റോമൻ ചക്രവർത്തി ടൈബീരിയസിന്റെ പ്രിയ സേവകനും റോമയുടെ ഗവർണ്ണറുമായ അങ്ങ് ഇത് വരെ ആകുലനായി കണ്ടിട്ടില്ലല്ലോ. അല്ലയോ യജമാനനെ അങ്ങ് വ്യാകുലപ്പെട്ടിരിക്കുന്നതെന്തിനാണ്.
ധൈര്യവും മഹിമയും മാത്രം കണ്ടിരുന്ന അങ്ങയിൽ ഇന്നെന്താണ് ഒരു ഭാവ മാറ്റം. യുദ്ധവും രക്തവും കണ്ടു വളർന്ന അങ്ങുടെ മുഖം വാടുന്നുവോ?
അങ്ങയുടെ പ്രിയ പത്നി ഈ ജൂലിയാനയോട് പറഞ്ഞാലും എന്താണ് ദുഃഖ ഹേതുവെന്ന്?
ജൂലിയാന, യഹൂദന്മാരുടെ രാജാവെന്നു പറയുന്ന ആ ഗലീലിയക്കാരനെതിരെ ആരോപിച്ച കുറ്റത്തിന്റെ വിധി നിർണ്ണയമാണ് നാളെ. യഹൂദയിലെ പള്ളി പ്രമാണിമാർ ഇവനെതിരെ ചുമത്തിയ ആരോപണങ്ങളിൽ തീർപ്പ് കല്പിക്കാനാവാതെ നാട്ടു രാജാക്കന്മാർ അവസാന വിധിക്കായി എന്റെയടുക്കൽ വിട്ടിരിക്കുന്നു. എന്തോ ഞാൻ അവനെ കുറിച്ച് അറിഞ്ഞിടത്തോളം, എനിക്കാകെ അസ്വസ്ഥത തോന്നുന്നു.
അങ്ങ് കിടന്നുറങ്ങു. നാളെ സത്യം കൈവിടരുത്, നിങ്ങളിലെ ഭരണാധികാരി ചഞ്ചലപ്പെടുന്നത് കാണുമ്പൊൾ എനിക്ക് അസ്വസ്ഥത ഉളവാകുന്നു.
താൻ കുടിച്ച വൈനിനു കയ്പ്പും, തോഴിമാരുടെ പരിചരണത്തിൽ നിർവികാരിതയും പീലാത്തോസിനു അനുഭവപെട്ടു. ഉറക്കം വരാനാവാതെ മട്ടുപ്പാവിൽ ചെന്ന് ആകാശത്തേക്ക് നോക്കി.
അവർ വിമർശിക്കുന്നവൻ യഥാർത്ഥത്തിൽ യഹൂദന്മാരുടെ രാജാവോ?
യഹൂദന്മാരുടെ രാജാവെന്നു പറഞ്ഞവൻ ജനിച്ചത് രാജകുടുംബത്തിലുമല്ല. ആ വ്യക്തിയുടെ മാതാപിതാക്കളും രാജകുടുംബമല്ല.
എങ്കിലും കേട്ടിടത്തോളം, എന്തോ ഒരു ആധികാരികത തോന്നിപ്പോകുന്നു അവന്റെ ആ പ്രസ്താവനയിൽ. പീലാത്തോസ് ചിന്താ നിമഗ്നനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു.
അപ്പോൾ പീലാത്തോസിന്റെ പത്നി ജൂലിയാന ഉറങ്ങിയിരുന്നു. അവൾ ഒരു സ്വപ്നം കാണുകയായിരുന്നു.
രാത്രിയിൽ ആകാശത്തേക്ക് നോക്കിയ പീലാത്തോസിനു കണ്ണിനു മുന്നിൽ കണ്ട എല്ലാത്തിനും ഒരു ശോക ഭാവം തോന്നിച്ചു. എല്ലാം നിശ്ചലമായ പോലെ, ദുഃഖ ഭാവത്തിന്റെ അതി പ്രസരണം ഇന്നേ വരെ ഇങ്ങനെ അനുഭവിച്ചിട്ടില്ല.
ആ മനുഷ്യനെ കുറിച്ചോർക്കുമ്പോൾ മാത്രം എന്താണ് മനസ്സിലൊരു പ്രത്യേക ഭാവം. തന്റെ അധികാരി ടൈബീരിയസിന്റെ മുന്നിൽ നിൽകുമ്പോൾ പോലും തോന്നാത്ത ഒരു രാജകീയ ഭയം ആ മനുഷ്യന്റെ പേര് കേൾക്കുമ്പോൾ തന്നെ മനസ്സിൽ കുടിയേറുന്നു.
സത്യത്തിൽ ആരാണദ്ദേഹം? ആരാണാ വ്യക്തി? വിചാരണക്കു മുന്നെ കണ്ടിരുന്നെങ്കിൽ.
ഇല്ല ഇന്നെനിക്കു ഉറങ്ങുവാൻ സാധിക്കുകയില്ല
പള്ളിയറയിൽ പോയി സുഖമായുറങ്ങുന്ന ജൂലിയാനയുടെ അരികിൽ അദ്ദേഹം കിടന്നു. കൊട്ടാരത്തിലെ സുഗന്ധം പോലും പോയി തുടങ്ങിയോ.
************************
കിഴക്കൻ ചക്രവാളത്തിൽ സൂര്യനുദിച്ച് തുടങ്ങുമ്പോഴേക്കും കൊട്ടാര വീഥികളിൽ ജനങ്ങൾ തടിച്ചു കൂടുവാൻ തുടങ്ങിയിരുന്നു. ജനാരവം കേട്ട് കിളി വാതിലൂടെ പുറത്തേക്ക് നോക്കിയ പീലാത്തോസ് ആശ്ചര്യം കൊണ്ടു.
************************
കിഴക്കൻ ചക്രവാളത്തിൽ സൂര്യനുദിച്ച് തുടങ്ങുമ്പോഴേക്കും കൊട്ടാര വീഥികളിൽ ജനങ്ങൾ തടിച്ചു കൂടുവാൻ തുടങ്ങിയിരുന്നു. ജനാരവം കേട്ട് കിളി വാതിലൂടെ പുറത്തേക്ക് നോക്കിയ പീലാത്തോസ് ആശ്ചര്യം കൊണ്ടു.
കുറ്റവാളികളുടെ വിധി നിർണ്ണയം കാണാൻ എണ്ണത്തിൽ ചുരുങ്ങിയ അംഗങ്ങൾ മാത്രം ഉണ്ടാവുന്ന സ്ഥാനത്ത് തന്റെ ഉറക്കം കെടുത്തിയ ആ മനുഷ്യന്റെ വിചാരണ കാണുവാൻ ആയിരങ്ങൾ തടിച്ചിരിക്കുന്നു.
അപ്പോൾ ആ മനുഷ്യൻ ശരിക്കും ആരാണ്? .ചോദ്യങ്ങൾ പീലാത്തോസിന്റെ മുന്നിലൂടെ ശരങ്ങൾ പോലെ പോയിക്കൊണ്ടിരുന്നു.
പീലാത്തോസ് തിരിഞ്ഞു നടന്നപ്പോൾ ജൂലിയാന പുറകിൽ നില്കുന്നു.
യജമാനനെ, അങ്ങയുടെ വിരലുകൾ വിറക്കുന്നുവോ , കണ്ണുകളിൽ ഉറങ്ങാത്തത്തിന്റെ ഷീണം കാണുന്നു. വിചാരണക്കുള്ള നാഴിക അടുക്കുന്നു. അങ്ങ് തയ്യാറായാലും.
ജൂലിയാന , ഇന്ന് വരെ തോന്നിയിട്ടിലാത്ത ഒരു ഭയം എനിക്ക് തോന്നുന്നു. ആ മനുഷ്യൻ ആരാണ്, നിനക്ക് അറിയാമോ ?
അങ്ങ് തയ്യാറാവു...സൈന്യാധിപൻ വരാറായി.
ജനാരവം കൂടുതൽ മുഴങ്ങി കേൾക്കുന്നു. പള്ളി പ്രമാണി മാരും നാട്ട് രാജാക്കന്മാരും പ്രധാന സ്ഥലത്തു ഇരിപ്പിടം പിടിച്ചിരുന്നു. പെരുമ്പറ മുഴങ്ങി കേൾക്കുന്നു. സൈനികരിലൊരുവൻ കാഹളം മുഴക്കി. രാജ വസ്ത്രമണിഞ്ഞ് പീലാത്തോസിതാ സിംഹാസന മുന്നിൽ വന്നു നില്കുന്നു.
യഹൂദന്മാരുടെ രാജാവിനെ ഞാൻ കാണട്ടെ കൊണ്ട് വരൂ. പീലാത്തോസ് ആജ്ഞാപിച്ചു.
അങ്കി ധരിപ്പിച്ച അവനെ പടയാളികൾ അതാ കൊണ്ട് വരുന്നു. അവന്റെ മുഖം സൂര്യനെപ്പോലെ തിളങ്ങുന്നുവോ, വിവരിക്കാനാവാത്ത നീതിഭാവം ആ മുഖത്ത് ദർശിച്ചുവോ?
ഇവനെതിരെ നിങ്ങൾ ആരോപിക്കുന്ന കുറ്റം എന്താണ്?
ഇവൻ ജങ്ങളെ വഴി തെറ്റിക്കുന്നു. ചക്രവർത്തിക്ക് കരമടക്കരുതെന്ന് പറയുന്നു. അത് മാത്രമല്ല ഇവൻ യഹൂദരുടെ രാജാവെന്നു സ്വയം പ്രഖ്യാപിക്കുന്നു.
ഓഹോ, പീലാത്തോസ് അവന്റെ നേരെ തിരിഞ്ഞു ചോദിച്ചു.
നീ യഹൂദരുടെ രാജാവോ?
ഇത് ചോദിക്കുമ്പോൾ പീലാത്തോസിന്റെ ചുണ്ടുകൾ വിറച്ചുവോ..!
അവൻ മറുപടി പറഞ്ഞു. "അതെ ഞാനാകുന്നു"
ചക്രവർത്തി ടൈബീരിയസിനെ പ്രതിനിധീകരിക്കുന്ന എന്നെയും, യഹൂദയിലെ രാജാവായ ഹെരോദാവിന്റെയും ഭരണപ്രദേശത്ത് നിന്ന് ആക്രോശമില്ലാതെ, ശാന്തമായി, സമാധാന പ്രഭാവം തൂകുന്ന മനോഹര വാക്കിൽ താൻ യഹൂദന്മാരുടെ രാജാവെന്ന് പറഞ്ഞ അവന്റെ ആ വാക്കുകളുടെ ആധികാരികത എന്റെ ഹൃദയത്തിൽ ഹൃദയത്തിൽ ഒരു വാൾ പോലെ കുത്തുന്നുവോ.
പീലാത്തോസ് വിളിച്ചു പറഞ്ഞു
ഇവനിൽ ഞാൻ ഒരു കുറ്റവും കാണുന്നില്ല. ഗലീലിയകാരനായ ഇവന്റെ കാര്യത്തിൽ തീർപ്പ് കല്പിക്കേണ്ടത് ഹെരോദാവാണ്. അങ്ങോട്ട് കൊണ്ട് പോകൂ.
നീതി തുളുമ്പുന്ന അവന്റെ മുഖ ഭാവം പീലാത്തോസിന്റെ മനസ്സിൽ പതിഞ്ഞു കാണണം. അതോ ഈ നീതിമാന്റെ കാര്യത്തിൽ ഇടപെടാതിരിക്കുന്നതു പീലാത്തോസിന്റെ രാഷ്ട്രീയ ബുദ്ധിയോ ?
ഹെരോദാവും അവനിൽ ഒരു കുറ്റവും കണ്ടില്ല
വീണ്ടും പീലാത്തോസിന്റെ മുന്നിലേക്ക്.
ജൂലിയാന, ആ മനുഷ്യനെ വീണ്ടും കൊണ്ട് വന്നിരിക്കുന്നു. ഞാനെന്തു ചെയ്യണം. ജനാരവം നീ കേൾക്കുന്നില്ലയോ.
അല്ലയോ റോമൻ ചക്രവർത്തി ടൈബീരിയസിന്റെ സേവകനെ, വീണ്ടും ചഞ്ചലപ്പെടുന്നുവോ. അദ്ദേഹത്തെ വെറുതെ വിടു യജമാനനെ, നീതിമാനായ ഈ മനുഷ്യൻ നിമിത്തം ഇന്നലെ സ്വപ്നത്തിൽ ഏറെ ഭാരപ്പെടുകയുണ്ടായി. ജൂലിയാന പീലാത്തോസിനെ തന്റെ സ്വപ്നം അറിയിച്ചു.
പീലാത്തോസിന്റെ മനസ്സിൽ ഭാരം നിറയുന്നുവോ. എന്തൊരു പരീക്ഷണമാണ്.
ജനങ്ങൾ ആർത്തു വിളിക്കുന്നു.
അവനെ കൊല്ലുക , അവനെ കൊല്ലുക
അവൻ ചെയ്ത കുറ്റം? പീലാത്തോസ് ചോദിച്ചു.
ജനം അപ്പോഴും അവനെ കൊല്ലുക, ക്രൂശിക്കുക എന്ന ആരവം മാത്രം .
മരണം കൈവരിക്കാൻ അവൻ ചെയ്തകുറ്റം എന്താണെന്ന് പ്രസ്താവിക്കുവാൻ ആർക്കും സാധിക്കുന്നില്ലയോ. മരണ ശിക്ഷക്ക് യോഗ്യമായ ഒരു കുറ്റവും ഇവനിൽ ഞാൻ കാണുന്നില്ല.
എങ്കിലും ഒരേ ഒരു ആരവം, അവനെ കൊല്ലുക
പീലാത്തോസ് അവന്റെ മുഖത്തേക്ക് നോക്കി. ഇല്ല അവനെ ശിക്ഷ വിധിക്കാൻ കഴിയില്ല.
എങ്കിലും ഒരു സത്യാവസ്ഥ ഇവിടെ വെളിപ്പെടുന്നു. അതിതാണ് "അടക്കാനാവാത്ത ജനവികാരത്തിനു മുന്നിൽ ഏതു ഭരണാധികാരിയും മുട്ട് മടക്കും."
ജനവികാരം കണക്കിലെടുത്ത് പീലാത്തോസ് കൽപ്പിച്ചു.
ഇവനെ ഞാൻ നിങ്ങൾക്കു ക്രൂശിക്കാനായി വിട്ടു തരുന്നു, ഇഷ്ടമുള്ളത് ചെയ്തു കൊൾക. ഈ നീതിമാന്റെ രക്തത്തിൽ എനിക്ക് പങ്കില്ല. പീലാത്തോസ് പിന്നെ അവന്റെ മുഖത്തേക്ക് നോക്കിയില്ല.
പിന്നീട് നിർവികാരികയായി പള്ളിയറയിലിരിക്കുന്ന ജൂലിയാന അദ്ദേഹത്തോട് മൊഴിഞ്ഞു .
"നിങ്ങൾ അത് ചെയ്തു, അല്ല നിങ്ങളെ കൊണ്ട് അവരതു ചെയ്യിച്ചു അല്ലെ ? ഒരു ഭരണാധികാരി നിയമം തെറ്റിക്കുന്നത് ആരവത്തിനു മുന്നിലോ?
കുറച്ച് കഴിഞ്ഞപ്പോൾ സൂര്യൻ ഇരുണ്ടു, ഭൂമി രണ്ടായി പിളർന്നു, രാത്രി ചന്ദ്രൻ രക്തമയമായി. പ്രകൃതി അലമുറയിട്ടു കരയുകയായിരുന്നു. അതെ നീതിമാന്റെ രക്തത്തുള്ളിയിൽ പ്രപഞ്ചം വിലപിക്കുന്നത് ആദ്യമായാണ് പീലാത്തോസ് കാണുന്നത്.
പീലാത്തോസേ, നിനക്കും പള്ളി പ്രമാണിമാർക്കും അന്നുറങ്ങുവാൻ കഴിഞ്ഞുവോ. അല്ല അതിനു ശേഷവും ശേഷവും സാമാധാനമായി ഉറങ്ങുവാൻ സാധിച്ചിട്ടുണ്ടോ?
എങ്കിലും പീലാത്തോസേ നിന്നിൽ കണ്ട നന്മ മറക്കുവാൻ പറ്റില്ല. നീതിമാനെ ശിക്ഷിക്കാൻ നിന്നിൽ നിയമമില്ലെന്നു പറഞ്ഞ നിന്റെ ആ നീതിപ്രഭാവ വാക്കുകളോട് ബഹുമാനം തോന്നുന്നു.
നീതി ചെയ്യാൻ പറ്റിയില്ലെങ്കിൽ നിന്റെ രാജ വസ്ത്രം ഊരി വെച്ച് പടനായകനാവുകയല്ലേ ഉചിതം. അവസാനം നീ നിന്റെ നിലനിൽപ്പിനു വേണ്ടി ജനാരവത്തിനു കൂടെ കൂടി.
ഒന്ന് ചോദിക്കട്ടെ, 'ജനാരവത്തിലും അല്ലാതെയും നീതി നടപ്പിലാക്കുന്നവനാണ് ഭരണാധികാരിയെന്നു നീ മറന്നുവോ മഹാനായ പീലാത്തോസ്?
അല്ലയോ പീലാത്തോസേ, ഇന്നും ജനാരവത്തിന് മുന്നിലും അനീതി നടക്കുന്നത് കാണുവാൻ കഴിയുന്നു. വിധികർത്താക്കൾ പളുങ്കു പാത്രത്തിൽ കൈകൾ കഴുകുന്നു. അനീതിയാൽ ഞങ്ങൾക്കിന്നും ഉറങ്ങുവാൻ പറ്റാതായിരിക്കുന്നു.
അടിസ്ഥാനങ്ങൾ മറിഞ്ഞു പോയാൽ ഭരാണാധികാരിയും എന്ത് ചെയ്യുമല്ലേ. അതല്ലേ നിനക്കു പറ്റിയത്? നിന്റെ അടിസ്ഥാനം മറിഞ്ഞു പോയതെന്തു കൊണ്ട്?
നീ നിന്റെ രാജസ്ഥാനം നോക്കി നീതിയെക്കാൾ, അത് തന്നെയാണ് ഇന്നും നടക്കുന്നത് പീലാത്തോസ്.
ടൈബീരിയസ് ചക്രവർത്തി നിന്റെ വിധിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞുവോ? ജോസീഫസ് അതിനെ കുറിച്ചൊന്നും പറഞ്ഞിട്ടില്ല. അറിയാനൊരു ആകാംഷ.
എങ്കിലും അറിയുക നീ വിധിച്ച ആ മനുഷ്യൻ ചരിത്രപുരുഷനാണ്. നീതിയുടെ മഹനീയ പുത്രൻ, സത്യത്തിന്റെ നീതികുമാരൻ.
അവനെ മരത്തിൽ തൂക്കിയ സൈന്യാധിപൻ പറഞ്ഞത് ഞങ്ങൾ കേട്ടിരിക്കുന്നു. അവൻ പറഞ്ഞത് ഇപ്രകാരമായിരുന്നു
"സത്യത്തിൽ ഈ മനുഷ്യൻ നീതിമാനായിരുന്നു"
അന്നും ഇന്നും അവനെതിരെ കല്ലെറിയുന്നവരുണ്ട് . എന്നിരുന്നാലും അവന്റെ നീതി പ്രഭാവം ഇന്നും ജനങ്ങൾ പ്രശംസിക്കുന്നുണ്ട്. അവൻ നിന്റെ മുന്നിൽ വച്ച് സംസാരിച്ച ആ ചുരുക്കം വാക്കുകൾ ഇന്ന് ലോകത്തിൽ എത്രയോ വട്ടം പ്രസംഗിക്കപ്പെട്ടു. സത്യത്തിൽ നീയും ഞെട്ടിയില്ല ആ ശബ്‍ദത്തിനു മുന്നിൽ.
അവസാന ശ്വാസത്തിന് മുന്നേ നിന്നോടും ആണി തറച്ചവരോടും ക്ഷമിച്ചവനായ അവന്റെ നീതി വാക്കുകൾ ഇന്നും ഈ പ്രപഞ്ചത്തിൽ പ്രകമ്പനം കൊള്ളുന്നു.
വീണ്ടും ആ പള്ളി പ്രമാണിമാരുടെ വാക്കിൽ ഭ്രമിച്ച് അവന്റെ കല്ലറക്ക് നീ കാവൽ നിർത്തി.
എന്തിനായിരുന്നു അത്? നിന്റെ ഭടന്മാരുടെ കാവലിൽ തകരുന്നതല്ല അവന്റെ നീതിയും ശക്തിയുമെന്നു നിനക്കറിയില്ലായിരുന്നു. നിന്നെ കുറ്റം പറയുന്നില്ല. സംഭവിക്കേണ്ടത് സംഭവിക്കും.
പീലാത്തോസ് നീ അറിഞ്ഞുവോ?
അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു.
..............................
ജിജോ പുത്തൻപുരയിൽ
NB:പീലാത്തോസിന്റ ഭാര്യയുടെ പേര് ചരിത്ര രേഖയിൽ ഇല്ലാത്തതു കൊണ്ട് ജൂലിയാന ഒരു സാങ്കൽപ്പിക നാമമാണ്. ഇതിലെ പീലാത്തോസും ജൂലിയാനയും തമ്മിലുള്ള സംഭാഷണങ്ങൾ ചിലത് ഭാവനയാണ്.
..............................
ജിജോ പുത്തൻപുരയിൽ
NB:പീലാത്തോസിന്റ ഭാര്യയുടെ പേര് ചരിത്ര രേഖയിൽ ഇല്ലാത്തതു കൊണ്ട് ജൂലിയാന ഒരു സാങ്കൽപ്പിക നാമമാണ്. ഇതിലെ പീലാത്തോസും ജൂലിയാനയും തമ്മിലുള്ള സംഭാഷണങ്ങൾ ചിലത് ഭാവനയാണ്.
Best....... യൂദാസ് നെ കുറിച്ച് അറിയുവാൻ ആഗ്രഹിക്കുന്നു
ReplyDelete