പ്രവാസി എന്ന പേര് ഞാൻ കേൾക്കാൻ തുടങ്ങിയിട്ട് അധികം നാൾ ആയിട്ടില്ല .ഞങ്ങളുടെയൊക്കെ നാട്ടിൽ പേർഷ്യക്കാർ എന്നായിരുന്നു ഇവരെ വിശേഷിപ്പിച്ചിരുന്നത് .പേർഷ്യയിൽ പോകുന്നതോടെ കുടുംബം രക്ഷപെടുന്ന കാഴ്ചകൾ ,ചാണകം മെഴുകിയ ഓലപ്പുരകൾ വാർപ്പുകെട്ടിടങ്ങൾ ആകുന്നു. തുണി അലക്കുന്ന കല്ലുകളും വിറകെരിയുന്ന അടുപ്പുകളും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചവും ഒക്കെ പിന്നിൽ മാഞ്ഞുപോകുന്നു. കരിപുരണ്ട നിറം മങ്ങിയ ഉടുതുണികൾ എല്ലാം മിനുസമുള്ള വർണ്ണപകിട്ടാർന്നവ ആയി മാറുന്നു ..വാർത്ത വീടിന്റെ മുറ്റത്തു പിഴുതു മാറ്റപ്പെട്ട വാടാമുല്ലയും ബന്തിയും തുളസിയും കണ്ണീരൊപ്പുമ്പോൾ ഓർക്കിഡിന്റെ മൊട്ടുകൾ ഒളികണ്ണാലെ നോക്കുന്നു .
ഒരു മാസം കൊണ്ട് ഒരു വർഷം കഴിഞ്ഞുകൂടാനുള്ള ഓർമകളുമായി തിരിച്ചെത്തുന്ന പ്രവാസി .സമ്മന്തിപൊടിയും മാങ്ങാ അച്ചാറും കണ്ണീരിൽ പൊതിഞ്ഞു കുപ്പിയിലാക്കി കൈയെത്തും ദൂരത്തിൽ വച്ച് എന്നും രാത്രിയിൽ ഇത്തിരി ചോറിന്റെ കുടെ തൊട്ടുനക്കി ദൂരേക്ക് നോക്കും .....അപ്പോൾ മനസ്സിൽ നിന്നുയരുന്ന നെടുവീർപ്പുകളെയും വീർപ്പുമുട്ടുന്ന വികാരങ്ങളെയും അയാൾ കവിതകൾ ആക്കും ...
എല്ലാവരുടെയും സ്വപ്നങ്ങൾക്കായി സ്വയം സ്വപ്നം കാണാൻ മറന്നുപോയവർ ....തന്നെ പ്രതീക്ഷയോടെ നോക്കുന്ന ഒരുപറ്റം ആളുകൾക്കിടയിൽ ഈ കണ്ണിലെ ഒരു ചെറിയ നീർതുള്ളിയെ ആര് ശ്രദ്ധിക്കാൻ ?സ്വന്തം എന്നുപറഞ്ഞ ആശ്വസിക്കാൻ പ്രവാസി എന്ന പേരും നാട്ടുകാർ തന്ന നല്ല മകൻ എന്ന സൽപേരും .
വികാരങ്ങളോ വിഷമങ്ങളോ പങ്കുവയ്ക്കാൻ ആരും ഇല്ലാതെ വിങ്ങലും വിയർപ്പും മാത്രം കൂട്ടിനായുള്ള പ്രവാസ ജീവിതം .ജീവിക്കാൻ വേണ്ടി ജീവിതത്തെ മാറ്റി നിർത്തിയവർ .....സ്വന്തം കണ്ണീരിനെ പണയം വച്ച് മറ്റുള്ളവർക്കായി പെട്ടി നിറയെ പുഞ്ചിരിയുമായി എത്തുന്നവർ ..........ഓർമകളെ ഉമ്മവച്ചും, കെട്ടിപുണർന്നും,പിച്ചവെക്കാൻ പഠിപ്പിച്ചും,താരാട്ടുപാടിയുമൊക്കെ ജീവിതത്തിന് അർദ്ധംതേടുന്നവർ .....അതുകൊണ്ടായിരിക്കാം കാലം മാറുമ്പോഴും കാലവർഷം വരുമ്പോഴും എന്തിന് വെറുതെ അടിക്കുന്നൊരു കാറ്റുപോലുംഇവരെക്കൊണ്ട് കഥയും കവിതയും എഴുതിക്കുന്നത് .......ആ അക്ഷരങ്ങളിലെ ഉപ്പുരസം ആരറിയാൻ ?? .
jaya

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക