തൃശൂർ ആയിരുന്നെങ്കിലും ഇടക്കിടക്ക് അമ്മയുടെ നാടായ കൊടുങ്ങല്ലൂരിൽ ഉള്ള തറവാട്ടു വീട്ടിൽ പോകാറുണ്ടായിരുന്നു. അന്നത്തെ കൊടുങ്ങല്ലൂർ തീർത്തും അവികസിതമായ ഒരു ചെറുപട്ടണം ആയിരുന്നു. ഏക്കറുകളോളം പരന്നു കിടക്കുന്ന വിജനമായ തെങ്ങിൻപറമ്പുകളും അതിരിൽ ഉള്ള മുള്ളൻ കൈതകളും തെങ്ങിൻതോപ്പ് നനക്കാൻ നിർമ്മിച്ച തോടുകളും ചെറുകുളങ്ങളും, തറവാട്ടുവീട്ടിലേക്കുള്ള വഴിയിൽ തലയെടുപ്പോടെ നിന്നിരുന്ന പാല എന്ന് ഞങ്ങൾ കുട്ടികൾ ധരിച്ചുവച്ചിരുന്ന ഒരു വലിയ മരവും, ഓടുമേഞ്ഞ, ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു തുറക്കുന്ന ചെറിയ മുറികൾ ഉള്ള, കറുത്ത ഓക്സയിഡ് തറയും ഇരുണ്ട മെറൂൺ നിറമടിച്ച മച്ചും ചെറിയ ജനലുകളും മൂലം സദാ ഇരുണ്ടിരുന്നിരുന്ന സുഭദ്രാലയം എന്ന തറവാട്ടുവീടും, അതിൽ ഞങ്ങളോടൊപ്പം താമസക്കാരായിരുന്ന വലുതും ചെറുതുമായ അസംഖ്യം എട്ടുകാലികളും, മറ്റു പ്രാണികളും, സന്ധ്യക്ക്‌ വിളക്ക് കൊളുത്തി വാതിൽ തുറന്നു വച്ചാൽ കയറിവരുന്ന അനേകം തവളകളും, തട്ടിൻപുറത്തെ നാളികേരങ്ങൾക്കിടയിൽ പെറ്റുകിടക്കുന്ന അയൽവീട്ടിലെ കുഞ്ഞിക്കാളി ടീച്ചറുടെ പൂച്ചകളും, ആയിരുന്നു എന്റെ മൂന്നാം ക്‌ളാസ്സിലെ അവധിക്കാലത്തിന്റെ ബാക് ഡ്രോപ്പ് അഥവാ പശ്ചാത്തലം.
അന്ന് ബസ്സ്റ്റാന്റിൽ നിന്ന് ഓട്ടോ പിടിച്ചാൽ തറവാടിനടുത്തുള്ള ബസ് സ്റ്റോപ്പ് വരെ എത്തും, ബാക്കി ദൂരം ടു വീലർ അല്ലാതെ മറ്റൊന്നിനും പോകാനാവാത്ത വീതികുറഞ്ഞ ഇടവഴിയാണ്. മുൻപ് പറഞ്ഞ കൈതകൾ ആണ് വഴിയുടെ ഇരുവശവും. വഴിക്കു കുറുകെ ഒഴുകുന്ന വെള്ളച്ചാൽ കടന്നു വേണം വീട്ടിലെത്താൻ. മഴക്കാലത്തു ആ ചെറിയ തോട്ടിൽ വെള്ളം കൂടും, കുഞ്ഞു മത്സ്യങ്ങളും കാണും. ഞങ്ങളുടെ തറവാട് വീടിന്റെ മുൻവാതിൽ തുറന്നുനോക്കിയാൽ ഒറ്റ വീടുപോലും കാണില്ല. തെങ്ങുകളും കൈതകളും മാത്രം. രാത്രി അവിടമൊരു അന്ധകാര സമുദ്രമായിരിക്കും.
ഇന്ന് അതൊക്കെ മാറി, തോടെല്ലാം നികത്തി, ടാറിട്ട റോഡുവന്നു, അയൽവക്കത്തെ പറമ്പുകളെല്ലാം ഭാഗം വച്ചുപോയി. ഇപ്പോൾ അടുത്തെല്ലാം വീടുകളായി. എനിക്ക് ട്യൂഷൻ എടുത്തിരുന്ന അയല്പക്കത്തെ അല്ലൻപറമ്പത്തെ ടീച്ചറുടെ തറവാട്ടുവക സ്ഥലത്താണ് കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ഫെർട്ടിലിറ്റി ട്രീറ്റ്മെന്റ് സെന്ററിന്റെ ഉടമ ഡോ: അഷറഫിന്റെ വീട്.
അല്ലൻപറമ്പത്തെ വീട്ടിലെ ഒരു ചേച്ചി, രമ എന്നാണ് പേര് എന്നാണ് എന്റെ ഓർമ്മ, അന്ന് എനിക്ക് ട്യൂഷൻ എടുത്തിരുന്നു. അന്ന് എന്ന് പറഞ്ഞാൽ ഞാൻ മൂന്നിലോ മറ്റോ പഠിക്കുമ്പോൾ. അന്ന് അവരുടെ വീട്ടിൽ അവിവാഹിതയായ, മുടിയിലൊക്കെ നരകയറി തുടങ്ങിയ, അവരുടെ ബന്ധുവായ ഒരു സ്ത്രീ താമസിച്ചിരുന്നു. വെളുത്ത മുണ്ടും ബ്ലൗസും ഉടുത്ത് നെറ്റിയിൽ ഭസ്മമോ ചന്ദനമോ കൊണ്ടുള്ള വലിയ കുറി ധരിച്ചു മാത്രമേ അവരെ കണ്ടിട്ടുള്ളൂ. ശരിക്കു സംസാരിക്കാൻ കഴിയില്ല. എന്തൊക്കയോ ഒച്ചകളുണ്ടാക്കും, കയ്യും കലാശവും കാണിക്കും, ആ വീട്ടിൽ ഉള്ളവർക്ക് മാത്രം അവരുടെ ഭാഷ പിടികിട്ടും. പിള്ളേരെ അവർക്കു വലിയ പിടുത്തമില്ല. പ്രത്യേകിച്ച് എന്നെ. അവർക്കു വേഗം ദേഷ്യവും വരും. ഞങ്ങൾ കുട്ടികൾക്ക് അതൊരു തമാശയായിരുന്നു.
അന്ന് എന്തോ വിശേഷ ദിവസമാണ്, ഏകാദശിയോ മറ്റോ. പതിവ് പോലെ ഞാൻ പ്രഭാത ഭക്ഷണമെല്ലാം കഴിഞ്ഞു ട്യൂഷന് പോയി. കുറച്ചു നേരം ട്യൂഷൻ എടുത്തതിനു ശേഷം ടീച്ചർ ഞങ്ങൾക്ക് ഒരു ഇടവേള തന്നു. ഞാൻ അവരുടെ വീടിന്റെ അടുക്കള വശത്തേക്ക് പോയി നോക്കുമ്പോൾ അവരുടെ ബന്ധുവായ ആ സ്ത്രീ ഒരു തെങ്ങിന്റെ ചുവട്ടിൽ ഇരുന്നു പാത്രം തേയ്ക്കുകയാണ്. അടുത്തേക്ക് വരുന്ന കുട്ടികളെ അവരുടെ ഭാഷയിൽ ചീത്ത പറയുന്നുമുണ്ട്. ഇന്ന് ഏകാദശിയായതു കൊണ്ട് കുളിക്കാത്തവർ അവരുടെ അടുത്ത് ചെല്ലരുത്, തൊടുകയും ചെയ്യരുത് എന്നാണ് അവർ പറയുന്നത് എന്ന് എന്നോട് ഒരു കുട്ടി പറഞ്ഞു. ഞങ്ങൾ കുറച്ചു നേരം അവിടെ നിന്ന് അവരുടെ പ്രകടനം കണ്ടു. ട്യൂഷൻ തുടരാൻ മുൻവരാന്തയിലേക്കു ചെല്ലാൻ ഇതിനിടയിൽ ടീച്ചർ വിളിച്ചു. മറ്റുള്ള കുട്ടികൾ എല്ലാം വേഗം മുൻവശത്തേക്കു പോയി. അവരും ഞാനും തനിച്ചായി. ഞാൻ പതുക്കെ ചുറ്റിവളഞ്ഞു അവരുടെ പിന്നിൽ ചെന്ന് നിന്നു. അവർ ഇതൊന്നുമറിയാതെ പാത്രംതേയ്ക്കുകയാണ്. ഞാൻ എന്റെ ചൂണ്ടുവിരൽ കൊണ്ട് അവരുടെ തോളത്ത് തൊട്ടു. അവർ തിരിഞ്ഞു നോക്കി. എന്നെ കണ്ടതും അവർ ചീത്തയൊടു ചീത്ത. ഞാൻ ട്യൂഷൻക്ലാസ്സിലേക്ക് തിരിച്ചുപോയി. ട്യൂഷൻ കഴിഞ്ഞു വീട്ടിലേക്കും പോന്നു. അവർ ടീച്ചറിന്റെ അമ്മയോട് പരാതി പറഞ്ഞത് കൊണ്ടാകണം വിവരം എന്റെ തറവാട്ടിലും എത്തി. പക്ഷെ എന്നെ ആരും കാര്യമായി വഴക്കൊന്നും പറഞ്ഞില്ല.
അടുത്ത വെക്കേഷന് മുൻപ് ടീച്ചറുടെ വിവാഹം കഴിഞ്ഞിരുന്നു. അതുകൊണ്ടു അല്ലൻപറമ്പത്തേക്കു ഞാൻ പിന്നീട് പോയില്ല. അവരുടെ ബന്ധുവായ ആ സ്ത്രീയെ പിന്നീട് ഞാൻ കണ്ടിട്ടും ഇല്ല.
Rashmy Kumaranchath
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo