Slider

ആയിഷാന്റെ സ്വന്തം നിഷാം

0

ആയിഷാക്ക് ഇപ്പോഴും അമ്പരപ്പും
ആദരവും മാറിയിട്ടില്ല..
തന്റെ ഭർത്താവിനോടും വീട്ടുകാരോടും...
"കല്യാണം കഴിഞ്ഞ് നാലഞ്ചു ദിവസം ആയെടോ"
നീ ഏത് ലോകത്താണെന്ന് ചോദിച്ച് നിഷാം
അവളെ കളിയാക്കി കൊണ്ടിരിന്നു..
അല്ല അവളുടെ അമ്പരപ്പും ആദരവും
വെറുതെയല്ല അതിന്റെ കാരണം പറയാം..
മാനാത്ത് പറമ്പിലെ ഹാജിയാരെ മോൻ
നിഷാമിന് കെട്ടുന്നെങ്കിൽ ഒന്നും വാങ്ങാതെ
ഒരു പാവപ്പെട്ട കുട്ടിയെ മതീന്നായിരുന്നു..
മകന്റെ ആഗ്രഹത്തിന് വീട്ടുകാരും
സമ്മതം പറഞ്ഞപ്പോഴാണ് ദുബായിൽ
എഞ്ചിനീയറായിട്ടും കൂലിപണിക്കാരാൻ
കുഞാലിക്കാന്റെ മൂന്ന് പെൻമക്കളിൽ
രണ്ടാമത്തോളായ ആയിഷാക്ക് നിഷാമിനെ
ഭർത്താവായി കിട്ടിയത്..
അവള് ഇപ്പോഴും ആലോചിക്കുന്നത് കല്യാണത്തിന് മുമ്പുള്ള കുറച്ച് ദിനങ്ങളാണ്..
ഒരു ദിവസം കുഞാലിക്ക വീട്ടിൽ വന്നത് പതിവിലും നേരം വൈകിയാണ്..
"എന്തേ ങ്ങള് ഇത്ര വൈകിയേ മക്കളും
ഞാനും പേടിച്ചു..?"
ആയിഷാന്റെ ഉമ്മയാണ് ചോദിച്ചത്..
"ഒന്നും വേണ്ടാന്ന് അവര് പറഞെങ്കിലും
കാണാൻ വരുമ്പോ കൈയ്യിൽക്കും
കാതിൽക്കും കഴുത്തിൽക്കും ഒക്കെ
ഉള്ളത് അവര് കൊടുന്നിട്ടിട്ട് എങ്ങനെ
ഞാനെന്റെ മോളെ ഒന്നുല്ലാണ്ട് അയക്ക്ണെ..?
"എന്തെങ്കിലും ശരിയാക്കാൻ പറ്റോന്ന്ള്ള
ഓട്ടപാച്ചിലിൽ ആയിരുന്നു"
അത് പറയുമ്പോൾ കുഞാലിക്കാന്റെ
തൊണ്ട ഒന്നിടറി..
ആയിഷ നിറഞ്ഞ് വരുന്ന കണ്ണ് ഉപ്പ കാണാതിരിക്കാൻ റൂമിലേക്ക് പോയി..
"മൂത്തോളെ കല്യാണവും വീട് ശരിയാക്കലും
എല്ലാം കഴിഞ്ഞപ്പൊ സ്വരുക്കൂട്ടി വെച്ചതും
കഴിഞ്ഞ് പിന്നെയും കടം ബാക്കിയായി.."
"എന്നിട്ടും ഒന്നും വേണ്ടാന്നു അവര് പറഞത്
കൊണ്ടും നമ്മളെ മോൾക്ക് നല്ലൊരു ജീവിതം
കിട്ടോലോന്നും കരുതിയാണ് ഞാൻ അവരോട്
സമ്മതം പറഞ്ഞത്...."
ഉമ്മാനോട് ഉപ്പ പറയുന്നത് കൂടി കേട്ടപ്പോൾ
ആയിഷാക്ക് സങ്കടം സഹിക്കാനാവാതെ
തേങ്ങി കരഞ്ഞു...
******************
രാവിലെ മുറ്റത്തുള്ള അയലില് അലക്കിയ
തുണികൾ വിരിച്ചിടുമ്പോഴാണ് പതിവില്ലാതെ
ഒരു കാറ് പറമ്പിനപ്പുറത്ത് വന്ന് നിന്നത്
ആയിഷ കണ്ടത്..
അതിൽ നിന്ന് ഇറങ്ങി വരുന്നവരെ കണ്ട്
അവൾക്കാകെ വെപ്രാളമായി..
നിഷാമും കൂടെ ഉമ്മയും..
അനിയത്തിയും ഉമ്മയും കൂടി അവരെ
സ്വീകരിച്ചിരുത്ത്മ്പോഴും
"എന്റെ മരുമകളോട് ഇങ്ങോട്ട് വരാൻ പറയൂ"ന്ന്
ഒരു പരിചയ കുറവും ഇല്ലാത്ത പോലെയാണ്
നിഷാമിന്റെ ഉമ്മ പറഞ്ഞത്. ..
സത്യത്തിൽ നിഷാമും കൂടി ഉള്ളത് കൊണ്ട്
അവൾക്ക് കുറച്ച് നാണം ഉണ്ടായിരുന്നു..
അത് മനസ്സിലായത് കൊണ്ടാവണം നിഷാമിന്റെ
ഉമ്മ അകത്തേക്ക് വന്നു..
കൈയ്യിൽ ഇരുന്ന പൊതി അവളെ ഏൽപിച്ചു..
മടിച്ച് മടിച്ച് അവളത് വാങ്ങുമ്പോൾ
അവര് എല്ലാരോടും കൂടി പറഞ്ഞു...
"ഇതിൽ കല്യാണത്തിന് ഇവൾക്ക് ഇടാനുള്ള
എല്ലാ ആഭരണവും ഉണ്ട്."
ഇപ്പൊ ആയിഷാന്റെ കണ്ണ് നിറഞ്ഞൊഴുകാൻ
തുടങ്ങിയിരുന്നു....അത് കണ്ടതും അവര്
പറഞ്ഞു..
"അയ്യേ നീ എന്തിനാ കരയ്ണെ.."
"ഇപ്പൊ നീ ഇവിടുത്തെ മാത്രം മോളായിരിക്കും
പക്ഷേ കുറച്ച് ദിവസം കഴിഞ്ഞാൽ നീ
ഞങ്ങളുടെ കൂടി മോളാണ് ട്ടോ"ന്ന്
യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ നിഷാം
ഉമ്മാക്കും കുഞാലിക്ക സ്വർണ്ണം കടമായി
ചോദിച്ച ജ്വല്ലറിയിലെ കൂട്ടുകാരനും
മനസ്സിൽ നന്ദി പറയുന്നുണ്ടായിരുന്നു...
****************
"എന്താ പെണ്ണെ സ്വപ്നം കണ്ടു നിക്കണത്"
എന്നും പറഞ്ഞ് അവൻ പുറകിലൂടെ വന്നപ്പൊ
"നീ ഏത് ലോകത്താണെന്ന്" ചോദിച്ച് അവൻ വീണ്ടും കളിയാക്കാതിരിക്കാൻ ആയിഷ ചിരിച്ച് കൊണ്ട്
അകത്തേക്ക് ഓടി.....
സെമീർ അറക്കൽ കുവൈത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo